Sorry, you need to enable JavaScript to visit this website.

പിറകോട്ട് നടക്കുന്ന കേരളം

കോട്ടയത്തിനടുത്ത കറുകച്ചാൽ എന്ന ഗ്രാമം ആദ്യമായി കാണുന്നത് ഡിഗ്രി പരീക്ഷാ ഫലം കാത്തു നിൽക്കുന്ന കാലത്താണ്. കോട്ടയത്തു നിന്ന് പന്തളത്തേക്ക് സ്വകാര്യ ബസ് പോകുന്ന റൂട്ടിലാണ് ഈ സ്ഥലം. സ്ഥലവാസികൾ അന്നേ കറുകച്ചാൽ സിറ്റിയെന്നാണ് പറയാറുള്ളത്. അവിടത്തെ ഒരു കുടുംബത്തിന്റെ അതിഥികളായാണ് വടകരയിൽ നിന്ന് സുഹൃത്ത് മണിയ്‌ക്കൊപ്പം മധ്യ തിരുവിതാംകൂറിലേക്ക് ആദ്യയാത്ര നടത്തിയത്. എവിടെ അനീതി കണ്ടാലും പ്രതികരിക്കുന്ന പ്രായം. അപ്പോഴാണ് വിസ ഏജന്റ് പറ്റിച്ച അഛനും മകളും വടകരയിലെത്തുന്നത്. ഗൾഫിലേക്ക് പുറപ്പെട്ട നഴ്‌സാണ് ലില്ലിക്കുട്ടി (പേര് മാറ്റിയതാണ്). ഇടത്തരം കുടുംബത്തിന്റെ വലിയ സമ്പാദ്യം പ്രലോഭിപ്പിച്ച് വാങ്ങിയ ഏജന്റിന്റെ കൃത്യ ലൊക്കേഷൻ മണിയുടെ പരിചയം കൂടി ഉപയോഗപ്പെടുത്തി ഞങ്ങൾ കാണിച്ചു കൊടുത്തു. വന്ന കാര്യമെല്ലാം ശരിയാക്കിയാണ് അഛനും മകളും തിരിച്ചു പോയത്. അവരുടെ വീട്ടിൽ ഒരു ദിവസം അതിഥികളായി ചെല്ലാൻ നിർബന്ധിച്ചു കൊണ്ടേയിരുന്നു. 
1983 മെയ് മാസത്തിലാണ് പരശുരാം എക്‌സ്പ്രസിൽ കോട്ടയത്തിന് ആദ്യമായി യാത്ര തിരിച്ചത്. മലബാറിലെ പുതിയാപ്ല സൽക്കാരത്തെ കവച്ചു വെക്കുന്ന സ്വീകരണമാണ് ഞങ്ങൾക്ക്  അവിടെ ലഭിച്ചത്. അപ്പച്ചനും അമ്മച്ചിയും മറ്റു കുടുംബാംഗങ്ങളുമെല്ലാം ചേർന്ന് സ്വാദിഷ്ടമായ വിഭവങ്ങളൊരുക്കി. ഇലയിൽ പൊതിഞ്ഞ രുചിയേറിയ വലിയ മീൻ കുമരകം സ്‌പെഷ്യൽ കരിമീൻ പൊള്ളിച്ചതായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് പിൽക്കാലത്ത് വനിതയിലെ പാചക കോളത്തിൽ വായിച്ചപ്പോഴാണ്. കുറച്ചുകാലം അവിടെ താമസിക്കാൻ വീട്ടുകാർ നിർബന്ധിച്ചു കൊണ്ടേയിരുന്നു. ഹോം സിക്‌നസ് കലശലായി അനുഭവപ്പെടുന്ന കാലം. വീട് വിട്ട് ഒരു ദിവസത്തിലധികം താമസിക്കുന്ന കാര്യം ചിന്തിക്കാനേ വയ്യ. മനമില്ലാ മനസ്സോടെയാണ് ലില്ലിക്കുട്ടിയും വീട്ടുകാരും പിറ്റേ ദിവസം തിരിച്ചു പോകാൻ അനുവദിച്ചത്. അതു കഴിഞ്ഞ്  ഗൾഫ് പ്രവാസ കാലത്തും കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നുള്ള ധാരാളം മലയാളി നഴ്‌സുമാരെ പരിചയപ്പെടാനിടയായി. ജിദ്ദയിലെ ബാച്ച്‌ലർ കാലത്ത് നമ്മെ പോലെ വാരാന്ത്യ അവധി ദിനങ്ങളിൽ കറങ്ങാനിറങ്ങുന്ന യുവതികളെ കാണാറുണ്ട്. സൗദി  അറേബ്യയിലെ നഗരങ്ങളിലെ വൻകിട ആശുപത്രികളുടെ ജീവനാഡിയാണ് കേരളത്തിൽ നിന്നുള്ള നഴ്‌സുമാർ. 
കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ  പ്രമുഖ ജ്വല്ലറിയുടെ ജിദ്ദ ശാഖയിൽ പ്രതിമാസം 250 ഉം 500 ഉം റിയാലുകൾ നിക്ഷേപിച്ച് വർഷങ്ങൾക്കകം ആഭരണങ്ങൾ സ്വന്തമാക്കുന്ന മിടുക്കികൾ. ഷോപ്പിംഗിന് നഗരകേന്ദ്രമായ ബലദിലെത്തുന്ന മലയാളി  നഴ്‌സ് സംഘം സംശയ നിവാരണത്തിന് സമീപിച്ചതോർക്കുന്നു. അവർക്കറിയണ്ടത് മുന്തിയ ഇനം നർകോടിക്‌സ് എവിടെ കിട്ടുമെന്നതായിരുന്നില്ല. മഹാനഗരത്തിൽ ഏറ്റവും ടേസ്റ്റിയായ നോൺ വെജ് വിഭവങ്ങൾ ലഭിക്കുന്ന മലയാളി ഹോട്ടലുകൾ ഏതൊക്കെ എന്നതായിരുന്നു. നിരുപദ്രവകരമായ സഹായമെന്ന നിലയിൽ കൃത്യമായ വഴികൾ പറഞ്ഞു കൊടുത്തിട്ടുണ്ട്. പ്രവാസ ലോകത്ത് കേരളത്തിന്റെ മികച്ച അംബാസഡർമാരാണ് ഈ  പെൺകുട്ടികൾ. 
മലയാളം ന്യൂസിന്റെ സ്ഥാപക പത്രാധിപർ ഫാറൂഖ് ലുഖ്മാൻ വർഷങ്ങൾക്ക് മുമ്പ് അസുഖ ബാധിതനായി ജിദ്ദ അൽസലാമയിലെ കിംഗ് ഫൈസൽ റിസർച്ച് സെന്റർ ആശുപത്രിയിൽ ചികിത്സ തേടിയ ഘട്ടം. കാണാൻ ചെല്ലുമ്പോൾ അദ്ദേഹത്തെ പരിചരിക്കുന്ന ഇന്ത്യൻ നഴ്‌സുമായി നല്ല സംസാരത്തിലായിരുന്നു. ഹിന്ദിയിലാണ് വർത്തമാനം. ഏതോ മുബൈക്കാരിയായിരിക്കുമെന്ന് കരുതി മിണ്ടാതിരുന്നപ്പോൾ ലുഖ്മാൻ പരിചയപ്പെടുത്തി. ആലപ്പുഴ സ്വദേശിയായിരുന്നു ആ നഴ്‌സ്. ലോകത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചിട്ടുള്ള അദ്ദേഹം മലയാളി നഴ്‌സുമാരെ താരതമ്യം ചെയ്തത് ഫിലിപ്പൈൻസിൽ നിന്നുള്ള നഴ്‌സുമാരോടാണ്. രോഗികളെ ഏറ്റവും ആത്മാർഥമായി പരിചരിക്കുന്ന മാലാഖമാരാണിവർ. ഇക്കാര്യം തിരിച്ചറിഞ്ഞിട്ടാണല്ലോ കോവിഡ് കാലത്തും സൗദി സർക്കാർ കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കും റിയാദിലേക്കും ആരോഗ്യപ്രവർത്തകർക്ക് തിരിച്ചു വരാൻ വിമാനങ്ങളേർപ്പെടുത്തിയത്. കേരളത്തിന്റെ സാമൂഹിക പരിവർത്തനമെന്നത് പെട്ടെന്നൊരു നാളുണ്ടായതല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും സ്ഥാപിച്ച് വിലപ്പെട്ട സംഭാവനയർപ്പിച്ച ക്രിസ്ത്യൻ മിഷ്യനറിമാരെ ആർക്കാണ് വിസമരിക്കാനാവുക? ദശകങ്ങൾക്കപ്പുറത്തെ കലാലയ കാലത്തെ കാര്യങ്ങളോർത്തു പോയത് 2021 സെപ്റ്റംബർ 9 വ്യാഴാഴ്ച രാത്രി മാതൃഭൂമി ന്യൂസ് ഉൾപ്പെടെയുള്ള ചാനലുകളിലെ സംവാദം കണ്ടപ്പോഴാണ്. പാലായിലെ തിരുമേനി എട്ട് നോമ്പിന് ശേഷം നൽകിയ മുന്നറിയിപ്പ് കത്തിപ്പടർന്നു. വിഷയ വിദഗ്ധന്മാർ വർഗീയ വിഷം ചീറ്റി. സമുദായങ്ങളുടെ പേരെടുത്ത് പരാമർശിച്ച് എരിവ് പകർന്നു. പത്ത് നാൽപത് കൊല്ലങ്ങൾക്കപ്പുറം പത്രങ്ങൾ ഇത്തരം കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഒരു വിഭാഗം, മറ്റൊരു വിഭാഗം എന്നൊക്കെയേ പറയാറുണ്ടായിരുന്നുള്ളു. വെളളിയാഴ്ചയിലെ മനോരമ പത്രം ചെയ്തത് മാതൃകയായി. സിംഗിൾ കോളത്തിലൊതുക്കിയ ബിഷപ്പ് വാർത്ത കാണാൻ നന്നേ പാടുപെടണം. ബാലൻസ് ചെയ്യാൻ സുന്നി സംഘടനയുടെ പ്രതികരണവുമുണ്ട്. കേരളം എത്ര വേഗത്തിലാണ് പിറകോട്ട് നടക്കുന്നത്. ഇതെല്ലാം കാണുമ്പോൾ വരും തലമുറകളെ കുറിച്ച് ആശങ്കയാണ് എല്ലാവർക്കും. 

                   ****        ****        ****      
ബോളിവുഡ് സിനിമാലോകത്ത് മുൻനിര താരമാവുക എന്നത് ചില്ലറ കാര്യമല്ല. വളരെ കഷ്ടപ്പെട്ടാണ് ഇപ്പോഴുളള സൂപ്പർതാരങ്ങളെല്ലാം ഹിന്ദി സിനിമാലോകത്ത് മുൻനിരയിലേക്ക് ഉയർന്നത്. വർഷങ്ങൾ നീണ്ട കഠിന പ്രയത്നങ്ങൾക്കൊടുവിലാണ് താരങ്ങൾ ഇൻഡസ്ട്രിയിൽ ഒരു സ്ഥാനം ഉറപ്പിച്ചത്. കഠിനാധ്വാനം, സമർപ്പണം, നിശ്ചയദാർഢ്യം അങ്ങനെ എല്ലാം കൊണ്ടാണ് താരങ്ങളെല്ലാം ഉയരങ്ങളിൽ എത്തിയത്. ആദ്യകാലത്ത് ഒരുപാട് സ്ഥലങ്ങളിൽ അവഗണിക്കപ്പെട്ട നടീനട•ാരുണ്ട് ബോളിവുഡിൽ. എന്നാൽ പിന്നീട് കിട്ടിയ അവസരത്തിൽ പിടിച്ച് കയറുകയായിരുന്നു താരങ്ങൾ. കോടികളാണ് ഓരോ ബോളിവുഡ് താരങ്ങളുടെയും പ്രതിഫലം. സൂപ്പർ താരങ്ങളെല്ലാം ഒരു ചിത്രത്തിന് ഒകെ പറയുമ്പോൾ തന്നെ കോടികളുടെ ബിസിനസാണ് ആരംഭിക്കുന്നത്. 
എന്നാൽ താരങ്ങളുടെ ആദ്യകാല പ്രതിഫലം കേട്ടാൽ  അമ്പരന്ന് പോവും. ബോളിവുഡിൽ വലിയ താരങ്ങളായ മിക്കവരുടെയും ആദ്യ പ്രതിഫലം പതിനായിരത്തിൽ താഴെ ആയിരുന്നു. ടൈംസ് നൗ ചാനലാണ് ഇതു സംബന്ധിച്ച വിശദമായി റിപ്പോർട്ട് ചെയ്തത്.  ബോളിവുഡിൽ ഇന്ന് ഏറ്റവും കൂടുതൽ താരമൂല്യമുളള താരങ്ങളിൽ ഒരാളാണ് അക്ഷയ് കുമാർ. കോടികളാണ് അക്ഷയ് കുമാർ ഓരോ സിനിമകൾക്കും വാങ്ങാറുളളത്. ബോളിവുഡിലെ തിരക്കേറിയ താരങ്ങളിൽ ഒരാൾ കൂടിയാണ് അക്ഷയ്. ബോളിവുഡിൽ എത്തുംമുൻപ് ബാങ്കോക്കിൽ ഷെഫ് ആയും വെയിറ്ററായും പ്രവർത്തിച്ചിരുന്നു താരം, അക്ഷയുടെ ആദ്യ പ്രതിഫലം 1500 രൂപയാണ്.
ബോളിവുഡിൽ ആരാധകർ ഏറെയുളള താരമാണ് ഷാരൂഖ് ഖാൻ. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ഹിന്ദി സിനിമാലോകത്തെ അവിഭാജ്യ ഘടകമായി ഷാരൂഖ് മാറി. ഇന്ന് നിരവധി ആഡംബര വീടുകളും വില കൂടിയ കാറുകളുമെല്ലാം നടന് സ്വന്തമായുണ്ട്.  പല ബിസിനസുകളിലും ഷാരൂഖ് ഖാന് നിക്ഷേപമുണ്ട്. സിനിമകൾക്ക് പുറമെ പരസ്യ ചിത്രങ്ങളിൽ നിന്നും ഷാരൂഖ് വരുമാനം നേടുന്നു.  ഷാരൂഖ് ഖാന്റെ ആദ്യ പ്രതിഫലം 50 രൂപയാണ്. പങ്കജ് ഉദാസ് കൺസേർട്ടിൽ സംഘാടകരിൽ ഒരാളായി നിന്നപ്പോഴായിരുന്നു നടന് 50 രൂപ പ്രതിഫലമായി ലഭിച്ചത്.
ബോളിവുഡിലെ മിസ്റ്റർ പെർഫക്ഷനിസ്റ്റാണ് ആമിർ ഖാൻ. ആദ്യ ചിത്രമായ ഖയാമത്ത് സേ ഖയാമത്ത് തക്കിന് പ്രതിമാസം 1000 രൂപയായിരുന്നു നടന്റെ  പ്രതിഫലം.  ഒരു ചിത്രത്തിന് ഇപ്പോൾ അമ്പത് കോടിയാണ് ആമിർ ഖാൻ വാങ്ങുന്നത്. വളരെ സെലക്ടിവായി മാത്രമാണ് ആമിർ ഖാൻ സിനിമകൾ ചെയ്തുകൊണ്ടിരിക്കുന്നത്. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് സിനിമയിൽ ആദ്യ പ്രതിഫലമായി 500 രൂപയാണ്  ലഭിച്ചത്. മിസ് വേൾഡ് ടൈറ്റിൽ നേടിയ ശേഷം പ്രിയങ്ക ചോപ്ര കരിയർ തുടങ്ങിയത് ആദ്യ പ്രതിഫലമായി 5000 രൂപ വാങ്ങിയാണ്.  11000 രൂപയാണ് സൽമാൻ ഖാൻ ആദ്യ പ്രതിഫലമായി വാങ്ങിയത്. കരിയറിൽ വഴിത്തിരിവായ ബീവി ഹോ തോ ഐസി എന്ന ചിത്രത്തിലെ ഒരു ചെറിയ റോളിനാണ് സൽമാന് ഈ പ്രതിഫലം ലഭിച്ചത്. സ്വന്തം വസ്ത്രം ധരിച്ചാണ് സൽമാൻ ഖാൻ അന്ന് ഷൂട്ടിംഗിന് എത്തിയത്. മേയിനെ പ്യാർ കിയ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ ബോളിവുഡിൽ സൽമാൻ ഖാന്റെ താരമൂല്യം കൂടി. മാസ് ആക്ഷൻ ചിത്രങ്ങളാണ് സൽമാൻ ഖാൻ ഇപ്പോൾ കരിയറിൽ കൂടുതലായി ചെയ്യുന്നത്. ടൈഗർ 3 എന്ന ചിത്രത്തിലാണ് നടൻ നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 
സിനിമയുടെ ചിത്രീകരണം റഷ്യയിൽ പുരോഗിക്കുകയാണ്. ബോളിവുഡ് സൂപ്പർ താരങ്ങളുടെതായി ആരാധകർ കാത്തിരിക്കുന്ന നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. സീറോ എന്ന സിനിമയുടെ പരാജയത്തിന് ശേഷം ഷാരൂഖ് ഖാൻ സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു. നിലവിൽ പത്താൻ എന്ന ചിത്രമാണ് നടന്റെതായി ഒരുങ്ങുന്നത്. ദീപിക പദുകോണാണ് ചിത്രത്തിലെ നായിക. പുതിയ ചിത്രത്തിലൂടെ കിംഗ് ഖാന്റെ ശക്തമായ തിരിച്ചുവരവാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

             ****        ****        **** 
ഫേസ്ബുക്ക് പോസ്റ്റുകൾക്ക് കീഴിൽ വരുന്ന അപകീർത്തികരമായ കമന്റുകൾക്ക് ഉത്തരവാദി ആ വാർത്ത പോസ്റ്റ് ചെയ്യുന്ന മാധ്യമസ്ഥാപനങ്ങൾ ആയിരിക്കുമെന്ന് ഓസ്‌ട്രേലിയൻ പരമോന്നത കോടതി. പ്രസാധകർ അപകീർത്തികരമായ ഉള്ളടക്കങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നും അത് മറ്റുള്ളവരെ മനസ്സിലാക്കാൻ ബാധ്യസ്ഥരുമാണെന്ന് ഓസ്‌ട്രേലിയൻ ഹൈക്കോടതി വ്യക്തമാക്കി.  ജുവനൈൽ നിയമപ്രകാരം ശിക്ഷ അനുഭവിച്ച ഡിലൻ വോളർ എന്നയാളുടെ മാനനഷ്ടക്കേസ് പരിഗണിച്ചുകൊണ്ടാണ് കോടതി പരാമർശം നടത്തിയത്. സിഡ്‌നി മോണിങ് ഹെറാൾഡ്, ദി ഓസ്‌ട്രേലിയൻ, സ്‌കൈ ന്യൂസ് ഓസ്‌ട്രേലിയ എന്നിവയുടെ ഫേസ്ബുക്ക് പേജുകളിൽ വന്ന അധിക്ഷേപ പരാമർശങ്ങൾക്ക് എതിരെയാണ് വോളർ കോടതിയെ സമീപിച്ചത്. വോളർ ജുവനയൽ ഡിറ്റെൻഷൻ സെന്ററിൽ ആയിരുന്ന സമയത്ത് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വാർത്തകൾക്കിടയിലായിരുന്നു അധിക്ഷേപ പരാമർശങ്ങൾ നിറഞ്ഞത്. ഇതേത്തുടർന്ന് 2017ലാണ് വോളർ മാനനഷ്ടക്കേസ് കൊടുത്തു.  കോടതി നിലപാടിന് എതിരെ മാധ്യമങ്ങൾ രംഗത്തെത്തി. പേജ് കൈകാര്യം ചെയ്യുന്നവർ അധിക്ഷേപ കമന്റ് അറിഞ്ഞില്ലെങ്കിൽപ്പോലും അതിന് ഉത്തരവാദികൾ ആകുന്ന സാഹചര്യം വരുമെന്ന് ന്യൂസ് കോർപ് ഓസ്‌ട്രേലിയ അഭിപ്രായപ്പെട്ടു.  ഭാവിയിൽ സോഷ്യൽ മീഡിയയിൽ എന്തുപോസ്റ്റ് ചെയ്യാൻ സാധിക്കുമെന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് സിഡ്‌നി മോണിങ് സ്റ്റാർ പത്രം പ്രതികരിച്ചു. കോടതി വിധി ചരിത്രപരമായ തീരുമാനമാണെന്നും സാമൂഹ്യ മാധ്യമങ്ങളിലെ ആൾക്കൂട്ട ആക്രമണത്തിന് എതിരായ വിധിയാണെന്നും വോളറുടെ അഭിഭാഷകൻ പറഞ്ഞു. 

            ****        ****        **** 
മമ്മൂട്ടിയുടെ ഒരു പുതിയ ചിത്രം കാണിച്ച് ഇദ്ദേഹത്തിന് എത്ര വയസുണ്ടാകുമെന്ന് വിദേശികളോട് ഒരു മലയാളി യൂടൂബർ ചോദിക്കുന്ന ഒരു വീഡിയോ  സോഷ്യൽ മീഡിയയിൽ വൈറലായി. .40-50 വയസിനടുത്ത് പ്രായമാണ് പലരും മമ്മൂട്ടിയുടെ ഫോട്ടോസ് കണ്ട് പ്രവചിക്കുന്നത്. ചിലർ 30-40 വയസിനുളളിൽ പ്രായവും പറയുന്നുണ്ട്. എന്നാൽ മമ്മൂക്കയുടെ ശരിക്കുമുളള പ്രായത്തിന് അടുത്ത് പോലും പലരും പറയുന്നില്ല. ഒടുവിൽ മമ്മൂട്ടിക്ക് 70 വയസാണെന്ന് പറയുമ്പോൾ പലരും ഞെട്ടുന്നതും വീഡിയോയിൽ കാണാം. ഇത്രയും വയസ് അദ്ദേഹത്തിന് ഉണ്ടെന്ന് പ്രതീക്ഷിച്ചില്ലെന്നാണ് മമ്മൂക്കയുടെ വയസ് പ്രവചിച്ചവരെല്ലാം പറയുന്നത്. വീഡിയോയിൽ ഒരു സൗദി അറേബ്യൻ പൗരന് മമ്മൂട്ടിയെ കണ്ട് മനസിലാവുന്നുണ്ട്. മമ്മൂട്ടിയുടെ ഫോട്ടോ കാണിച്ച് ഇദ്ദേഹത്തെ അറിയാമോ എന്ന് ചോദിക്കുമ്പോൾ തീർച്ചയായും അറിയാം എന്നാണ് ഇയാൾ പറയുന്നത്. ആർക്കാണ് മമ്മൂട്ടിയെ അറിയാത്തത്. കേരളത്തിൽ നിന്നുളള പ്രശസ്തനായ ആളല്ലെ എന്ന് ഇദ്ദേഹം ചോദിക്കുന്നു.  മമ്മൂട്ടിക്ക് 70 വയസാണെന്നും അദ്ദേഹത്തിന്റെ  മകന് 35 വയസിന് അടുത്ത് പ്രായമുണ്ടെന്നും യൂടൂബർ പറയുമ്പോൾ പലരും ഞെട്ടുന്നതും വീഡിയോയിൽ കാണാം.

             ****        ****        **** 
നിപ്പ വൈറസ് ബാധിച്ച് മരിച്ച കുട്ടിക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ യഥാസമയം ചികിത്സ കിട്ടിയില്ലെന്ന പരാതിയിൽ സത്യസന്ധവും സുതാര്യവുമായ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. 
15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർക്കും ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കോഴിക്കോട് ജില്ലാ കലക്ടർക്കുമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജൂനാഥ് ഉത്തരവ് നൽകിയത്.
കുട്ടിക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും യഥാസമയം ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് പൊതുപ്രവർത്തകനായ നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി. റിപ്പോർട്ടർ ചാനലിൽ നികേഷ് കുമാർ നിപ ബാധിച്ച് മരിച്ച പാഴൂരിലെ കുട്ടിയുടെ ഉമ്മയുമായി നടത്തിയ സംഭാഷണം ശ്രദ്ധേയമാവുന്നത് ഈ  സാഹചര്യത്തിലാണ്. റിപ്പോർട്ടറിലെ അപർണ സെൻ-ഷാഫി ചാലിയം തർക്കവും സോഷ്യൽ മീഡിയയിൽ ആവേശം പകർന്നു. 

              ****        ****        **** 
അഫ്ഗാനിസ്ഥാനിൽ വനിതകളുടെ പ്രക്ഷോഭം കവർ ചെയ്ത മാധ്യമ പ്രവർത്തകരെ താലിബാൻ കണക്കിന് കൈകാര്യം ചെയ്തുവെന്ന് വാർത്ത. ഇതിന് താഴെ ഒരു മല്ലുവിട്ട കമന്റ് ഇങ്ങിനെ-താലിയേട്ടാ.. പ്ലീസ് ഒന്നിവിടേക്കും വരൂ, നിങ്ങളുടെ സേവനം അത്യാവശ്യമായിരിക്കുന്നു.

Latest News