1991 നവംബർ 14-ാം തീയതി ശിശുദിനം തൊട്ടാണ് കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം തിരുവനന്തപുരത്ത് നടക്കുന്നത്. വളരെ പ്രശസ്തയായ ജയാ ബച്ചനായിരുന്നു ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയുടെ അധ്യക്ഷ. ചലച്ചിത്രോത്സവം തുടങ്ങുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് തന്നെ അവർ തിരുവനന്തപുരത്തെത്തി. കനകക്കുന്ന്്് കൊട്ടാരം ചലച്ചിത്രോത്സവത്തിന്റെ ഓഫീസായി പ്രവർത്തിച്ചിരുന്നു. അക്കാലത്ത് അപൂർവ്വമായിരുന്ന ഒരു മാരുതി എസ്റ്റീം കാർ ജയാ ബച്ചന് വിട്ടുകൊടുത്തിരുന്നു. മുഖ്യമന്ത്രി കരുണാകരൻ അവർക്ക് എല്ലാ സഹായങ്ങളും നൽകണമെന്നും ഒരു കാര്യത്തിലും പരാതിക്കിടനൽകരുതെന്നും നിഷ്‌ക്കർഷിച്ചിരുന്നതിനാൽ എല്ലാ ഗവണ്മെന്റ് ഡിപ്പാർട്ടുമെന്റുകളും അഹമഹമികയാ അവർക്ക് വേണ്ട ഒത്താശകൾ നൽകിയിരുന്നു. സംഘാടകസമിതിയിൽ ദൂരദർശൻ കേന്ദ്രത്തിന്റെ മേധാവിയെന്ന നിലയിൽ ഞാനുമുണ്ടായിരുന്നു. പരിചയപ്പെട്ടതുമുതൽ ജയാ ബച്ചനുമായി നല്ല സൗഹൃദബന്ധം ഉടലെടുത്തു. അവരുടെ ഓഫീസ് മുറിയിലിരുന്ന്്് സംസാരിക്കവേ എന്തിനാണ് രണ്ട് കയ്യിലും വാച്ച് കെട്ടുന്നതെന്ന് ചോദിച്ചു. അതുകേട്ട് അവർ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു: ഒരു കയ്യിലെ വാച്ചിൽ സ്വിറ്റ്‌സർലാൻഡിലെ സമയമാണ്. അവിടെയാണ് മക്കൾ പഠിക്കുന്നത്. ദൂരദർശന്റെ ദേശീയപരിപാടികളിലും തിരുവനന്തപുരത്തുനിന്നുളള മലയാളം പരിപാടികളിലും കുട്ടികളുടെ ചലച്ചിത്രോത്സവം തുടക്കം മുതൽക്കേ നല്ല രീതിയിൽ അവതരിപ്പിക്കപ്പെട്ടു. ദൂരദർശനിൽ നിന്നുളള അനൗൺസർമാരും ചലച്ചിത്രോത്സവത്തിൽ സജീവപങ്കാളികളായി. ഉദ്ഘാടനച്ചടങ്ങിന് രണ്ട് ദിവസം മുൻപേ,ജയ ബച്ചൻ 'ബായി' എന്ന് വിളിച്ചിരുന്ന ഗുൽസാർ തിരുവനന്തപുരത്തെത്തി. അദ്ദേഹവുമായും അന്ന് തുടങ്ങിയ സുഹൃദ്ബന്ധം ഇപ്പോഴും തുടരുന്നു. തിരുവനന്തപുരത്ത് ഞാൻ ദൂരദർശൻ വിട്ടതിന് ശേഷം ക്ഷണിച്ചുവരുത്തിയ ചടങ്ങ് കഴിഞ്ഞ് ഞങ്ങളുടെ കൂടെയാണ് അദ്ദേഹം ഒരു പകൽ മുഴുവൻ കഴിഞ്ഞത്.
ചലച്ചിത്രോത്സവം നടക്കുമ്പോൾ, ജയ ബച്ചനുമായി സംസാരിക്കുന്നതിനിടയിൽ ഒരു ഫോൺ വന്നു. അത് അമിതാഭ് ബച്ചന്റേതായിരുന്നു. സംഭാഷണം കഴിഞ്ഞ് വിവരം എന്നോട് പറഞ്ഞപ്പോൾ തിരുവനന്തപുരം ദൂരദർശന് വേണ്ടി അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാൻ അവസരമൊരുക്കിത്തരണമെന്ന് ഞാൻ അപേക്ഷിച്ചു. നടക്കാൻ ഒരു സാധ്യതയുമില്ലെന്നും അദ്ദേഹം ടെലിവിഷനോട് ആഭിമുഖ്യമില്ലാത്ത തികച്ചും സിനിമാക്കാരനാണെന്നും പറഞ്ഞപ്പോൾ ഭാര്യയുടെ സ്വാധീനം ഉപയോഗിച്ച് സാധിച്ചുതരണമെന്ന് പറഞ്ഞപ്പോൾ അവർ പൊട്ടിച്ചിരിച്ചു. വന്നുകഴിഞ്ഞാൽ നേരിട്ട് സംസാരിക്കാൻ അവസരമുണ്ടാക്കിത്തരാമെന്നും നേരിട്ട് 'സ്വാധീനി'ക്കുന്നതാവും എളുപ്പമെന്നും അവർ പറഞ്ഞു. അമിതാഭ് ബച്ചൻ വന്നുകഴിഞ്ഞപ്പോൾ സൗത്ത്പാർക്ക് ഹോട്ടലിലെ സ്യൂട്ടിൽ ഒരുമിച്ചിരുന്ന് ചായ കുടിക്കുമ്പോൾ അവർ വിഷയം അവതരിപ്പിച്ചു. വളരെയേറെ നിർബന്ധിച്ചപ്പോൾ അദ്ദേഹം സമ്മതിച്ചു. 'സൺഡെ' വാരികയുടെ പ്രതിനിധി ശ്രീധർ പിളളയാണ് അമിതാഭ് ബച്ചനെ ഇന്റർവ്യൂ ചെയ്തത്. ബൈജു ചന്ദ്രനെ വിളിച്ച് അഭിമുഖം സൗത്ത്പാർക്കിൽ വെച്ച് റെക്കോർഡ് ചെയ്യാനേൽപിച്ചു. തന്റെ ആദ്യത്തെ ടെലിവിഷൻ അഭിമുഖമാണെന്ന് സമ്മതിച്ചുകൊണ്ട് അമിതാഭ് ബച്ചൻ തുറന്ന മനസ്സോടെ ആയാസരഹിതമായി ദീർഘമായി സംസാരിച്ചു. ബൈജു ദൃശ്യങ്ങൾ കൂട്ടിച്ചേർത്ത് അത് ഒന്നാന്തരം പരിപാടിയാക്കി. ബൈജു അക്കാലത്ത് നിർമ്മിച്ച ഏറ്റവും നല്ല ടെലിവിഷൻ പരിപാടി. ജയാ ബച്ചനുമായുളള സൗഹൃദം തുടർന്നു. ഡൽഹിയിലെ അവരുടെ വീട്ടിൽ ഏതാനും തവണ ഞങ്ങൾ പോയിരുന്നു, അവർ സമാജ് വാദി പാർട്ടിയുടെ പ്രതിനിധിയായി പാർലമെന്റംഗമായിരുന്നപ്പോൾ. തുടർന്ന് ഹരിവൻഷ്‌റായ് ബച്ചന്റെ മരണത്തിൽ അനുശോചനമറിയിച്ചപ്പോഴും മകൻ ജയദീപിന്റെ കല്യാണത്തിന് ക്ഷണിച്ചപ്പോഴും ഊഷ്മളമായ സൗഹൃദം തുളുമ്പുന്ന മറുപടിയാണവർ അയച്ചത്.
അമിതാഭ് ബച്ചനുമായി നേരിട്ടുളള ബന്ധം തുടരുന്നത് അദ്ദേഹം കമ്പനി തുടങ്ങിയതിന് ശേഷമാണ്, 1995 ൽ അദ്ദേഹം ഒരു വലിയ ലക്ഷ്യത്തോടെ എ.ബി.സി.എൽ എന്ന കമ്പനി തുടങ്ങി. സിനിമ, സംഗീതം, ടെലിവിഷൻ, ഇവന്റ് മാനേജ്‌മെന്റ് തുടങ്ങിയ രംഗങ്ങളിൽ രാജ്യത്ത് വലിയ പ്രോജക്ടുകൾ നടപ്പിലാക്കാനായിരുന്നു പരിപാടി. ദൂരദർശനിലെ ചില പരിപാടികളുടെ പരസ്യവിപണനവും ഏറ്റെടുത്തു. രാജ്യത്തെ ഏറ്റവും മികച്ച പ്രൊഫഷനലുകളെ നിയമിച്ചു.
1996 നവംബർ 23-ാം തീയതി ബാംഗ്ലൂരിൽ നടത്തിയ വിശ്വസുന്ദരി മത്സരത്തിന്റെ തത്സമയസംപ്രേഷണവുമായി ബന്ധപ്പെട്ട് അദ്ദേഹം നേരിട്ട് സന്നിഹിതനായ യോഗത്തിൽ എന്റെ മേലുദ്യോഗസ്ഥൻ എന്നെ പരിചയപ്പെടുത്തിയപ്പോൾ ''ഞങ്ങൾ പഴയ സുഹൃത്തുക്കളാണ്'' എന്നദ്ദേഹം പ്രതികരിച്ചപ്പോൾ എന്റെ മേലുദ്യോഗസ്ഥനാണ് അത്ഭുതപ്പെട്ടത്. എന്തുകൊണ്ടിക്കാര്യം നേരത്തേ പറഞ്ഞില്ലെന്നു ചോദിച്ചപ്പോൾ അദ്ദേഹം എന്നെ ഓർക്കുമെന്ന്് ഒരിക്കലും കരുതിയിരുന്നില്ലെന്ന് മറുപടി പറഞ്ഞു. ബാംഗ്ലൂരിലെ വിശ്വസുന്ദരി മത്സരത്തിൽ നേരിട്ട് പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ടെങ്കിലും പോയില്ല; ബാംഗ്ലൂരിൽ അക്കാലത്ത് എൻജിനീയറിംഗിന് പഠിച്ചിരുന്ന മകൻ ജയദീപിന് കാണാൻ അവസരം നൽകി. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ നടന്ന കാഴ്ചയുടെ വിസ്മയത്തിന്റെ വിധികർത്താക്കളിൽ വിജയ് മല്യയും ആമിർഖാനുമുണ്ടായിരുന്നു.
1996 ൽ ഞങ്ങളുടെ ഇളയ മകൻ വിശ്വനാഥ് പ്ലസ് ടുവിന് മദ്രാസിലായിരുന്നു പഠിച്ചത്. അവൻ താമസിച്ചിരുന്ന ബന്ധുവീട്ടിൽനിന്ന് പെട്ടെന്ന് മാറേണ്ടി വന്നപ്പോൾ പല സ്ഥലത്തും അന്വേഷിച്ചുവെങ്കിലും എവിടെയും ഒത്തുകിട്ടിയില്ല. ഔദ്യോഗികാവശ്യങ്ങൾക്കായി ഞാൻ മദിരാശിയിലായിരുന്നു; ഭാഗ്യത്തിന് മദ്രാസ് ദൂരദർശന്റെ മേൽനോട്ടച്ചുമതല എനിക്കു നൽകി. അന്നത്തെ ഡയറക്ടർ ജനറൽ ആർ. ബസുവിനോടുളള നന്ദി എന്നുമുണ്ട്. മാസത്തിൽ ഒരു തവണ, ഒരാഴ്ചയെങ്കിലും മദ്രാസിൽ തങ്ങേണ്ടിവരുമെന്നതിനാൽ കേന്ദ്രഗവണ്മെന്റ് ഹോസ്റ്റലിൽ ഒരു മുറിക്കായി അപേക്ഷ നൽകി. ചട്ടപ്രകാരം അതനുവദിച്ച് കിട്ടാൻ സമയമെടുക്കും. എബിസിഎല്ലിന് അക്കാലത്ത് നുങ്കമ്പാക്കത്ത് ഒരു നല്ല അതിഥിമന്ദിരമുണ്ടായിരുന്നു. രണ്ടാഴ്ചയോളം ഭാര്യയും മകനും അവിടെയാണ് താമസിച്ചത്.
വിശ്വസുന്ദരിമത്സരം എ.ബി.സി.എല്ലിനേൽപിച്ച സാമ്പത്തികാഘാതം കടുത്തതായിരുന്നു. കമ്പനി കടുത്ത കടബാധ്യതയിലായി. ഏകദേശം 90 കോടിയോളം എന്നാണ് ഓർമ്മ. ദൂരദർശനും അവർ കടക്കാരായി. എല്ലാ പാർലമെന്റ് യോഗങ്ങളിലും ദൂരദർശന് പരസ്യങ്ങളുടെ ചാർജ് അടച്ചുതീർക്കാത്തവരെക്കുറിച്ചും അത് പിരിച്ചെടുക്കാൻ ദൂരദർശൻ എടുക്കുന്ന നടപടികളെക്കുറിച്ചും ചോദ്യങ്ങളുണ്ടാവും. ഓരോ കൊല്ലത്തെയും റിപ്പോർട്ടുകളിലും ഓഡിറ്റ് ഒബ്ജക്ഷനുകളിലും അത് സ്ഥിരം ഇടംപിടിക്കും. ടെലിവിഷൻ വ്യവസായവിപണിയിലെ കടുത്ത മത്സരത്തിൽ ഉചിതമായ തീരുമാനങ്ങൾ തക്കസമയത്ത് എടുക്കാൻ ആർക്കും കഴിയാത്ത അവസ്ഥയാണ് ദൂരദർശന്റെ തകർച്ചയുടെ കാരണങ്ങളിലൊന്ന്. അമിതാഭ് ബച്ചൻ കമ്പനി ബാദ്ധ്യതകളുളളവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്നു. മുതലും പലിശയുമടക്കം 2000 ൽ 20 കോടിയിലധികമായിരുന്നു. ഒന്നാം സ്ഥാനത്ത് വാർത്താവിതരണ പ്രക്ഷേപണമന്ത്രികാര്യാലയത്തിലെ ഫിലിം വിംഗിന്റെ പരിധിയിൽപെടുന്ന നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപറേഷനായിരുന്നു.
എ.ബി.സി.എൽ തകർച്ചയിലായതോടെ അവർ ബി.ഐ.എഫ്.ആറിൽ ആതുരാവസ്ഥയിലുളള ഒരു കമ്പനിയാണെന്ന ഒരു ഹരജി ഫയൽ ചെയ്തു. മൂന്ന് മാസത്തിലൊരിക്കൽ ബോംബെയിലെ നരിമാൻ പോയിന്റിലെ അവരുടെ ഓരോ സിറ്റിംഗിനും ഞാനും എന്റെ സഹപ്രവർത്തകരായിരുന്ന ജയദീപ് ഭട്‌നാഗറും (ഇപ്പോൾ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ) ധിരഞ്ജൻ മാൾവേയും പോയിക്കാണ്ടിരുന്നു; ഓരോ തവണയും ദൂരദർശനു കിട്ടേണ്ട തുകയുടെ കണക്കുകളുടെ രേഖകൾ (മുതലും പലിശയും: പലിശ കൂട്ടിക്കൊണ്ടേയിരുന്നു) ഒത്തുനോക്കാൻ എ.ബി.സി.എല്ലിന്റെ പുതിയ ഉദ്യോഗസ്ഥന്മാർ ഞങ്ങളേയും മറ്റ് അവർക്ക് ബാധ്യതയുളളവരേയും അത്ര സൗഹൃദത്തോടെയല്ല കണ്ടിരുന്നത്.
ഡിസംബർ 29, 2000. ദൂരദർശൻ ഭവനിലെ കോൺഫറൻസ് ഹാളിലേക്ക് എന്റെ മേലധികാരിയായ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ രാജീവ് രത്‌ന ഷാ എന്നെ വിളിപ്പിക്കുന്നു. അമിതാഭ് ബച്ചൻ ഒരു മീറ്റിംഗിന് വരികയാണ.് എ.ബി.സി.എല്ലിന്റെ ബാധ്യത അദ്ദേഹം തന്നുതീർക്കുകയാണ്. ഏതാനും മിനുട്ടുകൾ കഴിഞ്ഞപ്പോൾ സമാജ് വാദി പാർട്ടി നേതാവായ അമർസിംഗിനോടൊപ്പം അമിതാഭ് ബച്ചൻ കോൺഫറൻസ് ഹാളിലെത്തുന്നു. അദ്ദേഹവും ഞാനും അടുത്തടുത്ത സീറ്റുകളിലാണിരുന്നത്. ഇരുന്ന ഉടനെ അദ്ദേഹം എന്നോട് സംസാരിച്ചു. അതു കഴിഞ്ഞ് ഞങ്ങളുടെ മേലധികാരിയോട് അദ്ദേഹം തന്റെ കടങ്ങളെല്ലാം വീട്ടിക്കൊണ്ടിരിക്കുകയാണെന്നും, കൂട്ടത്തിൽ ഏറ്റവും ആദ്യം ദൂരദർശന്റെ കടം വീട്ടുകയാണെന്നും പറഞ്ഞു. ദൂരദർശനിൽ തന്നുതീർക്കാനുളള സംഖ്യയെക്കുറിച്ച് തനിക്ക് മനസ്സാക്ഷിക്കുത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചെക്ക് കൊണ്ടുവന്നിട്ടുണ്ട്. പക്ഷേ അത് പരസ്യമായി നൽകണമെന്നുണ്ട്. അതിനാൽ കൂടെ വന്ന മാധ്യമപ്രതിനിധികളുടെ മുമ്പിൽവെച്ച് ചെക്കുതരാം. അദ്ദേഹം കമ്പനിയുടെ ബാധ്യതയിലെ മുതലിന്റെ ചെക്ക് നൽകുകയും പത്രക്കാരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുകയും ചെയ്തു. ദൂരദർശന്റെ ദേശീയ വാർത്തകളിലടക്കം എല്ലാ പ്രമുഖ ടെലിവിഷൻ ചാനലുകളിലും ദേശീയ പത്രങ്ങളിലും ദീർഘമായ റിപ്പോർട്ടുകൾ വന്നു. പക്ഷെ, ഒരു പ്രശ്‌നം: പലിശ പിന്നെയും ബാക്കിയുണ്ട്. അത് ദൂരദർശന്റെ പൊതുസേവനപ്രക്ഷേപണ സന്ദേശങ്ങളിൽ പങ്കെടുത്തുകൊണ്ട് വീട്ടിക്കൊളളാമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഏതായാലും വാർത്താവിതരണപ്രക്ഷേപണ മന്ത്രിക്ക് അമിതാഭ് ബച്ചനും അമർസിംഗും ഉയർന്ന സുരക്ഷാസംവിധാനങ്ങളുളള മണ്ഡി ഹൗസിൽ പത്രസമ്മേളനം നടത്തിയത്, രാഷ്ട്രീയ കാരണങ്ങളാൽ ഒട്ടും പിടിച്ചില്ല. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കസേര തെറിക്കാൻ ആഴ്ചകൾ പോലും വേണ്ടിവന്നില്ല; അക്കാലത്ത് ആൻഡമാൻ നിക്കോബർ ദ്വീപുകളുടെ ചീഫ് സെക്രട്ടറിയായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ ഉടനെ വിളിച്ചുവരുത്തി സ്ഥാനമേൽപ്പിക്കുകയാണുണ്ടായത്.
പലിശ വീട്ടാനുളള അമിതാഭ് ബച്ചന്റെ വാഗ്ദാനം പ്രസാർ ഭാരതി ബോർഡ് പലതവണ ചർച്ച ചെയ്തു.അദ്ദേഹത്തിന്റെ പങ്കാളിത്തത്തിന്റെ വില നിർണയിക്കുന്നതിന് മാനദണ്ഡങ്ങളൊന്നും പെട്ടെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. സിനിമയിലെയോ മറ്റ് അദ്ദേഹം പങ്കെടുക്കുന്ന പരസ്യങ്ങളെയോ അടിസ്ഥാനമാക്കി സുതാര്യമായ സംഖ്യകൾ നിർണയിക്കുന്നത് പ്രയാസകരമാണ്. അദ്ദേഹവുമായി വിഷയം നാഷണൽ ഫിലിം ഡവലപ്‌മെന്റ് കോർപറേഷന്റെ മാനേജിംഗ് ഡയറക്ടറുമൊത്ത് ചർച്ച ചെയ്യാൻ ഞാൻ നിയോഗിക്കപ്പെട്ടു. ഞങ്ങളദ്ദേഹത്തെ കണ്ട് സംസാരിച്ചു.
അക്കാലത്ത് സ്റ്റാർ പ്ലസിൽ പ്രേക്ഷകസംഖ്യയിൽ മുന്നിലുളള കോൻ ബനേഗാ ക്രോർപതിയുടെ സംപ്രേഷണം നടക്കുകയായിരുന്നു. അതിന്റെ പ്രതിഫലത്തിന് സമാനമായ സംഖ്യയെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു. വളരെ സൗഹൃദത്തോടെ പിരിഞ്ഞു. ഞാൻ കാര്യങ്ങൾ റിപ്പോർട്ട് ചെയ്‌തെങ്കിലും തീരുമാനം നീണ്ടു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പിന്നെയും മാറി. പിന്നീട് വിപണനവിഭാഗം എന്റെ ചുമതലയിൽ നിന്നൊഴിവായതോടെ എനിക്കദ്ദേഹത്തെ ഔദ്യോഗികമായി കാണേണ്ടി വന്നില്ല. പക്ഷെ, അദ്ദേഹത്തെപ്പോലൊരു മഹാനടനുമായി (20-ാം നൂറ്റാണ്ടിലെ ഏറ്റവും കൂടുതൽ സ്വാധീനിച്ച മനുഷ്യൻ) ഇടപഴകാൻ കഴിഞ്ഞത് വിലമതിക്കാനാവാത്ത നേട്ടമായി കരുതുന്നു.






