Sorry, you need to enable JavaScript to visit this website.

കശാപ്പുപലകയിൽ തല

''കുഞ്ഞികൃഷ്ണൻ, നിങ്ങളുടെ തല അറവുശാലയിൽ കശാപ്പുപലകപ്പുറത്താണ്. പ്രാർത്ഥിക്കുക. ദൈവത്തിനേ നിങ്ങളെ രക്ഷിക്കാൻ കഴിയൂ,'' ഡൽഹിയിൽ വാർത്താവിതരണ പ്രക്ഷേപണമന്ത്രി കാര്യാലയം സ്ഥിതിചെയ്യുന്നത്  രാജേന്ദ്രപ്രസാദ് റോഡിലെ ശാസ്ത്രിഭവന്റെ എ. വിങ്ങിലാണ്. അതിന്റെ അഞ്ചാം നിലയിലാണ് മന്ത്രിയുടെ മുറി.  ഇടനാഴിയിൽ മന്ത്രി വിളിപ്പിച്ചതിനാൽ കാത്തുനിൽക്കുമ്പോഴാണ് രണ്ടാഴ്ച മുമ്പ് ദൂരദർശൻ ഡയറക്ടർ ജനറലായി ചാർജെടുത്ത രതികാന്ത് ബാസു എന്നോട് സംസാരിച്ചത്. 1993 മെയ് മാസം. അദ്ദേഹത്തിന് മന്ത്രാലയത്തിൽ അഡീഷനൽ സെക്രട്ടറിയുടെ ചുമതലയുമുണ്ട്. കെ.പി.
സിങ്ങ് ദേവ് ആയിരുന്നു മന്ത്രി. വളരെ കണിശക്കാരനായ പട്ടാളച്ചിട്ടക്കാരൻ, അദ്ദേഹം ബ്രിഗേഡിയറായിരുന്നു. അദ്ദേഹത്തിന്റെ കോപത്തിന് പാത്രമായാൽ മുൻപിൻ നോക്കാതെ അച്ചടക്കനടപടിയാണ്. അക്കാലത്തെ മുംബൈ ദൂരദർശൻ ഡയറക്ടറെ (വളരെ കാര്യക്ഷമതയോടെ പ്രവർത്തിച്ചിരുന്ന സഹപ്രവർത്തകനായിരുന്നു അദ്ദേഹം) കടലിൽ നിന്നുളള നാവികാഭ്യാസം സിഗ്നൽ ലഭ്യത മോശമായിരുന്നതിനാൽ തത്സമയം സംപ്രേഷണം നടത്താൻ കഴിഞ്ഞില്ലെന്നതിനാൽ സസ്‌പെൻഡ് ചെയ്യപ്പെട്ടിരിക്കുകയായിരുന്നു! സാങ്കേതികവിഭാഗത്തിലെ കുറെ സഹപ്രവർത്തകരും അതുപോലെ സസ്‌പെൻഡ് ചെയ്യപ്പെട്ടിരുന്നു. എന്ത് തെറ്റാണ് ഞാൻ ചെയ്തതെന്ന് എന്റെ മേലധികാരിയോട് ചോദിച്ചു. മന്ത്രി പറയുമെന്നായിരുന്നു മറുപടി.
1992 ൽ ഡൽഹി ദൂരദർശൻ കേന്ദ്രത്തിൽ ഏതാനും സംഭവബഹുലമായ മാസങ്ങളിൽ ഞാൻ ഡയറക്ടറായിരുന്നു. അതുകഴിഞ്ഞ് ദൂരദർശൻ ഡയറക്ടറേറ്റിൽ കൺട്രോളറായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. (പിന്നീടൊരു ചീഫ് എക്‌സിക്യൂട്ടീവ്  ഓഫീസർ അതേ പദവിയുടെ പേര് മാത്രം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എന്നാക്കിമാറ്റി!). വാർത്തകളും സമകാലീന കാര്യങ്ങളും സ്‌പോർട്‌സ് , പൊതുസേവനപ്രക്ഷേപണം എന്നിവയുടെ ദേശീയതലത്തിലുളള ഏകോപനവും കൂടാതെ മാർക്കറ്റിംഗിന്റെ ചുമതലയും എന്റെ ജോലിയായിരുന്നു. സാമാന്യം ഭാരിച്ച ഉത്തരവാദിത്തങ്ങൾ. മന്ത്രിയുടെ കോപത്തിന് പാത്രമാവാൻ മാത്രം എവിടെയാണ് തെറ്റ് പറ്റിയതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. 
ഏതാനും നിമിഷങ്ങൾക്ക് ശേഷം മന്ത്രിയുടെ മുറിയിലേക്കാനയിക്കപ്പെട്ടു. പ്രതീക്ഷിച്ചതിൽ നിന്ന് വിപരീതമായി, കേട്ടറിവുകളിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹം പ്രസന്നനായാണ് സംസാരിച്ചുതുടങ്ങിയത്. ചേംബറിലുണ്ടായിരുന്ന പ്രമുഖ ഇംഗ്ലീഷ് ദേശീയപത്രത്തിൽ നിന്നുളള രണ്ട് പ്രമുഖരെ ചൂണ്ടി അവരെ അറിയുമോ എന്നെന്നോട് ചോദിച്ചു. ഞാൻ അറിയാമെന്ന് മറുപടി പറഞ്ഞു. പ്രശ്‌നമെന്താണെന്ന് അവരോട് അവതരിപ്പിക്കാൻ മന്ത്രി നിർദ്ദേശിച്ചു.
ഇപ്പോൾ സ്വകാര്യചാനലുകൾ നടത്തുന്ന പലരും ദൂരദർശനെ ഒരു ചവിട്ടുപലകയായി ഉപയോഗിച്ചവരാണ്, ആദ്യം അവരെല്ലാം ബാലപാഠങ്ങൾ പഠിച്ച് പയറ്റിത്തെളിഞ്ഞത് ദൂരദർശന്റെ കളരിയിൽ നിന്നാണ്. അത് കുറെ എഴുതാനുളള വിഷയമാണ്.അങ്ങനെയൊരു ചവിട്ടുപടിയുടെ തുടക്കം നടത്തിയതാണ് ഇവിടെ പ്രസക്തം! അത്തരം പല ചാനലുകളും ദൂരദർശനിലുളളവരെ ആദ്യകാലങ്ങളിൽ നിയമിക്കുകയോ പ്രലോഭനങ്ങൾക്ക് വഴങ്ങുന്നവരെക്കൊണ്ട് രഹസ്യമായി ജോലി ചെയ്യിക്കുകയോ ചെയ്തിരുന്നു!
ലോകത്തിലെ എല്ലാ ടെന്നിസ് പ്രേമികൾക്കും ഏറ്റവും ആകർഷകമായ മത്സരങ്ങൾ നാല് ഗ്രാന്റ് സ്ലാം ടെന്നിസ് മാച്ചുകളാണ്: വിംബിൾഡൺ, ഫ്രഞ്ച് ഓപ്പൺ, യു.എസ് ഓപ്പൺ, ഓസ്‌ട്രേലിയൻ ഓപ്പൺ. മറ്റ് പ്രമുഖ ടെന്നിസ് മത്സരങ്ങളുമുണ്ടെങ്കിലും ഇവയാണ് ടെലിവിഷനിൽ ഏറ്റവും പ്രേക്ഷകപ്രീതി നേടിയവ, ലോകമെമ്പാടും. ഇവയിൽ കളിക്കുന്നവരുടെ സമ്മാനത്തുക വലിയ സംഖ്യയാണ്. 
മുൻകാലങ്ങളിൽ സ്‌പോർട്‌സ് ടെലിവിഷൻ ചാനലുകൾ ഇല്ലാതിരുന്ന, കായികവിനോദങ്ങളുടെ പ്രക്ഷേപണം പണംകൊയ്യുന്ന മരങ്ങളാവാതിരുന്ന കാലത്ത്് ഈ ടെന്നിസ് മേളകളുടെ പ്രത്യേകിച്ചും വിംബിൾഡൺ, ഫ്രഞ്ച് ഓപ്പൺ എന്നിവയുടെ (അവയ്ക്കായിരുന്നു ഇന്ത്യയിൽ കൂടുതൽ പ്രേക്ഷകർ) വിപണനവിഭാഗത്തിന്റെ മേധാവികൾ അവ സംപ്രേഷണം ചെയ്യണമെന്ന് അഭ്യർത്ഥിച്ച് ദൂരദർശൻ മേധാവികളെ സമീപിക്കാറുണ്ടായിരുന്നു! കാരണം ഇന്ത്യയിലെ ടെലിവിഷൻ പ്രേക്ഷകരുടെ എണ്ണം കൂടുതലായതിനാൽ അത് അവിടെ വിപണനത്തിന് സഹായകമാവും. 1990 വരെ അതായിരുന്നു സ്ഥിതി. സ്‌പോർട്‌സിന്റെ ചുമതലയുണ്ടായിരുന്നപ്പോൾ അലെയ്ൻ റോസ്സ് എന്ന ഫ്രഞ്ച് ഓപ്പൺ മാർക്കറ്റിംഗ് വിഭാഗത്തിന്റെ മേധാവി പാരീസിൽ മാച്ച് കാണാൻ അവരുടെ അതിഥിയായി ക്ഷണിച്ചിരുന്ന കാര്യം ഓർമ്മയുണ്ട്. 
അന്തർദ്ദേശീയ ടെന്നിസ് മത്സരങ്ങൾ ദൂരദർശനിൽ സംപ്രേഷണം ചെയ്യുമ്പോൾ പരസ്യങ്ങൾ വിപണനം ചെയ്തിരുന്നത് ആദ്യകാലങ്ങളിൽ 10,20,30 സെക്കന്റുകൾ വീതമുളള സ്‌ളോട്ടുകൾ മാത്രം പരസ്യകമ്പനികൾക്ക് നൽകിയാണ്. ഇവയുടെ സംപ്രേഷണസമയം തീരുമാനിച്ചാൽ ഒരു സർക്കുലർ ഇറക്കും. പരസ്യക്കമ്പനികൾ സ്‌ളോട്ടുകൾ ബുക്ക് ചെയ്യും. 
പിന്നീട് അരമണിക്കൂർ നേരത്തേക്ക്  വീതം സ്‌പോൺസർഷിപ്പുകളും കിട്ടുമെങ്കിൽ പരസ്യങ്ങളും നൽകി. പരസ്യനിരക്കുകൾ സംപ്രേഷണസമയമനുസരിച്ച് സൂപ്പർ എ, എ, ബി എന്നിങ്ങനെ തരംതിരിച്ചിട്ടാണ്: പ്രൈംടൈമിൽ ( പ്രേക്ഷകർ ഏറ്റവും കൂടുതലുളള സമയം )കൂടിയ നിരക്കുകളും.
1993 ആദ്യമാണ് ഞാൻ പരസ്യസമയ വിപണനത്തിന്റെ ചുമതലയുളള കൺട്രോളർ ആവുന്നത്. സ്‌പോർട്‌സിന്റെയും മറ്റ് വിഭാഗങ്ങളുടെയും ചുമതല വേറെയുമുണ്ട്്. മന്ത്രി കാര്യാലയത്തിലെ ധനകാര്യോപദേഷ്ടാവും അഡീഷണൽ സെക്രട്ടറിയുമായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ (അദ്ദേഹത്തിൻെ ഭാര്യ പ്രശസ്തയായ ഒഡീസ്സി നർത്തകിയായിരുന്നു; തിരുവനന്തപുരത്ത് അവർ വന്നപ്പോൾ റെക്കോർഡ് ചെയ്തിരുന്നു) എന്നെ ഫോണിൽ വിളിച്ച് അക്കൊല്ലത്തെ ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ ടെന്നിസ് സംപ്രേഷണത്തിന്റെ പരസ്യങ്ങൾ ഇന്ത്യയിലെ ഏറ്റവും വലിയ ഇംഗ്ലീഷ് പത്രത്തിന്റെ വിപണനവിഭാഗത്തിന് നൽകണമെന്നും അവർ എന്നെ വന്നുകാണുമെന്നും അറിയിച്ചു. അപ്പോഴത്തെ ആക്ടിംഗ് ഡയറക്ടർ ജനറലിനെ വിവരമറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. അരമണിക്കൂറിനുളളിൽ പത്രത്തിന്റെ പ്രതിനിധികളായ വിജയ് ജിൻഡലും (അദ്ദേഹം പിന്നീട് സീ ടെലിവിഷന്റെ മേധാവിയായി) ജി.കൃഷ്ണനും (അദ്ദേഹം ഇന്ത്യ ടുഡെ ചാനലിന്റെ മേധാവിയായി) എന്റെ ഓഫീസിലെത്തി. അവരുടെ കമ്പനി പരസ്യക്കമ്പനിയായി ദൂരദർശനിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ തുക മുൻകൂട്ടി നൽകണമെന്നാണ് ചട്ടമെന്നറിയിച്ചു. അതനുസരിച്ച് ചുമതലയുളള ഡയറക്ടർ 
ജനറലിന്റെ അനുവാദത്തോടെ അവർക്ക് ഔദ്യോഗിക നിർദ്ദേശങ്ങളടങ്ങിയ കത്ത് നൽകി. വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ട് അവർ ഒരു കത്തും മുൻകൂർ തുകയ്ക്ക് ചെക്കും നൽകി. ടെലിവിഷൻ പരസ്യവിപണനരംഗത്ത് ഒരു പരിചയവുമില്ലാതിരുന്ന അവർക്ക് പ്രതീക്ഷച്ചത്ര വിപണനം സാധിച്ചില്ല. അവർ വിചാരിച്ചിരുന്നത് പരസ്യദാതാക്കളിൽനിന്ന് പരസ്യങ്ങൾ വാങ്ങി ലാഭമുണ്ടാക്കാമെന്നായിരുന്നു. സംപ്രേഷണ പരിപാടിയുടെ കാറ്റഗറി സൂപ്പർ എയിൽ നിന്ന് മാറ്റി എ ആക്കിത്തരണമെന്നവർ ശഠിക്കാൻ തുടങ്ങി, ഒരു കാരണവശാലും അതനുവദിക്കാൻ കഴിയില്ലെന്നും അത് ഞങ്ങളുടെ അധികാരപരിധിക്കപ്പുറമാണെന്നും അറിയിച്ചു. ഒടുവിൽ തങ്ങളുടെ ചെക്ക് മടക്കിത്തരണമെന്നായി അവരുടെ ആവശ്യം. പരിചയസമ്പന്നരായ എക്കൗണ്ട്്‌സ് ഓഫീസർ ജെ.എസ്.ബദോരിയ എന്ന മിടുക്കനായ ഉദ്യോഗസ്ഥൻ അത് ചെയ്യരുതെന്ന് എന്നെ ഉപദേശിച്ചു. ചെക്ക് മടക്കിക്കൊടുക്കുകയില്ലെന്നും കരാറിൽ നിന്ന് അവർക്ക് പിന്മാറാൻ കഴിയില്ലെന്നും അവരെ അറിയിച്ചു.
അവർ പരാതി അറിയിക്കാനായി മന്ത്രിയുടെ ഓഫീസിലെത്തി. മന്ത്രിയുടെ ചേംബറിൽ അവരെ കണ്ടപ്പോഴാണ് എന്നെ വിചാരണ ചെയ്യാനാണ് മന്ത്രി വിളിപ്പിച്ചതെന്ന് മനസ്സിലായത്. അദ്ദേഹത്തോട് ഞാൻ എന്റെ ഭാഗം വിശദീകരിച്ചു. പക്ഷെ, എനിക്ക് നിർദ്ദേശം നൽകിയ ഉദ്യോഗസ്ഥൻ അവരെ വിപണനം ഏൽപിക്കുന്ന കാര്യത്തിൽ താനങ്ങനെ കർശനമായൊന്നും പറഞ്ഞിട്ടില്ലെന്ന മുടന്തൻ ന്യായം തുടങ്ങിയപ്പോൾ മന്ത്രി അദ്ദേഹത്തോട് വായടക്കാൻ പറഞ്ഞു. 
എന്തുകൊണ്ടാണ് കാറ്റഗറി മാറ്റിക്കൊടുക്കാത്തതെന്ന ചോദ്യത്തിന് എനിക്കധികാരമില്ലെന്ന് പറഞ്ഞപ്പോൾ അത് എന്തുകൊണ്ടാണെന്ന ചോദ്യമായി. ഒരിക്കൽ അങ്ങനെ ചെയ്താൽ അതൊരു കീഴ്‌വഴക്കമാവുമെന്നും അത് വലിയൊരു 'പൻഡോരപ്പെട്ടി' തുറക്കുകയായിരിക്കുമെന്നും അറിയിച്ചപ്പോൾ, അദ്ദേഹം ശബ്ദമുയർത്തി ചോദിച്ചു, ''എന്തുകൊണ്ട് നിങ്ങൾ അവരുടെ ചെക്ക് മടക്കിക്കൊടുക്കുന്നില്ല?'' അത് അപ്പോൾ അവരുടെ ചെക്കല്ലെന്ന് ഞാൻ മറുപടി പറഞ്ഞു. അദ്ദേഹം ശബ്ദമുയർത്തി അവർ ചെക്ക് തന്നതല്ലേ എന്നായി ചോദ്യം. അദ്ദേഹം ക്ഷോഭത്തോടെയാണത് പറഞ്ഞതെന്ന് എനിക്ക് തോന്നി. തുടർന്ന്, ആലോചിച്ച് തീരുമാനം അറിയിക്കാമെന്നും എല്ലാവർക്കും പോകാമെന്നും അദ്ദേഹം പറഞ്ഞു. ഞാൻ എഴുന്നേൽക്കുമ്പോൾ അദ്ദേഹം ഒച്ചയുയർത്തി പറഞ്ഞു''മിസ്റ്റർ കുഞ്ഞികൃഷ്ണൻ, നിങ്ങൾ പുറത്ത് കാത്തുനിൽക്കുക. നിങ്ങളെ എന്തുചെയ്യണമെന്ന് ഞാൻ ആലോചിക്കട്ടെ!'' സസ്‌പെൻഡ് ചെയ്യുന്ന കാര്യം ഉറപ്പാണെന്ന് തോന്നി. എല്ലാവരും പുറത്തിറങ്ങി. അഞ്ച് മിനിട്ട് കഴിഞ്ഞ് മന്ത്രി സിങ്ങ് ദേവ് എന്നെ ഉളളിൽ വിളിപ്പിച്ചു. അദ്ദേഹത്തെ കൂടാതെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായ കസ്റ്റംസ് ഉദ്യോഗസ്ഥൻ ഭട്ടാചാര്യയുണ്ടായിരുന്നു. ഇരിക്കാൻ പറഞ്ഞ ശേഷം ചോദിച്ചു, ''എന്തുകൊണ്ടാണ് ആ ചെക്ക് അവരുടേതല്ലെന്ന് നിങ്ങൾ പറഞ്ഞത്?'' ''സർ,  ആ ചെക്ക് അവർ ഞങ്ങൾക്ക് തന്നതുമുതൽ അത് ഗവണ്മെന്റിന്റെ ചെക്കായിത്തീർന്നു. അത് ഗവണ്മെന്റ് എക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കണം, ഇരുപത്തിനാല് മണിക്കൂറിനകം!'' അദ്ദേഹം പെട്ടെന്ന് പൊട്ടിച്ചിരിച്ചു. മൂന്ന് പേർക്കും ചായ വരുത്തി കുടിക്കാൻ നിർദ്ദേശിച്ചു. കൊലച്ചോറ് പോലെയായിരിക്കുമെന്ന് ഞാൻ കരുതി! അദ്ദേഹം എഴുന്നേറ്റ് ഹസ്തദാനം നൽകി പറഞ്ഞു, ''നിങ്ങൾ ചെയ്തത് ആത്മാർത്ഥതയും ഉത്തരവാദിത്തവുമുളള ഗവണ്മെന്റുദ്യോഗസ്ഥന്റെ ജോലിയാണ്. അത് തുടരുക!പരാതി ഞാൻ കൈകാര്യം ചെയ്തുകൊളളാം.''
പാർലമെന്റിൽ മന്ത്രി ഉത്തരം പറയേണ്ട നക്ഷത്രചോദ്യങ്ങളുടെ ഉത്തരവും ഉയർന്നുവന്നേക്കാവുന്ന ഉപചോദ്യങ്ങൾക്കുളള ഉത്തരങ്ങളും ചർച്ചചെയ്യാനായി പല തവണയും അദ്ദേഹത്തിന്റെ മുറിയിൽ പോകേണ്ടിവന്നപ്പോഴും മന്ത്രി സ്ഥാനംമാറിയ ശേഷം കാണുമ്പോഴും എന്റെ മകന്റെ വിവാഹസ്വീകരണചടങ്ങിൽ ക്ഷണിക്കാൻ പോയപ്പോഴും അദ്ദേഹത്തിന്റെ സ്‌നേഹോഷ്മളത തുടർന്നിരുന്നു.
 

Latest News