ദുബായ്- കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി യു.എ.ഇ. ഷോപ്പിംഗ് കേന്ദ്രങ്ങള്‍, റസ്റ്റോറന്റുകള്‍, കഫെറ്റീരിയകള്‍, സിനിമ തിയറ്ററുകള്‍, ഉല്ലാസ കേന്ദ്രങ്ങള്‍, മ്യൂസിയം എന്നിവിടങ്ങളില്‍ ഉള്‍ക്കൊള്ളാവുന്നതിന്റെ 80 ശതമാനം പേര്‍ക്കു പ്രവേശനം അനുവദിക്കും.
ഒരു മേശ്ക്കു ചുറ്റും ഇരിക്കാവുന്നവരുടെ എണ്ണം 10 ആയി ഉയര്‍ത്തിയതായും ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി. എന്നാല്‍ പൊതുപരിപാടികളില്‍ പ്രവേശനം 60 ശതമാനം പേര്‍ക്കു മാത്രം. വിവാഹ വിരുന്നുകള്‍ക്കടക്കം ഇതു ബാധകമാണ്. പങ്കെടുക്കുന്നവരുടെ എണ്ണം 300ല്‍ കൂടുകയുമരുത്. പങ്കെടുക്കുന്നവര്‍ 2 ഡോസ് വാക്‌സിന്‍ സ്വീകരിക്കുകയും പരിപാടിയുടെ 48 മണിക്കൂറിനകം നടത്തിയ പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കുകയും വേണം.






