സ്ത്രീധന പീഡനങ്ങൾ നമ്മുടെ സമൂഹത്തിൽ അടുത്തിടെ വല്ലാതെ വർധിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ പല കോണുകളിൽനിന്നും പീഡനങ്ങളുടെയും കൊലപാതകങ്ങളുടെയും ആത്മഹത്യകളുടെയും കഥകൾ ദിനംപ്രതി വന്നുകൊണ്ടിരിക്കുകയാണ്. 'കർശന നിയമങ്ങൾ നിലനിൽക്കുമ്പോഴും ഭർതൃവീട് സ്ത്രീകളെസ്സംബന്ധിച്ച് ഏറ്റവും അപകടകരമായ വാസസ്ഥലമായി മാറുകയാണ് ' എന്നാണ് നമ്മുടെ ഹൈക്കോടതി ഈയിടെ പറഞ്ഞത്.
മാനസിക, ശാരീരിക പീഡനങ്ങൾക്ക, ഗാർഹിക പീഡന നിരോധന നിയമപ്രകാരം പരാതി നൽകാം എന്നത് ശരി തന്നെയാണ്. പക്ഷേ പരാതി നൽകി ഭയപ്പെടുത്തി നിലനിർത്തേണ്ട ഒന്നല്ലല്ലോ കുടുംബ ജീവിതം. നിയമംകൊണ്ട് സ്‌നേഹവും, പരിഗണനയും, പരസ്പര വിശ്വാസവും വീണ്ടെടുക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പുതിയൊരു ദാമ്പത്യ ജീവിത ദർശനം ആണ് സമൂഹത്തിൽ ഉണ്ടാകേണ്ടത്. വൈവാഹിക ജീവിതത്തിന് അമിത പ്രാധാന്യവും മഹത്വവും പവിത്രതയും കൊടുത്തുകൊണ്ടുള്ള കാഴ്ചപ്പാട് മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു ദാമ്പത്യം തകർന്നാൽ ആകാശം ഇടിഞ്ഞു വീഴാനൊന്നും പോകുന്നില്ല.
വിഭിന്ന സാഹചര്യങ്ങളിൽ നിന്ന് വരുന്ന, മുൻപരിചയം ഒട്ടുമില്ലാത്ത, സ്ത്രീയും പുരുഷനും ഒരുമിച്ച് ജീവിക്കാൻ തുടങ്ങുമ്പോൾ അവർ തമ്മിൽ അഭിപ്രായ ഐക്യം പോലെ, അഭിപ്രായ ഭിന്നതയും സമൂഹം പ്രതീക്ഷിക്കണം. ഏതാണ്ട് ഒരു ഫിഫ്റ്റി ഫിഫ്റ്റി സാധ്യത. അതേപോലെ ഭർത്താവിന്റെ ബന്ധുക്കൾ സ്‌നേഹവും സംസ്‌കാരവും ഉള്ളവരാകണമെന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്നാൽ അതിനും ഒരു ഫിഫ്റ്റി ഫിഫ്റ്റി സാധ്യതയേ ഉള്ളൂ. അമ്മായിഅമ്മ പോര്, നാത്തൂൻ പോര് തുടങ്ങിയ ഒരുപാട് പോരവകാശങ്ങൾ ജന്മാവകാശമായി ലഭിച്ചുപോന്ന കുടുംബാംഗങ്ങൾ അതെടുത്തു പ്രയോഗിക്കില്ലെന്ന് പറയാനാകില്ല. കുടുംബ ബന്ധങ്ങൾ തകരുന്നതിൽ ഭർതൃവീട്ടുകാരുടെ പങ്കും ചെറുതല്ല.
ചുരുക്കത്തിൽ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന പെൺകുട്ടികൾ നേരിടുന്ന മാനസിക വെല്ലുവിളികൾ നിരവധിയാണ്. അത് തകർന്നാൽ എല്ലാം അവസാനിച്ചു എന്ന മട്ടിലുള്ള പ്രചാരണങ്ങൾ ഒഴിവാക്കപ്പെടണം. ഒരു ബന്ധം തകർന്നാൽ മറ്റൊന്ന്.അതും തകർന്നാൽ വേറൊന്ന്. ഇനി ഒന്നും ഇല്ലെങ്കിലും അവർക്ക് ഇവിടെ സ്വസ്ഥമായി മറ്റുള്ളവരെപ്പോലെ സ്വതന്ത്രമായി ജീവിക്കാൻ കഴിയേണ്ടതുണ്ട്.സ്ത്രീധന നിരോധന നിയമം കൊണ്ടോ, ബോധവൽക്കരണ പരിപാടികൾ നടത്തിയോ ഇതിനൊരു പരിഹാരം കാണാൻ കഴിയും എന്ന് ഞാൻ കരുതുന്നില്ല.
വിവാഹവേളയിൽ സ്ത്രീധനമെന്ന പേരിൽ സ്വർണം, പണം, ഭൂമി, കാർ ഇതൊക്കെയാണല്ലോ അച്ഛനമ്മമാർ മക്കൾക്ക് നൽകുന്നത്. ഇതൊന്നുമല്ല പെൺകുട്ടികൾക്ക് ഈ സമയത്ത് ആവശ്യം. പുരുഷന്റെ തോളോട് തോൾ ചേർന്ന് നിൽക്കാൻ ഉതകുന്ന ഭൗതിക സാഹചര്യങ്ങൾ ആണ്. മറ്റാരെയും ആശ്രയിക്കാതെ, മാനാഭിമാനങ്ങൾ പണയപ്പെടുത്താതെ, തന്റേടത്തോടെ നിവർന്നു നിൽക്കാൻ അവർക്ക് കഴിയണം. അതിനു വേണ്ടത് ശമ്പളത്തോട് കൂടിയുള്ള ഒരു ജോലിയാണ്.
'ഒരു സർക്കാർ ജോലിക്കാരനായ തനിക്ക് ഇതിലേറെ വലിയ സ്ത്രീധനം ലഭിച്ചേനേ 'എന്നായിരുന്നു വിസ്മയ കേസിലെ പ്രതി കിരണിന്റെ വാദം. ഇത്തരം വാദഗതികൾ തന്നെയാണ് സ്ത്രീകളെ നിശ്ശബ്ദരാക്കുന്നത്. സ്ത്രീക്ക് ജോലി നൽകേണ്ട ഉത്തരവാദിത്തം സർക്കാരിനാണ്.അതുകൊണ്ട് സ്ത്രീകൾക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തി അവരെ ജോലികളിൽ നിയമിക്കണം. നമ്മുടെ പെൺകുട്ടികളെ ആത്മഹത്യകളിൽ നിന്നും രക്ഷപ്പെടുത്താൻ ഇതല്ലാതെ മറ്റു വഴികളൊന്നും ഇല്ല. ലിംഗ നീതി ഉറപ്പു വരുത്താനും ഇതിലൂടെ കഴിയും.
സ്ത്രീക്കും പുരുഷനും പരസ്പര വിനിമയം നഷ്ടപ്പെട്ട് സ്‌നേഹവും വിശ്വാസവും ഇല്ലാതാകുമ്പോൾ അവർക്ക് പരസ്പര ധാരണകളോടെ പിരിയാൻ കഴിയണം. അതിനായി നിയമ നടപടിക്രമങ്ങൾ ലഘൂകരിക്കണം. സങ്കീർണതകൾ ഒഴിവാക്കപ്പെടണം.
പുരുഷന് സ്ത്രീയെ എന്ന പോലെ സ്ത്രീക്ക് പുരുഷനെയും ഡൈവോഴ്‌സ് ചെയ്യാൻ കഴിയണം. സ്വന്തം ഭാര്യയെ തെളിവുകൾ അവശേഷിപ്പിക്കാതെ നിഗ്രഹിക്കാൻ ഉഗ്രവിഷമുള്ള സർപ്പങ്ങളിൽ ഗവേഷണം നടത്തേണ്ട ഗതികേട് നമ്മുടെ യുവാക്കൾക്ക് ഉണ്ടാക്കി വെക്കരുത്. ഡൈവോഴ്‌സ് പ്രശ്‌നരഹിതമാകുന്നതോടെ ഭർതൃ വീടുകളിൽ നടക്കുന്ന മിക്ക കൊലപാതകങ്ങളിൽ നിന്നും പീഡനങ്ങളിൽ നിന്നും ആത്മഹത്യകളിൽ നിന്നും പെൺകുട്ടികളെ രക്ഷിച്ചെടുക്കാൻ കഴിയും. ചില വിദേശ രാജ്യങ്ങളിൽ വിവാഹ ശേഷം വധൂവരൻമാർ പുതിയൊരു വീട്ടിലേക്ക് മാറിത്താമസിക്കുന്ന രീതിയുണ്ട്. ചില സാഹചര്യങ്ങളിൽ അതും പരീക്ഷിച്ചു നോക്കാവുന്നതാണ്. ദാമ്പത്യം, ശിശുപരിപാലനം, യുക്തിബോധം, ശാസ്ത്ര ചിന്ത, മാനവിക മൂല്യങ്ങൾ തുടങ്ങിയവ സ്‌കൂൾ തലം തൊട്ട് നമ്മുടെ കുട്ടികളെ പഠിപ്പിക്കണം.
മോഹിപ്പിക്കുന്ന വർണശബളമായ അത്യാധുനിക ജീവിത രീതികളും സ്വീകരണ മുറിയിലേക്കെത്തുന്ന പൈങ്കിളി സീരിയലുകളും, വാട്‌സ്ആപ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ നവമാധ്യമങ്ങളും കണ്ട് വിവാഹജീവിതത്തെക്കുറിച്ച് നിരവധി സ്വപ്‌നങ്ങളുമായി ദാമ്പത്യത്തിലേക്ക് പ്രവേശിക്കുന്നവരാണ് നമ്മുടെ പെൺകുട്ടികൾ. അതുകൊണ്ട് യഥാർത്ഥ വിവാഹ ജീവിതത്തെക്കുറിച്ച് ഒരു കൗൺസലിങ് കൊടുക്കുന്നത് നന്നായിരിക്കും.
സമീപകാലത്ത് കാതുകളിൽ വീണ ഏറ്റവും കൃത്യവും സത്യസന്ധവുമായ ഈ പ്രസ്താവനയെ നമിക്കുന്നു എന്ന് പറഞ്ഞു മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ സക്കറിയ സാർ അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ ഉദ്ധരിച്ച ശ്രീമതി എം.ജി. മല്ലികയുടെ വാക്കുകൾ ഞാൻ ഇവിടെ ചേർക്കുന്നു: 'വിവാഹം ഒരിക്കലും നമ്മുടെ ലക്ഷ്യമല്ല. പോകുന്ന വഴിയിലെ ഒരു സാധാരണ സംഭവം മാത്രം. നമ്മുടെ ലക്ഷ്യം തീരുമാനിക്കേണ്ടത് നമ്മൾ തന്നെയാണ്. വഴിയിൽവെച്ച് നമ്മളുടെ കൂടെ കയറിയ സഹയാത്രികന് വിട്ടുകൊടുക്കേണ്ടതല്ല നമ്മുടെ ജീവിതം.'






