Sorry, you need to enable JavaScript to visit this website.
Sunday , September   19, 2021
Sunday , September   19, 2021

അരങ്ങിലെ തിളക്കം, അൻവർ ബാബു

ഖത്തറിലെ കലാസാംസ്‌കാരിക രംഗങ്ങളിലും സാമൂഹ്യ ജീവകാരുണ്യ മേഖലകളിലും തിളങ്ങി നിൽക്കുന്ന പ്രവാസി കലാകാരനായ അൻവർ ബാബു വടകര നാട്ടിലും ഗൾഫിലുമായി നാലു പതിറ്റാണ്ടിലേറെ നാടക പാരമ്പര്യമുള്ള സർഗപ്രതിഭയാണ്. പ്രവാസ ജീവിതത്തിന്റെ വരണ്ട നിമിഷങ്ങളെ സർഗപ്രവർത്തനങ്ങളുടെ നനവിൽ സ്‌നേഹാർദ്രമാക്കിയ ഈ കലാകാരൻ ഖത്തറിൽ മാത്രം ചെറുതും വലുതുമായ നൂറിലധികം നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്. നടനായും സംവിധായനായും സംഘാടകനായും സാമൂഹ്യ സാംസ്‌കാരിക നായകനായുമൊക്കെ പ്രവാസ ലോകത്ത് തിളങ്ങുന്ന കലാകാരനാണ് അൻവർ ബാബു. വൺടു വൺ മീഡിയയുടെ ബാനറിൽ അഡ്വ. സുബൈർ മാടായി സംവിധാനം ചെയ്യുന്ന ബി.അബു എന്ന സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അൻവർ ബാബു ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിക്കുന്നു.


കലയും സംഗീതവും കൈകോർത്ത വടകരയുടെ സാമൂഹ്യ പരിസരത്ത് വളർന്നു വന്ന അൻവർ ബാബു ചെറുപ്പം മുതലേ നാടക രംഗത്തും സംഗീത മേഖയിലും മികവ് പുലർത്തിയിരുന്നു. മാപ്പിള കവിയായിരുന്ന അബ്ദുറഹിമാന്റെയും ഫാത്തിമാ ബീവിയുടേയും മകനായി ജനിച്ച അൻവർ ബാബു സ്‌ക്കൂൾ യുവജനോൽസവങ്ങളിലൂടെയാണ് കലാരംഗത്തെ തന്റെ കഴിവുകൾ തെളിയിച്ചത്. മാപ്പിളപ്പാട്ടിലും നാടകത്തിലും എന്നും ഒന്നാമനായ അദ്ദേഹം 1977, 78 വർഷങ്ങളിൽ സ്‌ക്കൂൾ യുവജനോൽസവത്തിലെ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. കോഴിക്കോട് സംഘം, ചിരന്തന പോലുളള പ്രൊഫഷണൽ നാടകവേദിയിലും കെ.ടി. മുഹമ്മദിനെപോലെയുള്ള നാടകാചാര്യന്മാരൊടൊപ്പവും പ്രവർത്തിക്കുവാൻ ഭാഗ്യം ലഭിച്ച ഇദ്ദേഹം ആൾ ഇന്ത്യ റേഡിയോ കലാകാരനായും പ്രവർത്തിച്ചിട്ടുണ്ട്.
വി.പി  മുഹമ്മദ് പള്ളിക്കര, പ്രേമൻ മേലടി, കെ.എ. മനാഫ്, ജോസ് ചിറമ്മൽ തുടങ്ങിയ നാടക കലാകാരന്മാരുടെ വിവിധ നാടകങ്ങളിൽ വേഷമിട്ടു. 1987 ൽ മംഗളം സംഘടിപ്പിച്ച അഖില നാടക മൽസരത്തിലും 1988 ൽ എഫ്.എ.സി.ടി സംഘടിപ്പിച്ച നാടകമൽസരത്തിലും മികച്ച നടനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.
നാടകരംഗത്ത് സജീവമായിരുന്ന സമയത്താണ് 1989 ൽ ദോഹയിലെത്തുന്നത്. 


നാടകം തലയിൽ കയറിയ ഒരു പറ്റം ചെറുപ്പക്കാരുമായി ചേർന്ന് വിവിധ വേദികളിൽ നാടകമവതരിപ്പിച്ചുകൊണ്ടാണ് ഖത്തറിലെ കലാപ്രവർത്തനങ്ങൾ തുടങ്ങിയത്. 
ഇന്ത്യൻ ഇസ്‌ലാമിക് അസോസിയേഷന്റെ വേദികളിൽ തിളങ്ങിയതോടെ നിരവധി അവസരങ്ങൾ കൈ വന്നു. എ.വി.എം. ഉണ്ണി, അഡ്വ. ഖാലിദ് അറക്കൽ എന്നിവരുടെ ശ്രദ്ധേയമായ പല നാടകങ്ങളിലും പ്രധാന വേഷം ചെയ്ത അൻവർ ബാബു ഖത്തറിലെ നാടകവേദികളിൽ തന്റെ സാന്നിധ്യം അടയാളപ്പെടുത്തുകയായിരുന്നു. പ്രൊഫ. എം. എ. റഹ്മാൻ, കരമന ജനാർദനൻ നായർ, ഇബ്രാഹീം വെങ്ങര, അഷ്‌റഫ് പെരിങ്ങാടി, ഫാറുഖ് വടകര, മജീദ് സിംഫണി, മുത്തു ഐ.സി.ആർ.സി, എൻ.കെ. എം. ശൗക്കത്ത് തുടങ്ങിയവരുടെ വിവിധ നാടകങ്ങളിൽ തിളങ്ങിയ അൻവർ ബാബുവാണ് അഷ്‌റഫ് പെരിങ്ങാടിയും മജീദ് എം. ഇ. എസും ചേർന്നൊരുക്കിയ സംഗീതനാടകശിൽപമായ ലൈലാ മജ്‌നുവിലെ രാജകുമാരനെ അവതരിപ്പിച്ചത്. ലോകോത്തര സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി 8 സ്‌റ്റേജുകളിലായി 196 കലാകാരന്മാരെ അണിനിരത്തി അവതരിപ്പിച്ച ലൈല മജ്‌നു ഖത്തറിലെ മലയാളി സമൂഹത്തിന് ആസ്വാദനത്തിന്റെ അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ച കലാവിരുന്നായിരുന്നു.
ഒന്നും കൽപ്പിക്കാത്ത തമ്പുരാൻ, അരക്കില്ലം വെന്ത നാട്, ആശ്രമ വീഥിയിൽ പൂക്കൾ വിരിഞ്ഞപ്പോൾ, ഒരു ശൈത്യകാല രാത്രി , നക്ഷത്രങ്ങൾ കൊളുത്തിയ കൈത്തിരി, ഈ ശഹീദുകൾക്ക് മരണമില്ല തുടങ്ങി എത്രയോ നാടകങ്ങളിലാണ് അൻവർ ബാബു നിറഞ്ഞാടിയത്.
അക്ബർ കക്കട്ടിലിന്റെ 'കുഞ്ഞിമൂസ വിവാഹിതനാകുന്നു' എന്ന നാടകം സംവിധാനം ചെയ്ത് രണ്ട് വേദികളിൽ അവതരിപ്പിച്ച് സംവിധായകന്റെ കുപ്പായവും തനിക്ക് ചേരുമെന്ന് അൻവർ ബാബു തെളിയിച്ചു. നിരവധി ടെലിഫിലിമുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഒരു ഡസനിലേറെ അറബി നാടകങ്ങളിലും സീരിയലുകളിലും അഭിനയിക്കുവാൻ അവസരം ലഭിച്ച മലയാളി കലാകാരൻ എന്നതും അൻവർ ബാബുവിന് സ്വന്തമാണ്. കലാസാംസ്‌കാരിക പ്രവർത്തനങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെച്ച അൻവർ ബാബു, അഷ്‌റഫ് പെരിങ്ങാടി, ജൈസൺ എന്നിവർ ചേർന്നാണ് 1992 ൽ ഇന്ത്യൻ കൾചറൽ സെന്ററിൽ ഡാൻസ് കഌസുകൾ ആരംഭിച്ചത്.
ഖത്തർ മലയാളികളുടെ പൊതുവേദി എന്ന നിലക്ക് ഖത്തർ മലയാളിസമാജമെന്ന ആശയത്തിന് മുൻകൈയെടുത്തതും ഈ കൂട്ടായ്മ തന്നെയായിരുന്നു. ഇന്ത്യൻ കമ്മ്യൂണിറ്റി റിക്രിയേഷൻ സെന്ററിന്റെ പ്രവർത്തനങ്ങളിലും നേതൃപരമായ പങ്ക് വഹിച്ചഅൻവർ ബാബു സജീവമായ കലാസാമൂഹ്യ പ്രവർത്തനങ്ങളിലൂടെ ഖത്തറിന്റെ സാംസ്‌കാരിക ലോകത്ത് നിറഞ്ഞു നിൽക്കുകയാണ് . പ്രമുഖ പ്രവാസി മാധ്യമ പ്രവർത്തകനായിരുന്ന ബാബു മേത്തറിനെപ്പോലുള്ളവരുടെ നേതൃത്വത്തിൽ നടന്ന പ്രവാസി ഫിലിം ഫെസ്റ്റിവലുകളിലും സജീവമായി പ്രവർത്തിച്ച അൻവർ ബാബു മികച്ച നടനും സംഘാടകനുമെന്ന നിലയിൽ ശ്രദ്ധേയനാണ്.


സംഗീത നാടക പ്രവർത്തനങ്ങൾക്കും കലാപരിപാടികൾക്കും പ്രോൽസാഹനം നൽകുന്നതിനായി ദോഹ കോറസ് എന്ന പേരിൽ ഒരു കൂട്ടായ്മ രൂപീകരിച്ച് വൈവിധ്യമാർന്ന പരിപാടികളിലൂടെ ഖത്തർ മലയാളികളുടെ പ്രിയപ്പെട്ട കലാകാരനായി മാറിയ അൻവർ ബാബു ജോൺ അബ്രഹാം സാംസ്‌കാരിക വേദി ചെയർമാൻ എന്ന നിലയിലും ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്.
സംഗീതത്തിലൂടെ സൗഹൃദമെന്ന മഹത്തായ പ്രമേയത്തോടെ സ്ഥാപിച്ച ഫോം ഖത്തറിന്റെ വർക്കിംഗ് പ്രസിഡണ്ട്, ഫ്രന്റ്‌സ് ഓഫ് കോഴിക്കോട് വൈസ് പ്രസിഡണ്ട്, വേൾഡ് മലയാളി കൗൺസിൽ, ഖത്തർ കെ.എം.സി.സി. മലബാർ ഹയർ എഡ്യൂക്കേഷൻ സൊസൈറ്റി, ഖത്തർ മാപ്പിള കലാ അക്കാദമി നാടക സൗഹൃദം, ഗപാക് തുടങ്ങി വിവിധ വേദികളിലെ സജീവ പങ്കാളിത്തം അൻവർ ബാബുവിന്റെ സാമൂഹിക പ്രതിബദ്ധതയുടെ കൂടി ഭാഗമാണ്.
ഈ മാസം റിലീസിനൊരുങ്ങുന്ന ബി. അബു, നവംബറിൽ പുറത്തിറങ്ങുന്ന ഖാസിം അരിക്കുളത്തിന്റെ കഥയറിയാതെ എന്നീ ചിത്രങ്ങളാണ് അൻവർ ബാബുവിന്റെ ഏറ്റവും കലാപ്രവർത്തനങ്ങൾ. കെ.ആർ. വിജയ, കെ.കെ. സുധാകരൻ, നവാസ് കലാഭവൻ, താജുദ്ധീൻ വടകര, ബന്ന ചേന്ദമംഗല്ലൂർ തുടങ്ങിയവരോടൊപ്പമാണ് കഥയറിയാതെ എന്ന ചിത്രത്തിൽ അൻവർ ബാബു അഭിനയിച്ചത്.
മാപ്പിളപ്പാട്ടിൽ തൽപരനായ ഇദ്ദേഹം 'മാപ്പിളപ്പാട്ട് ഇന്നലെകളിലൂടെ' എന്ന പുസ്തകം രചിച്ചിട്ടുണ്ട്്. ടി.കെ. ഹംസയുടെ അവതാരികയോടെ പ്രസിദ്ധീകരിച്ച പുസ്തകം മാപ്പിളപ്പാട്ട് ചരിത്രം പഠിക്കുന്നവർക്ക് വഴികാട്ടിയാണ്. മാപ്പിളപ്പാട്ടുമായി ബന്ധപ്പെട്ട തന്റെ രണ്ടാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിലാണ് അൻവർ ബാബു. മാപ്പിളപ്പാട്ട് ഗവേഷകനായ ഫൈസൽ എളേറ്റിലാണ് അവതാരിക എഴുതുന്നത്.
ശരീഫയാണ് അൻവർ ബാബുവിന്റെ ഭാര്യ. ഷിയാസ്. ഷമ്മാസ്, ഷാമിൽ എന്നിവർ മക്കളാണ്.

Latest News