കുവൈത്ത് സിറ്റി - താനുമായുള്ള വിവാഹബന്ധത്തിന് വിസമ്മതിച്ചതിന് യൂനിവേഴ്സിറ്റി വിദ്യാർഥിനിയെ പരീക്ഷയിൽ തോൽപിച്ച് അധ്യാപകന്റെ പ്രതികാരം. കുവൈത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്. പരീക്ഷക്ക് വിദ്യാർഥിനിക്ക് ലഭിച്ച ഗ്രേഡുകളിൽ അധ്യാപകൻ കൃത്രിമം കാണിക്കുകയായിരുന്നു. ആർട്സ് കോളേജ് അധ്യാപകനെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷൻ ക്രിമിനൽ കോടതിക്ക് കൈമാറിയിട്ടുണ്ട്.
അധ്യാപകനെതിരെ വിദ്യാർഥിനി സുരക്ഷാ വകുപ്പുകൾക്ക് പരാതി നൽകുകയായിരുന്നു. വിദ്യാർഥിനിയെ വിവാഹമന്വേഷിച്ച് അധ്യാപകൻ കുടുംബത്തെ സമീപിച്ചിരുന്നു. എന്നാൽ വിദ്യാർഥിനിയുടെ കുടുംബം ഈ ആലോചന നിരാകരിച്ചു. ഇതോടെയാണ് പ്രതികാരദാഹിയായ അധ്യാപകൻ വിദ്യാർഥിനിയുടെ മുഴുവൻ പരീക്ഷാ പേപ്പറുകളിലും കൃത്രിമം കാണിച്ചത്. വിദ്യാർഥിനിക്ക് ലഭിച്ച ഗ്രേഡുകളെല്ലാം ഇയാൾ തിരുത്തി. കൂടാതെ തന്റെ വിഷയത്തിൽ ആക്ടിവിറ്റിക്ക് പൂജ്യം മാർക്കാണ് വിദ്യാർഥിനിക്ക് അധ്യാപകൻ നൽകിയത്. അധ്യാപകന്റെ മുഴുവൻ ക്ലാസുകളിലും വിദ്യാർഥിനി ഹാജരായിരുന്നു.
അന്വേഷണത്തിനിടെ ആരോപണങ്ങൾ അധ്യാപകൻ നിഷേധിച്ചു. തുടർന്ന് ഇദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ച പബ്ലിക് പ്രോസിക്യൂഷൻ ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിച്ചെന്ന് ആരോപിക്കുന്ന കുറ്റപത്രം ക്രിമിനൽ കോടതിയിൽ സമർപ്പിച്ചു.






