റൂബി നിലമ്പൂരിന്റെ കന്നി പുസ്തകമാണ് 'പാതി പെയ്ത നിലാവ്'. ഒരു തുടക്കക്കാരിയുടെ പുസ്തകമെന്ന നിലയിൽ വായനയെ സമീപിച്ചാൽ തീർത്തും മുൻവിധികൾ മാറിമറിയുന്ന തരത്തിൽ തഴക്കം വന്ന ഒരെഴുത്തുകാരിയുടെ രചനാപാടവം ഒരോ കഥകളിലും മിഴിവേകി നിൽക്കുന്നത് കാണാം ഈ പുസ്തകത്തിൽ. പല മുൻഗാമികളും പറഞ്ഞു പറഞ്ഞ് തേഞ്ഞ വഴിയിൽ നിന്നും മാറി തികച്ചും വേറിട്ടൊരു വഴിയിൽ സഞ്ചരിച്ച് മികച്ച നീളം കുറഞ്ഞ രചനകളിലൂടെ റൂബി കോറിയിട്ട കഥകളിൽ അനുഭവവും ഭാവനയും കെട്ടുപിണഞ്ഞ് എങ്ങനെ കലാത്മകമായ ചേരുവയാൽ സർഗാത്മകമായി അടയാളപ്പെടുന്നു എന്ന് സൂക്ഷ്മമായ വായനയിലൂടെ കണ്ടെത്താം.
കഥാകാരി സൂചിപ്പിക്കും പോലെ 'എഴുതി ഒഴിവാക്കാതെ ഉള്ളിൽ നിന്നിറങ്ങില്ല എന്ന് തോന്നിയ' കഥാപാത്രങ്ങളെയാണ് വായനക്കാരന്റെ മനസ്സിലേക്ക് മേയാൻ വിട്ടിരിക്കുന്നത്. അത് വളരെ ഈസിയായി നടന്ന ഒരു പ്രക്രിയയുമല്ല. ഓർമയുടെ അറയിൽ സന്തോഷമായും സന്താപമായും കുടിയിരുന്ന ഓരോരോ സംഭവങ്ങൾക്കും പുറത്ത് വരാൻ സമയമായ പേറ്റുനോവിന്റെ അന്ത്യമുഹൂർത്തത്തിൽ മാത്രം പിറവി കൊണ്ട പാത്രസൃഷ്ടികളായതിനാൽ ഈ എഴുത്തിന്റെ പിന്നിൽ ധ്യാന സമാനമായ അടയിരിപ്പുകൾ നടന്നിട്ടുണ്ടെന്നു തീർച്ച.
അത്രയ്ക്കും കയ്യൊതുക്കവും പദസമ്പന്നതയും പ്രതീകാത്മക ധ്വനികളും നിറഞ്ഞ ശൈലീഭാവുകത്വം കൊണ്ട് ശ്രദ്ധേയമാണ് ഈ സമാഹാരത്തിലെ കഥകളേറെയും.
കറുപ്പിന്റെ ലഹരിയിൽ ദിശതെറ്റി പായുന്ന 'അവൻ' എന്ന കഥാപാത്രത്തിലൂടെ മലയാളത്തിന്റെ വർത്തമാനകാല യുവതയുടെ അപഥ സഞ്ചാരങ്ങളിലേക്ക് ലഹരിയെ പ്രതിചേർക്കാൻ ആദ്യ കഥയിൽത്തന്നെ വാക്കുകളുടെ ആധിക്യം വേണ്ടി വന്നില്ല കഥാകാരിക്ക്. 'അടർന്ന രാത്രിയുടെ ഉള്ളറകളിൽ എവിടെയോ എനിക്കായി ഒരു കുരുക്ക് കാത്തു വെച്ച വിധിയെ ഏത് കാൽക്കൽ നൂറും പൂക്കളായി നേദിച്ചിടണം' എന്ന സന്ദേഹം (നിയമ പുസ്തകത്തിന്റെ ഏടുകൾ എന്ന കഥ) പീഡനകാലത്തെ സ്ത്രീയിൽ നിന്നും ഉയരുന്ന നിസ്സഹായതയുടെ വിളംബരമായിത്തന്നെ കരുതണം. പക്ഷേ വിധിയെ ശപിച്ച് കാലം കഴിക്കുന്നതിനപ്പറം ' ഉള്ളം കയ്യിൽ വെളിച്ചപ്പാടിന്റെ വാൾപ്പിടിയിലെ ആയിരം ചിലമ്പു മണികൾ ഒന്നിച്ചുണർന്നു' എന്ന വരിയിലാണ് ഈ കഥ അവസാനിക്കുന്നത്. സ്ത്രീ ആർജിച്ചെടുക്കേണ്ട പുതിയ ശാക്തീകരണത്തിന്റെ പ്രസക്തി വിളിച്ചോതുന്ന ആത്മരോഷത്തെ പ്രതീകാത്മകമായി അടയാളപ്പെടുത്തുകയാണ് കവിതയോടടുക്കുന്ന ഇത്തരം പ്രയോഗങ്ങളിലൂടെ.
'പാകമാവാത്ത ഒരു പെരുന്നാൾ കോടി' എന്ന കഥയിൽ വിശപ്പ് സഹിക്കാനാവാതെ സ്വന്തം മാറിലെ മുലപ്പാൽ പറിച്ചു കുടിക്കുന്ന ഒരു സ്ത്രീയുടെ അതിദയനീയമായ കാഴ്ചയുണ്ട്. മലയാള കഥയിൽ വിശപ്പ് എന്ന ഭീകര യാഥാർത്ഥ്യത്തെ ഇത്ര മാത്രം തീവ്രതയോടെ മറ്റാരെങ്കിലും കോറിയിട്ടിട്ടുണ്ടോ എന്ന് സംശയിക്കണം. ഈ കഥയിൽ പ്രത്യക്ഷപ്പെടുന്ന ഉമ്മയെന്ന കഥാപാത്രം മനുഷ്യ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉദാത്ത മാതൃകയായി പ്രതിഷ്ഠിക്കപ്പെടുന്ന ശക്തമായ ഒരു രചനയായി മാറുന്നു. 'പ്രതിഫലേച്ഛയില്ലാതെ നടത്തുന്ന ജീവകാരുണ്യത്തിന് ലഭിക്കുന്ന ഏറ്റവും മഹത്തായ സമ്മാനമായി മാറുന്നു ഈ ചിരി. നന്മ നിറഞ്ഞ മനസ്സുകൾ വേദനിക്കുന്നവരുടെ മനസ്സിൽ മിശിഹായാകുന്ന രംഗം ബാബുവേട്ടന്റെ ചിരി എന്ന കഥയിൽ വായിച്ചെടുക്കാം.
കഥാകാരിയുടെ ഭാഷയിൽ പച്ചനോട്ടുകൾക്ക് വീട്ടിത്തീർക്കാനാവാത്ത കടപ്പാടുകളുടെ ഭാണ്ഡം പേറി ഇന്നമ്മയെ തേടിയുള്ള യാത്രയും പുനഃസമാഗമവും ഗൃഹാതര സ്മരണകളുടെ കണ്ണീർ പൂക്കളായി വായനക്കാരുടെ മനസ്സിൽ നൊമ്പരത്തിപ്പൂവായി വിടർന്നു നിൽക്കാൻ ശക്തിയുള്ള കഥയാണ് 'വീട്ടാ കടങ്ങൾ'. വ്യാജ ഏറ്റുമുട്ടലുകൾ സൃഷ്ടിക്കുന്നവർ ഭയപ്പെടുന്നത് ആയുധങ്ങളെ മാത്രമല്ല ശക്തമായ ആശയം സ്ഫുരിക്കുന്ന ചിത്രങ്ങളെക്കൂടിയാണെന്ന് 'ബലിതർപ്പണ' ത്തിലൂടെ പറഞ്ഞു വെക്കുന്ന കഥാകാരി കഥകളിൽ രൂപപ്പെടേണ്ട രാഷ്ട്രീയത്തിലേക്കും കലാത്മകമായിത്തന്നെയാണ് ചുവടു വെക്കുന്നത്.ഗൃഹാതുരതയും വിരഹവും സമാസമം ചേരുവകളാക്കി ബാല്യകാല കുതൂഹലങ്ങളെ 'കാത്തു വെച്ച ഞാറപ്പഴങ്ങളിൽ' വരച്ചിടുന്ന റൂബി, 'മുറിഞ്ഞൊഴുകിയ പുഴ'യിലെത്തുമ്പോൾ പാരിസ്ഥിതിക വിഷയമായ കവിത പോലൊരു പുഴക്കഥ ആ വിഷ്‌കരിക്കുന്നത് 'വെയിൽ പൊള്ളിച്ച് ബാക്കിയായി കിട്ടിയ പാതി ജീവനുമായി പുഴ ഭൂമിയുടെ മാറിലൊളിച്ചു' എന്നെഴുതുമ്പോൾ കഥ വീണ്ടും കവിതാ രൂപം പ്രാപിക്കുന്നത് കാണാം.
ഈ പുസ്തകത്തിന്റെ ശീർഷകമായി വരുന്ന കഥയാണ് ' 'പാതി പെയ്ത നിലാവ്'. അയാഥാർത്ഥ്യത്തിന്റെ തലത്തിലേക്കുയരുന്ന വിചിത്രസ്വപ്‌നങ്ങളിൽ പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ ഒളിച്ചിരിക്കുന്ന നഗ്നസത്യങ്ങളെ റിയലിസത്തിൽ നിന്നും വഴി മാറ്റി ഭാവനയുടെ അഭൗമ തലത്തിലേക്കെത്തിക്കുന്നുണ്ട് ഈ കഥയിൽ. ദാമ്പത്യത്തിനു വന്ന് പെട്ടേക്കാവുന്ന അസ്വസ്ഥതകളിലേക്ക് പ്രതീകാത്മകമായ സൂചകങ്ങളുടെ അനേകം ഇടങ്ങൾ സമർത്ഥമായി ആവിഷക്കരിച്ചിരിക്കുന്ന ശൈലിയുടെ നവീനതയാൽ ഹൃദ്യമാണീ കഥ.പദസമ്പത്തുക്കളാലും ഒതുക്കമുള്ള ഭാഷാശൈലിയിലും പിറന്നു വീണ ഒറ്റക്കൊലുസ്സ്, കുലാവി, ഡോക്ടറുടെ മുറി, ആയുർരേഖ തുടങ്ങിയ കഥകളൊക്കെ സർഗനൂലിനാൽ കോർത്തെടുത്ത എഴുത്തിന്റെ മരതകമണികളായി പ്രശോഭിച്ചു കൊണ്ടിരിക്കുന്നവ തന്നെ.
റൂബി തുടക്കക്കാരിയെന്നറിയുമ്പോൾ ശരിക്കും അമ്പരക്കാനും അത്ഭുതപ്പെടാനും പോന്ന തഴക്കം വന്ന എഴുത്തുകാരിയുടെ തലത്തിലേക്കുയരാൻ തക്ക ഭാഷയും രചനാപാടവവും കൊണ്ട് ശ്രദ്ധേയമാണ് ഇതിലെ ഒട്ടുമിക്ക കഥകളും. തീർച്ചയായും ഈ കഥാകാരിയിൽ നിന്നും കഥകളുടെ പൗർണമി രാവുകൾ നിറശോഭയോടെ സർഗവസന്തം തീർക്കാൻ പ്രാപ്തമാവുന്ന രചനകൾ വരുംകാലങ്ങളിൽ പിറവി കൊള്ളുമെന്ന പ്രതീക്ഷയ്ക്ക് ബലമേകുന്നതാണ് റൂബി നിലമ്പൂരിന്റെ പാതി പെയ്ത നിലാവ് എന്ന പ്രഥമ കഥാസമാഹാരം.
പ്രസാധകർ
യെസ് പ്രസ് ബുക്‌സ്
പെരുമ്പാവൂർ റൂബി നിലമ്പൂർ