സ്വീഡനിൽ നടക്കുന്ന ലോക പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കോഴിക്കോട് പുതിയകടവിലെ അബ്ദുൽസലീം, ഭാര്യ കൊച്ചുമോൾ, മകൾ ആയിഷാബീഗം എന്നിവരുടെ കായികചരിത്രം- ഒപ്പം ഇവർക്ക് താങ്ങേണ്ടി വരുന്ന ജീവിതഭാരത്തിന്റെ കഥയും..
പവർ ലിഫ്റ്റിംഗ് ഒരു കുടുംബകാര്യംപോലെയാണ് അബ്ദുൾ സലീമിന്. കുട്ടിക്കാലംതൊട്ടേ ജിംനേഷ്യത്തിലെ പരിശീലനത്തിലൂടെ കരുത്തുറ്റ ശരീരം സ്വന്തമാക്കിയ ഈ കായികതാരം തനിക്കു കൂട്ടായെത്തിയ ഭാര്യയെയും പിന്നീട് മകളെയും കായികയാത്രയിൽ തന്റെയൊപ്പം ചേർക്കുകയായിരുന്നു. കോഴിക്കോട് പുതിയകടവ് സ്വദേശിയായ അബ്ദുൽ സലീമും ഭാര്യ കൊച്ചുമോളും മകൾ ആയിഷാബീഗവും മാറ്റുരയ്ക്കാൻ പോകുന്നത് ലോകതലത്തിലാണ്. രാജ്യാന്തര മത്സരങ്ങളിൽ നിരവധി മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെച്ച് അംഗീകാരങ്ങൾ വാരിക്കൂട്ടിയ ഈ കുടുംബം മകളെയും കൊണ്ട് യാത്രയാകുന്നത് സ്വീഡനിലേയ്ക്കാണ്. അടുത്തമാസം ഇരുപത്തിമൂന്നു മുതൽ ഒക്ടോബർ മൂന്നു വരെ നടക്കുന്ന ലോക പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ രാജ്യത്തെ പ്രതിനിധീകരിച്ചാണ് ഈ കുടുംബം യാത്രയാവുന്നത്. ഒരുപക്ഷേ, ചരിത്രം വഴിമാറുകയാവാം. കുടുംബം മുഴുവൻ ഒരു മത്സരത്തിൽ പങ്കെടുക്കുകയെന്നതും അപൂർവതയാകാം.

മാസ്റ്റർ വിഭാഗത്തിൽ 93 കിലോഗ്രാം കാറ്റഗറിയിലാണ് അബ്ദുൽ സലീം മാറ്റുരയ്ക്കുന്നതെങ്കിൽ ഭാര്യ കൊച്ചുമോൾ 84 കിലോഗ്രാം കാറ്റഗറിയിലാണ് മത്സരിക്കുന്നത്. മകൾ ആയിഷയാകട്ടെ സബ്ജൂനിയർ വിഭാഗത്തിൽ 69 കിലോ
കാറ്റഗറിയിലും മത്സരിക്കുന്നു. 2019 ൽ ഇടുക്കിയിൽ നടന്ന ദേശീയ ക്ലാസിക് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഈ കുടുംബം നേടിയ തിളക്കമാർന്ന വിജയമാണ് ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള അർഹത നേടിക്കൊടുത്തത്. മത്സരത്തിൽ കൊച്ചുമോൾ സ്വർണം നേടിയപ്പോൾ അബ്ദുൾ സലീമും മകൾ ആയിഷയും വെള്ളി മെഡൽ കരസ്ഥമാക്കുകയായിരുന്നു. പിന്നീട് ഉത്തർപ്രദേശിൽ നടന്ന ദേശീയ സബ്ജൂനിയർ മത്സരത്തിൽ ആയിഷ വെങ്കലമെഡലും സ്വന്തമാക്കിയിരുന്നു.
കോഴിക്കോട് പുതിയകടവിലെ അബ്ദുറഹിമാന്റെയും ഫാത്തിമയുടെയും മകനായ അബ്ദുൾസലീമിന് പവർ ലിഫ്റ്റിംഗ് എന്നും ഹരമായിരുന്നു. ദേശീയ ചാമ്പ്യൻപട്ടം പലതവണ കരസ്ഥമാക്കിയ ഈ കായികതാരം 270 കിലോ വരെ ഉയർത്തിയിട്ടുണ്ട്. പതിനെട്ടു വയസ്സിൽ തുടങ്ങിയ സലീമിന്റെ ഈ ഭാരോദ്വഹനയാത്ര മൂന്നു പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണിപ്പോൾ. ഇതിനിടയിൽ 2015 - ൽ ഏഷ്യൻ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 105 കിലോ മാസ്റ്റേഴ്സ് വൺ വിഭാഗത്തിൽ മത്സരിച്ചിരുന്നു. ജാംഷഡ്പൂരിൽ നടന്ന ക്യാമ്പിലൂടെയായിരുന്നു ഇതിനുള്ള പരിശീലനം നേടിയത്. ഹോങ്കോങ്ങിൽ നടന്ന മത്സരത്തിലാണ് രാജ്യത്തെ പ്രതിനിധീകരിച്ച് ഈ കോഴിക്കോട്ടുകാരൻ വെങ്കല മെഡൽ കരസ്ഥമാക്കിയത്.

വെള്ളയിൽ യു.പി സ്കൂൾ വിദ്യാർത്ഥിയായിരിക്കേ കായികമത്സരങ്ങളിൽ മികവ് പ്രകടിപ്പിച്ച അബ്ദുൾ സലീമിനെ അയൽക്കാരനായ അയൂബാണ് യംഗ് സ്റ്റേഴ്സ് ജിംനേഷ്യത്തിൽ ചേർത്തത്. 1992 - ൽ നടന്ന ആദ്യമത്സരത്തിൽ പവർമാൻ പട്ടം കരസ്ഥമാക്കിക്കൊണ്ടായിരുന്നു തുടക്കം. ഭാരോദ്വഹനത്തിൽ അന്നുമുതൽ അബ്ദുൾസലീമിനെ വെല്ലുവിളിക്കാൻ ആരുമുണ്ടായിരുന്നില്ല. 1997 - ൽ മിസ്റ്റർ കാലിക്കറ്റ് ആയി തെരഞ്ഞെടുക്കപ്പെട്ട സലീം ശരീര സൗന്ദര്യവേദികളിലും നിറസാന്നിധ്യമായിരുന്നു. ക്രമേണ പവർ ലിഫ്റ്റിങ്ങിൽ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. 1998 ലും 1999 ലും മിസ്റ്റർ സൗത്ത് ഇന്ത്യയായും ഈ കായികതാരം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ബിഹാറിലെ ജംഷഡ്പൂരിൽ 2003 ൽ നടന്ന ദേശീയ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻപട്ടം സലീം കൈപ്പിടിയിലാക്കുകയായിരുന്നു. ക്രമേണ മത്സരവേദിയിൽനിന്നും പിന്മാറിയ അദ്ദേഹം മുഴുവൻ സമയ പരിശീലകനായി മാറി. ഇതിനിടയിൽ നിരവധി ജോലി സാധ്യതകൾ ഈ കായികതാരത്തെ തേടിയെത്തിയിരുന്നെങ്കിലും വിദ്യാഭ്യാസത്തിലെ പോരായ്മ വിലങ്ങുതടിയായി.
മത്സരവേദികളിൽനിന്നും അധികകാലം വിട്ടുനിൽക്കാൻ ഈ കായികതാരത്തിനായില്ല. 2013ൽ ഹിമാചൽ പ്രദേശിൽ നടന്ന മാസ്റ്റേഴ്സ് വൺ വിഭാഗത്തിൽ സ്വർണമെഡൽ നേടിയായിരുന്നു ആ കുതിപ്പ് വീണ്ടും കണ്ടത്. 2014- ൽ കശ്മീരിലും 2015 - ൽ പഞ്ചാബിലും ഈ വിജയം ആവർത്തിച്ചു. ഈ വിജയങ്ങളാണ് 2015 - ൽ ഹോങ്കോങിൽ നടന്ന ഏഷ്യൻ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിലേയ്ക്ക് വഴിതുറന്നത്. ആ മത്സരത്തിൽ മൂന്നാം സ്ഥാനത്തായിരുന്നു അബ്ദുൾസലീം.
അബ്ദുൾസലീമിന്റെ കായിക സപര്യയ്ക്ക് തികഞ്ഞ പിന്തുണയാണ് ഭാര്യ കൊച്ചുമോൾ നൽകുന്നത്. ഭാരോദ്വഹനവേദിയിൽവച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. ആ ഇഷ്ടം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലുമെത്തുകയായിരുന്നു. വനിതകളുടെ പവർ ലിഫ്റ്റിങ്ങിലും വെയ്റ്റ് ലിഫ്റ്റിങ്ങിലും ദേശീയ ചാമ്പ്യനായിരുന്നു ഈ കാമ്പുറത്തുകാരി. 1998 ൽ നടന്ന ദേശീയ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡലും കരസ്ഥമാക്കിയിട്ടുണ്ട്. കോട്ടപ്പറമ്പ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായകൊച്ചുമോൾ കേരള പവർ ലിഫ്റ്റിംഗ് ടീമിന്റെ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്.

ജിം ട്രെയിനറായ പിതാവിനൊപ്പം എട്ടാം ക്ലാസു മുതലാണ് ആയിഷാ ബീഗം പരിശീലനം തുടങ്ങിയത്. ജില്ലാതലത്തിലും സംസ്ഥാന തലത്തിലും തിളക്കമാർന്ന പ്രകടനമായിരുന്നു ഈ പ്ലസ്ടുക്കാരിയുടേത്. കുറ്റിച്ചിറ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിയാണിപ്പോൾ.
ലോക ചാമ്പ്യൻഷിപ്പിലേയ്ക്ക് അർഹത നേടുമ്പോഴും യാത്രയ്ക്കും മറ്റുമായുള്ള സാമ്പത്തികബാധ്യത ഈ കുടുംബത്തെ അലട്ടുന്നുണ്ട്. മത്സരവേദിയിലെ ഭാരം ഇവർക്ക് ഒരു പ്രശ്നമല്ല. എന്നാൽ യാത്രാചെലവിനും മറ്റുമായി വേണ്ടിവരുന്ന തുക എങ്ങനെ കണ്ടെത്തുമെന്നറിയില്ല. ഒരാൾക്ക് രണ്ടുലക്ഷം രൂപയോളം ചെലവു വരും. ഇതിൽ ഒരു ലക്ഷം ഈ മാസം പത്തിനകം അടയ്ക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. മൂന്നുപേർക്കുമായി ആറുലക്ഷം രൂപ വേണം. ഈ പണം സർക്കാർ ഗ്രാന്റായി നൽകാനാവില്ലെന്ന് പവർ ലിഫ്റ്റിങ് ഇന്ത്യ അറിയിച്ചുകഴിഞ്ഞു. മത്സരസമയത്ത് അണിയേണ്ട വേഷവിധാനങ്ങൾക്കും നീം ബാന്റ്, ബെഞ്ചിംഗ് പ്രസ് സ്യൂട്ട് എന്നിവയ്ക്കായി ചെലവ് വേറെയുമുണ്ട്. മാത്രമല്ല, പവർ ലിഫ്റ്റിങ്ങായതിനാൽ ഭക്ഷണത്തിന്റെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം. ഭാരം കൃത്യമായി നിലനിർത്തണം. കൂടാനോ കുറയാനോ പാടില്ല. ഇതിനും ചെലവുണ്ട്. പവർ ലിഫ്റ്റിങ്ങിനോടും തന്നോടും സ്നേഹമുള്ള ഏതെങ്കിലും സംഘടനയോ വ്യക്തികളോ സ്പോൺസർമാരായി എത്തിയിരുന്നെങ്കിൽ എന്നുപോലും ഇവർ ആഗ്രഹിച്ചുപോവുകയാണ്.
കയറിക്കിടക്കാൻ ഒരു വീടെന്ന സ്വപ്നത്തിനു പിറകെയാണിപ്പോൾ ഈ കുടുംബം. ബാങ്കിൽനിന്നും ലോണെടുത്ത് പുതിയകടവിനടുത്ത് വീടിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് മത്സരവും വന്നുചേർന്നിരിക്കുന്നത്.
പശ്ചിമ റെയിൽവേയിൽ സീനിയർ ഉദ്യോഗസ്ഥനായ സുരേഷിനെപ്പോലെ ദേശീയ, സംസ്ഥാന തലങ്ങളിൽ നിരവധി മെഡലുകൾ വാരിക്കൂട്ടിയ ഒട്ടേറെ കായികതാരങ്ങളെ വാർത്തെടുത്തിട്ടുള്ള പരിശീലകൻ കൂടിയാണ് അബ്ദുൾ സലീം. ബീച്ച് ആശുപത്രിക്കടുത്തുള്ള പവർ ഫിറ്റ്നസിന്റെ അമരക്കാരനായ ഇദ്ദേഹം ഭാര്യയോടും മകളോടുമൊപ്പം പരിശീലനം നടത്തുന്നതും ഇവിടെയാണ്. കൂടാതെ ഒട്ടേറെ കായികവിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. അബ്ദുൾ സലീമിന്റെ ഫോൺ നമ്പർ: 9847119515.






