Sorry, you need to enable JavaScript to visit this website.

അക്ഷരപ്പച്ച: കോവിഡ്കാലത്തെ വിളവെടുപ്പുകൾ

ലോക്ഡൗൺ ജീവിതം അക്ഷരാർഥത്തിൽ ഈ ജിദ്ദാ പ്രവാസി സാർഥകമാക്കിയത് രണ്ടു മേഖലകളിൽ. ജീവിതത്തിലാദ്യമായി ഒരു നോവലെഴുതി പ്രസിദ്ധീകരിച്ചു, പിന്നാലെ ജൈവകൃഷിമേഖലയിൽ നൂറുമേനി വിളയിച്ചു. മനസ്സിന്റെ സംഘർഷങ്ങളോട് സർഗാത്മകമായി പ്രതികരിച്ച ഹംസ പൊന്മളയുടെ കോവിഡ്കാല വിളവെടുപ്പുകളെക്കുറിച്ച്


ജീവിതത്തിൽ ആദ്യമായി എഴുതിയ നോവലിന്റെ ശീർഷകം - ലോക്ഡൗൺ. 
കോവിഡിന്റെ തുടക്കകാലത്ത് മലയാളം ന്യൂസ് സൺഡെ പ്ലസിൽ സീര്യലൈസ് ചെയ്ത ഈ നോവൽ കോഴിക്കോട്ട് പ്രകാശനം ചെയ്തത് മലയാളത്തിന്റെ പ്രകാശം പരത്തുന്ന ടി. പദ്മനാഭൻ. അദ്ദേഹത്തിന്റെ വാക്കുകൾ: - അതൊരു അദ്ഭുതകരമായ അനുഭവമായിരുന്നു. ഞാൻ ജീവിതത്തിൽ കേൾക്കാത്ത ഒരു വ്യക്തി എഴുതിയ നോവൽ. ഹംസ പൊൻമളയുടെ ലോക്ഡൗൺ എന്ന നോവലാണ് ഉദ്ദേശിച്ചത്. 
ഒരു രാത്രി വെറുതെ രസത്തിന് വായിച്ചുതുടങ്ങി. പതുക്കെപ്പതുക്കെ ആ കൃതിയിൽ ഞാൻ പൂർണമായും ആമഗ്നനായി. ലോക്ഡൗൺ കാലത്ത് എഴുത്തുകാരന് അനുഭവപ്പെടുന്ന ഭ്രമാത്മകമായ അനുഭവത്തിന്റെ വിവരണം. എത്ര സൂക്ഷിച്ചുനോക്കിയിട്ടും അയാൾ പ്രയോഗങ്ങളെയോ വ്യാകരണങ്ങളെയോ ഒന്നും തന്നെ ഹിംസിച്ചിട്ടില്ല.


കോവിഡ് കാലത്ത് ജിദ്ദയിലെ ഫഌറ്റിലെ ജീവിതം കടുത്ത വൈരസ്യത്തിലേക്കും ഏകാന്തതയിലേക്കും വലിച്ചെറിയപ്പെട്ടപ്പോഴാണ് ഹംസ പൊൻമള എഴുതിത്തുടങ്ങിയത്. സാമ്പ്രദായികമായ എഴുത്ത് രീതികളെയൊക്കെ വെല്ലുവിളിച്ചുകൊണ്ട്, ഭൂതകാലത്തിന്റെ ചില ഭ്രമാത്മകമായ അനുഭവങ്ങളെ അപസർപ്പക ശൈലിയുടെ പരഭാഗശോഭ പകർന്ന് എഴുതി പൂർത്തിയാക്കിയ ഈ നോവൽ മലയാളം ന്യൂസ് സൺഡെ പ്ലസ് പതിനെട്ടു ലക്കമായി പ്രസിദ്ധീകരിച്ചപ്പോഴാണ് ഹംസ പൊൻമള എന്ന പേര് വായനക്കാർ ശ്രദ്ധിച്ചുതുടങ്ങിയത്. കണ്ണൂർ ന്യൂ ബുക്‌സ് ഈ നോവൽ പുസ്തകമാക്കുകയും കോഴിക്കോട് അളകാപുരിയിൽ പ്രൗഢമായ സദസ്സിനു മുന്നിൽ ടി. പദ്മനാഭൻ പ്രകാശനം നിർവഹിക്കുകയും ചെയ്തതോടെ എഴുത്തും തനിക്ക് വഴങ്ങുമെന്ന് ജിദ്ദയിലെ പ്രമുഖ കമ്പനിയുടെ ഹെഡ് ഓഫ് ട്രേഡ് പദവിയിൽ ജോലി ചെയ്യുന്ന ഈ മലപ്പുറത്തുകാരൻ തെളിയിച്ചു.

ഏകാന്തത വീർപ്പുമുട്ടിച്ചപ്പോൾ, മനസ്സിൽ തോന്നിയ ചില ചിന്താശകലങ്ങൾ വെറുതെ കോറിയിട്ടു തുടങ്ങിയതാണ്. മനസ്സിനെ ഹോണ്ട് ചെയ്യുന്ന ഭീതിദമായ അവസ്ഥയിൽ സ്വപ്‌നതുല്യമായ അനുഭവങ്ങളും ബാല്യകാലസ്മരണകളും ഗൃഹാതുര ചിന്തകളും എഴുത്തിലേക്ക് വരികയായിരുന്നു. എഴുതിക്കഴിഞ്ഞപ്പോഴാണ് നോവലിന്റെ ഘടനയിലേക്ക് അത് മാറിയതെന്നു തോന്നിയതും പ്രസിദ്ധീകരിക്കപ്പെട്ടതും. 
ഇപ്പോഴും ഹംസയ്ക്ക് അദ്ഭുതമാണ്. മുൻകൂട്ടി ഒന്നും ആലോചിക്കാതെ എഴുതി പൂർത്തിയാക്കിയ ഈ നോവലിന് ഇത്രമാത്രം സ്വീകാര്യത ലഭിച്ചതിൽ. ഒരു പക്ഷേ എഴുത്തിന്റെ നിയതമായ മാനദണ്ഡങ്ങളെ മറി കടന്നതാകണം, ഇതിനു പ്രധാനകാരണമെന്നും ഇദ്ദേഹം വിചാരിക്കുന്നു. നാസർ ഒ.ബിയുടെ ഇല്ലസ്‌ട്രേഷനോടെ മലയാളം ന്യൂസിൽ വെളിച്ചം കണ്ട ഈ നോവൽ വായിക്കാനിടയായ മലയാളത്തിന്റെ പ്രസിദ്ധനായ കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ സഹായത്തോടെയാണ് കണ്ണൂർ ന്യൂ ബുക്‌സ് നോവലിന്റെ പ്രസാധനം ഏറ്റെടുത്തത്.


നാട്ടിൽ പോയപ്പോൾ 'ലോക്ഡൗണി' ന്റെ കോപ്പിയുമായി ടി. പദ്മനാഭന്റെ വീട്ടിലും പോയി. ഇഷ്ടപ്പെട്ട എഴുത്തുകാരനാണ് പപ്പേട്ടൻ. പേടിച്ചാണ് അദ്ദേഹത്തിന്റെ അടുത്ത് പോയത്. പിറ്റേന്ന് അദ്ദേഹത്തിന്റെ ഫോൺ. അപ്രതീക്ഷിതമായിരുന്നു ആ കോൾ. നോവൽ വായിച്ചു. വളരെ നന്നായിട്ടുണ്ട്. പ്രകാശനത്തിനു ഞാൻ വരാം. 
അതൊരു അപൂർവ ബഹുമതിയായിരുന്നുവെന്ന് ഹംസ പറയുന്നു. ടി. പദ്മനാഭനെപ്പോലുള്ള ഒരാളിൽ നിന്ന് ലഭിച്ച ആത്മാർഥമായ പ്രശംസയും അംഗീകാരവും എഴുത്ത് തുടരാനുള്ള ആവേശവും പ്രചോദനവുമായി. ഫാന്റസി എഴുതി ഫലിപ്പിക്കുകയെന്നത് ശ്രമകരമാണെങ്കിലും അതിൽ നവാഗത എഴുത്തുകാരനായിട്ടുകൂടി വിജയിച്ച നോവലിസ്റ്റാണ് ഹംസ പൊൻമളയെന്ന് പുസ്തകം, കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഖദീജാ മുംതാസിനു കോപ്പി നൽകി പ്രകാശിപ്പിച്ച ടി. പദ്മനാഭൻ പറഞ്ഞു. അതീന്ദ്രിയമായ ഭാവനാലോകം യാഥാർഥ്യത്തേയും മിഥ്യയേയും ഇണക്കിച്ചേർക്കുന്നതിൽ വിജയം കണ്ട ഹംസയുടെ നോവലിന്റെ രണ്ടാം പതിപ്പ് ഇപ്പോൾ അച്ചടിയിലാണ്. ലോക്ഡൗൺ അനുഭവം മലയാളത്തിൽ ആദ്യമായി ഫിക്ഷന്റെ തലത്തിലേക്ക് കൊണ്ടുവന്ന ഈ പുസ്തകം, ഇംഗ്ലീഷിലേക്ക് മൊഴിമാറ്റുന്നതിനും നോവലിന് ചലച്ചിത്രാവിഷ്‌കാരം നിർവഹിക്കുന്നതിനുമുള്ള പ്രാഥമിക പ്രവർത്തനങ്ങളും പണിപ്പുരയിലാണ്. 


മരിച്ചിട്ടും ആത്മശാന്തി അടയാത്ത മേരിയുടെ ആത്മാവാണ് രഹസ്യങ്ങളുടെ താക്കോലുമായി ഫഌറ്റിലേക്ക് കയറിവരുന്നത്. മേരിയുടെ ജീവിതത്തിൽ നേരിട്ട ദുരന്താനുഭവങ്ങളിലൂടെയാണ് 'ലോക്ഡൗൺ' വികസിക്കുന്നത്. ഈ നോവലിന്റെ വിസ്മയകരമായ പാരായണക്ഷമത എടുത്ത് പറയേണ്ടതുണ്ടെന്നായിരുന്നു പ്രകാശനച്ചടങ്ങിൽ അധ്യക്ഷത വഹിച്ച ഇ.ടി മുഹമ്മദ് ബഷീർ എം.പി അഭിപ്രായപ്പെട്ടത്. 
ഇന്ന് (ഞായർ) ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെ പ്രമുഖ ചലച്ചിത്രകാരൻ ഒമർ ലുലു റിലീസ് ചെയ്യുന്ന 'യാത്ര' എന്ന ഹ്രസ്വചിത്രത്തിന്റെ സ്‌ക്രിപ്റ്റ് കൺസൾട്ടന്റും നിർമാതാവും ഹംസ പൊന്മളയാണ്. ലോക്ഡൗൺ നോവലിന് മലയാളം ന്യൂസിൽ ഇല്ലസ്‌ട്രേഷൻ നിർവഹിച്ച ചിത്രകാരനും ഡിസൈനറുമായ നാസർ ബഷീറാണ് (ഒ.ബി നാസർ) യാത്രയുടെ സംവിധാനം നിർവഹിച്ചിട്ടുള്ളത്.   

ഹരിതാഭം ഹംസയുടെ കൃഷിപാഠം
എഴുത്തിനൊപ്പം കാർഷികരംഗത്തേക്ക് കൂടി തിരിഞ്ഞതോടെ ഹംസ പൊന്മളയുടെ സ്വപ്‌നങ്ങൾക്കും ജീവിതത്തിനും കൂടുതൽ പച്ചപ്പ് കൈവന്നു. കൃഷിയുടെ വിത്ത് മനസ്സിൽ പാകിയതും യാദൃച്ഛികമായിട്ടാണ്. ലോക്ഡൗൺ ടെൻഷനുകൾക്ക് ചെറിയ മോചനം കിട്ടിയപ്പോൾ നാട്ടിലേക്ക് പോയി. 
മടക്കയാത്ര മുടങ്ങിയപ്പോൾ അവിടെ കുടുങ്ങി. നീണ്ട നാലര മാസം. നോവലും നോവൽപ്രകാശനവും പകർന്ന ഹാംഗോവറിൽ നിന്ന് പൊടുന്നനവെ ഉള്ളിൽ ചെടികളും മരങ്ങളും തളിരിടാൻ തുടങ്ങി. അങ്ങനെയാണ് ജന്മദേശമായ മലപ്പുറം പൊന്മള പഞ്ചായത്തിലെ പൂവാട് ഗ്രാമത്തിന്റെ മണ്ണിലേക്ക് കൈക്കോട്ടും കൈക്കരുത്തുമായി ഹംസയിറങ്ങിയത്. 
കടലുണ്ടിപ്പുഴയോരത്ത് തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഒരേക്കർ സ്ഥലം അന്നോളം തരിശായിക്കിടക്കുകയായിരുന്നു. ആദ്യം ചെയ്തത് ജെ.സി.ബി സഹായത്തോടെ ആ സ്ഥലത്തെ കുന്നിടിച്ച് നിരപ്പാക്കുകയായിരുന്നു. ഭൂമി നിരപ്പാക്കി, കിണർ കുഴിച്ചു. സ്ഥലം കൃഷിയോഗ്യമാക്കി. മണ്ണുത്തിയിൽനിന്ന് വിത്തുകളും ചെടികളും കൊണ്ടുവന്നു. ആധുനിക രീതിയിൽ വിത്തുകൾ പാകുകയും ചെടികൾ നടുകയും ചെയ്തു.

 കുടുംബാംഗങ്ങളേയും ജോലിക്കാരേയും കൂട്ടി ഹംസ തന്നെ മുൻകൈയെടുത്ത് മണ്ണ് കിളയ്ക്കാനും നനയ്ക്കാനും ജൈവവളമിടാനും തുടങ്ങി. പൊന്മളയിലെ കൃഷി ഓഫീസർ അബ്ദുൽസലാം എല്ലാ കാര്യങ്ങൾക്കും ഒപ്പം നിന്ന് ആവശ്യമായ പിന്തുണയും ഉപദേശനിർദേശങ്ങളും നൽകി. ഫലഭൂയിഷ്ഠമായ മണ്ണിൽ, വൈകാതെ നൂറോളം വിവിധയിനം പഴങ്ങളും ചെടികളും പൂക്കളും പൂവാട് ഗ്രാമത്തെ കമനീയകാഴ്ചയായി. എല്ലാതരം പഴങ്ങളും അവിടെ സമൃദ്ധമായുണ്ടായി. ആവശ്യത്തിന് ജലവും വളവും കിട്ടിയപ്പോൾ മുന്നൂറോളം വാഴകളും അമ്പതിനം പഴവർഗങ്ങളും വളർച്ച പ്രാപിച്ചുതുടങ്ങി. ഒരുവിധം എല്ലാതരം പച്ചക്കറികളും കൃഷിസ്ഥലത്തെ ആകർഷകമാക്കി. വഴുതന, കുമ്പളങ്ങ, മത്തങ്ങ, ചിരങ്ങ, കക്കിരിക്ക.. നൂറു ശതമാനം ജൈവവളങ്ങളുപയോഗിച്ചുള്ള വിളവെടുപ്പ്. വിഷമില്ലാത്ത പച്ചക്കറികളും പഴങ്ങളും യഥേഷ്ടം. വീട്ടുകാർക്കും ബന്ധുക്കൾക്കും കൊടുത്ത് കഴിഞ്ഞിട്ടും അയൽക്കാർക്കും നാട്ടുകാർക്കും കൊടുത്തിട്ടും നൂറുമേനിയുടെ തിളക്കത്തിൽ പൂവാട്ടെ പുഷ്പ-ഫലത്തോട്ടം സമൃദ്ധമായി വളർന്നു നിന്നു. തോട്ടം നോക്കുന്ന ശിഹാബിനും കുഞ്ഞഹമ്മദിനും ഹംസയുടെ ബന്ധു ലത്തീഫിനുമൊക്കെ ഇതദ്ഭുതമായി. ഇത്രയും കാലം തരിശായിക്കിടന്ന സ്ഥലം ഇങ്ങനെ മാറ്റിയെടുത്ത ഭാവനാസമ്പന്നതയ്ക്കു മുന്നിൽ അവരോടൊപ്പം നാട്ടുകാരും ഹംസയെന്ന പ്രവാസിയോട് നന്ദിയും സന്തോഷവും പങ്കിട്ടു. ജൈവകൃഷി രംഗത്ത് കൂടുതൽ ആധുനികമായ പരീക്ഷണങ്ങൾ എന്നതാണ് ഹംസയുടെ പദ്ധതി. 
ഫലശൂന്യമാക്കാതെ ഓരോ മൺതരിയും പ്രയോജനപ്പെടുത്താമെന്ന് സ്വാനുഭവത്തിലൂടെ തെളിയിക്കുകയായിരുന്നു, ഈ സ്ഥിരോൽസാഹി. മൽസ്യക്കൃഷി, കുട്ടികൾക്കും മുതിർന്നവർക്കും കളിക്കാനും കായിക പരിശീലനം നേടാനുമുള്ള സ്ഥലം, ഫാംഹൗസ് എന്നിവ കൂടി ഇതോടനുബന്ധിച്ച് ഇവിടെ നിർമിക്കുകയെന്നാണ് അവിടത്തെ അടുത്ത പദ്ധതിയെന്നും ഹംസ പറഞ്ഞു. ഭാര്യ മുനീറയും (ജിദ്ദ)മക്കളായ ജൗഹർ (അമേരിക്ക), ദീന (കണ്ണൂർ മെഡിക്കൽ കോളേജ് വിദ്യാർഥിനി), ദാനിയ (ജിദ്ദ) എന്നിവരും ഹംസയുടെ എഴുത്ത് മേഖലയിലേയും കാർഷിക മേഖലയിലേയും എല്ലാ മോഹങ്ങൾക്കും കൂട്ടായി ഒപ്പമുണ്ട്. 

Latest News