Sorry, you need to enable JavaScript to visit this website.

മരങ്ങൾക്കൊപ്പം, പ്രകൃതിക്കൊപ്പം

പരിസ്ഥിതി സംരക്ഷണമെന്ന ആശയത്തെ ഹൃദയത്തോട് ചേർത്ത് നിർത്തിയ പ്രകൃതിയുടെ പ്രണയിയാണ് ഡോ. സൈജു ഖാലിദ്. വൃക്ഷ വ്യാപന സന്ദേശം.. ലോകമാകെ പടർന്നു പന്തലിക്കുന്ന ഈ പ്രകൃതി സ്‌നേഹ സംരംഭം അദ്ദേഹം തുടങ്ങിവെച്ചത് നാലു വർഷം മുമ്പാണ്. പൂർണസമയം ഇദ്ദേഹം പരിസ്ഥിതി പ്രവർത്തനം ഏറ്റെടുത്ത് നടത്തുമ്പോൾ ഒരു സാമൂഹിക ജീവി എന്ന നിലയിൽ അദ്ദേഹത്തിന്റെ ഉദ്ദേശ്യ ലക്ഷങ്ങൾക്ക് വിപുലമായ അർഥതലം കൈവരുന്നു.
സൈക്കോളജിസ്റ്റും പരിശീലകനുമായ ഡോ. സൈജു ഖാലിദ് 2017 മാർച്ച് 30 ന് തുടക്കം കുറിച്ച വൃക്ഷ വ്യാപന പദ്ധതിയാണ് നന്മമരം. അദ്ദേഹം പങ്കെടുക്കുന്ന എല്ലാ പൊതുപരിപാടികളിലും വൃക്ഷ തൈ നടുകയും നടാൻ പ്രേരിപ്പിക്കുകയും ചെയ്തു വന്നു. അദ്ദേഹത്തിന്റെ പ്രവർത്തന മികവിന്, ഹരിത സ്വപ്‌നങ്ങൾക്ക് മിഴിവേകിക്കൊണ്ട് 2019 ൽ ഈ പ്രവർത്തനങ്ങൾക്ക് സംസ്ഥാന വനമിത്ര പുരസ്‌കാരം നൽകി സംസ്ഥാനം അദ്ദേഹത്തെ അംഗീകരിച്ചപ്പോൾ അത് കേരളമൊന്നാകെ പ്രകൃതി സ്‌നേഹികൾക്ക് ലഭിച്ച ഒരവാർഡ് തന്നെയായിത്തീർന്നു. കേരളത്തിലെ 14 ജില്ലകളിലും ഇതര സംസ്ഥാനങ്ങളിലും ഒമ്പതോളം ലോകരാജ്യങ്ങളിലുമായി 12,000 ത്തിൽ അധികം വൃക്ഷങ്ങൾ നന്മമരം  പദ്ധതിയിൽ ഇതിനോടകം  നട്ടുകഴിഞ്ഞു. 1200 ഓളം മോട്ടിവേഷൻ ക്ലാസുകൾ നടത്തി ജനമനസ്സുകളെ ഈ പാതയിലേക്ക് ആകർഷിച്ച് നന്മമരം പദ്ധതി മുന്നേറുന്നു.. രണ്ടര ലക്ഷത്തിലധികം പേർക്ക് ക്ലാസ് എടുത്ത് കഴിഞ്ഞ സൈജു ഖാലിദ്  മാനവ വിഭവശേഷി പരിശീലന രംഗത്ത് 10 വർഷം പിന്നിട്ടിരിക്കുന്നു എന്നത് ശ്രദ്ധേയമായ നേട്ടം തന്നെയാണ്.നന്മമരം പദ്ധതി 2020 ജൂൺ 5 ന് തുടങ്ങി 365 ദിവസം പൂർത്തിയാക്കിയപ്പോൾ വൻ സ്വീകാര്യതയാണ് പരിസ്ഥിതി സ്‌നേഹികളിൽ നിന്ന് ലഭിച്ചത്.ഇത്തരത്തിൽ വർഷം മുഴുവൻ പരിസ്ഥിതി ദിനാചരണം നടത്തിയ ഇന്ത്യയിലെ തന്നെ അപൂർവ പദ്ധതിയാകും ഇതെന്ന് ഡോ. സൈജു ഖാലിദ് പറയുന്നു. 
ഇതൊരു സാമൂഹിക നന്മയായും വരുംതലമുറയ്ക്ക് പ്രകൃതിയെ നെഞ്ചോട് ചേർക്കാനുള്ള ഒരവസ്മരണീയ മുഹൂർത്തവുമായിത്തീരുകയാണ്.പരിസ്ഥിതി പ്രവർത്തനങ്ങളിൽ മാതൃകാപരമായി ഇടപെടുന്ന പൊതുവിഭാഗത്തിലും കുട്ടികളുടെ വിഭാഗത്തിലും തെരഞ്ഞെടുക്കപ്പെടുന്ന ഓരോരുത്തർക്കായി നന്മമരം സംസ്ഥാന പരിസ്ഥിതി അവാർഡ് എല്ലാ വർഷവും നൽകുന്നുണ്ട്. കൂടാതെ ലോക്്ഡൗൺ വൃക്ഷവ്യാപന ചലഞ്ച് മുന്നേറ്റം കാഴ്ചവെച്ച്  ജനശ്രദ്ധ നേടിക്കഴിഞ്ഞു.ഏറ്റവും അവസാനമായി സ്‌കൂൾ  പ്രവേശനോത്സവ നന്മമരം ചലഞ്ചിൽ ആയിരത്തിലധികം  കുട്ടികൾ  പങ്കെടുത്തിരുന്നു എന്നതും സ്തുത്യർഹം തന്നെ. അതും ഒരുപക്ഷേ വ്യത്യസ്തവും പുതുമയുമുള്ളതുമായ ഒരു സംരംഭമാക്കിത്തീർക്കാൻ ഡോ. സൈജു ഖാലിദിന് കഴിഞ്ഞിട്ടുണ്ട്.മാനസിക സംഘർഷം ഒഴിവാക്കാൻ പരിസ്ഥിതി പ്രവർത്തനം എന്നതാണ് മനഃശാസ്ത്രജ്ഞൻ കൂടിയായ നന്മമരം സ്ഥാപകൻ ഡോ. സൈജു ഖാലിദ് മുന്നോട്ട് വെക്കുന്ന ആശയം . പരിസ്ഥിതി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വഴിയായി മാനസികമായി കരുത്താർജിച്ച ഒരു തലമുറയെ സൃഷ്ടിക്കുവാൻ കഴിയുമെന്ന് ഡോ. സൈജു ഖാലിദ് പറയുന്നു. 
വനമിത്ര പുരസ്‌കാരം, ഗ്ലോബൽ ബുക്ക് ഓഫ് റെക്കോർഡ്, അമേരിക്കൻ സൈക്കളോജിക്കൽ അസോസിയേഷൻ അംഗത്വം എന്നിവ ഉൾപ്പെടെ അനേകം അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
കായംകുളം ചൂനാട് യു.പി സ്‌കൂളിലും കാറ്റാനം പോപ്പ് പയസ് ഹൈസ്‌കൂളിലും കായംകുളം എം.എസ്.എം കോളജേിലും പഠനം പൂർത്തിയാക്കി. മനഃശാസ്ത്രം, സോഷ്യൽ വർക്ക് എന്നിവയിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം കുട്ടികളുടെ പഠന വൈകല്യം എന്ന വിഷയത്തിൽ  ഡോക്ടറേറ്റ് നേടി. 
ഉൾപ്രേരകം, കാറ്റലിസ്റ്റ് എന്നീ രണ്ടു പുസ്തകങ്ങൾ എഴുതിയിട്ടുള്ള ഡോ സൈജു നാഷണൽ, ഇന്റർനാഷണൽ സെമിനാറുകളിൽ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ എന്ന മറ്റൊരു പുതുമയാർന്ന ലേബലിലേക്ക് പറന്നുയരുകയാണ് ഈ വൃക്ഷ സ്‌നേഹി. വ്യോമസേന റിട്ടയേർഡ് ഉദ്യോഗസ്ഥൻ ഇലിപ്പക്കുളം പുതുശ്ശേരിൽ ഖാലിദ് കുഞ്ഞിന്റെയും സുബൈദാ ബീവിയുടെയും മകനാണ്. 
ഭാര്യ ഫാർമസി കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ബർക്കത്ത്് ഷാമില ആലുവ മേത്തർ കുടുംബാംഗമാണ്. മകൻ രണ്ടര വയസ്സുള്ള സുമൻ ഖുറൈശി.


 

Latest News