പിഴയടയ്ക്കാതെ കുവൈത്ത് വിടാൻ  ഇന്ത്യക്കാർക്ക് അനുമതി

കുവൈത്ത് സിറ്റി - വേതനം ലഭിക്കാത്തതിനാൽ കുവൈത്തിൽ അനധികൃതമായി താമസിക്കാൻ നിർബന്ധിതരായ ഇന്ത്യക്കാർക്ക് പിഴയും ശിക്ഷയും കൂടാതെ സ്വദേശത്തേക്ക് തിരിച്ചുപോകാൻ അനുമതി. ജനുവരി 29 മുതൽ ഫെബ്രുവരി 22 വരെയാണ് ഇതിനുള്ള സൗകര്യം. രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക്  പിഴയടച്ച് താമസാനുമതി രേഖ സാധുതയുള്ളതാക്കുന്നതിനും അവസരമുണ്ട്. 
നടപടി ഇന്ത്യക്കാർക്ക് വലിയ ആശ്വാസമാണെന്ന്, വേതനം ലഭിക്കാത്തതിനാൽ അനധികൃതമായി രാജ്യത്ത് താമസം ദീർഘിപ്പിക്കേണ്ടിവന്ന ഇന്ത്യക്കാരുടെ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ശ്രമിച്ച സാമൂഹിക പ്രവർത്തകൻ ശാഹീൻ സയ്യിദ് പറഞ്ഞു. അതേസമയം, കുവൈത്ത് അധികൃതരിൽനിന്ന് ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
അനധികൃതമായി കുവൈത്തിൽ തങ്ങുന്നവർക്ക് ദിവസം രണ്ടു കുവൈത്തി ദീനാർ (424 ഇന്ത്യൻ രൂപ) തോതിലാണ് പിഴ ചുമത്തുന്നത്. വേതനം ലഭിക്കാത്തതിനാൽ മാസങ്ങളായി അനധികൃതമായി കുവൈത്തിൽ  കഴിയുന്ന തൊഴിലാളികൾക്ക് ഭീമമായ പിഴ ഒടുക്കുന്നതിന് സാധിക്കില്ല. 
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് അടുത്തിടെ കുവൈത്ത് സന്ദർശിച്ച് ഖറാഫി നാഷണൽ കമ്പനിയിലെ വേതനം ലഭിക്കാത്ത ഇന്ത്യക്കാരുടെ പ്രശ്‌നം കുവൈത്ത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇന്ത്യയിലേക്ക് മടങ്ങുന്നതിന് ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ പിഴ എഴുതിത്തള്ളണമെന്നും കുവൈത്ത് മന്ത്രിയോട് വിദേശകാര്യ സഹമന്ത്രി അപേക്ഷിച്ചിരുന്നു. പൊതുമാപ്പ് പ്രയോജനപ്പെടുത്തി കുവൈത്ത് വിടുന്നവർക്ക് പുതിയ വിസയിൽ നിയമാനുസൃതം തിരിച്ചെത്താനും സൗകര്യമുണ്ടാകും.
വേതനം ലഭിക്കാത്തതിനാൽ ഖറാഫി നാഷണൽ കമ്പനിയിലെ ജോലി ഉപേക്ഷിച്ച ഇന്ത്യക്കാർക്കു മുന്നിൽ കമ്പനി പുതിയ ഓഫർ വെച്ചിട്ടുണ്ട്. വേതന കുടിശ്ശികയുടെ 25 മുതൽ 33 ശതമാനം വരെ നൽകാമെന്നാണ് കമ്പനി ഓഫർ ചെയ്തിരിക്കുന്നത്. വേതന കുടിശ്ശിക പൂർണമായും തീർത്തു ലഭിക്കുന്നതിന് ആഗ്രഹിക്കുന്നതിനാൽ കമ്പനിയുടെ ഓഫറുമായി തൊഴിലാളികൾ പ്രതികരിച്ചിട്ടില്ല. ചില തൊഴിലാളികൾ വേതന കുടിശ്ശിക ഒഴിവാക്കി പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്നതിനാണ് ആഗ്രഹിക്കുന്നത്. 


 

Latest News