ജിദ്ദ - മലയാളം ന്യൂസിന്റെ ആരംഭകാലം തൊട്ടേ 'ഞങ്ങള്‍ക്ക് പറയാനുള്ളത്' എന്ന കോളത്തിലെ സുപരിചിത നാമം ടി.കെ. മൊയ്തീന് മുത്തനൂര്‍, 40 വര്‍ഷത്തെ ദീര്‍ഘപ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. കയ്പും മധുരവും നിറഞ്ഞ ഓര്‍മകളുടെ നിധിശേഖരവും മനസ്സില്‍ സൂക്ഷിച്ചാണ് സംതൃപ്തിയോടെയുള്ള ഈ തിരിച്ചുപോക്ക്.
1977 സെപ്റ്റംബറില്‍ ജോലിയും കൂടി ഉദ്ദേശിച്ച് മുബൈയില്‍നിന്ന് 'എം.വി.അക്ബര്‍' എന്ന കപ്പലില്‍ ഹജിന് പുറപ്പെട്ട 32 പേരില്‍ ഒരുവനാണ് ടി.കെ. മൊയ്തീന്. മോങ്ങം ചെറുപുത്തൂര്‍ ടി.പി. അബ്ദുറസാഖ് മാസ്റ്ററുടെ നേതൃത്വത്തില്‍ വന്ന സംഘത്തില്‍ ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സാരഥിയായ ടി.പി. കബീര്‍ ഒരംഗമാണ്. എട്ട് ദിവസത്തിന് ശേഷം കപ്പല്‍ ജിദ്ദ തുറമുഖത്ത് നങ്കൂരമിട്ടു. കപ്പലിലെ ഭക്ഷണം പ്രധാനമായും ദാലും, തന്തൂര്‍ റൊട്ടിയുമായതിനാല് പലരും ക്ഷീണിതര്‍. ജിദ്ദ മദീനത്തുല്‍ ഹുജ്ജാജില്‍ ഒരു ദിവസം താമസിച്ചു. ആദ്യമായി അറബികളെ കാണുന്നവരാണ് ഭൂരിപക്ഷവും.
അറബികളെയും അറബി സംസാരവും കേട്ടു അത്ഭുതം കൂറി നിന്ന പലരും പിന്നീട് ഭാഷ നന്നായി കൈകാര്യം ചെയ്യുന്നതും അറബികളുമായി ഇടപഴകുന്നതും കാണാന്‍ സാധിച്ചുവെന്നത് മറ്റൊരുവശം.
ആ വര്‍ഷം കേരളത്തില്‍നിന്ന് 5000ത്തില്പരം ആളുകളാണ് ഹജിന് വന്നത്. ആകെ ചെലവ് 6,000 രൂപ. മക്കയിലെ മിസ്ഫലയില്‍ ഒരാള്‍ക്ക് ചെരിഞ്ഞ് കിടക്കാന്‍ മാത്രം കഴിയുന്ന മുറികളില്‍ മൂന്ന് മാസത്തോളം താമസിച്ചു. പ്രധാന ഭക്ഷണം കൂടെ കരുതിയിരുന്ന കുറിയരിയും അവിലും മാത്രം. പൈപ്പ്ലൈന് വെള്ളം പോലും പരിമിതമായിരുന്നു. കഴുതപ്പുറത്തായിരുന്നു ബില്‍ഡിംഗിലും റൂമുകളിലും വെള്ളമെത്തിച്ചിരുന്നത്. ജോലിക്കാരെല്ലാം യമനികള്‍. വിദേശികളില്‍ കൂടുതലും അവര്‍ തന്നെ.
ഒറ്റയും തെറ്റയുമായി വല്ല മലയാളികളെയും കണ്ടാലായി. പക്ഷേ, അന്ന് ഒരു മലയാളിയെ കാണുമ്പോള്‍ വലിയ ആശ്വാസമായിരുന്നുവെന്ന് മുത്തനൂര്‍ അനുസ്മരിച്ചു.
ഒന്നോ രണ്ടോ വര്‍ഷം മുമ്പ് ഹജിന് വന്ന് ഇവിടെ തങ്ങിയവരില്‍ ചിലര്‍ ഹോട്ടലുകള്‍ നടത്തിയിരുന്നു. കൂടെവന്ന ചിലര്‍ക്ക് ഈ ഹോട്ടലുകളില്‍ ഹജ് സീസണിലെ ജോലി കിട്ടിയത് വലിയ ആശ്വാസമായി.
90 കളിലാണ് മലയാളികളുടെ സ്ഥാപനങ്ങള്‍ കൂടുതല്‍ വരാന്‍ തുടങ്ങിയത്. ഇപ്പോള്‍ ഹറം (ഒന്നാം ഘട്ട വികസനം) നടത്തിയ സ്ഥലത്ത് ചെറിയ ചെറിയ കടകളായിരുന്നു. അതില്‍ ഖഹ്വ, ശീഷ, മുറുക്കാന്‍ കടകളുമൊക്കെയുണ്ടായിരുന്നു. അണ്ടര്‍ ഗ്രൗണ്ടില്‍ തുണിക്കടകളും മറ്റുമെന്നും ഇദ്ദേഹം ഓര്‍ക്കുന്നു.
കടബാധ്യതകള്‍ ബാക്കിവെച്ച് സൗദിയില്‍ വന്നവരുടെ പ്രാര്‍ഥന, കടങ്ങള്‍ വീട്ടി, ചോര്‍ന്നൊലിക്കുന്ന വീടു നന്നാക്കാനും, പെങ്ങന്മാരുടെ കല്യാണം നടത്താനും, സ്വന്തമായി ഒരു വീടുണ്ടാക്കാനും കഴിയണമേ എന്നായിരുന്നു.
ഇതെല്ലാം നാഥന് സ്വീകരിച്ചുവെന്ന് വേണം കരുതാന്‍. സൗദിയില്‍ ജോലിക്കും മറ്റുമായി വന്നു രേഖകളില്ലാതെ കഴിയുന്ന വിദേശികള്‍ക്ക് '44'എന്ന നമ്പറില്‍ ഇവിടെ നിന്നുകൊണ്ട് വിസയും ഇഖാമയും അനുവദിച്ച് അന്നത്തെ ഭരണാധികാരി ഖാലിദ് രാജാവിന്റെ വിജ്ഞാപനം വന്നു.
ഈ കാലം സൗദിയുടെ സാമ്പത്തിക പുരോഗതിയുടെ തുടക്കമായിരുന്നു. പിന്നീടങ്ങോട്ട് ഒരു കുതിച്ചുചാട്ടം തന്നെയായിരുന്നു. അന്ന് വിനിമയ നിരക്ക് 1,000 രൂപക്ക് 450 റിയാല്‍. ജിദ്ദയില്‍നിന്ന് മക്കയിലേക്ക് ഈടാക്കിയിരുന്നത് അഞ്ച് റിയാല്‍. രണ്ടാഴ്ച കൂടുമ്പോള്‍ പോസ്റ്റ് വഴി ലഭിച്ചിരുന്ന കത്തുകളില്‍നിന്ന് നാട്ടിലേയും വീട്ടിലേയും വിവരങ്ങളറിയും. കത്ത് സംസ്കാരമായിരുന്നു ആ കാലം. നിരക്ഷരരായ സ്ത്രീകള്‍ എഴുത്തും വായനും പഠിക്കാന്‍ ഇതൊരു നിമിത്തമായി എന്നും പറയാം. എസ്.എ ജമീലിന്റെ കത്തുപാട്ട് ഇറങ്ങിയതും ഈ കാലത്താണ്. ഒരാഴ്ച പിന്നിടുമ്പോഴാണ് പത്രം ലഭിച്ചിരുന്നത്. ഇങ്ങിനെ കിട്ടിയ പത്രത്തില്‍ നിന്നാണ് ആത്മസുഹൃത്തിന്റെ പിതാവ് മരിച്ച വിവരം പോലും അറിഞ്ഞതെന്ന് മുത്തനൂര്‍ പറഞ്ഞു.
പിന്നീട് ഫോണ്‍ വിളി ആരംഭിച്ചു. സൗദിയില്‍ ഫോണ്‍ ലൈനുകള്‍ക്ക് ആദ്യഘട്ടത്തില്‍ മൂന്നക്ക നമ്പറായിരുന്നു. പിന്നീട് അഞ്ചക്കവും ശേഷം ഏഴക്ക നമ്പറുമായി.
കത്തെഴുതുമ്പോള്‍ ഒരു തീയതിയും സമയവും പറഞ്ഞ് കോഴിക്കോട് അളകാപുരി, മുജാഹിദ് സെന്റര്‍, ചന്ദ്രിക പ്രസ്സ് മുതലായ സ്ഥലങ്ങളില്‍ വന്നുനില്ക്കാന് കുടുംബത്തോട് പറയും. പിന്നീട് മഞ്ചേരി 'മിനി ലോഡ്ജ്' (മഞ്ചേരി ടൗണുമായി ബന്ധപ്പെട്ടവര്‍ക്ക്) ആയി ഫോണ്‍വിളിയുടെ കേന്ദ്രം. ബൂത്തുകള്‍ പെരുകാന്‍ തുടങ്ങി. അതിന്റെ പിന്നാലെ 'പേജറും' ഒരു മുഴം നീളമുള്ള മൊബൈല്‍ ഫോണും വന്നു. ഇന്നിപ്പോള്‍ ഒരു വീട്ടില്‍ ഓരോരുത്തര്‍ക്കും ഒന്നിലധികം മൊബൈല്‍ ഫോണുകളായി. എന്തിനേറെ നാടും വീടും വീട്ടുകാര്യങ്ങളും സി.സി.ടി.വിയിലൂടെ ഇരു കൂട്ടരും വീക്ഷിക്കുന്നു.
സാമ്പത്തിക നേട്ടത്തിലുപരി വൈജ്ഞാനിക സാംസ്കാരിക രംഗത്തും നേട്ടങ്ങള്‍ കൊയ്തെടുക്കാന്‍ ഗള്‍ഫ് ജീവിതം കൊണ്ട് സാധിച്ചുവെന്നും ഇദ്ദേഹം പറയുന്നു.
ജിദ്ദയില്‍ ബാബ്ഖൈര് കുടുംബത്തിന്റെ ഒരു സ്ഥാപനത്തില്‍ 1977-അവസാനത്തില്‍ ജോലികിട്ടി. ഈ സ്പോണ്‍സറുടെ കീഴില്‍ 32 വര്‍ഷം ജോലി ചെയ്തു. ഒമ്പത് വര്‍ഷമായി അല്‍ ജസീറ 'മീന്‍' കടയിലാണ് ജോലി.
രണ്ട് വര്‍ഷത്തില്‍ കുടുംബത്തോടൊന്നിച്ച് നാട്ടില്‍ ആറ് മാസം കഴിയുന്നതിനാല്‍ നാലു പതിറ്റാണ്ട് കാലത്തെ പ്രവാസം ഒരു ചെറിയ കാലമായാണ് അനുഭവപ്പെട്ടതെന്ന് മുത്തനൂര്‍ വെളിപ്പെടുത്തുന്നു. കുടുംബത്തിലെ ഒരംഗം എന്നപോലെ ബാബ്ഖൈര് കുടുംബം തന്നെ പരിഗണിച്ചതിനാലും മത, രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകരുമായുള്ള ബന്ധങ്ങളും സൗദിയിലെ ജീവിതം ആസ്വാദ്യകരമാക്കി.
ഒഴിവ് ദിനങ്ങളില്‍ സംഘടനാ പ്രവര്‍ത്തനങ്ങളിലും അടുക്കളത്തോട്ടത്തില്‍ ചെലവഴിക്കുന്നതിലും മുഴുകും. താമസ സ്ഥലത്തെ ടെറസും മുറ്റവും അടുക്കളത്തോട്ടത്തിനായി ഉപയുക്തമാക്കാന്‍ സാധിച്ചാല്‍ വിഷരഹിത പച്ചക്കറികള്‍ കഴിക്കാമെന്നതിലുപരി മാനസിക ഉല്ലാസത്തിന് സഹായകമാകുമെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിന്റെ, പ്രത്യേകിച്ച് മലബാറിന്റെ സര്‍വതോമുഖമായ പുരോഗതിക്ക് നിദാനമായ സൗദി ഭരണാധികാരികള്‍ക്ക് വേണ്ടി പ്രാര്ഥിക്കണമെന്നാണ് പ്രവാസികളോടുള്ള മൊയ്തീന് മുത്തനൂരിന്റെ അഭ്യര്‍ഥന.
മുത്തനൂര്‍ മുസ്ലിം ജമാഅത്ത് സെക്രട്ടറി, ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ്, യാമ്പു ഇന്ത്യന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. നാട്ടില്‍ ചെന്നാല്‍ കൃഷിയും സംഘടനാ പ്രവര്‍ത്തനവുമായി കഴിയണമെന്നാണ് ആഗ്രഹമെന്നും മുത്തനൂര്‍ വെളിപ്പെടുത്തുന്നു. ഫാത്തിമയാണ് ഭാര്യ. ഇപ്പോള്‍ ജിദ്ദയില്‍. ഇരുവരും ഒരുമിച്ചാണ് ഇന്ന് നാട്ടിലേക്ക് മടങ്ങുന്നത്. മക്കള്‍: അബ്ദുല്‍വഹാബ്, റഷീദ (ബുറൈദ), നസീറ (ജിദ്ദ), അബ്ദുല്‍റസാഖ് (റിയാദ്), സാബിറ (അധ്യാപിക). അബ്ദുല്‍റസാഖ് (ബുറൈദ), അബ്ദുല്ലത്തീഫ് (ജിദ്ദ) എന്നിവര്‍ ജാമാതാക്കള്‍.