കോവിഡ് പ്രതിരോധത്തിൽ മാതൃകയായി ഖത്തർ

ദോഹ-രാജ്യത്ത് ഒരിക്കൽ പോലും സമ്പൂർണ ലോക് ഡൗൺ ഏർപ്പെടുത്താതെ ഗവൺമെന്റും പൊതുജനങ്ങളും കൈകോർത്ത് സാക്ഷാൽക്കരിച്ച കോവിഡ് പ്രതിരോധത്തിന്റെ ഖത്തർ മാതൃക ശ്രദ്ധിക്കപ്പെടുന്നു. താമസിയാതെ തന്നെ ആർജിത പ്രതിരോധത്തിലൂടെ ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 
വിപുലമായ ആശുപത്രി സൗകര്യങ്ങളും ക്വാറന്റൈൻ സംവിധാനങ്ങളുമേർപ്പെടുത്തിയാണ് രാജ്യം മഹാമാരിയെ പിടിച്ചുകെട്ടിയത്. മികച്ച പരിചരണത്തിലൂടെ മരണ നിരക്ക് നിയന്ത്രിക്കാനായി. മൊത്തം 601 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

ലോകത്ത് വാക്‌സിൻ ലഭ്യമായ ആദ്യ നാളുകളിൽ തന്നെ ഏറ്റവും മികച്ച വാക്‌സിനുകൾ സ്വന്തമാക്കുകയും മുൻഗണനാടിസ്ഥാനത്തിൽ രാജ്യത്തെ അർഹരായ ജനസംഖ്യയുടെ ഭൂരിഭാഗത്തിനും വാക്‌സിൻ നൽകുകയും ചെയ്താണണ് രാജ്യം മാതൃക കാണിച്ചത്. ഇന്നലത്തെ കണക്കനുസരിച്ച് 4333672 ഡോസ് വാക്‌സിനുകളാണ് ഖത്തർ ഇതുവരെ നൽകിയത്. രാജ്യത്തെ 12 വയസിന് മീതെയുള്ള മുഴുവനാളുകൾക്കും വാക്‌സിൻ നൽകുകയെന്ന മഹത്തായ ലക്ഷ്യത്തിനരികെയെത്തിയത് ഏറെ പ്രതീക്ഷ നൽകുന്നതാണ്.

രാജ്യത്ത് 231792 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. അതിൽ 228327 പേർ രോഗമുക്തരായി. 2864 രോഗികളാണ് നിലവിൽ ചികിൽസയിലുള്ളത്. ഇതിൽ 73 പേർ ആശുപത്രികളിലും 20 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ് .

2475733 പരിശോധനകളാണ് ഖത്തറിൽ ഇതുവരെ നടത്തിയതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

അത്യാധുനിക പ്രതിരോധ സുരക്ഷ നടപടികളോടെ ലോകത്തിന് മൊത്തം പ്രതീക്ഷയുടെ ചിറകുകൾ നൽകി ഖത്തറിന്റെ വിമാന കമ്പനിയായ ഖത്തർ എയർവേയ്‌സ് ഭൂഖണ്ഡങ്ങളിൽ നിന്നും ഭൂഖണ്ഡങ്ങളിലേക്ക് പറന്നും ചരക്കുഗതാഗതത്തിന് സൗകര്യമൊരുക്കുകയും ചെയ്തത് മഹാമാരിയുടെ കെടുതിയിൽ വലഞ്ഞ ലോകത്തിന് നൽകിയ ആശ്വാസം ചെറുതല്ല. ഇപ്പോഴും അമേരിക്ക, കാനഡ തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന മഹാഭൂരിഭാഗമാളുകളും ഖത്തർ എയർവെയ്‌സിനെയാണ് ആശ്രയിക്കുന്നത്.
 

Latest News