വർണവൈവിധ്യങ്ങളിൽ സ്വപ്‌നങ്ങൾ നെയ്യുന്ന മലയാളി കലാകാരിയാണ് ഖത്തറിലെ സീനാ ആനന്ദ്. പുതുമയും അതിഭാവുകത്വവും നിറഞ്ഞ സീനയുടെ ഓരോ ചിത്രങ്ങളും സന്ദേശ പ്രധാനങ്ങളും സ്വയം സംസാരിക്കുന്നവയുമാണ്. പലപ്പോഴും രാത്രിയുടെ അന്ത്യയാമങ്ങളിൽ ഏകാന്തതയുടെ വന്യതയിലാണ് മിക്ക സൃഷ്ടികളും പിറന്നുവീഴുന്നത്. ആശയസമ്പുഷ്ടവും അതിമനോഹരവുമായ രചനകൾ വിഷയത്തിന്റെ വ്യത്യസ്്്ത തലങ്ങളിലേക്ക് വെളിച്ചം വീശുമ്പോൾ ആസ്വാദനത്തിന്റെ മായാപ്രപഞ്ചമാണ് തുറക്കുന്നത്.
സീനയുടെ വരകളുടെ ചാരുതയും നിറങ്ങളുടെ സിംഫണിയും കാൽപനികതയുടെ വിസ്മയചെപ്പുകൾ തുറന്നുവെക്കുമ്പോൾ വശ്യമനോഹരമായ കലാസൃഷ്ടികൾ രൂപം കൊള്ളുകയാണ്. നിറക്കൂട്ടുകൾ സംഗീത സാന്ദ്രമാക്കുന്ന സീനയുടെ ഓരോ സൃഷ്ടികളും പരിസരത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിൽ നിന്നും ഉരുത്തിരിയുന്നതാണ്.

ജലച്ചായത്തിലും ഓയിൽപെയിന്റിലും അക്രിലിക്കിലുമൊക്കെ മികവ് തെളിയിച്ചിട്ടുണ്ടെങ്കിലും പേനയും പെൻസിൽ തുമ്പുമുപയോഗിക്കുന്ന ഡൂഡിൽ ആർട്ടിലെ പുതിയ പരീക്ഷണങ്ങളാണ് സീനയെ വ്യതിരിക്തയാക്കുന്നത്. പേന മുനമ്പിലെ മഷികൊണ്ട് വിസ്മയം തീർക്കുന്ന സീനയുടെ കലാസൃഷ്ടികൾ ആസ്വാദനത്തിന്റെ സവിശേഷമായ ലോകമാണ് സഹൃദയർക്ക് സമ്മാനിക്കുന്നത്. ലളിതമായ വരകളും കുറികളും സമ്പന്നമായ ആശയസാക്ഷാൽക്കാരത്തിന് പ്രയോജനപ്പെടുത്തുന്ന സീന കലാനിർവഹണത്തിന്റെ പുതിയ വഴികളിലൂടെ സഞ്ചരിച്ച് സായൂജ്യമടയുമ്പോൾ കല കാണുന്നവനും കലാകാരനും ഒരു പോലെ ആസ്വാദ്യകരമാകുന്നു.

ഈ ദിവസങ്ങളിൽ മലയാളി സഹൃദയലോകം ഏറെ ചർച്ച ചെയ്യുന്ന റോജിൻ തോമസിന്റെ ഹോം എന്ന സിനിമയിൽ ഒലിവർ ട്വിസ്റ്റായി വേഷമിട്ട ഇന്ദ്രൻസിന്റെ മനോഹരമായ ചിത്രം ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഡിജിറ്റൽ പെയിന്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണ് സീനാ ആനന്ദിന്റെ കലാസപര്യയെക്കുറിച്ച ഇന്റർവ്യൂവിലെത്തിച്ചത്. ചിത്രത്തിലെ ഇന്ദ്രൻസിന്റെ എല്ലാ വൈകാരിക ഭാവങ്ങളും സൂക്ഷ്മമായി ഒപ്പിയെടുത്ത സീനയുടെ ചിത്രം സിനിമയുടെ സംവിധായകനും അണിയറ പ്രവർത്തകരുമടക്കം നിരവധി പേരാണ് പങ്കുവെക്കുകയും പ്രശംസിക്കുകയും ചെയ്തത്.

മലയാളി സാമൂഹിക സാംസ്‌കാരിക വ്യക്തിത്വങ്ങളും കായിക പ്രതിഭകളുമൊക്കെ സീനയുടെ കാൻവാസിൽ പുനർജനിച്ചിട്ടുണ്ട്. വർണങ്ങൾ കൈപിടിയിലൊതുക്കിയ പോലെ കംപ്യൂട്ടർ മൗസും വരുതിയാക്കിയ സീന സാങ്കേതിക വിദ്യയിലൂടെയുള്ള കലാനിർവഹണത്തിന്റെ പുതിയ പരീക്ഷണങ്ങളിലാണ്. ഫോട്ടോഷോപ്പും ഡിജിറ്റൽ പെയിന്റിംഗും ഉപയോഗിച്ചുള്ള മനോഹരമായ കുറേ വർക്കുകൾ ഇതിനകം തന്നെ സീന പൂർത്തിയാക്കി കഴിഞ്ഞു. വരകളും വർണങ്ങളും സമാസമം ചേർത്ത് ചിത്രങ്ങൾ വൈവിധ്യങ്ങളുടെ മനോഹാരിതയും ആശയങ്ങളുടെ നൂതനത്വവും നൽകുമ്പോൾ സീനയുടെ ചിത്രങ്ങൾക്ക് ആവശ്യക്കാരേറുന്നു.

മഹാമാരിയുടെ കാലത്ത് സാഹചര്യങ്ങളെ നമുക്ക് മാറ്റാനാകില്ലെങ്കിലും എന്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന തീരുമാനിക്കേണ്ടത് നാമോരോരുത്തരുമാണെന്ന് ബോധ്യപ്പെടുത്തുന്ന സീനയുടെ ചിത്രം സമകാലിക ലോകത്ത് ആശങ്കാകുലരായ സമൂഹത്തിന് പ്രതീക്ഷയുടേയും പ്രത്യാശയുടേയും വികാരങ്ങളാണ് പകർന്നുനൽകുന്നത്. 1931 ലെ വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാനായി ഇംഗഌണ്ടിലേക്ക് പോകുന്ന മഹാത്മാഗാന്ധിയും സരോജിനി നായിഡുവുമൊത്തുള്ള ഏറെ ചരിത്ര പ്രാധാന്യമുള്ളതാണ്. നിറങ്ങളുടേയും വരകളുടേയും പശ്ചാത്തലത്തിൽ ആന്തരിക ചിന്തകളും സ്വപ്‌നങ്ങളും ഇതൾ വിരിയിക്കുമ്പോൾ ധന്യമായ കലാസ്വാദനത്തിന്റെ സായൂജ്യമാണ് ലഭിക്കുക.

കണ്ണൂർ കൂത്തുപറമ്പിൽ പരേതനായ ശിവാനന്ദന്റേയും കൗസല്യയുടേയും സീമന്ത പുത്രിയായ സീന കോളേജ്തലം തൊട്ടാണ് വരകളിൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. വരയിൽ തൽപരയായ അമ്മയുടെ പ്രോൽസാഹനമായിരുന്നു സീനയുടെ ശക്തി. കോളേജ് തല മൽസരങ്ങളിലൊക്കെ സമ്മാനം ലഭിച്ചതോടെ കലാരംഗത്ത് ആവേശം കൂടി. അങ്ങനെയാണ് ബിരുദാനന്തരം ഫൈൻ ആർട്‌സിൽ രണ്ട് വർഷത്തെ ഡിപ്‌ളോമയെടുത്തത്. വരകളോടും ഡിസൈനുകളോടുമുള്ള താൽപര്യം പരിഗണിച്ച് ഗ്രാഫിക് ഡിസൈനിംഗിൽ പരിശീലനം നേടിയാണ് പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. കുറച്ച് കാലം ദുബായിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്താണ് സീന ഖത്തറിലെത്തിയത്. കലാകാരന്മാർക്ക് ഏറെ പ്രോൽസാഹനവും പിന്തുണയും നൽകുന്ന ഖത്തറിന്റെ വിശാലമായ കാഴ്ചപ്പാടും സമീപനങ്ങളുമാണ് തന്നിലെ കലാകാരിക്ക് വളർന്ന് വികസിക്കുവാൻ അവസരമൊരുക്കിയതെന്നാണ് സീന കരുതുന്നത്.

കലയെ പൂർണമായ തൊഴിലായി സ്വീകരിക്കാൻ സാധിക്കുന്നുവെന്നത് ഖത്തറിലെ ഏറ്റവും അനുകൂലമായ ഘടകമാണ്. ചിത്രങ്ങൾ വരക്കാനും മികച്ച ചിത്രങ്ങൾ വിൽപന നടത്താനും സാധിക്കുന്നതിനാൽ കൂടുതൽ സമയം ഈ മേഖലയിൽ ചിലവഴിക്കുവാൻ കഴിയും.
ഖത്തറിലെ പ്രധാന വിനോദ കേന്ദ്രങ്ങളിലൊന്നായ സൂഖ് വാഖിഫിലെ ആർട് ഗാലറിയിൽ ആർട്ടിസ്റ്റാവാൻ അവസരം ലഭിച്ചത് ഖത്തറെന്ന പുണ്യഭൂമിയേയും ആ നാട്ടിലെ കലാപാരമ്പര്യങ്ങളേയും അടുത്തറിയുവാൻ അവസരം നൽകി. സ്വദേശികളും വിദേശികളുമായ നിരവധി ആർട്ടിസ്റ്റുകളുമായി ബന്ധപ്പെടുവാനും അവരുടെ വർക്കുകളെ സൂക്ഷ്്മമായി മനസിലാക്കുവാനും സൂഖ് വാഖിഫ് ആർട്‌സ് സെന്ററിലൂടെ സാധിച്ചു.

ഖത്തർ ഫൈൻ ആർട്‌സ് സൊസൈറ്റിയിൽ അംഗത്വം ലഭിച്ചതും സീനയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. പ്രഗൽഭരായ സ്വദേശി വിദേശി കലാകാരന്മാരുടെ പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് സംവിധാനമായ ഫൈൻ ആർട്‌സ് സൊസൈറ്റിയിൽ അംഗത്വം ലഭിച്ച പരിമിതരായ മലയാളി കലാകാരന്മാരിൽപെട്ട ഈ യുവ ചിത്രകാരി ചെറുതും വലുതുമായ നിരവധി പ്രദർശനങ്ങളിൽ ഇതിനകം പങ്കെടുത്തിട്ടുണ്ട്. ഖത്തറിലെ ഇന്ത്യൻ കലാകാരന്മാരുടെ കൂട്ടായ്മയായ വാഫിയിലും അംഗമാണ് സീന.
ഗാന്ധിജയന്തിയോടനുബന്ധിച്ച ഇന്ത്യൻ എംബസിയുടെ സഹകരണത്തിൽ കതാറയിൽ നടന്ന പ്രദർശനത്തിൽ സജീവമായി പങ്കെടുത്ത സീന മറ്റു പല സ്വദേശി വിദേശി കലാകാരന്മാരൊടോപ്പം വ്യത്യസ്ത പ്രദർശങ്ങളുടെ ഭാഗമായിട്ടുണ്ട്. സ്വന്തം ചിത്രങ്ങളുടെ ഒരു സോളോ പ്രദർശനമാണ് ഈ കലാകാരിയുടെ സ്വപ്‌നം. ഈ വർഷമവസാനത്തോടെ തന്നെ ഈ സ്വപ്‌നം പൂവണിയിക്കുന്നതിനുള്ള ശ്രമങ്ങളുമായാണ് സീന മുന്നോട്ടുപോകുന്നത്.

എല്ലാ മീഡിയവും ഒരു പോലെ വഴങ്ങുന്ന സീന ജലച്ചായങ്ങളോട് തുടക്കത്തിൽ ആഭിമുഖ്യം പുലർത്തിയിരുന്നത്. ഖത്തറിലെത്തിയ ശേഷമാണ് ഓയിൽ പെയിന്റിൽ കൂടുതൽ വർക്കുകൾ ചെയ്യാൻ തുടങ്ങിയത്. ഡിജിറ്റൽ മീഡിയയുടെ അനന്തസാധ്യതകളും ആവശ്യാനുസരണം ഉപയോഗപ്പെടുത്തി ആകർഷകമായ കലാസൃഷ്ടികൾ നടത്തിയാണ് നിറങ്ങളുടെ രാജകുമാരിയായ സീന ആസ്വാദനത്തിന്റെ പുതിയ അനുഭവങ്ങൾ സമ്മാനിക്കുന്നത്. പ്രകൃതിയുടെ താളലയങ്ങളും സാംസ്‌കാരിക പാരമ്പര്യങ്ങളുമൊക്കെ ഏറെ ഇഷ്ടപ്പെടുന്ന സീന നിറങ്ങളും ഭാവനയും കൂട്ടിക്കലർത്തി സൃഷ്ടിക്കുന്ന മഹത്തായ രചനകൾ സൗന്ദര്യവും സന്ദേശവും നൽകുന്നവയാണ്. കാഴ്ചയുടെ പുതുമയും സന്ദേശത്തിന്റെ ഗരിമയും നിഴലിക്കുന്ന സീനയുടെ ചിത്രങ്ങൾ പലപ്പോഴും സ്വയം സംസാരിക്കുന്നവയാണ്. ആശയവിനിമയത്തിന്റെ സുതാര്യതലങ്ങളിലൂടെ തന്റെ ബ്രഷും ഭാവനയും യഥേഷ്ടം ഉപയോഗിക്കുന്ന ഈ കലാകാരി സാങ്കേതിക വിദ്യയുടെ സാധ്യതകളും സമന്വയിപ്പിച്ചിച്ചാണ് കലാസ്വാദനത്തിന്റെ പുതുമ സൃഷ്ടിക്കുന്നത്.

അറേബ്യൻ ജീവിതത്തിന്റെ മനോഹരമായ സ്‌കെച്ചുകളും സീന അനശ്വരമാക്കിയിട്ടുണ്ട്. അറേബ്യൻ പരമ്പരാഗത തൊഴിൽ രീതികളും കുതിര, ഫാൽകൺ, ടെന്റുകൾ എന്നിവയുമൊക്കെ സീനയുടെ പെയിന്റിംഗ് ശേഖരത്തെ സവിശേഷമാക്കുന്നു.
നാം ജീവിക്കുന്ന സമൂഹത്തിന്റെ സവിശേഷമായ സ്വഭാവങ്ങളൊക്കെ തനതായ രീതിയിൽ ഒപ്പിയെടുക്കുന്നേടത്താണ് അറ നിറഞ്ഞ കലാകാരന്മാർ മിടുക്ക് കാണിക്കാറുള്ളത്. നിസ്തുലമായ ഭാവങ്ങളും മനോഹരമായ ആശയങ്ങളും പ്രതിഫലിപ്പിക്കുന്ന ഉദാത്ത സൃഷ്ടികളിലൂടെ കലാലോകത്ത് തന്റെ സാന്നിധ്യം അടയാളപ്പെടുത്തുന്ന സീന ആനന്ദിന്റെ ഓരോ രചനകളും ഒന്നിനൊന്ന് മെച്ചപ്പെട്ടവയാണ്. വൈവിധ്യങ്ങളുടെ സൗന്ദര്യം പ്രതിഫലിക്കുന്ന സീനയുടെ ചിത്രങ്ങളുടെ സോളോ പ്രദർശനം താമസിയാതെ സാക്ഷാൽകൃതമാകുമെന്നാണ് ഖത്തറിലെ കലാസ്വാദകർ പ്രതീക്ഷിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ സജീവമായ സീനയുടെ ചിത്രങ്ങൾക്ക്:
https://www.instagram.com/artbycna/ കാണാം.






