തകഴിയുമായി നടത്തിയ അഭിമുഖം

ടെലിവിഷനിലെ ജോലി മാസ്മരിക ശേഷിയുളളതാണ്. എന്തെല്ലാം പ്രയാസങ്ങളുണ്ടായാലും ജോലിയോടുളള പ്രതിബദ്ധത എല്ലാ ബുദ്ധിമുട്ടുകളെയും നിഷ്പ്രഭമാക്കും. മറക്കാനാവാത്ത പല അനുഭവങ്ങളും നൽകും. അത്തരമൊന്നായിരുന്നു തകഴി ശങ്കരമംഗലത്തേക്കുളള യാത്ര.
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിളളയ്ക്ക് വലിയ ദേശീയ പുരസ്‌കാരങ്ങൾ കിട്ടിയപ്പോൾ അദ്ദേഹത്തെ ആദരിക്കാൻ രണ്ട് പ്രാവശ്യം ശങ്കരമംഗലത്ത് പോയി പരിപാടി റെക്കോർഡ് ചെയ്ത അനുഭവം അവിസ്മരണീയമാണ്. 1974 ൽ കാസർകോട്ട്്് ഒരുപക്ഷെ സാഹിത്യപരിഷത്തിന്റെ ഏറ്റവും മികച്ച സമ്മേളനങ്ങൾ ഒരാഴ്ചയോളം യശശ്ശരീരനായ കെ.എസ്. അബ്ദുല്ലയുടെ ആതിഥേയത്വത്തിൽ നടന്നപ്പോൾ, അതിന്റെ സംഘാടകസമിതിയിൽ ഞാനുമുണ്ടായിരുന്നു. തകഴി മൂന്ന് ദിവസത്തോളം കാസർകോട്ട്് 
താമസിച്ചിരുന്നപ്പോൾ, ആരാധനാപൂർവ്വം അദ്ദേഹവുമായി അടുത്തിടപഴകാൻ അവസരം കിട്ടിയിരുന്നു. 1984 ൽ അദ്ദേഹത്തിന് ജ്ഞാനപീഠം കിട്ടിയപ്പോൾ മദിരാശിയിൽനിന്ന് ഒരു ക്യാമറാസംഘവുമൊത്ത് തകഴിയിലെത്തി അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്തിരുന്നു. ഞങ്ങളുടെ കൂട്ടത്തിൽ അക്കാലത്ത് സൗണ്ട് റെക്കോർഡിസ്റ്റായിരുന്ന ടി.ടി.ജോസഫ് (പിന്നീട് ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസിൽ ചേർന്ന് ദൂരദർശനിൽ അസിസ്റ്റന്റ് എഡിറ്ററായി തിരുവനന്തപുരത്ത് തന്നെ ചെയ്തിരുന്നു) അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന മംഗളം വാരികയുടെ ചീഫ് എഡിറ്റർ, യശശ്ശരീരനായ എം.സി.വർക്ഷീസിനെക്കൊണ്ട് ഇന്റർവ്യൂ ചെയ്യിക്കാമെന്നൊരു നിർദ്ദേശംവെച്ചു. 
വർഗീസ് സ്ത്രീധനമില്ലാത്ത സമൂഹവിവാഹങ്ങൾ നടത്തി വാർത്താപ്രാധാന്യം നേടിയിരുന്നു. മദിരാശി ദൂരദർശൻ കേന്ദ്രത്തിന് അക്കാലത്ത് കൊല്ലത്തുകാരനായ, മിടുക്കനായ ഒരു സ്ട്രിംഗറുണ്ടായിരുന്നു: എസ്.മുസലിയാർ. കേരളത്തിൽ വാർത്താപ്രാധാന്യമുളള സംഭവങ്ങൾ മുസലിയാർ 16 എംഎം ഫിലിം ക്യാമറയിലെടുത്ത് അയക്കുമായിരുന്നു. തിരുവനന്തപുരത്ത് വീഡിയോ ക്യാമറകൾ വെച്ചുതന്നെയായിരുന്നു തുടക്കം. മുസലിയാരോട് ഞാൻ സ്ട്രിംഗർ ജോലി തുടരാനഭ്യർത്ഥിച്ചുവെങ്കിലും വീഡിയോ ക്യാമറകളിൽ അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നില്ല. മുസലിയാർ വർഗീസിന്റെ സമൂഹവിവാഹങ്ങൾ കവർ ചെയ്തയച്ചിരുന്നു. ഒരു തവണ വളരെ വിപുലമായ തോതിൽ സമൂഹവിവാഹങ്ങൾ നടത്തുന്നത് ദൂരദർശൻ ടീം തന്നെ വന്ന് കവറേജ് ഒരു പരിപാടിയായി കൊടുക്കണമെന്ന് അപേക്ഷിക്കാൻ വർഗീസ് മദിരാശിയിൽ വന്നിരുന്നു. വലിയൊരു സാമൂഹ്യസേവന പരിപാടിയായതിനാൽ അത് ഡൽഹിയിൽ നിന്നും സംപ്രേഷണം ചെയ്തിരുന്നു; ജോസഫ് നിർമ്മിച്ച പരിപാടിയിൽ വർഗീസ് പങ്കെടുത്തിരുന്നു. തകഴിയെ വർഗീസ് വളരെ നന്നായി ഇന്റർവ്യൂ ചെയ്തു. തകഴി ഒന്നാന്തരം ആതിഥേയനായിരുന്നു; ഞങ്ങൾക്കെല്ലാം സദ്യയും അമ്പലപ്പുഴ പാൽപ്പായസവും നൽകി യാത്ര പറയുമ്പോൾ അദ്ദേഹം പറഞ്ഞു, ''നല്ല നാടൻ അരിയും നാൡകേരവും കൂടി എടുത്തുവയ്്ക്കട്ടെ?''.
വേറെയും യാത്രകളുണ്ടായിരുന്നതിനാൽ അത് നിരസിക്കേണ്ടി വന്നു.
തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിന്റെ ആദ്യത്തെ ആഴ്ചകളിലൊരു നാൾ അദ്ദേഹം തിരുവനന്തപുരത്ത്് തന്നെ മകളുടെ ഭർത്താവുമൊന്ന് പട്ടത്തെ ഞങ്ങൾ താമസിച്ചിരുന്ന ഫഌറ്റിൽ ഒരാൾക്ക് ജോലിക്കുളള ശുപാർശയുമായി വന്നിരുന്നു. അദ്ദേഹത്തെ സ്റ്റുഡിയോവിൽ ഇന്റർവ്യൂവിന് ക്ഷണിച്ചെങ്കിലും പിന്നെയൊരവസരത്തിലാകട്ടെയെന്ന് പറഞ്ഞ് മടങ്ങി. അദ്ദേഹത്തിന് പത്മഭൂഷൺ കിട്ടിയപ്പോൾ ഞങ്ങൾ അദ്ദേഹത്തെ ശങ്കരമംഗലത്ത് ചെന്ന് ദേശീയപരിപാടിയിലേക്ക് ഇംഗ്ലീഷിലും  തിരുവനന്തപുരത്ത് മലയാളത്തിലും ഇൻർവ്യൂ ചെയ്യാൻ തീരുമാനിച്ചു. 
തകഴിയെ വിളിച്ച് വിവരം പറഞ്ഞു. ഞാൻ നേരിട്ട് ‘കുഞ്ഞുങ്ങളെ'യും കൂട്ടി പോകണമെന്നദ്ദേഹം നിഷ്‌ക്കർഷിച്ചു. മലയാളത്തിൽ ഇന്റർവ്യൂ നടത്താൻ അക്കാലത്ത് കാഷ്യു കോർപറേഷന്റെ മാനേജിംഗ് ഡയറക്ടറായിരുന്ന കെ. കുമാറിനെ വിളിക്കാൻ തീരുമാനിച്ചു. അതിനൊരു പ്രത്യേക കാരണമുണ്ടായിരുന്നു: എം.ടി.വാസുദേവൻ നായരെ ഞങ്ങൾ ഇന്റർവ്യൂ ചെയ്ത രീതിയെക്കുറിച്ച് ഒരിടത്തുതന്നെയിരുന്ന് ഒരേ ഷോട്ടിൽ തന്നെ ക്യാമറസ്ഥാനത്തെക്കുറിച്ച്) കടുത്ത വിമർശനമടങ്ങുന്ന സുദീർഘമായ കത്ത് എനിക്കെഴുതിയിരുന്നു! അങ്ങനെയാണ് ഞങ്ങളുടെ ഗാഢമായ സൗഹൃദബന്ധം തുടങ്ങുന്നത്. മലയാറ്റൂർ രാമകൃഷ്ണൻ എന്നെ വിളിച്ച് തകഴിച്ചേട്ടനെ താൻ തന്നെ ഇന്റർവ്യൂ ചെയ്യണമെന്നും നമുക്കൊരുമിച്ച് കാറിൽ ശങ്കരമംഗലത്തേക്ക് യാത്ര ചെയ്യാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 
തിരുവനന്തപുരത്ത് നിന്ന് വൈകുന്നേരം പുറപ്പെട്ട് രാത്രിയിൽ ആലപ്പുഴ ഗസ്റ്റ് ഹൗസിൽ താമസിച്ച് ശങ്കരമംഗലത്തേക്ക് രാവിലെ പുറപ്പെടാമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. തകഴിയിലെ സൂര്യോദയം പകർത്തി അദ്ദേഹത്തിന്റെ സംഭാഷണം തുടങ്ങാനായിരുന്നു ഉദ്ദേശിച്ചത.് ഒരു കാറിൽ ഞങ്ങളും മലയാറ്റൂരും മറ്റൊരു കാറിൽ ബൈജുചന്ദ്രന്റെ നേതൃത്വത്തിലുളള പ്രൊഡക്ഷൻ സംഘവും യാത്ര തിരിച്ചു. അത്രയും അവിസ്മരണീയമായ മറ്റൊരു കാർയാത്ര ജീവിതത്തിലുണ്ടായിട്ടില്ല!
ഏകദേശം നാല് മണിയോടടുപ്പിച്ച് ഞങ്ങൾ തിരുവനന്തപുരത്തുനിന്ന് യാത്ര പുറപ്പെട്ടു. കാറിന്റെ പിൻസീറ്റിൽ ഞാനും ഭാര്യ രാഗിണിയും രണ്ട് ചെറിയ കുട്ടികളും മുൻസീറ്റിൽ മലയാറ്റൂരും ഇരുന്നു. പുറപ്പെടുമ്പോഴേ മലയാറ്റൂർ വളരെ നല്ല ഫോമിലായിരുന്നു. കഥകൾ പറഞ്ഞും വയലാർ രചനകൾ പാടിയും, വഴിയിൽ പല സ്ഥലങ്ങളിലും കാർ നിർത്തിയും  ആലപ്പുഴ ഗസ്റ്റ് ഹൗസിലെത്തിയപ്പോൾ സമയം പുലർച്ചെ രണ്ട് മണി! അവിടെ എത്തിയ ഉടനെ അദ്ദേഹം ആരെയോ ഒക്കെ വിളിപ്പിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തുകൊണ്ടിരുന്നു! ആലപ്പുഴയിൽ എത്തിച്ചേർന്നതിന് ശേഷമുളള രാത്രിയെക്കുറിച്ച് പ്രൊഫ. വി.ബാലചന്ദ്രൻ വിസ്തരിച്ചൊരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
മലയാറ്റൂരിന്റെ രസകരമായ വർത്തമാനവും കഥകളും നിമിത്തം ഞങ്ങൾക്കാർക്കും ഒരു പോള കണ്ണടയ്ക്കാൻ കഴിഞ്ഞില്ലെന്നതാണ് സത്യം. ലഹരി ധാരാളം ഉള്ളിൽ ചെന്നിരുന്നെങ്കിലും വർത്തമാനത്തിന് കുഴച്ചിലൊന്നുമുണ്ടായിരുന്നില്ല, ഇടയ്ക്കദ്ദേഹം ഞങ്ങൾക്ക് മുഷിച്ചിൽ തോന്നുന്നുണ്ടെങ്കിൽ മാപ്പ് ചോദിക്കുകയും ചെയ്തു.
പിറ്റേന്ന് രാവിലെ നേരത്തേ പുറപ്പെടാമെന്നും, തകഴി രാവിലത്തെ ഭക്ഷണവുമായി കാത്തിരിക്കുന്നുണ്ടാവുമെന്നൊക്കെ പറഞ്ഞെങ്കിലും ഗസ്റ്റ്ഹൗസിൽ നിന്ന് പുറപ്പെടുമ്പോൾ വൈകി. ശങ്കരമംഗലത്തെത്തിയപ്പോൾ ജയകുമാർ നേരത്തെ എത്തി കാത്തുനിൽക്കുന്നു! തകഴിയെ കണ്ട ഉടനെ മലയാറ്റൂർ അദ്ദേഹത്തിന്റെ കാൽക്കൽ വീണു, വൈകിയതിന് മാപ്പപേക്ഷിച്ചു. ആദ്യം ഉണ്ടാക്കിവെച്ചതൊക്കെ കഴിച്ച ശേഷമേ ഷൂട്ടിംഗ് തുടങ്ങാൻ പറ്റൂ എന്ന് തകഴി നിർബന്ധിച്ചു. 
ആദ്യം ഇംഗ്ലീഷിൽ മലയാറ്റൂരും അതിന് ശേഷം മലയാളത്തിൽ ജയകുമാറും തകഴിയോട് സംസാരിച്ചു ഓരോ മണിക്കൂർ വീതം. ലഹരി നിമിത്തം മലയാറ്റൂരിന്റെ വാക്കുകൾക്ക് ഇടർച്ചയുണ്ടാവുമോയെന്ന് ഞങ്ങൾക്ക് സംശയമുണ്ടായിരുന്നെങ്കിലും സംഭാഷണത്തിൽ അത് തിരിച്ചറിയാൻ കഴിഞ്ഞില്ല. തകഴിയുടെ സാഹിത്യജീവിതത്തെക്കുറിച്ച് സവിസ്തരമായ രീതിയിലുളള അഭിമുഖങ്ങൾ നടന്നു. ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ ഭംഗിയായി തകഴി സംസാരിച്ചു. ദേശീയതലത്തിൽ മതിപ്പുണ്ടാക്കുന്ന രീതിയിൽ തന്നെ. 
ശങ്കരമംഗലത്തെ ചാരുകസേരയിൽ തകഴിയും അടുത്തുളള ചാരുപടിയിൽ അഭിമുഖക്കാരും ഇരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും ദീർഘമായ സംഭാഷണങ്ങൾ കഴിഞ്ഞപ്പോൾ തകഴി ഞങ്ങളെയും കൂടി അടുത്തുളള അമ്പലത്തിലും വയലുകളിലും മറ്റും നടന്നു. കൃഷിക്കാരുടെ ബുദ്ധിമുട്ടുകളെക്കുറിച്ചും കൃഷിപ്പണിക്കാരുടെ രീതികളെപ്പറ്റിയുമൊക്കെ സംസാരിച്ചുകൊണ്ടിരുന്നു.
 നടക്കുന്നതിന്റെയും പ്രാർത്ഥിക്കുന്നതിന്റെയും ചിത്രീകരണങ്ങളും നടന്നു. മാത്രവുമല്ല മുൻ കാലങ്ങളിൽ വെളളംകെട്ടിനിന്നിരുന്ന വയലുകളിൽകൂടി സ്‌കൂളിൽ പോയ കഥയും അദ്ദേഹം പറഞ്ഞു.
തകഴിയുടെ ഭാര്യ കാത്തച്ചേച്ചി സമൃദ്ധമായ സദ്യ തന്നെ ഞങ്ങൾക്കെല്ലാം വിളമ്പിത്തന്നു. അമ്പലപ്പുഴ ക്ഷേത്രത്തിൽ നിന്നും പ്രത്യേകമായി കൊണ്ടുവന്ന പാൽപ്പായസവുമുണ്ടായിരുന്നു.
ഭക്ഷണം കഴിഞ്ഞ് കുറച്ചുനേരം തകഴിയും മലയാറ്റൂരും വിശ്രമിച്ചു. പിന്നീട് ഞങ്ങൾ തകഴി ആദ്യം വക്കീലായി പ്രാക്ടീസ് ചെയ്തിരുന്ന അമ്പലപ്പുഴയിലെ കോടതിയിലും അദ്ദേഹം പഠിച്ചിരുന്ന പളളിക്കൂടത്തിലും നടത്തിച്ച് ചിത്രീകരണം നടത്തി. 
ചാറ്റൽമഴയുണ്ടായിരുന്നെങ്കിലും തകഴി വളരെയേറെ സന്തുഷ്ടനായിരുന്നു. പുറക്കാട്ട് കടപ്പുറത്ത് അദ്ദേഹം ഓടി നടന്ന് മണലിലെഴുതുകയും കടൽത്തിരകൾ വന്ന് മായ്ക്കുകയും ചെയ്യുമ്പോൾ 'കടലമ്മോ' എന്നദ്ദേഹം കയ്യുയർത്തി ആർത്തുവിളിക്കുന്നത് കണ്ടപ്പോഴുണ്ടായ, ചെമ്മീനിന്റെ സ്രഷ്ടാവിന്റെ ആത്മഹർഷം ഉളവാക്കിയ ആഹ്ലാദം മറക്കാനാവാത്ത ഒരനുഭവമാണ് - 'കെളവാ' എന്നുവിളിച്ച് മലയാറ്റൂർ സരസമായി ആദരപൂർവ്വം അദ്ദേഹവുമായി സംഭാഷണം നടത്തിയതും. 

Latest News