വ്യാജ പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ്: പ്രതികള്‍ക്ക് ഒരു വര്‍ഷം തടവ്

മനാമ - വ്യാജ പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച കേസില്‍ രണ്ടു പേരെ കോടതി ഒരു വര്‍ഷം വീതം തടവിന് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. കിംഗ് ഫഹദ് കോസ്‌വേയിലൂടെ സൗദിയിലേക്ക് പോകുന്നതിനിടെയാണ് വ്യാജ പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഇരുവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥന് സമര്‍പ്പിച്ചത്. പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് വ്യക്തമായി. തീയതിയില്‍ തിരുത്തല്‍ വരുത്തിയ പരിശോധനാ റിപ്പോര്‍ട്ടുകളാണ് ഇരുവരും സമര്‍പ്പിച്ചത്.
തുടര്‍ന്ന് കോസ്‌വേയില്‍ വെച്ച് ഇരുവരെയും അറസ്റ്റ് ചെയ്ത് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. അന്വേഷണം പൂര്‍ത്തിയാക്കി ഇരുവര്‍ക്കുമെതിരായ കേസ് കോടതിക്ക് കൈമാറുകയായിരുന്നു. വിചാരണ പൂര്‍ത്തിയാക്കിയ കോടതി കഴിഞ്ഞ ദിവസമാണ് വിധി പ്രസ്താവിച്ചത്. കൊറോണ പരിശോധനാ റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിക്കുന്നത് പത്തു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന ഗുരുതരമായ കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.

 

 

Latest News