മുക്തയുടെ മകള്‍ കണ്‍മണി സിനിമയില്‍ അരങ്ങേറുന്നു

തൊടുപുഴ-ബാലതാരമായി സിനിമയിലെത്തിയ മുക്തയുടെ പാത പിന്‍തുടരുകയാണ് കണ്‍മണിയെന്ന മകള്‍ കിയാര. എം. പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന 'പത്താം വളവ്' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് കിയാര സിനിമാ ലോകത്ത് ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മുക്ത തന്റെ സന്തോഷം പങ്കുവെച്ചത്. 'പുതിയ ചുവടുവെപ്പ്, നന്ദി ശ്രീ പദ്മകുമാര്‍' എന്ന അടിക്കുറിപ്പോടെ ഭര്‍ത്താവിനും മകള്‍ക്കും സംവിധായകന്‍ പദ്മകുമാറിനുമൊപ്പമുളള ചിത്രം സഹിതമാണ് മുക്ത വാര്‍ത്ത പങ്കുവെച്ചത്.
ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. റിമി ടോമിയുടെ യു ട്യൂബ് ചാനലിലെ സ്ഥിരം അതിഥിയാണ് കണ്‍മണി. അതുകൊണ്ട് തന്നെ പ്രേക്ഷകരും ഈ വാര്‍ത്തയില്‍ സന്തോഷിക്കുമെന്ന് ഉറപ്പാണ്.മകള്‍ക്കൊപ്പമുളള ചിത്രങ്ങളും വിഡിയോകളുമെല്ലാം മുക്തയും സമൂഹ മാധ്യമങ്ങളുലൂടെ പ്രേക്ഷകരിലേക്കെത്തിക്കാറുണ്ട്.ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'പത്താം വളവ്'. ഒരാഴ്ച മുന്‍പാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.
ഫാമിലി ത്രില്ലറാണ് പത്താം വളവെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. അഭിലാഷ് പിളളയുടേതാണ് തിരക്കഥ.കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തില്‍ നടന്ന ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പത്താം വളവിന്റെ കഥയെന്നും ഒത്തിരി സസ്‌പെന്‍സ് ചിത്രത്തിലുണ്ടാവുമെന്നും അഭിലാഷ് സൂചിപ്പിച്ചിരുന്നു. തൊടുപുഴയില്‍ ചിത്രീകരണം ആരംഭിക്കുന്ന പത്താം വളവ് നിര്‍മിക്കുന്നത് യുണൈറ്റഡ് ഗ്ലോബല്‍ മീഡിയയാണ്.


 

Latest News