Sorry, you need to enable JavaScript to visit this website.
Monday , September   20, 2021
Monday , September   20, 2021

അറബ് ന്യൂസിനൊപ്പം, 31 വർഷം

പ്രവാസകാലം മുഴുവൻ സൗദിയിലെ ഏറ്റവും പ്രമുഖമായ ഇംഗ്ലീഷ് പത്രത്തിന്റെ ഓഫീസിൽ ചെലവിട്ടതിന്റെ അനുഭവസമ്പത്തുമായാണ് കോഴിക്കോട് 
വീര്യമ്പ്രം സ്വദേശി കെ. അബ്ദുൽമജീദ് മുപ്പത്തൊന്നു വർഷത്തെ സൗദി ജീവിതത്തോട് വിട പറഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നത്. നാട്ടിലെ ഹൈസ്‌കൂളധ്യാപക ജോലിയിൽ നിന്ന് അവധിയെടുത്ത് 1989 ൽ ഫ്രീവിസയിൽ ജിദ്ദയിലെത്തിയ മജീദ് മാഷിന് അറബ് ന്യൂസിൽ ജോലി ലഭിച്ചത് ആകസ്മികമായാണ്. സൗദിയിലെ ആദ്യത്തെ ഇംഗ്ലീഷ് ദിനപത്രമായ അറബ് ന്യൂസിന്റെ സ്ഥാപകരായ ഹിഷാം അലി ഹാഫിസ്- മുഹമ്മദലി ഹാഫിസ് സഹോദരന്മാർ പത്രത്തിന്റെ നടത്തിപ്പ് നേരിട്ട് നടത്തിയിരുന്ന അക്കാലത്ത്, ലോകവാർത്തകളുടെ ആസ്ഥാനത്ത് തന്നെ ജോലിക്ക് കയറാനായത് അപൂർവ ഭാഗ്യമായിരുന്നുവെന്ന് അബ്ദുൽമജീദ് അനുസ്മരിക്കുന്നു. ജോലിക്കാരെ ഒരിക്കലും പിരിച്ചുവിടാത്ത ഉദാരനയമായിരുന്നു കമ്പനി അന്ന് സ്വീകരിച്ചിരുന്നത്. സ്ഥാപനത്തിലെ വിദേശ ജോലിക്കാരോട് പ്രത്യേകിച്ച്, അവരിൽ ഇന്ത്യക്കാരോട് വിശേഷിച്ച് കൂടുതൽ അടുപ്പം പുലർത്തുന്നവരായിരുന്നു പ്രസാധകർ. 1990 ഫെബ്രുവരിയിൽ അറബ് ന്യൂസിന്റെ ഫൈസലിയയിലെ ഓഫീസിൽ ജോലിതേടിയെത്തിയ മജീദ് മാഷെ സഹായിച്ചത് പരിഭാഷകനായി ജോലി ചെയ്തിരുന്ന തന്റെ ഗുരുവും മുൻ ഫാറൂഖ് കോളേജധ്യാപകനുമായ പ്രൊഫ. മൊയ്തീൻകുട്ടി സാഹിബും സഹപ്രവർത്തകനും അറബ് ന്യൂസ് എഡിറ്റോറിയൽ പേജ് കൈകാര്യം ചെയ്തിരുന്നയാളുമായിരുന്ന പരേതനായ പി.കെ. മുഹമ്മദുമായിരുന്നു.  
അന്ന് അറബ്‌ന്യൂസ് ലിനോടൈപ്പ് അച്ചടി സംവിധാനത്തിൽ നിന്ന് ഡെസ്‌ക് ടോപ് പബ്ലിഷിംഗ് സംവിധാനത്തിലേക്ക് നീങ്ങുന്ന സമയത്താണ് താൽക്കാലിക പ്രൂഫ് റീഡർ തസ്തികയിൽ അബ്ദുൽ മജീദ് നിയമിതനാകുന്നത്. പ്രൂഫ് റീഡിംഗ് വിഭാഗം തന്നെ അറബ് ന്യൂസ് മാനേജ്‌മെന്റ് നിർത്താൻ പോകുന്ന സമയമായിരുന്നു അത്.

പക്ഷേ മുപ്പത് വർഷം പിന്നിട്ടിട്ടും ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ അറബ് ന്യൂസിൽ പ്രൂഫ് റീഡിംഗ് തസ്തിക നിലനിൽക്കുന്നു. അതിൽ അബ്ദുൽമജീദ് തന്റെ പങ്ക് വഹിക്കുകയും ചെയ്യുന്നു. സൗദിയിലെ ഏറ്റവും പ്രശസ്തരായ മാധ്യമപ്രവർത്തകരായ ഖാലിദ് അൽ മഈന, പരേതനായ ഫാറൂഖ് ലുഖ്മാൻ (മലയാളം ന്യൂസിന്റെ ആദ്യത്തെ എഡിറ്റർ ഇൻചീഫ്) എന്നിവരൊക്കെ അറബ് ന്യൂസിന്റെ മേൽനോട്ടം വഹിച്ച സമയത്ത് അവരോടൊപ്പം ജോലി ചെയ്യാനായത് അബ്ദുൽ മജീദിനെ സംബന്ധിച്ചേടത്തോളം വലിയ സുകൃതമായിരുന്നു. ഈ രണ്ടുപേർക്കും ശേഷം അറബ് ന്യൂസിന്റെ എഡിറ്റർ ഇൻചീഫ് സ്ഥാനത്തെത്തിയ നാലു പേരുടേയും ഓഫീസിൽ അവരുടെ സെക്രട്ടറിയായോ ഓഫീസ് സെക്രട്ടറിയായോ ആയി സേവനമനുഷ്ഠിക്കാനും മജീദ്മാഷിന് അവസരം കൈവന്നു. ആറു എഡിറ്റർ ഇൻ ചീഫുമാരോടൊത്തുള്ള അനുഭവസമ്പന്നവും സ്‌നേഹപരിലാളനയാൽ അനുഗൃഹീതവുമായ ജോലിക്കാലം മറക്കാനാവില്ലെന്ന് അബ്ദുൽ മജീദ് പറയുന്നു. പഴയകാല ടൈപ്പ് റൈറ്ററിനു മുന്നിലിരുന്ന് കീബോർഡുകളെ അതിവേഗം ചലിപ്പിച്ച് പിറ്റേന്നത്തെ മുഖപ്രസംഗങ്ങൾ പൊടുന്നനവെ തയാറാക്കുന്ന ഫാറൂഖ് ലുഖ്മാൻ പകർന്നു തന്ന സ്‌നേഹം തന്റെ ജീവിതത്തിൽ വെളിച്ചം പകർന്നു. ലോകാനുഭവങ്ങളുടെ അക്ഷയഖനികളായിരുന്നു ലുഖ്മാനും ഖാലിദ് അൽ മഈനയും. ഏജൻസി വാർത്തകൾക്ക് പിറകെ കണ്ണും കാതും കൂർപ്പിച്ചിരിക്കുന്ന അവരാണ് അറബ് ന്യൂസിനെ ഇന്ന് മധ്യപൂർവദേശത്ത് ഏറ്റവും മികച്ച പത്രമാക്കി മാറ്റിയത്. അറബ് ന്യൂസിന്റെ സഹോദരപ്രസിദ്ധീകരണമായി മലയാളം ന്യൂസ് പത്രം ആരംഭിക്കാൻ ഫാറൂഖ് ലുഖ്മാൻ ചെയ്ത സേവനത്തിന് പ്രവാസലോകം മുഴുവൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും മജീദ് പറയുന്നു. ലുഖ്മാന്റെ തമാശകൾ ന്യൂസ് റൂമിന്റെ അന്തരീക്ഷത്തെയാകെ പൊട്ടിച്ചിരിയാൽ മുഖരിതമാക്കുമായിരുന്നു. അറബ് ന്യൂസിലെ അദ്ദേഹത്തിന്റെ സ്ഥിരം കോളം ( അതിരുകളില്ലാത്ത ലോകം - ആലം ബിലാ ഹുദൂദ്) പല ദിവസങ്ങളിലും ടൈപ്പ് ചെയ്ത് കൊടുത്തിരുന്നത് അബ്ദുൽമജീദായിരുന്നു. 


1975 ൽ ആരംഭിച്ച അറബ് ന്യൂസിന് ഇന്ന് ജാപ്പനീസ്, ഫ്രഞ്ച് വെബ്‌സൈറ്റുകൾ വരെയുണ്ട്. എഡിറ്റർ ഇൻ ചീഫ് ഫൈസൽ അബ്ബാസിന്റെ നേതൃത്വത്തിൽ അറബ് ന്യൂസ് കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചിരിക്കുന്നു. ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ ഖാലിദ് അൽ മഈനയോടൊത്തുള്ള ജോലിക്കാലവും എക്കാലത്തും മനസ്സിൽ പച്ച പിടിച്ചു നിൽക്കും. കുവൈത്തിൽ ഇറാഖി സേന നടത്തിയ പടയോട്ടം റിപ്പോർട്ട് ചെയ്യാൻ ഖാലിദ് മഈനയും സംഘവും പോയതും അവിടെ നിന്ന് ഫയൽ ചെയ്ത സ്റ്റോറികൾ അപ്പപ്പോൾ ന്യൂസ് ഡെസ്‌കിലെത്തിക്കാൻ സാധിച്ചതും അബ്ദുൽമജീദിന് നിറമുള്ള ഓർമയാണ്. മലയാളം ന്യൂസ് എഡിറ്റർ ഇൻ ചീഫ് താരീഖ് മിശ്ഖസ്, അറബ് ന്യൂസിൽ ഡെപ്യൂട്ടി എഡിറ്റർ ഇൻ ചീഫായിരുന്ന 1994 ൽ അദ്ദേഹത്തിന്റെ സെക്രട്ടറിയായി പ്രവർത്തിക്കാനും അബ്ദുൽമജീദിന് സാധിച്ചു. 
അറബ് ന്യൂസിലെ വൈവിധ്യമാർന്ന അനുഭവങ്ങളുമായി പ്രവാസത്തിനു വിരാമം കുറിക്കുന്ന അബ്ദുൽമജീദിന്, ജിദ്ദയിലെ നിരവധി സാമൂഹിക സാംസ്‌കാരിക സംഘടനകളുമായും അവയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുമായി സഹകരിച്ചതിന്റെ ഓർമകളും കൂട്ടിനുണ്ട്. 
ജിദ്ദ ഐ.സി.എഫിന്റെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. നരിക്കുനി ബൈത്തുൽ ഇസ്സ ജിദ്ദാ കമ്മിറ്റിയുടെ തുടക്കം മുതലുള്ള സെക്രട്ടറിയുമാണ്. കട്ടിപ്പാറ അൽ ഇഹ്‌സാൻ കമ്മിറ്റി ജിദ്ദാഘടകവുമായും സഹകരിച്ച് പ്രവർത്തിച്ചിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ അറബ് ന്യൂസ് അനുഭവം തന്റെ നാട്ടിലെ ഇനിയുള്ള ജീവിതത്തിന് വഴികാട്ടിയായിത്തീരുമെന്നു തന്നെയാണ് അബ്ദുൽമജീദിന്റെ പ്രതീക്ഷ. 
മടവൂർ യു.പി സ്‌കൂൾ പ്രധാനാധ്യാപകനായിരുന്ന പരേതനായ കുനിയിൽ മൂസ മാസ്റ്ററുടെ മകൾ ഫൗസിയയാണ് അബ്ദുൽ മജീദിന്റെ ഭാര്യ. മക്കൾ: സനിയ (ഓമശ്ശേരി നഴ്‌സിംഗ് കോളേജ് ഇൻസ്ട്രക്ടർ), നാജിയ (ബി.എ.എം.എസ് പി.ജി വിദ്യാർഥിനി, കാലടി), ഫായിസ ( ബി.ഡി.എസ് കോഴ്‌സ് പൂർത്തിയാക്കി പ്രാക്ടീസ് ചെയ്യുന്നു), അബ്ദുൽ ഫത്താഹ് ( മണ്ണുത്തി കാർഷിക കോളേജ് എം.എസ്‌സി വിദ്യാർഥി). മരുമക്കൾ: സിറാജുദ്ദീൻ. ടി (താമരശ്ശേരി പഞ്ചായത്ത് ഓഫീസ്), അഹമ്മദ് ഷാഫി ചെലവൂർ, ഡോ. ഫസലുറഹ്മാൻ വെളിമണ്ണ.

Latest News