മനുഷ്യജീവിതത്തെ സ്വാധീനിക്കുന്ന അനുഭവങ്ങളെ കുറുക്കിയെടുക്കുകയാണ് ഓരോ എഴുത്തുകാരും. സൂചി കൊണ്ട് കിണർ കുഴിക്കുന്നതിന് തുല്യമായ ക്ഷമ വേണം എഴുത്തിന്. പറച്ചിലല്ല, അനുഭവിപ്പിക്കലാണ് എഴുത്തുകാരന് വേണ്ടത്. സാധാരണ രചനയ്ക്കുള്ളിൽ ആരും പറയാത്ത മറ്റൊരു നല്ല ആശയമുണ്ടാകുമ്പോഴാണ് ഒരാളുടെ സൃഷ്ടി ശ്രദ്ധിക്കപ്പെടുന്നത്. ഈയർത്ഥത്തിൽ മികച്ച ഉള്ളടക്കമുള്ള നിരവധി രചനകളാൽ ശ്രദ്ധേയനായ കവിയാണ് പി. ശിവപ്രസാദ്.
ശിവപ്രസാദ് ആദ്യം എഴുതിയത് വൈകുന്നേരം മുറ്റത്തെ മരക്കൊമ്പിൽ വന്നിരുന്ന് കൂവിയ ഒരു പുള്ളിക്കുയിലിനെക്കുറിച്ച് 'പഞ്ചവർണ്ണക്കിളി'യെന്ന പന്ത്രണ്ടു വരി കവിതപോലെ എന്തോ ആയിരുന്നു. അത് പ്രസിദ്ധീകരിക്കാൻ അയച്ചില്ല. നടനും പത്രാധിപരുമായിരുന്ന കാമ്പിശ്ശേരി കരുണാകരൻ എഡിറ്ററായ കൊല്ലത്തുനിന്നുള്ള 'ബാലയുഗം' മാസികയിൽ 'ഒട്ടകപ്പക്ഷിയുമായി ഒരു അഭിമുഖ സംഭാഷണം' എന്ന ലേഖനമായിരുന്നു ആദ്യം അച്ചടിച്ചുവന്നത്. സ്‌കൂളിൽ പഠിച്ച കാര്യങ്ങൾ തന്നെ ഒരു ഫാന്റസിയായി അവതരിപ്പിക്കുകയായിരുന്നു. അതിന് അന്നത്തെ പതിനഞ്ച് രൂപ പ്രതിഫലവും കിട്ടി. അന്നുമുതൽ തന്നെ ചാച്ചാജിയുടെയും ഭഗത് സിംഗിന്റെയും ആരാധകനായിരുന്നു. അവരെക്കുറിച്ചും ലെനിനെക്കുറിച്ചും ഒക്കെ എന്തൊക്കെയോ സ്തുതികൾ എഴുതിയിരുന്നു. എന്നാൽ ഹൈസ്‌കൂൾ കാലത്തെ വായന മുട്ടത്തു വർക്കി, വള്ളത്തോൾ, ശങ്കരക്കുറുപ്പ്, വയലാർ, കെ.പി. കേശവമേനോൻ... വരെ മാത്രമേ വന്നുള്ളൂ.
ഗദ്യത്തിൽ ശിവപ്രസാദിന് ഒരു ഡിറ്റക്ടീവ് ആസക്തിക്കാലം ഉണ്ടായിരുന്നു. വൈലോപ്പിള്ളിയും ഇടശ്ശേരിയും പോലും വരുന്നത് പിന്നീടാണ്. പ്രീഡിഗ്രികാലത്താണ് ഒ.എൻ. വി., സുഗതകുമാരി, കടമ്മനിട്ട, സച്ചിദാനന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, വിനയചന്ദ്രൻ.. ഒക്കെ അടുത്തുവന്നത്. എം ഗോവിന്ദനും ആറ്റൂരും കെ ജി എസും പിന്നെയും വൈകി. കുട്ടിക്കാലത്ത് മുഖം നോക്കി ലക്ഷണം പറഞ്ഞ ചെല്ലമ്മ കാക്കാത്തിയുടെ പൊടിപ്പും തൊങ്ങലുമുള്ള ഭാഷയായിരുന്നു ആദ്യം അത്ഭുതപ്പെടുത്തിയ വാഗ്വിലാസം. പൊതുവെ അലർജിക്കായ, പനിരോഗങ്ങളാൽ നിരന്തരം ബുദ്ധിമുട്ടിയ, അപകർഷതയാൽ ഒതുങ്ങിക്കൂടിയ ഒരു കൗമാരക്കാരനെ തിരിച്ചറിവുള്ള ഒരു വ്യക്തിയാക്കുന്നതിൽ വായനയാണ് പ്രധാന സഹായിയായത്. രാഷ്ട്രീയ-സാംസ്‌കാരിക പ്രവർത്തനങ്ങളും സമാന്തര വിദ്യാഭ്യാസരംഗവുമൊക്കെ അൽപ്പംകൂടി ഉൾക്കാഴ്ച നൽകി. എന്നാൽ ഇന്ത്യയ്ക്ക് പുറത്ത് അറബ് നാടുകളിലെ സമ്മിശ്ര ജീവിതപാഠങ്ങൾ ശിവപ്രസാദിനെ അകംപുറം പുതുക്കിപ്പണിഞ്ഞു എന്നത് പ്രധാനമാണ്. പഞ്ചവർണ്ണക്കിളിയെപ്പറ്റി പുകഴ്പാടിയ ബാല്യത്തിൽ നിന്ന് ഇന്നത്തെ അരൂപമോ അപരരൂപമോ ആയിട്ടുള്ള കാവ്യസങ്കൽപ്പങ്ങൾ ഒരു തുടർച്ചയായി വികസിച്ചത് മാത്രമാണെന്നറിയാം.
വളരെ പണ്ട്, ചാസ്നാല ഖനിയപകടത്തെപ്പറ്റി ആരോ എഴുതിയ കവിത വായിച്ച് കരഞ്ഞ കുട്ടിയിൽനിന്ന്, നിരന്തരം പിന്തുടരുന്ന പച്ചയായ രാഷ്ട്രീയത്തിന്റെ സാംസ്‌കാരിക മാനിഫെസ്റ്റോ ആയിട്ടുള്ള ഓട്ടോ റെനേ കാസ്റ്റില്ലോയുടെ 'അരാഷ്ട്രീയ ബുദ്ധിജീവികൾ' വരെയുള്ള ഇടങ്ങളും, പിന്നാലെ വന്ന പുതുകവിതകളുടെ തരംഗ വൈവിധ്യങ്ങളുള്ള മലവെള്ളപ്പാച്ചിലും ഒക്കെ ആവർത്തിച്ച് ഓർമ്മപ്പെടുത്തുന്ന ദൗത്യം കൃത്യമായി അറിയാം.
എഴുത്തിൽ ശിവപ്രസാദിന് ഒന്നാം പ്രചോദനം അച്ഛൻ തന്നെ. പിന്നെ ഗുരുനാഥനും കവിയും വിവർത്തകനുമായ എം. കെ. ശശികുമാർ വായനയുടെ മറ്റൊരു തലം പരിചയപ്പെടുത്തി. ജീവചരിത്രങ്ങൾ, ആത്മകഥകൾ എന്നിങ്ങനെയുള്ള സാധ്യതകൾ. അദ്ദേഹം വിവർത്തനം ചെയ്ത 'ബൽരാജ്‌സാഹ്നിയുടെ ആത്മകഥ' ചരിത്രത്തെ സംബന്ധിച്ച ധാരണകൾ തിരുത്തി. ഇന്ത്യയിലെ ഇടതുപക്ഷ അപചയത്തിന്റ നാൾവഴികൾ പലതും വായിച്ച് തല പെരുത്തു. ബലാബല നിർണ്ണയത്തിലെ പാകപ്പിഴകളാൽ തമ്മിലടിച്ച് തകരുന്ന പൊതുധാരാ ഇടതുപക്ഷത്തെക്കുറിച്ച് സങ്കടം തോന്നി. യശ്പാലിന്റെ, പ്രേംചന്ദിന്റെ, ബിമൽ മിത്രയുടെ, കെ. എ. അബ്ബാസിന്റെ കൃതികളിലേക്ക് വായന പരന്നു. രാഷ്ട്രീയമായ ഉൾക്കാഴ്ചകൾക്ക് അതും കാരണമായി. പിന്നീട്, കലാലയ കാലഘട്ടത്തിൽ വായനയുടെ പുതിയ സാധ്യതകളിലേക്ക് നയിച്ചത് സുഹൃത്ത് എസ്. അജയനായിരുന്നു. അദ്ദേഹം മലയാള സാഹിത്യം ഐച്ഛിക വിഷയമായി പഠിച്ചതിന്റെ ഗുണം കുറച്ചൊക്കെ ശിവപ്രസാദിനും കിട്ടിയെന്ന് പറയാം. അന്നത്തെ അദ്ധ്യാപകൻ, പ്രമുഖ നാടക കൃത്തും സംവിധായകനുമായ പെരുന്ന വിജയൻ ലക്ഷ്യബോധത്തെ നവീകരിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. ഒപ്പം നാടക ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മോഹൻ മൈനാഗപ്പള്ളി കലയെ സംബന്ധിച്ച പുതുക്കലുകൾക്കും പുനർവിചിന്തനങ്ങൾക്കും പ്രേരകശക്തിയായി. അങ്ങനെ കലാലയത്തിലെ കലാ പ്രവർത്തനങ്ങൾ ശിവപ്രസാദിന് വലിയ ഊർജമായിത്തീർന്നു. എഴുത്തിൽ, സാംസ്‌കാരിക പ്രവർത്തനത്തിൽ ശിവപ്രസാദിനൊപ്പം ദീർഘകാലം ഒപ്പമുണ്ടായിരുന്നത് കവി ഇടക്കുളങ്ങര ഗോപനാണ്. ഇരുവർക്കും നിരവധി പാരസ്പര്യങ്ങൾ കൊള്ളാനും കൊടുക്കാനും ഉണ്ടായിരുന്നു. അത് തിരിച്ചറിവുകളുടെ കാലത്തെ നിവർത്തിയിട്ടു. ജനയുഗം, ദേശാഭിമാനി, കലാകൗമുദി, മലയാളം, കുങ്കുമം, മാധ്യമം എന്നിവയിലും മറ്റനേകം അച്ചടി മാധ്യമങ്ങളിലും ശിവപ്രസാദിന്റെ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇടക്കാലത്ത് പ്രസിദ്ധീകരണം എന്നത് ബ്ലോഗുകളിലും ഫേസ്ബുക്കിലും മറ്റും ഒതുങ്ങുകയും മുഖ്യധാരയിൽ നിന്ന് അകന്നുനിൽക്കുകയും ചെയ്തു.
ശിവപ്രസാദിന്റെ ആദ്യ കവിതാ പുസ്തകമായ 'നീലക്കൊടുവേലിയുടെ വിത്ത് ' കൂട്ടം.കോം 2011 ൽ പ്രസിദ്ധീകരിച്ചു. മഹാകവി അക്കിത്തത്തിന്റെയും ഡോ. എസ്. ശാരദക്കുട്ടിയുടെയും എൻ. എസ്. ജ്യോതികുമാറിന്റെയും കുറിപ്പുകൾ ഈ കൃതിയെ ധന്യമാക്കുന്നു. എം. ജയമോഹന്റെ പെയ്ന്റിംഗ് ആയിരുന്നു കവർ. അലിഫ് ആയിരുന്നു പുസ്തകത്തിന്റെ എഡിറ്റർ. ഇളകിമറിഞ്ഞ കാലം കവിയിലൂടെ പുറത്തുവിട്ട അമിതലാവണ്യമില്ലാത്ത 'സ്വയം വെളിപ്പെടുത്തലുകൾ' എന്ന് ഈ പുസ്തകത്തെ പറ്റി പറയാം.
'മരിക്കാത്ത കോശങ്ങളുടെ സംഗീതം' എന്ന പേരിൽ രണ്ടാമത്തെ പുസ്തകം 2019 ൽ ലോഗോസ് ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. സച്ചിദാനന്ദൻ, കുരീപ്പുഴ ശ്രീകുമാർ, വീരാൻകുട്ടി എന്നിവരുടെ കുറിപ്പുകൾ ഈ പുസ്തകത്തിനെ മനോഹരമാക്കുന്നു. രാജേഷ് ചിത്തിരയാണ് അവതാരിക എഴുതിയത്. റോയ്ച്ചൻ ഇ. ജെയാണ് കവർ തയ്യാറാക്കിയത്. ഭീഷണമായ വ്യവസ്ഥയുടെ അതിഭീഷണമായിക്കൊണ്ടിരിക്കുന്ന സമകാലത്തെയും, ഇന്ത്യക്കാരന്റെ മാനവികതയുടെ വേദമെന്ന് വിശേഷിപ്പിക്കുന്ന ഭരണഘടന നേരിടുന്ന വെല്ലുവിളികളെയും പ്രധാനമായി കാണേണ്ടിവരുന്ന ഒരു പൗരന്റെ ആധികളും കുതറലുകളും, അൽപ്പാൽപ്പമായി അവശേഷിക്കുന്ന ജീവിതത്തിന്റെ പച്ചപ്പുകളെയുമൊക്കെ സംബോധന ചെയ്യുന്ന കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം.
പ്രമുഖ മാധ്യമ പ്രവർത്തകനായിരുന്ന വി. എം. സതീഷിനെക്കുറിച്ചുള്ള, നാൽപത്തൊമ്പത് എഴുത്തുകാരുടെ അനുസ്മരണക്കുറിപ്പുകൾ സമാഹരിച്ച് യു എ ഇയിലെ അക്ഷരക്കൂട്ടം 2018 ൽ പ്രസിദ്ധീകരിച്ച 'വി. എം. സതീഷ് - എഡിറ്റ് ചെയ്യാത്ത ജീവിതം' എന്ന പുസ്തകത്തിന്റെ എഡിറ്റർ ശിവപ്രസാദായിരുന്നു. ഒരു വ്യക്തി അയാളുടെ ജീവിതത്തെ ഉപകരണമാക്കി മറ്റുള്ള മനുഷ്യരുടെ ജീവിതത്തെ ഏതേതെല്ലാം അർത്ഥത്തിൽ മാറ്റിത്തീർക്കുന്നു എന്ന് അനുഭവപ്പെടുത്തിയ ഒരു പരിശ്രമമായിരുന്നു ഇത്. ഈ പുസ്തകം ഒരു വലിയ കൂട്ടായ്മയുടെ ഐക്യദാർഢ്യ പ്രഖ്യാപനം കൂടിയായിരുന്നു.
സൗദിയിലെ അബ്‌ഖൈ്വഖിൽ ശിവപ്രസാദ് ജോലി ചെയ്യുമ്പോൾ, മലയാളം ന്യൂസ് പത്രത്തിന്റെ ഓഫീസിൽ നിന്ന് അദ്ദേഹത്തിന്റെ ഫോൺനമ്പർ അന്വേഷിച്ചു കണ്ടെത്തി, രാത്രി 12 മണിക്ക് ബുറൈദയിൽനിന്ന് അദ്ദേഹത്തെ വിളിക്കുന്ന ഉസ്മാൻ എന്നൊരാളുണ്ടായിരുന്നു. തൃക്കരിപ്പൂർ സ്വദേശിയാണ്. ഏഴു വർഷക്കാലം ഒരു കൃഷിയിടത്തിൽ ആടുജീവിതത്തിനു സമാനമായി കഴിഞ്ഞുകൂടിയ ഒരു പാവം. നാട്ടിൽ തിരിച്ചുപോകാൻ ധൈര്യമില്ലാത്ത ഒരാൾ. സമൂഹത്തിൽ നിന്നും വീടിനുള്ളിൽ നിന്നും എന്തൊക്കെയോ വലിയ പ്രശ്‌നങ്ങൾ നേരിട്ട രണ്ടു പെങ്ങന്മാരുടെ സഹോദരൻ. ആറര വയസ്സുള്ള സുൽഫത്ത് മോളുടെ പിതാവ്. സീനത്തിന്റെ ഭർത്താവ്. അയാൾ ഒരിക്കൽ ചിന്തിച്ച് ഭ്രാന്ത് പിടിച്ച് മരിക്കാൻ തീരുമാനിച്ചിട്ട്, കൃഷിയിടത്തിൽ ഉപയോഗിക്കുന്ന മാരക വിഷം മദ്യത്തിൽ ചേർത്ത് മുമ്പിൽ വെച്ചിട്ടു അന്ത്യയാത്ര പറയാൻ ശിവപ്രസാദിനെ വിളിച്ചു. അരമണിക്കൂർ വീതമുള്ള മൂന്നു ഫോൺകോളുകൾ വേണ്ടിവന്നു അയാളെ സമാധാനിപ്പിക്കാൻ. എന്തായാലും ഉസ്മാൻ പിന്നീട് വൈകാതെ നാട്ടിലേക്ക് തിരിച്ചുപോയി. ഈ ഉസ്മാനെ ഒരു കവിതയിൽ ശിവപ്രസാദ് അവതരിപ്പിച്ചിട്ടുണ്ട്.
പുതിയ കവിതകൾ എഴുതിയതൊക്കെ സമാഹരിച്ചാൽ, രണ്ടോ മൂന്നോ സമാഹാരങ്ങൾ വരും. കവിതയ്ക്കൊപ്പം ചില കഥകൾ, ഒരു നോവൽ എന്നിങ്ങനെ സ്വപ്നങ്ങൾ പലതുണ്ട് ശിവപ്രസാദിന്റെ മനസ്സിൽ. രണ്ട് തവണ അറ്റ്‌ലസ് - ഏഷ്യാനെറ്റ് കവിതാ പുരസ്‌കാരം. അറ്റ്‌ലസ് - കൈരളി കവിതാ പുരസ്‌കാരം, ദുബായ് കൈരളി കലാകേന്ദ്രം കവിതാ പുരസ്‌കാരം, പ്രവാസി ബുക്ട്രസ്റ്റ് കവിതാ പുരസ്‌കാരം, ഷാർജ ഇന്ത്യൻ അസോസിയേഷൻ സാഹിത്യ പുരസ്‌കാരം തുടങ്ങിയ ബഹുമതികൾ ശിവപ്രസാദിനെ തേടിയെത്തിയിട്ടുണ്ട്.
തേവലക്കര പുത്തൻസങ്കേതത്തിൽ വി. പ്രഭാകരൻ പിള്ളയുടെയും മൈനാഗപ്പള്ളിയിൽ ശാന്തകുമാരിയമ്മയുടെയും മകനായ ശിവപ്രസാദ് കടപ്പ ലക്ഷ്മി വിലാസം യു.പി.സ്‌കൂൾ, വേങ്ങ മിലാദേ ഷരീഫ് ഹൈസ്‌കൂൾ, ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് എന്നിവിടങ്ങളിൽനിന്നാണ് വിദ്യാഭ്യാസം നേടിയത്. പന്ത്രണ്ട് വർഷം സൗദി അറേബ്യയിൽ ജോലി ചെയ്തു. ഇപ്പോൾ പന്ത്രണ്ട് വർഷമായി യു എ ഇയിൽ ജോലി ചെയ്യുന്നു. യുവ കലാസാഹിതിയിലും അക്ഷരക്കൂട്ടത്തിലും സജീവമായി പ്രവർത്തിക്കുന്നു. ഭാര്യ: മായാദേവി. മക്കൾ: ചാരുകേശ്, നിളാദേവി, പാർവണേന്ദു.






