Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആന കൊടുത്താലും  കിളിയേ ആശ കൊടുക്കാമോ...? 

പണ്ടൊക്കെ മലയാളി പ്രവാസികൾ സിലോൺ, ബർമ എന്നീ നാടുകളിലേക്കാണ് ചേക്കേറിയിരുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്താണ് ഇതിന് മാറ്റം വന്നത്. അര നൂറ്റാണ്ട് മുമ്പ് ഗൾഫ് രാജ്യങ്ങളിലേക്ക് ജീവിത മാർഗം തേടി കേരളീയർ എത്തി തുടങ്ങി. ഏറ്റവും ഒടുവിൽ  ജോർജിയ, അസർബൈജാൻ, മലേഷ്യ എന്നീ രാജ്യങ്ങളിലെ സാധ്യത മലയാളി സമൂഹത്തിലെ വിദഗ്ധർ ഗൗരവമായി പഠിച്ചു വരികയാണ്. രണ്ട് മൂന്ന് കൊല്ലം മുമ്പ് നിതാഖാത് വേളയിൽ നാട്ടിൽ തിരിച്ചെത്തിയവർ മലപ്പുറം ജില്ലയിൽ നിതാഖാത് എന്ന പേരിൽ ഹോട്ടലുകളും ഓട്ടോറിക്ഷാ സർവീസുകളും തുടങ്ങിയതായി വാർത്തയുണ്ടായിരുന്നു. ഗൾഫിൽ ധാരാളം പ്രവാസികൾ വിവിധ കാരണങ്ങളാൽ തിരിച്ചു പോക്കിന്റെ പാതയിലാണ്. എന്തും പോസിറ്റീവായി കാണാനുള്ള പ്രത്യേക സിദ്ധി വലിയ വിഭാഗം മലയാളി പ്രവാസികൾക്കുണ്ട്. അതുകൊണ്ടാണല്ലോ മടക്ക യാത്രയുടെ നൊമ്പരവും പ്രതീക്ഷയുമുൾപ്പെടുത്തി സംഗീത ആൽബങ്ങൾ പിറക്കുന്നത്. മലയാളികൾക്ക് സമൂഹ മാധ്യമങ്ങൾ വേണ്ട വിധം ഉപയോഗിക്കാനറിയില്ലെന്ന് മുമ്പൊരു സിനിമാ താരം പറഞ്ഞിരുന്നു. താരത്തിന് ട്രോൾ ശല്യം കൂടിയപ്പോഴാണ് ഇത്തരമൊരു പ്രതികരണമുണ്ടായത്. സമൂഹ മാധ്യമത്തെ ഉപയോഗപ്പെടുത്തുന്ന കാര്യത്തിൽ മലപ്പുറത്തെ ഒരു സംഘം യുവാക്കൾ മാതൃകയാവുകയാണ്.  ഗൾഫിൽ നിന്ന് തിരിച്ചെത്തിയ സുഹൃത്തിന്റെ സംരംഭമായ ഭോജനശാല വിജയിപ്പിക്കാനാണ് കൂട്ടുകാർ കഴിഞ്ഞ ദിവസം ഫേസ് ബുക്ക് ലൈവിലെത്തിയത്. മലപ്പുറം ജില്ലയുടെ വാഹന രജിസ്‌ട്രേഷനെ ഓർമിപ്പിക്കുന്ന കെ.എൽ 10 എന്ന പേരാണ് ഹോട്ടലിന് നൽകിയിട്ടുള്ളത്. മലപ്പുറം-പെരിന്തൽമണ്ണ റൂട്ടിൽ മക്കരപ്പറമ്പിനടുത്താണ് മുൻ പ്രവാസിയുടെ സ്ഥാപനം. വിഭവങ്ങളെന്ന് പറയാൻ തേങ്ങാ ചോറും ബീഫുമേ ഉള്ളൂവെങ്കിലും കടയുടെ ചുമരുകളിൽ സ്ഥാനം പിടിച്ച ചിത്രങ്ങൾ  ആരെയും ആകർഷിക്കും. ഫാമിലി സെക്ഷനും വാഷ് ബേസിനുമെല്ലാം ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുന്നതിലും ട്രോളിന്റെ അകമ്പടിയുണ്ട്. 
*** *** ***
കേരളത്തിലെ ഗതാഗത വകുപ്പ് അനാഥമായി തുടരുകയാണ്. ഒരു ദേശീയ പാർട്ടിയ്ക്ക് ഇന്ത്യയിൽ ആകെ ഭരിക്കാൻ ലഭിക്കുന്ന സ്ഥാനമാണിത്. പറഞ്ഞിട്ടെന്ത് ഫലം? ഫോൺ കെണി ഒന്നാമന് വിനയായി. ഗൾഫിൽ നിന്ന് മനസ്സില്ലാ മനസ്സോടെ എത്തിയ രണ്ടാമൻ ഭൂമിയെ സ്‌നേഹിച്ച ദേവാംഗനയെ പോലെ വഴിയാധാരമായി. പാർട്ടിയ്ക്ക് സ്വന്തമായി രണ്ട് പേരേയുള്ളു. എന്നു വെച്ച് നിരാശപ്പെടുന്നതെന്തിന്? ഒറ്റയാന്മാർ വേറെയുമുണ്ടല്ലോ നിയമസഭയിൽ. പരിചയ സമ്പന്നനായ ഒരാളെ കൊണ്ടുവരാനുള്ള ശ്രമം തുടക്കത്തിലേ പാളി. അപ്പോഴാണ് പേര് കേട്ടാൽ ഓമനത്വമുള്ള ഒരു എം.എൽ.എയുടെ കാര്യമോർത്തത്. ഇതിനുള്ള നടപടി തുടങ്ങിയതുമായിരുന്നു. അപ്പോഴതാ നിർദിഷ്ട കക്ഷിയ്ക്ക് ലെനിൻ ബാധ കൂടുതലാണെന്ന് സ്വന്തം പാർട്ടിക്കാരൻ വാർത്താ സമ്മേളനം നടത്തി പറയുന്നു.  നല്ല ഉറക്കത്തിലായിരുന്ന കോവൂരിലെ കുഞ്ഞിമോനെ വിളിച്ചുണർത്തി ഇനിക്ക് ബേറെ ഏദും പണി ഇല്ലേനും കുഞ്ഞിമ്മോനെ എന്ന് കടത്തനാടൻ ഭാഷയിൽ ചോദിച്ച് ഇൻസൾട്ട് ചെയ്തത് പോലെയായി. പെൻഷൻ, ശമ്പള വിതരണം എന്നീ വിഷയങ്ങളിൽ കടുത്ത പ്രതിസന്ധി നേരിടുന്ന സർക്കാർ ശകുടത്തിന്റെ കഷ്ടകാലം തുടരാനാണ് സാധ്യത. ഒരു തരത്തിലും സഹതാപം അർഹിക്കാത്ത വിഭാഗമാണ് കെ.എസ്.ആർ.ടി.സിയെന്ന് ഒരിക്കൽ കൂടി ഓർമപ്പെടുത്തുന്ന സംഭവവും പിന്നിട്ട വാരത്തിലുണ്ടായി. അർധരാത്രിയിൽ തനിച്ചു യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിനിക്കു വീടിനടുത്ത് ഇറങ്ങാൻ  കെ.എസ്.ആർ.ടി.സിയുടെ മിന്നൽ ബസ് നിർത്താതിരുന്നതാണ്  സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്. ഈ ബസിലെ ക്രൂ അന്റാർട്ടിക്കയിൽ നിന്ന് വന്നതാണോ? ദൽഹിയിലെ നിർഭയ സംഭവം, ഷൊർണൂരിലെ സൗമ്യ മുതൽ എത്രയെത്ര ക്രൂര സംഭവങ്ങളുണ്ടായി. പെൺകുട്ടി കോട്ടയത്ത് നിന്ന് സന്ധ്യയ്ക്ക് പുറപ്പെട്ട് കോഴിക്കോട്ടെത്തുമ്പോൾ അർധ രാത്രി കഴിഞ്ഞു. ബസ് പയ്യോളി കടന്നു പോകുന്നത് രാത്രി രണ്ട്  മണിയ്ക്ക് ശേഷവും. പതിനേഴുകാരിയ്ക്ക് ഇറങ്ങാൻ സൗകര്യം ചെയ്തു കൊടുത്തിരുന്നുവെങ്കിൽ വടക്കൻ കൊറിയ യുദ്ധമൊന്നും തുടങ്ങില്ലായിരുന്നു. പയ്യോളിയിൽ പോലീസ് കൈ കാണിച്ചപ്പോൾ നിർത്തിയില്ലെന്ന് മാത്രമല്ല, മൂരാട് പാലത്തിലെ പോലീസുകാരനെയും മൈൻഡ് ചെയ്യാതെ കുതിച്ച ബസിനെ ദേശീയ പാതയിൽ ചോമ്പാല എന്ന സ്ഥലത്ത് പോലീസ് വാഹനം വിലങ്ങനെ ഇട്ടാണ് തളച്ചത്. കോട്ടയം പാലായിലെ എൻട്രൻസ് കോച്ചിങ് സെന്ററിൽനിന്നു പയ്യോളിയിലെ വീട്ടിലേക്കു വരികയായിരുന്നു വിദ്യാർഥിനി. മിന്നൽ ബസ് ഒരു കാരണവശാലും നിശ്ചിത സ്‌റ്റോപ്പിലല്ലാതെ നിർത്തരുതെന്ന് രാജമാണിക്യം കെ.എസ്.ആർ.ടി.സി. എം.ഡിയായിരിക്കേ ഇറക്കിയ ഉത്തരവ് അനുസരിച്ചതാണെന്നാണ് ട്രാൻസ്‌പോർട്ട് ജീവനക്കാരുടെ വിശദീകരണം. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് ഡ്രൈവറും കരുതിക്കാണും. 
*** *** ***
മഴവിൽ മനോരമക്കാർ ഉടൻ പണം നൽകാനുള്ള എ.ടി.എം മെഷീനും പൊക്കിയെടുത്ത് പ്രയാണം തുടരുകയാണ്. അറിവ് അളക്കാൻ ഇടക്കാലത്ത് ഇവർ ഗൾഫ് നാടുകളിലുമെത്തി. യു.എ.ഇ സന്ദർശന വേളയിൽ ദുബായിലെ കാസർകോട്ടുകാരനും അൽ ഐനിലെ കണ്ണൂർക്കാരിയും തിളങ്ങി. കാസർകോട് സ്ലാംഗിൽ മാത്രം സംസാരിച്ച പ്രവാസിയുടെ ഇംഗഌഷ് ഡയലോഗ്  പൊളിച്ചു. കോഴിക്കോട് ക്രിസ്ത്യൻ കോളേജിലും എരുമേലിയിലും പെൺകുട്ടികൾ സമ്മാനിതരായി. വടകരയിലാണ് ഏറ്റവും നല്ല സ്വീകരണം സംഘത്തിന് ലഭിച്ചത്. നാരായണ നഗറിൽ ഒറ്റ ദിവസത്തെ പ്രോഗ്രാമുമായെത്തിയ മനോരമ ടീം ജനബാഹുല്യം നിമിത്തം തൊട്ടടുത്ത ദിവസവും തങ്ങേണ്ടി വന്നു. ഗൾഫിലെ കാണികൾക്ക് മനോരമയുടെ രണ്ട് ചാനലുകളിലേയും പ്രോഗ്രാം ഇടകലർത്തി കാണേണ്ടി വരുന്നുവെന്നത് ഒരു ന്യൂനതയാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ സൗദി സമയം പത്തിന് ഒരു അനൗൺസ്‌മെന്റ്- അൽപ സമയത്തിനകം തിരുവാ എതിർവാ കാണാം. എന്നാൽ കണ്ടിട്ട് തന്നെ ബാക്കി കാര്യമെന്ന് വിചാരിച്ചിരിക്കുമ്പോഴതാ ചെട്ടിനാട് ഫിഷ് കറിയും രസവുമുണ്ടാക്കുന്ന വിദ്യയുമായി രണ്ട് മഹിളകൾ. അര മണിക്കൂർ പാചകത്തിന് ശേഷം അടുത്ത ന്യൂസ് ബുള്ളറ്റിനുമായി. നടി പാർവതിയുടെ  തുറന്നു പറയുന്ന ശീലം  ധാരാളം ശത്രുക്കളെ സൃഷ്ടിച്ചു. അവർക്കെതിരെയുള്ള സൈബർ ആക്രമണം പരിധി വിട്ടതായിരുന്നു. ഏറ്റവും ഒടുവിൽ മറിമായം ടീം ഇതേ വിഷയം കൈകാര്യം ചെയ്തപ്പോൾ വേണ്ടിയിരുന്നില്ലെന്നേ കാണികൾക്ക് തോന്നുകയുള്ളു. മറിമായത്തിന്റെ പല എപ്പിസോഡുകളും അല്ലാതെ തന്നെ ആകർഷകമാണല്ലോ. 
*** *** ***
ഇ.പി ജയരാജന്റെ മുഹമ്മദലി പ്രയോഗം മലയാളികൾ മറന്നാലും വിടില്ലെന്ന വാശിയിലാണ് ബോളിവുഡ്. ബോക്‌സിംഗ് താരം മുഹമ്മദലി മരിച്ചതറിഞ്ഞപ്പോൾ അന്നത്തെ കായിക മന്ത്രിയായിരുന്ന ഇ.പി കേരളത്തിന് കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നാണ് മനോരമയോട് പ്രതികരിച്ചിരുന്നത്. ഇക്കഴിഞ്ഞ വാരത്തിൽ റിലീസ് ചെയ്ത അനുരാഗ് കശ്യാപിന്റെ മുക്കാബാസ് എന്ന ഹിന്ദി ചിത്രത്തിൽ മുൻ മന്ത്രിയുടെ അബദ്ധം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ബോക്‌സിംഗ് പശ്ചാത്തലത്തിൽ സമകാലിക രാഷ്ട്രീയം പറയുന്നതാണ് ചിത്രം. ഇതിലെ മന്ത്രി യു.പിയിൽ പ്രസംഗിക്കുന്നതാണ് രംഗം. ഉത്തർപ്രദേശിന്റെ കായിക പാരമ്പര്യം അദ്ദേഹം വിസ്തരിച്ചു തുടങ്ങി. ധ്യാൻ ചന്ദിന്റെ നാട്, മുഹമ്മദ് കൈഫിന്റേയും മുഹമ്മദലിയുടേയും സ്വന്തം സ്ഥലം. ഇത്രയുമായപ്പോൾ മന്ത്രിയുടെ സഹായി അത് ശരിയല്ല, മുഹമ്മദലിയുടെ നാട് കേരളമാണെന്ന് പറഞ്ഞു കൊടുത്തു. ഉടൻ സിനിമയിലെ മന്ത്രി തിരുത്തുകയും ചെയ്തു.  
*** *** ***
കേരളത്തിന്റെ സാമ്പത്തിക പ്രശ്‌നം തീർക്കാൻ എന്താണ് വഴി? ചെലവ് ചുരുക്കുകയെന്നെല്ലാം പറഞ്ഞ് രക്ഷപ്പെടാൻ വരട്ടെ. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന്റെ പക്കൽ ഇതിനുള്ള സൂത്രമുണ്ട്. അടുത്തിടെ കേന്ദ്ര സർക്കാർ നടപ്പാക്കിയ ചരക്കു സേവന നികുതിയല്ല സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം. 
സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനുമെല്ലാം നൽകുന്നത് ബാധ്യതയായിരിക്കുകയാണെന്നും അവർ പറഞ്ഞു. സാമ്പത്തിക നില മെച്ചപ്പെടുത്താൻ സ്വകാര്യ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണം. അടിസ്ഥാന സൗകര്യ വികസനത്തിൽ സ്വകാര്യ മേഖലയെ പങ്കാളിയാക്കണം -ലോക കേരള സഭയ്‌ക്കെത്തിയ ഗീതാ ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. ഗീതയുടെ നവ ലിബറൽ കാഴ്ടപ്പാടിനോട് എതിർപ്പുള്ളവർ ഇടതുപക്ഷത്ത് തന്നെയുണ്ട്. ഡോ. ഗീതാ ഗോപിനാഥിന്റെ ഉപദേശങ്ങൾ സർക്കാരിന്റെ സാമ്പത്തിക നയങ്ങളിൽ സ്വാധീനം ചെലുത്തിയാൽ ആശങ്കാജനകമെന്ന് സിപിഐ മുഖപത്രം ജനയുഗം ചൂണ്ടിക്കാട്ടി. 
ചെലവ് ചുരുക്കൽ നിർദേശത്തെ സർക്കാരും ഇടതുപക്ഷവും കരുതലോടെ കാണണമെന്ന് എഡിറ്റോറിയൽ ഓർമ്മിപ്പിച്ചു. മലയാളത്തിലെ ദൃശ്യ മാധ്യമങ്ങൾക്ക് അന്തിച്ചർച്ചയ്ക്ക് ഒരു വിഷയം ലഭിച്ചത് നേട്ടം. കോടിയേരി ബാലകൃഷ്ണന് ചൈനയോടാണ് താൽപര്യമെന്ന് വിമർശനമുയർന്നു. പാർട്ടി സമ്മേളനത്തിൽ സാർവ ദേശീയ രാഷ്ട്രീയം പറയുന്ന ഭാഗത്തെ ചില പരാമർശങ്ങളാണ് വിമർശനത്തിനിടയാക്കിയത്. കോടിയേരി വടക്കൻ കൊറിയയെ പറ്റി നടത്തിയ ചില പ്രസംഗങ്ങൾ കേട്ടാൽ എല്ലാ സംശയവും തീരും. പ്രകൃതി വിഭവങ്ങളാൽ സമ്പന്നമാണ് വടക്കൻ കൊറിയ. ആളോഹരി വരുമാനത്തിലും മുമ്പന്തിയിൽ. ഇതിനെ തകർക്കാൻ അമേരിക്കൻ സാമ്രാജ്യത്വം തെക്കൻ കൊറിയയെ ആയുധമണിയിക്കുന്നു. ഭയങ്കരമാണ് ഈ വിജ്ഞാനം. ദക്ഷിണ കൊറിയയാണ് തലയെടുപ്പുള്ള സമ്പന്ന രാജ്യം. മറ്റത് കിഴക്കൻ ജർമനി പോലെ ഒരു ദരിദ്രവാസി. സത്യം എന്താണെന്നറിയാൻ വേൾഡ് ബാങ്ക് അറ്റ്‌ലസിൽ കണ്ണോടിച്ചാൽ മതി. മാത്രവുമല്ല. രണ്ട് കൊറിയകളും ഒന്നാകാനും സാധ്യത തെളിഞ്ഞു വരികയാണ്. ശീതകാല ഒളിമ്പിക്‌സ് ഇതിലേക്കുള്ള ആദ്യ പടിയാണല്ലോ. 
*** *** ***
ഗുജറാത്തിലെ എം.എൽ.എയായ ജിഗ്‌നേഷ് മേവാനി പിന്നിട്ട വാരത്തിൽ ശ്രദ്ധ പിടിച്ചു പറ്റി. ചെന്നൈയിൽ വാർത്താസമ്മേളനം റിപ്പോർട്ട് ചെയ്യാനെത്തിയ റിപ്പബ്ലിക് ടിവി റിപ്പോർട്ടറോട് പുറത്തു പോകാൻ അദ്ദേഹം കൽപ്പിച്ചു. ചെന്നൈയിലെ മാധ്യമ വിദ്യാർത്ഥികളുമായി സംവദിക്കാനെത്തിയപ്പോഴായിരുന്നു ജിഗ്‌നേഷിന്റെ പ്രയോഗം. 'ആരാണ് റിപ്പബ്ലിക് ടിവി റിപ്പോർട്ടർ, ഞാൻ റിപ്പബ്ലിക്കിനോട് സംസാരിക്കില്ല. മൈക്കെടുത്ത് പുറത്തുപോകൂ' എന്നായിരുന്നു ജിഗ്‌നേഷ് പറഞ്ഞത്. വാർത്താസമ്മേളനത്തിൽ നിന്ന് ഏതെങ്കിലും മാധ്യമത്തെ ഒഴിവാക്കുന്നതെന്തിനെന്ന ചോദ്യവുമായി ചില മാധ്യമ പ്രവർത്തകർ അദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അർണബ് ഗോസ്വാമി നയിക്കുന്ന റിപ്പബ്ലിക് ചാനലിനോട് സംസാരിക്കില്ല എന്നത് തന്റെ നിലപാടാണെന്ന് ജിഗ്‌നേഷ് വ്യക്തമാക്കി. റിപ്പബ്ലിക് ടിവിയുടെ മൈക്ക് മാറ്റിയാൽ മാത്രമേ സംസാരിക്കൂ എന്നും ജിഗ്‌നേഷ് വ്യക്തമാക്കി. എന്നാൽ, വാർത്താസമ്മേളനത്തിൽ ഏത് മൈക്ക് വേണം, വേണ്ട എന്നൊന്നും നിർബന്ധം പിടിക്കാനാവില്ലെന്നും അതിനാൽ ഈ വാർത്താസമ്മേളനം ആവശ്യമില്ലെന്നും പറഞ്ഞ് മാധ്യമ പ്രവർത്തകർ കൂട്ടത്തോടെ ഇറങ്ങിപ്പോയി. 
*** *** ***
എല്ലാവരും നിഷ്‌കളങ്കരായി മാറുന്ന സീസനാണിത്. പരിഷ്‌കാരിയുടെ മകന് പിന്നാലെ അഴിമതിയുടെ ലോകത്തെ കൊമ്പന്മാരെല്ലാം ക്ലീനായി. ആർക്കും നഷ്ടമില്ലാത്ത പരസ്പര സഹായ സഹകരണ സംഘം ക്ലിപ്തം പരിപാടി. ഇനി കണ്ടു നിൽക്കുന്ന നമ്മൾ വല്ലവരുമായിരിക്കുമോ അപരാധികൾ?  ദേശീയ അന്തർദേശീയ വാർത്തകളുടെ പ്രവാഹത്തിനിടയ്ക്കാണ് അഹമ്മദാബാദിൽ നിന്ന് ഡോക്ടർ തൊഗാഡിയയെ കാണാനില്ലെന്ന വിവരമെത്തുന്നത്. പ്രധാനമന്ത്രിയാവുന്നതിന് മുമ്പ് മോഡിജി തൊഗാഡിയയുടെ സ്‌കൂട്ടറിന്റെ പിൻ സീറ്റിൽ ഇരുന്ന് യാത്ര ചെയ്തിട്ടുണ്ട്. 
കാണാനില്ലെന്ന ന്യൂസിന്റെ ജിജ്ഞാസ ശമിപ്പിച്ചുകൊണ്ട് മണിക്കൂറുകൾക്കകം അദ്ദേഹത്തെ നഗരത്തിലെ ഒരു പാർക്കിൽ കണ്ടെത്തുകയും ചെയ്തു.  കേന്ദ്രൻ സെഡ് പ്ലസ് സംരക്ഷണം കൊടുക്കുന്ന ആളാണ്. കഴിഞ്ഞ 25 വർഷമായി ഇന്ത്യയിൽ നടക്കുന്ന അഡ്ജസ്റ്റുമെന്റുകളെ കുറിച്ച് തൊഗൻ പുസ്തകമെഴുതുന്നുവെന്നും അതുടൻ പുറത്തിറങ്ങുമെന്നും കേൾക്കുന്നു. പുസ്തകം ബെസ്റ്റ് സെല്ലറാക്കാനുള്ള വിദ്യയാണോ എന്നാർക്കറിയാം?  

 

Latest News