സിഡ്‌നി ഒളിംപിക്‌സ് റിപ്പോർട്ടിംഗ് ഓർമ്മകൾ

കോവിഡ് മഹാമാരി നിമിത്തം കാണികൾ കുറവാണെങ്കിലും ലോകരാജ്യങ്ങളെല്ലാം പങ്കെടുക്കുന്ന ടോക്കിയോ ഒളിംപിക്‌സിന്്് തിരശ്ശീല വീഴുകയാണല്ലോ. ഒളിംപിക് മഹാകായികമേളകൾ ടെലിവിഷന് എക്കാലത്തും മഹോത്സവങ്ങളാണ്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ടെലിവിഷൻ പ്രേക്ഷകർ കാണുന്നതാണ് ഒളിംപിക് മേളകൾ. അതിന്റെ മുദ്രാവാക്യം തന്നെ 'മികവ്, സൗഹൃദം,ബഹുമാനം' എന്നിവയാണ്. കായികമേളകളിൽ പങ്കെടുക്കുന്നവർക്കെല്ലാം  ഒരു ഒളിംപിക് മെഡൽ നേടുകയെന്നത് ഏറ്റവും വലിയ സ്വപ്‌നമാണ്. ഉദ്ഘാടനമേളം നേരിൽ കാണാനാവുകയെന്നത് ജീവിതത്തിലെ അപൂർവമായ മഹാഭാഗ്യങ്ങളിലൊന്നാണ്. ആതിഥേയരാഷ്ട്രത്തിന്റെ സാംസ്‌കാരികത്തനിമയും ചരിത്രവും പൈതൃകവും എല്ലാം പ്രതിഫലിക്കുന്നതാണ് സാധാരണ ഉദ്ഘാടനമേള. അത്തരമൊന്ന് ഏറ്റവും മുമ്പിലത്തെ നിരയിലിരുന്ന് നേരിൽകാണുവാനും ഇന്ത്യൻ ദേശീയ ടെലിവിഷൻ മാധ്യമമായ ദൂരദർശനെ പ്രതിനിധീകരിക്കാനും എനിക്ക്്് ഭാഗ്യമുണ്ടായി: 2000 ൽ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ 24-ാമത് ഒളിംപിക് മേള അരങ്ങേറിയപ്പോൾ. പക്ഷേ, സിഡ്‌നിയിൽ വിമാനമിറങ്ങിക്കഴിഞ്ഞ് ഒരു മണിക്കൂർ നേരത്തോളം അനുഭവിച്ച മനഃസംഘർഷം ഓർക്കുമ്പോൾ ഞെട്ടുന്നു. 
2000 സെപ്തംബർ 15 വെളളിയാഴ്ച മുതൽ ഒക്ടോബർ 1 വരെയായിരുന്നു സിഡ്‌നി ഒളിംപിക്‌സ്. 220 രാജ്യങ്ങളിലായി 370 കോടി പ്രേക്ഷകർ ടെലിവിഷനിലൂടെ ഒളിംപിക്‌സ് കണ്ടു, ഓരോ രാജ്യത്തെയും ശരാശരി 90% പ്രേക്ഷകരും. 199 രാജ്യങ്ങളിൽ നിന്ന് 10651 അത്‌ലറ്റുകളാണ് സിഡ്‌നി ഒളിംപിക്‌സിൽ മത്സരിച്ചത്. 
ഉദ്ഘാടനച്ചടങ്ങ് നടന്ന ഒളിംപിക് സ്റ്റേഡിയത്തിൽ 1,30,000 പേർക്ക് ഇരിക്കാൻ പറ്റുമെങ്കിലും, അതിലും കൂടുതൽ ആളുകളെക്കൊണ്ട് സ്റ്റേഡിയം തിങ്ങിനിറഞ്ഞിരുന്നു. നാല്മണിക്കൂറിലധികം നീണ്ട ഉദ്ഘാടനമേള എക്കാലവും മനസ്സിൽ നിറയുന്ന കാഴ്ചയായിരുന്നു. അത്രയും വൈവിധ്യമുണ്ടായിരുന്നു, ആ കാഴ്ചകൾക്ക്. ഉദ്ഘാടനത്തിന് തലേന്ന് പങ്കെടുക്കുന്നവർക്കായി ഒരുക്കിയ ഓസ്‌ട്രേലിയയിലെ നാല് ഭാഗങ്ങളിൽ നിന്നുളള നാനൂറോളം വിഭവങ്ങളുളള വിരുന്നും ഹൃദ്യമായിരുന്നു. 
ഒളിംപിക് മേളകളുടെ പ്രക്ഷേപണത്തിനുളള അവകാശം അതാത് രാജ്യത്തെ ദേശീയ, പൊതുസേവന പ്രക്ഷേപണത്തിന്റെ ചുമതലയുളള ഏതാണ്ടെല്ലാ രാജ്യങ്ങളിലെയും ഗവണ്മെന്റിന്റെ നിയന്ത്രണത്തിലുളള റേഡിയോ, ടെലിവിഷൻ ചാനലുകൾക്കായിരുന്നു. ഇപ്പോൾ പ്രക്ഷേപണാവകാശം സ്വകാര്യ ടെലിവിഷൻ ചാനലുകൾക്കും ലഭിക്കുന്നുണ്ടെന്നതാണ് ടോക്കിയോ ഒളിംപിക്‌സിന്റെ പ്രക്ഷേപണത്തിൽ നിന്ന് മനസ്സിലാവുന്നത്. മുൻപ് ഇതായിരുന്നില്ല സ്ഥിതി. 
പ്രക്ഷേപണാവകാശങ്ങൾ ഓരോ രാജ്യവും ഒറ്റക്കായിരുന്നില്ല വാങ്ങിയിരുന്നത്. മറ്റ് ഏഷ്യാ പസിഫിക് രാജ്യങ്ങളെപ്പോലെ ഇന്ത്യയും ഏഷ്യ-പസിഫിക് ബ്രോഡ്കാസ്റ്റിംഗ് യൂണിയനിൽ അംഗമാണ്. മലേഷ്യയിലെ ക്വാലാലംപൂർ ആസ്ഥാനമായ എ.ബി.യുവിൽ 57 രാജ്യങ്ങളിൽ നിന്നായി 286 അംഗങ്ങളുണ്ട്; മുൻപ് അംഗത്വം അതത് രാജ്യങ്ങൾക്ക് മാത്രമായിരുന്നു. ഇപ്പോൾ അത് മാറി. 1964 ൽ സ്ഥാപിതമായ എബിയു ഏഷ്യാ-പസിഫിക് രാജ്യങ്ങളിലെ കൂട്ടായ പ്രക്ഷേപണം വികസിപ്പിക്കാൻ സഹായിക്കുകയുമാണ് ചെയ്യുന്നത്. പടിഞ്ഞാറ് ടർക്കി മുതൽ കിഴക്ക് സമോവ വരെയും വടക്ക്് മംഗോളിയ മുതൽ തെക്ക് ന്യൂസിലൻഡ് വരെയും ഉളള രാജ്യങ്ങളെല്ലാം അംഗങ്ങളാണ്. അതിന്റെ പരിശീലനകേന്ദ്രമായ എഐബിഡി (എഷ്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബ്രോഡ്കാസ്റ്റ് മാനേജ്‌മെന്റ്)യിൽ ഞാൻ മാനേജ്‌മെന്റ് പരിശീലനം നേടിയിരുന്നു.  എബിയുവിന്റെ പ്രവർത്തനത്തിന് ഓരോ അംഗരാജ്യവും വാർഷികധനസഹായം നൽകണം. ഒളിംപിക്‌സ് പോലുളള വൻകായികമേളകളുടെ പ്രക്ഷേപണാവകാശം അതിന്റെ അവകാശികളിൽ നിന്ന് വിലപേശി വാങ്ങുന്നത് എബിയുവാണ്; പിന്നീട് ഈ അവകാശം അംഗരാജ്യങ്ങൾക്കായി അതത് രാജ്യത്തെ റേഡിയോ, ടെലിവിഷൻ പ്രേക്ഷകരുടെ സംഖ്യ കണക്കാക്കി വിൽക്കന്നു. സിഡ്‌നി ഒളിംപിക്‌സിന്റെ അവകാശങ്ങളുടെ വിലപേശൽ 1998 - ൽ   തുടങ്ങിയിരുന്നു: എബിയുവിന്റെ സ്‌പോർട്‌സ് സ്റ്റഡിഗ്രൂപ്പിന്റെ യോഗങ്ങളിൽ പ്രധാനമായും ചർച്ചാവിഷയങ്ങൾ ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ഒളിംപിക്‌സ് എന്നിവയുടെ അവകാശങ്ങൾ വാങ്ങുകയും പങ്കിടുന്നതുമായിരുന്നു. ഈ ഗ്രൂപ്പിൽ ഇന്ത്യയെ ഞാൻ ഏതാനും കൊല്ലങ്ങൾ പ്രതിനിധീകരിച്ചിരുന്നു. 2000 ഒളിംപിക്‌സിന്റെ പ്രക്ഷേപണാവകാശങ്ങൾ ചർച്ച ചെയ്യാൻ രണ്ട് തവണ സിഡ്‌നിയിലും ക്വാലാലംപൂരിലും പിന്നീട് 2000 മാർച്ചിൽ ഇന്ത്യ ആതിഥേയത്വം വഹിച്ച മദിരാശിയിലെ യോഗത്തിലും ഞാൻ ദൂരദർശന് വേണ്ടി പങ്കെടുത്തിരുന്നു.
സെവൻനെറ്റ്‌വർക്ക് ഓഫ് ഓസ്‌ട്രേലിയയ്ക്കായിരുന്നു ഒളിംപിക്‌സിന്റെ സംപ്രേഷണത്തിനുളള പരിപാടികൾ നിർമ്മിക്കുന്ന ചുമതല. (ഓസ്‌ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷനായിരുന്നില്ല!) അന്തർദ്ദേശീയ ടെലിവിഷൻ പ്രക്ഷേപണത്തിനുളള സിഗ്നലുകൾ അവരാണ് തയ്യാറാക്കിയിരുന്നത്. അത് എല്ലാ രാജ്യങ്ങൾക്കുമായി ഉപഗ്രഹത്തിലേക്കയയ്ക്കുമ്പോൾ, അതതു രാജ്യങ്ങളിലെ ഭാഷകളിൽ കമന്ററി ചേർത്ത്, ഗ്ലോബൽ മീഡിയ സെന്ററിൽ നിന്ന് ഉപഗ്രഹത്തിലേക്ക് പോകും; അതത് രാജ്യങ്ങൾക്കായുളള ശബ്ദത്തോടു കൂടിയ സിഗ്നലുകൾ ഡൗൺലോഡ് ചെയ്ത് പരിപാടി പ്രേക്ഷകർക്ക് ലഭ്യമാക്കും. രാജ്യങ്ങൾ പങ്കെടുക്കുന്ന മത്സരങ്ങൾ കവർചെയ്യാനും, അതത് ദിവസത്തെ മത്സരങ്ങളുടെ സംഗ്രഹദൃശ്യങ്ങളും തയ്യാറാക്കുന്നതിന് ഓരോ രാജ്യത്തുനിന്നും ടെലിവിഷൻ റേഡിയോ ടീമുകളുണ്ടാവും; ഇന്ത്യയിൽ നിന്ന് സിഡ്‌നിയിലേക്ക് പോയ ടീമിൽ പ്രൊഡ്യൂസർമാർ കാമറാമെൻ, കമന്റേറ്റർമാർ, വീഡിയോ എഡിറ്റർമാർ, എൻജിനീയർമാർ എന്നിങ്ങനെ 48 അംഗങ്ങളുണ്ടായിരുന്നു. അവർക്കെല്ലാം സിഡ്‌നിയിലെ ഒളിംപിക് പാർക്കിലായിരുന്നു താമസമൊരുക്കിയിരുന്നത്. അവർ നേരത്തേ തന്നെ സിഡ്‌നിയിലെത്തി ഒളിംപിക്‌സിന്റെ ഒരുക്കങ്ങളെക്കുറിച്ചുളള പരിപാടികൾ തയ്യാറാക്കാൻ തുടങ്ങിയിരുന്നു. ഞാനും ചീഫ് എൻജിനീയർ രാംകുമാർ ഗുപ്തയും ഒളിംപിക്‌സ് ഉദ്ഘാടനത്തിന്റെ മൂന്ന് ദിവസം മുൻപാണ് സിഡ്‌നിയിലേക്ക് യാത്ര തിരിക്കുന്നത്.
ഒളിംപിക്‌സ് കമൻഡേറ്റർമാരെ നിയോഗിക്കാനുളള തെരഞ്ഞെടുപ്പിന് പലർക്ക് വേണ്ടിയും പല ഉന്നതകേന്ദ്രങ്ങളിൽ നിന്നും വലിയ സമ്മർദ്ദമുണ്ടായിരുന്നു. അന്ന്  വാർത്താവിതരണ പ്രക്ഷേപണമന്ത്രി പരേതനായ അരുൺ ജെയ്റ്റ്‌ലിയും പ്രസാർ ഭാരതിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ രാജീവ് രത്‌ന ഷായുമായിരുന്നു. ദൂരദർശൻകാലത്തെ ഏറ്റവും സന്തോഷപ്രദമായ കാലങ്ങൾ ഇവരുടെ കീഴിൽ പ്രവർത്തിച്ചപ്പോഴായിരുന്നു. അത്രയും നല്ല മേലധികാരികൾ വേറെ ഉണ്ടായിട്ടില്ല. മുൻപ് റേഡിയോവിലും കുറച്ചുകാലം ദൂരദർശനിലും പ്രവർത്തിച്ചിരുന്ന പ്രഗത്ഭനായ ഒരു ഹിന്ദി കമൻഡേറ്റർ സിഡ്‌നി ഒളിംപിക്‌സിൽ തന്നെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട്, ജീവിതത്തിലെ അവസാനത്തെ മോഹമാണെന്ന് പറഞ്ഞ് ആദ്യം എന്നെ കണ്ടു. പിന്നീട് മന്ത്രിയെയും. അദ്ദേഹം ഇറങ്ങിയ ഉടനെ മന്ത്രി അരുൺ ജെയ്റ്റ്‌ലി എന്റെ മൊബൈലിൽ വിളിച്ച് അദ്ദേഹം കരഞ്ഞുകൊണ്ട് അപേക്ഷിച്ച കാര്യവും അതുപോലെ മറ്റുപലരും വന്ന് പേരുകൾ ശുപാർശ ചെയ്യാൻ പറഞ്ഞ കാര്യവും അറിയിച്ച ശേഷം പറഞ്ഞു,''ഈ വിവരങ്ങൾ ഞാൻ നിങ്ങളുടെ അറിവിന് വേണ്ടി മാത്രം പറയുകയാണ്; ഏറ്റവും നല്ല പ്രൊഫഷനലുകളെ നിശ്ചയിക്കാൻ പൂർണസ്വാതന്ത്ര്യമുണ്ട്. ആരും ഇടപെടുകയില്ല.'' ചീഫ് എക്‌സിക്യൂട്ടീവ്്് ഓഫീസറടക്കം ആരും
ഇടപെട്ടില്ല. പക്ഷെ, ഞാൻ സിഡ്‌നിയിൽ നിന്ന് മടങ്ങുമ്പോഴേക്കും അരുൺ ജെയ്റ്റ്‌ലി ഞങ്ങളുടെ മന്ത്രിയല്ലാതായിക്കഴിഞ്ഞിരുന്നു, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യദോഷത്തിന് വഴിയൊരുക്കിക്കൊണ്ട്. അവർ രണ്ടുപേരും  കുറച്ചുകാലം അതതു പദവികളിൽ തുടർന്നിരുന്നെങ്കിൽ പ്രസാർഭാരതിയുടെ സ്ഥിതി വളരെ മെച്ചപ്പെടുമായിരുന്നു. 
സിഡ്‌നിയിലേക്കുളള യാത്രകളിൽ സ്വന്തം ചെലവിൽ ഭാര്യ രാഗിണിയും മറ്റ് രണ്ട്  ഉയർന്ന ഉദ്യോഗസ്ഥരുടെ ഭാര്യമാരും മുൻയാത്രകളിൽ അനുഗമിച്ചിരുന്നു, നഗരത്തിന്റെ ഭംഗി ആകർഷണീയമായിരുന്നു, മാത്രമല്ല ഒളിംപിക്‌സിനായി നഗരം അതിമനോഹരമായി അണിഞ്ഞൊരുങ്ങിയിരുന്നു. സിങ്കപ്പൂരിൽ നിന്നും ഞങ്ങൾ യാത്ര ചെയ്ത ക്വാന്റാസ് വിമാനം വൈകുന്നേരം ഇറങ്ങി; വിമാനത്തിൽ വച്ചുതന്നെ എംബാർക്കേഷൻ കാർഡും കസ്റ്റംസ് ഫോറവും പൂരിപ്പിച്ച് നൽകിയിരുന്നു.  പക്ഷെ പുറത്തേക്ക് കടക്കാൻ ട്രോളിയിൽ സ്യൂട്ട്‌കെയ്‌സ് എടുത്തുവയ്ക്കുന്നതിന് മുമ്പുതന്നെ പെട്ടെന്ന് ഒരു നായ അതിന്മേൽ പൊത്തിപ്പിടിച്ചിരിക്കാൻ തുടങ്ങി. ഞാൻ അടുത്ത് ചെല്ലാൻ ശ്രമിക്കുമ്പോൾ തന്നെ അത് മുരണ്ട് എന്റെ നേരെ ചാടാൻ തുടങ്ങും. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ ആദ്യം വളരെ സൗഹൃദത്തോടെ പെരുമാറി. പിന്നീട് അവർ എന്നെ ചോദ്യം ചെയ്യാൻ തുടങ്ങി. പെട്ടിക്കുളളിൽ എന്തെങ്കിലും നിരോധിതവസ്തുക്കളില്ലാതെ ഘ്രാണശക്തിയുളള നായ അങ്ങനെ പെരുമാറുകയില്ലെന്നവർ ശഠിക്കാൻ തുടങ്ങി. ഒന്നുമില്ലെന്ന് ഞാൻ പിന്നെയും ആണയിട്ടു. എന്നെ വിളിക്കാൻ വന്ന ഇന്ത്യൻ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥൻ ഇടപെട്ട് ഞാൻ ഇന്ത്യയിൽനിന്ന് ഒളിംപിക്‌സ് കവർ ചെയ്യാൻ വന്ന ടീമിന്റെ തലവനാണെന്ന പറഞ്ഞുനോക്കി; ഒരു രക്ഷയുമില്ല. പുറത്ത് എന്നെ കാത്തുനിന്നിരുന്ന സഹപ്രവർത്തകരുടെ കയ്യിൽ നിന്ന് ഒളിംപിക്‌സിന്റെ പാസ് വാങ്ങിക്കൊണ്ടുവന്ന് തെളിവ് നൽകി. കാര്യമില്ല. മയക്കുമരുന്നുകൾ ഉണ്ടാവുമെന്നായിരുന്നു അവരുടെ സംശയം. 
ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥൻ ഉയർന്ന ഉദ്യോഗസ്ഥന്മാരെ വിളിച്ചു, നയതന്ത്രപ്രശ്‌നമായേക്കുമോ എന്ന് പേടിയായി. ഒടുവിൽ അവർ നായയെ എങ്ങനെയോ മാറ്റിനിർത്തി എന്നെക്കൊണ്ട് പെട്ടി തുറപ്പിച്ചു. അപ്പോഴാണ് അതിൽ ഞാൻ പതിവായി കഴിച്ചുകൊണ്ടിരുന്ന ആയുർവേദ ഗുളികകൾ ഉണ്ടെന്ന് കണ്ടത്. അതെന്താണെന്ന് അവർക്ക് വിസ്തരിച്ച് പറഞ്ഞുകൊടുക്കേണ്ടിവന്നു. അവർ കസ്റ്റംസിന് ഞാൻ പൂരിപ്പിച്ചുനൽകിയ ഫോറമെടുത്തു. അതെന്നെ കാണിച്ചു. അതിൽ മരുന്നുകളുടെ കാര്യം എഴുതാതിരുന്നതെന്തുകൊണ്ടാണെന്ന് ചോദിച്ചു. മരുന്നുകളുടെ പുറത്തെ ലേബലിന് പുറമെ ആയുർവേദ വൈദ്യശാലയുടെ കുറിപ്പുമുണ്ടായത് രക്ഷയായി. അവസാനം ഫോറം വീണ്ടും പൂരിപ്പിച്ച് ഹെർബൽ മെഡിസിൻ എന്നെഴുതിയതോടെ പ്രശ്‌നം പെട്ടെന്ന് തീർന്നു. അതുവരെ എന്നോട് മുരണ്ടുകൊണ്ടിരുന്ന നായ പെട്ടെന്ന് സ്‌നേഹം പ്രകടിപ്പിച്ചുതുടങ്ങി; ഉദ്യോഗസ്ഥന്മാരും ബുദ്ധിമുട്ടിച്ചതിൽ ക്ഷമ ചോദിച്ചു, തെറ്റ് എന്റെ അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെങ്കിലും.
 

Latest News