Sorry, you need to enable JavaScript to visit this website.

പ്രകൃതിയുടെ പ്രണയിനി

ഇല്ലിമുളംകാടുകളാൽ സമ്പന്നമായ ഒരു നാട് എന്ന സ്വപ്നമാണ് നൈനാ ഫെബിന്റേത്. മുളയുടെ വിവിധ തലങ്ങൾ പഠിക്കാനുള്ള ഒരു സമ്പൂർണ ബാംബൂ കേന്ദ്രം നിർമിക്കുക എന്ന ലക്ഷ്യവുമുണ്ട്. പ്രകൃതിയുടെ സ്പന്ദനങ്ങളെ ജീവതാളമായി കരുതുന്ന പട്ടാമ്പിക്കാരിയായ നൈനയുടെ പരിസ്ഥിതിസ്‌നേഹത്തെക്കുറിച്ച്... 

പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് കൊപ്പം ഗ്രാമത്തിൽ പ്രകൃതിയെയും ജീവജാലങ്ങളേയും ഹൃദയത്തോടു ചേർത്തുവെക്കുന്ന ഒരു പെൺകുട്ടിയുണ്ട്-  നൈനാ ഫെബിൻ. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ മുളകൾ വഹിക്കുന്ന പങ്ക് തിരിച്ചറിഞ്ഞതോടെ നൈനയുടെ യാത്രകൾ മുളകൾ തേടിയുള്ളതായി. പ്രകൃതിയെയും നാടൻകലകളേയും ഒരുപോലെ സ്‌നേഹിക്കുന്ന ഈ കലാകാരി കേരളത്തിലുടനീളം മുളകൾ നട്ടുവളർത്തുകയാണിപ്പോൾ. പാട്ടുവഴികളിലൂടെയും നൃത്തവഴികളിലൂടെയുമുള്ള യാത്രകൾക്കിടയിൽ പ്രകൃതിയും കലയും തമ്മിലുള്ള ആത്മബന്ധം അവൾ തിരിച്ചറിയുകയായിരുന്നു.
കുട്ടിക്കാലംതൊട്ടേ മലകളേയും കാടുകളേയുമെല്ലാം ഇഷ്ടപ്പെട്ടിരുന്ന നൈനയുടെ വിനോദയാത്രകൾ പലതും വനപ്രദേശങ്ങളിലേയ്ക്കായിരുന്നു. കാടുകളുടെ മനോഹാരിത അനുഭവിച്ചറിയാൻ നടത്തിയ യാത്രകൾ അവളെ മരങ്ങളുമായി കൂടുതൽ അടുപ്പിച്ചു.
മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് അവൾ മുളകളെ ശ്രദ്ധിച്ചുതുടങ്ങിയത്. പറമ്പിന്റെ അതിരുകളിൽ സമൃദ്ധമായി വളർന്നുനിൽക്കുന്ന മുളങ്കൂട്ടങ്ങൾ അവളെ ആകർഷിച്ചു. നമ്മുടെ ജീവൻ നിലനിർത്തുന്ന ഓക്‌സിജനിൽ ഏറെയും പുറത്തുവിടുന്നത് ഈ മുളങ്കൂട്ടങ്ങളാണെന്ന ഉമ്മയുടെ വെളിപ്പെടുത്തൽ അവളെ മുളകളോടുള്ള താൽപര്യം വർധിപ്പിക്കുകയായിരുന്നു. പിന്നീടുള്ള യാത്രകളിലെല്ലാം അവളുടെ കണ്ണുകൾ തേടിയിരുന്നത് മുളകളെയായിരുന്നു.
''മുളകൾ ഒറ്റയ്ക്കു വളരുന്നില്ല. അവ കൂട്ടമായാണ് വളരുന്നത്. അതുകണ്ട് നമ്മൾ പഠിക്കണം. ഞാൻ എന്ന ചിന്തയിൽനിന്നും നമ്മൾ എന്ന ചിന്തയിലേയ്ക്ക് മാറണം. 
കിട്ടുന്നതെല്ലാം വെട്ടിപ്പിടിക്കുന്നതിനു പകരം നമുക്കെല്ലാവർക്കും ഈ ഭൂമിയും അവകാശങ്ങളും ബോധവുമെല്ലാം തുല്യമാണെന്ന ചിന്തയാണ് വേണ്ടത്. പരസ്പരാശ്രിതമായ ഒരു സഹവാസ രീതിയാണ് മുളകളുടേത്. ഐകമത്യം മഹാബലം എന്നതിന്റെ പൂർണതയാണ് മുളങ്കൂട്ടങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നത്.''- നൈന പറയുന്നു.
നമ്മുടെ ആവാസവ്യവസ്ഥയിൽ മുളകൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് ഈ ചെറിയ പ്രായത്തിൽതന്നെ അവൾ മനസ്സിലാക്കിക്കഴിഞ്ഞു. മണ്ണൊലിപ്പ് തടയുന്നതിനും മണ്ണു സംരക്ഷണത്തിനും മണ്ണിന്റെ ഗുണം പുനഃസ്ഥാപിക്കുന്നതിനുമെല്ലാം മുളകൾക്കുള്ള കഴിവ് മറ്റൊരു സസ്യത്തിനുമില്ല. അവയുടെ മൂലകാണ്ഡവും പടർന്നുപന്തലിച്ചുവളരുന്ന വേരുകളും മലഞ്ചെരിവുകളെയും നദീതീരങ്ങളേയും സംരക്ഷിച്ചുനിർത്തുന്നു. 
മാത്രമല്ല, മണ്ണ് പരിപാലനത്തിനായി അവയെ കൂട്ടമായി നട്ടുവളർത്തുന്ന രീതിയും നിലവിലുണ്ട്. മുളയുടെ ഗുണവിശേഷങ്ങൾ അവിടെയും അവസാനിക്കുന്നില്ല. വീട്ടിലെ പുട്ടുകുറ്റി മുതൽ കല്യാണപ്പന്തലുകൾ ഒരുക്കുന്നതുവരെ നീണ്ടുകിടക്കുന്നു അതിന്റെ ഉപയോഗക്രമം.
മുളകളെക്കുറിച്ച് നൈനയുടെ അറിവുകൾക്ക് കൂടുതൽ കരുത്തു പകർന്നത് അവൾ ജയമാമ എന്നു വിളിക്കുന്ന ജയകൃഷ്ണനായിരുന്നു. ആനമുളയും കല്ലൻ മുളയും തുടങ്ങി കനം കൂടിയവയും ബിലാത്തി, മിലാക്കൻ തുടങ്ങിയ പൊള്ളയായ ഇനങ്ങളും മുളകളുടെ കൂട്ടത്തിലുണ്ടെന്ന് അവൾക്ക് മനസ്സിലാക്കിക്കൊടുത്തത്  ജയകൃഷ്ണനായിരുന്നു. 
കൂടാതെ തോട്ടിമുളയും മനോഹരമായ നാദങ്ങൾ പൊഴിക്കുന്ന ഓടക്കുഴൽ പോലുള്ള  സുഷിരവാദ്യങ്ങൾ നിർമ്മിക്കുന്ന മലയോടയുമെല്ലാം മുളയുടെ ഗണത്തിൽപ്പെടുന്നവയാണ്. മുളകളേയും നാടൻകലകളേയുംകുറിച്ച് കൂടുതൽ അറിവ് ലഭിച്ചതും അദ്ദേഹത്തിൽനിന്നായിരുന്നുവെന്ന് നൈന പറയുന്നു.
മുളകളുടെ നാശത്തെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളാണ് നൈന നടത്തുന്നത്. മുളയെക്കുറിച്ച് ജനങ്ങൾക്കിടയിലുള്ള അന്ധവിശ്വാസത്തെ ചെറുക്കുകയാണ് ആദ്യം വേണ്ടത്. മുള ഒരു കളയാണെന്നും അത് ശകുനം കാണാൻ പാടില്ലെന്നും വീട്ടുവളപ്പിൽ വളർത്താൻ പാടില്ലെന്നുമുള്ള അന്ധവിശ്വാസം ദൂരീകരിക്കുകയായിരുന്നു ഇതിനുള്ള പോംവഴി. മുള ഒരു വിളയാണെന്നും മറ്റു സസ്യങ്ങളെപോലെ അവയേയും സംരക്ഷിക്കേണ്ടതുണ്ടെന്നും ഓരോ വേദിയിലും അവൾ ജനങ്ങളെ ബോധ്യപ്പെടുത്തി. മാത്രമല്ല, പണം ചെലവാക്കി മുളച്ചെടികൾ വാങ്ങി നട്ടുപിടിപ്പിക്കുന്നതിനും മുൻപന്തിയിൽ നിന്നു.
സ്വന്തം വീട്ടുവളപ്പിൽ മുളംതൈ നട്ടുകൊണ്ടായിരുന്നു നൈന തന്റെ മുളവളർത്തലിന് തുടക്കം കുറിച്ചത്. അധ്യാപികയായ ഉമ്മ നൽകിയ പണം കൊണ്ട് നഴ്‌സറിയിൽ നിന്നും വാങ്ങിയതായിരുന്നു ആ മുളംതൈ. പിന്നീട് കിട്ടുന്ന കാശിനെല്ലാം മുളച്ചെടികൾ വാങ്ങാൻ തുടങ്ങി. 
സൗകര്യപ്രദമായ ഇടങ്ങളിലെല്ലാം അവ നട്ടുപിടിപ്പിച്ചു. 2017 മുതൽ 2018 വരെയുള്ള ഒരു വർഷത്തിനിടയിൽ ആയിരത്തൊന്ന് മുളച്ചെടികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നട്ടുപിടിപ്പിച്ചു. മരത്തെ ഒരു വരമായിക്കണ്ട് ജനങ്ങളുടെ സഹകരണത്തോടെ നടത്തിയ ഈ ഉദ്യമത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്.
പീച്ചിയിലെ വനഗവേഷണ കേന്ദ്രത്തിൽനിന്നാണ് വിവിധതരം മുളച്ചെടികൾ വാങ്ങിയത്. ഡെൻഡ്രോകെലമസ് ആസ്പർ, സിക്കിമെൻസിസ്, ബൽകോവ, ബിലാത്തി, ഓട, ഈറ്റ... തുടങ്ങിയവയും വനം വകുപ്പിൽനിന്ന് ഇല്ലിമുളയും സ്വകാര്യ നഴ്‌സറികളിൽനിന്ന് ആനമുളയും മഞ്ഞമുളയും പച്ചമുളയും മുള്ളുകളില്ലാത്ത നാടുകാണി കല്ലനുമെല്ലാം സ്വന്തമാക്കി. ഇവയെല്ലാമാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വളർന്നുകൊണ്ടിരിക്കുന്നത്.
സ്‌കൂളുകളിലും വായനശാലകളിലും ബാംബൂ കോർണർ എന്ന മുളയിടങ്ങൾ സ്ഥാപിക്കാനും നൈന മുൻപന്തിയിലുണ്ട്. 
ഇക്കഴിഞ്ഞ പരിസ്ഥിതിദിനത്തിലാണ് ഇതിന് തുടക്കം കുറിച്ച്. ഒരു സെന്റ് സ്ഥലത്ത് അവിടത്തെ മണ്ണിനും പ്രകൃതിക്കും അനുസരിച്ചുള്ള പത്തോളം തരത്തിലുള്ള മുളച്ചെടികൾ നട്ടുപിടിപ്പിക്കുകയും അതിന്റെ സംരക്ഷണം ആ വീട്ടുകാരെ ഏൽപിക്കുകയുമാണ് ചെയ്യുന്നത്. മുളയെക്കുറിച്ചുള്ള സകലവിവരങ്ങളും ഉൾക്കൊള്ളിച്ചുള്ള ക്യു ആർ കോഡും ഘടിപ്പിക്കും. പുതുതലമുറയ്ക്ക് മുളകളെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്തു നോക്കിയാൽ മതി. ഇത്തരത്തിൽ പതിനഞ്ചോളം മുളയിടങ്ങളും ഒരുക്കിക്കഴിഞ്ഞു.
പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാൻ ശേഷിയുള്ള മുളകൾ ഒരു ചെടിയിൽനിന്നും അനേകം ചെടിയിലേക്ക്്് വ്യാപിച്ച് ആകാശത്തോളം ഉയരത്തിൽ ആടിക്കളിക്കുന്നതു കാണുമ്പോൾ നൈനയുടെ ഹൃദയവും തുടിക്കുന്നു. ഓരോ ചെടിയും നട്ടുപിടിപ്പിക്കുമ്പോൾ തന്നെ സംരക്ഷണമായി ട്രീ ഗാർഡുകൾ സ്ഥാപിക്കാറുണ്ട്. വളർന്നുകഴിയുമ്പോൾ മുള്ളുകൾ രൂപപ്പെടുന്നതോടെ ആരും ആക്രമിക്കാത്ത തരത്തിലേക്ക് അവ വളർച്ച പ്രാപിക്കുന്നു. ഓരോ വീട്ടുവളപ്പിലും ഒരു മുള വീതം നട്ടുപിടിപ്പിക്കുന്ന മുളപ്പച്ച എന്ന പദ്ധതിക്കും നൈന രൂപംകൊടുത്തുകഴിഞ്ഞു. മലപ്പുറം മുതൽ മൂന്നാർ വരെ ഈ മുളപ്പച്ച നീണ്ടുകിടക്കുന്നു. മുളപ്പച്ച വിപുലമാക്കി ഒരു മുള സൗഹൃദഗ്രാമം എന്ന സ്വപ്‌നപാതയിലാണിപ്പോൾ നൈനയും സുഹൃത്തുക്കളും.
കല എന്നാൽ കലഹിക്കാതിരിക്കാനുള്ളതാണെന്നും സഹജീവിസ്‌നേഹത്തിനുള്ളതാണെന്നുമുള്ള പാഠം അവളെ പഠിപ്പിച്ചുകൊടുത്തത് ഉമ്മയാണ്. വള്ളുവനാടൻ പ്രദേശങ്ങളിലെ ധാരാളം നാട്ടുത്സവങ്ങളും അവിടത്തെ വിവിധങ്ങളായ ആചാരങ്ങളുടെയും സംസ്‌കാരങ്ങളുടെയും കലകൾ കണ്ടാണ് നൈന വളർന്നത്. 
അതുകൊണ്ടാകണം കുട്ടിക്കാലംതൊട്ടേ നാടൻ പാട്ടു പാടുന്നതിലും നാടോടി നൃത്തത്തിലും ചെണ്ട കൊട്ടുന്നതിലും മോഹിനിയാട്ടത്തിലും കവിതാലാപനത്തിലുമെല്ലാം മികവ് തെളിയിക്കാൻ നൈനയ്ക്ക് കഴിഞ്ഞത്. ആദിവാസി ഊരുകളിൽ കടന്നുചെന്ന് അവരുടെ പാട്ടുരൂപങ്ങൾ സ്വായത്തമാക്കി പണിയരുടെയും കുറുമ്പരുടെയുമെല്ലാം പാട്ടുകൾ താളത്തിൽ പാടുന്നതിലും കഴിവ് തെളിയിച്ചു. ഒച്ച: ദി ബാംബു സെയിന്റ്' എന്ന പേരിൽ നാട്ടുതാളങ്ങൾ സമന്വയിക്കുന്ന ഒരു മ്യൂസിക് ബാന്റും അവൾ ചിട്ടപ്പെടുത്തിക്കഴിഞ്ഞു. 
ബാന്റിൽ ഉപയോഗിക്കുന്ന പല വാദ്യോപകരണങ്ങളും മുള കൊണ്ടാണുണ്ടാക്കിയത്.
അഞ്ചാം ക്ലാസു മുതൽ ഒട്ടേറെ നാടൻകലാകാരന്മാരെ പരിചയപ്പെടുകയും അവരുടെ പാട്ടുകൾ പഠിക്കുകയും ജീവിതം പകർത്തുകയും ചെയ്ത നൈന ഒൻപതാം ക്ലാസിലെത്തിയപ്പോൾ അത് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയായിരുന്നു. ‘ആടിത്തിമിർത്ത കാൽപാടുകൾ' എന്ന പേരിലുള്ള ഗവേഷണാത്മക പഠനക്കുറിപ്പുകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ പുസ്തകം പുറത്തിറങ്ങിയത്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ എജ്യുക്കേഷണൽ മൾട്ടി മീഡിയ സെന്റർ നൈനയുടെ പരിസ്ഥിതി പ്രവർത്തനങ്ങളെ ആധാരമാക്കി 'ബാംബു ബല്ലാഡ്'  എന്നൊരു ഡോക്യുമെന്ററിയും ഒരുക്കിയിട്ടുണ്ട്. മനുഷ്യജീവിതത്തെ സംഗീതാത്മകമാക്കുന്നതിൽ പ്രകൃതിക്കുള്ള പങ്കിനെക്കുറിച്ചാണ് ഈ ഡോക്യുമെന്ററി വിശകലനം ചെയ്യുന്നത്. സജീദ് നടുത്തൊടി സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററിക്ക് എൻ.സി.ഇ.ആർ.ടി നടത്തുന്ന ആൾ ഇന്ത്യാ ചിൽഡ്രൻസ് ഓഡിയോ, വീഡിയോ ഫെസ്റ്റിൽ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ബെസ്റ്റ് വോയ്‌സ് ഓവർ നരേറ്റർക്കുള്ള അവാർഡും ഈ ഡോക്യുമെന്ററിയിലൂടെ നൈനയ്ക്കു ലഭിച്ചു. 2021 ലെ പി.വി.കെ. കടമ്പേരി അവാർഡും 2018 ലെ ഹരിതകേരള മിഷൻ അവാർഡും 2019ലെ വനമിത്ര പുരസ്‌കാരവും നൈനയെ തേടിയെത്തിയിരുന്നു. വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിന് വിവിധ ആശയങ്ങൾ ക്ഷണിച്ചുകൊണ്ട് ഹരിതകേരള മിഷൻ നടത്തിയ മത്സരത്തിൽ പതിനായിരത്തോളം ഹൈസ്‌കൂൾ വിദ്യാർത്ഥികളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടത് നൈനയായിരുന്നു.
ഇല്ലിക്കാടുകളാൽ സമ്പന്നമായ ഒരു നാട് എന്ന സ്വപ്‌നമാണ് നൈനയുടേത്. മുളയുടെ വിവിധ തലങ്ങൾ പഠിക്കാനുള്ള ഒരു സമ്പൂർണ ബാംബൂ കേന്ദ്രം നിർമിക്കുക എന്ന ലക്ഷ്യവുമുണ്ട്. പ്രകൃതിയുടെ സ്പന്ദനങ്ങളെ ജീവതാളമായി കരുതുന്ന നൈനയ്ക്ക് വനംവകുപ്പിൽതന്നെ ഒരു ജോലി നേടുക എന്നതാണ് സ്വപ്‌നം. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ നൈന പട്ടാമ്പി നടുവട്ടം ഗവൺമെന്റ് ജനത ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്ലസ് ടു സയൻസ് വിദ്യാർത്ഥിയാണിപ്പോൾ. 
ഉമ്മ സബിത കുളമുക്ക് എ.എം.എൽ.പി സ്‌കൂൾ അധ്യാപികയാണ്. ബാപ്പ ഹനീഫ ഫാർമസിസ്റ്റായിരുന്നു. ഇപ്പോൾ കാർഷികവൃത്തിയിൽ മുഴുകിക്കഴിയുന്നു. നൈനയുടെ അനുജൻ നാസ് കിത്തു നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.
 

Latest News