Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജീവിതശൈലീ രോഗങ്ങളോട്  ജാഗ്രത

ജീവിത ശൈലിയിലും ഭക്ഷണക്രമത്തിലും അശ്രദ്ധയുള്ളവർ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങൾ നിരവധിയാണ്. സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക, പുകവലി, മദ്യപാനം, അമിതമായ ഭക്ഷണം, വ്യായാമക്കുറവ്, ക്രമം തെറ്റിയ ഉറക്കം, മാനസിക സമ്മർദ്ദം തുടങ്ങിയവയെല്ലാം ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. 
ക്രമരഹിതവും താളംതെറ്റിയതുമായ ജീവിതം പല തരത്തിലുള്ള രോഗങ്ങൾക്ക് കാരണമാവുന്നു. ഒട്ടുമിക്ക ജീവിതശൈലി രോഗങ്ങളുടെയും അടിസ്ഥാനം ക്രമം തെറ്റിയ ജീവിതരീതികളാണ്. രോഗലക്ഷണങ്ങളെ അവഗണിക്കുകയും പ്രതിരോധ നടപടികൾ സ്വീകരിക്കാതിരിക്കുകയും ചെയ്യുക എന്നത് ശരാശരി മലയാളികളുടെ രീതിയായി മാറിയിട്ടുണ്ട്. രോഗങ്ങൾ പരിധിവിട്ട് രൂക്ഷമായി മാറുമ്പോഴാണ്  പലരും ചികിത്സ തേടിയെത്തുന്നത്. നമുക്കിടയിൽ ഹൃദ്രോഗികളുടെയും വൃക്കരോഗികളുടെയും എണ്ണം കൂടുന്നതിന്റെ കാരണം വേറെ തേടേണ്ടതില്ല. മലയാളികൾക്കിടയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ചില ആരോഗ്യ പ്രശ്‌നങ്ങൾ ഇതാ...
രക്തസമ്മർദ്ദം
ഹൃദയം സങ്കോചിക്കുമ്പോൾ പമ്പു ചെയ്യപ്പെടുന്ന രക്തം ധമനികളുടെ ഭിത്തിയിൽ ചെലുത്തുന്ന മർദ്ദമാണ്  രക്തസമ്മർദ്ദം അഥവ ബ്ലഡ് പ്രഷർ. ബി.പി ഒരു രോഗമല്ല, അത് ശരീരത്തിന് അത്യാവശ്യമാണ്. എന്നാൽ അത് അമിതമാകുമ്പോൾ പ്രശ്‌നങ്ങളുണ്ടാകുന്നു. 
മദ്യപാനം, പുകവലി, സാമ്പത്തികമായൊ തൊഴിൽപരമായൊ ഉള്ള സ്‌ട്രെസ്, ചിട്ടയില്ലാത്ത ഭക്ഷണരീതി, പൊണ്ണത്തടി, അമിതമായ ഭക്ഷണം, വ്യായാമക്കുറവ് എന്നിവയൊക്കെ രക്തസമ്മർദ്ദം വർധിക്കാൻ കാരണങ്ങളാണ്. 
ഫാസ്റ്റ് ഫുഡാണ് രക്തസമ്മർദ്ദം വർധിക്കാനുള്ള മറ്റൊരു പ്രധാന കാരണം. അമിതമായ ഉപ്പു കലർന്ന ഫാസ്റ്റ്ഫുഡുകൾ ശീലിച്ചവർക്ക് ഉപ്പിനോട് അമിതമായ പ്രതിപത്തിയുണ്ടാകും. ഇത് രക്തസമ്മർദ്ദം ഉയരാൻ ഇടയാകും. വർധിച്ച രക്തസമ്മർദ്ദത്തെ ഫലപ്രദമായി നിയന്ത്രിച്ചില്ലെങ്കിൽ  ഭാവിയിൽ ഹൃദയം, മസ്തിഷ്‌കം, വൃക്ക എന്നിവയുടെ പ്രവർത്തനം തന്നെ തകരാറിലായേക്കാം. 
25 വയസ്സു പിന്നിട്ടവർ ബി പി പരിശോധന നടത്തേണ്ടതാണ്. 140/90 എന്ന ക്രമം വിട്ടു കഴിഞ്ഞാൽ രക്താധിസമ്മർദ്ദത്തിന് ചികിത്സ തേടേണ്ടതാണ്. പാരമ്പര്യമായി ഹൃദ്രോഗവും രക്താധിസമ്മർദ്ദവും ഉണ്ടാവാൻ സാധ്യതയുള്ളവരാണ് ഇന്ത്യക്കാർ എന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. 
ഫാറ്റി ലിവർ
മറ്റു ജീവിതശൈലി രോഗങ്ങളെപ്പോലെ തന്നെ പ്രകടമായ ലക്ഷണങ്ങളൊന്നുമില്ലാതെ വന്നെത്തുന്ന രോഗമാണ് ഫാറ്റി ലിവർ.   നോൺ ആൽക്കഹോളിക് ഫാറ്റിലിവർ എന്ന താരതേമ്യന ഗൗരവം കുറഞ്ഞ ഫാറ്റിലിവറും വളരെ ഗുരുതരമായ നോൺ ആൽക്കഹോളിക് സിറ്റിയറ്റോ ഹെപ്പറ്റൈറ്റിസ് എന്ന ഫാറ്റിലിവറും കണ്ടുവരാറുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ കൊഴുപ്പ് കരളിൽ അടിഞ്ഞു കൂടിയാണ് ഈ രോഗമുണ്ടാകുന്നത്. ഈ രോഗത്തിന് നിരവധി കാരണങ്ങളുണ്ടെങ്കിലും മദ്യപാനികളിലാണ് കൂടുതൽ കണ്ടുവരുന്നത്. പെട്ടെന്ന് ശരീരഭാരം കൂട്ടുന്നതും കുറയ്ക്കാനായി പട്ടിണി കിടക്കുന്നതും ഈ രോഗത്തിന് കാരണമായിത്തീരും. ഭക്ഷണത്തിലെ എണ്ണയും കൊഴുപ്പും കുറച്ചും ദിവസവും വ്യായാമം ചെയ്തും ഈ രോഗത്തെ തടയാവുന്നതാണ്. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ഫാറ്റിലിവറിന്റെ ഭീഷണി കുറയ്ക്കാൻ സഹായിക്കും. ഈ രോഗമുള്ളവരും സാധ്യതയുള്ളവരും മദ്യപാനം പൂർണമായും നിർത്തണം. 
അസിഡിറ്റിയും അൾസറും
ഗൾഫ് മലയാളികളിൽ സാധാരണയായി കണ്ടുവരുന്ന അസുഖങ്ങളിലൊന്നാണ് അസിഡിറ്റി. വയറ്റിൽ എരിച്ചിലും പുകച്ചിലും വരുമ്പോൾ പലരും ടാബ്‌ലറ്റിലും പച്ചമരുന്നുകളിലും അഭയം തേടാറാണ് പതിവ്. അസിഡിറ്റിയുമായി ക്ലിനിക്കുകളിൽ ചികിത്സക്കെത്തുന്ന പലരിലും അൾസർ കാണാറുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. പ്രഭാത ഭക്ഷണം കഴിക്കാതെ ജോലിസ്ഥലത്തേക്കും ഓഫിസിലേക്കും ഓടുന്നവരിൽ മിക്കവരും അസിഡിറ്റിയും അൾസറും മൂലം കഷ്ടപ്പെടുന്നുണ്ട്. ഇതിനു പുറമെ നെഞ്ചെരിച്ചിൽ, പുളിച്ചു തികട്ടൽ എന്നീ പ്രശ്‌നങ്ങളും  കണ്ടുവരാറുണ്ട്. സമയത്ത് ഭക്ഷണം കഴിക്കാതെ വയർ കാലിയായി കിടക്കുന്നതാണ് ഈ പ്രശ്‌നങ്ങളുടെ പ്രധാന കാരണം. പകൽ മുഴുവൻ പട്ടിണി കിടന്ന് രാത്രി വയർ നിറച്ചു ഭക്ഷണം കഴിക്കുന്നതും  പ്രശ്‌നങ്ങളുണ്ടാക്കും. നെഞ്ചെരിച്ചിൽ കാരണം ഉറക്കം കിട്ടാത്ത സാഹചര്യമുണ്ടെങ്കിൽ ഉടൻ ചികിത്സ തേടേണ്ടതാണ്. 
1. വയർ കാലിയായി കിടക്കാതെ സമയത്തിന് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
2. അമിത ഭക്ഷണം പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ ഒഴിവാക്കുക.
3. ഭക്ഷണത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുക.
4. ദിവസവും പത്തു ഗ്ലാസ് വെള്ളം കുടിക്കുക.
5. സോഫ്റ്റ് ഡ്രിങ്ക്‌സിന്റെയും ചായ, കാപ്പി തുടങ്ങിയവയുടെയും ഉപയോഗം കുറയ്ക്കുക
6. മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക. 
കൊളസ്‌ട്രോൾ
വ്യായാമക്കുറവും അനാരോഗ്യകരമായ ഭക്ഷണ രീതിയുമാണ് വ്യക്തികളെ കൊളസ്‌ട്രോൾ ഭീഷണിയിലേക്കെത്തിക്കുന്നത്. വറുത്തതും പൊരിച്ചതുമായ ഭക്ഷണം, ഫാസ്റ്റ്ഫുഡ്, അമിതമായി മധുരമുള്ള സോഫ്റ്റ് ഡ്രിങ്കുകളും കോളകളും, അലസതയിലൂടെ തീർക്കുന്ന ഒഴിവു സമയങ്ങൾ തുടങ്ങിയവയാണ് കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുന്ന ഘടകങ്ങൾ. കൊളസ്‌ട്രോൾ ചികിത്സയിൽ മരുന്നിനേക്കാൾ പ്രധാനം ശരിയായ ജീവിത ചിട്ട പാലിക്കുന്നതിനും വ്യായാമത്തിനുമാണ്. കൊളസ്‌ട്രോളിന്റെ കാര്യത്തിൽ പാരമ്പര്യത്തിനും വലിയ പ്രാധാന്യമുണ്ട്. അച്ഛനമ്മമാർക്ക് കൊളസ്‌ട്രോൾ ഉണ്ടെങ്കിൽ മക്കൾക്കും ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ഇങ്ങനെ പാരമ്പര്യമായി കോളസ്‌ട്രോൾ ഉണ്ടാവാൻ സാധ്യതയുള്ളവർ കാലെക്കൂട്ടി മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണ്.  
പ്രമേഹം
പണ്ടൊക്കെ 40 വയസ്സു കഴിഞ്ഞിരുന്നവരിലാണ് പ്രമേഹം രോഗാവസ്ഥയായി കണ്ടിരുന്നത്. ഇന്ന് 25 വയസ്സുകാരിലും ചിലപ്പോൾ അതിനേക്കാൾ  ചെറുപ്പക്കാരിലും പ്രമേഹം കണ്ടുവരുന്നു. കോളകളും ലഘുപാനിയങ്ങളും ജീവിതത്തിന്റെ ഭാഗമായപ്പോൾ പ്രമേഹവും ചെറുപ്പക്കാരോടൊപ്പം  കൂടുകയാണ്. പ്രമേഹത്തെ നിയന്ത്രിക്കുക എന്നത് എല്ലാ ജീവിതശൈലി രോഗങ്ങളെയും നിയന്ത്രിക്കലാണ്. ഹൃദ്രോഗം, വൃക്കരോഗം തുടങ്ങി അതീവ ഗുരുതരമായ പല രോഗങ്ങളിലേക്കുമുള്ള പാതയാണ് പ്രമേഹം. പ്രമേഹം നേരത്തെ  വരുന്നവർക്ക് ദീർഘകാലം ജീവിതത്തിൽ ദുരിതമനുഭവിക്കേണ്ടി വരും. അനാരോഗ്യകരമായ ഭക്ഷണപാനീയങ്ങൾ ഒഴിവാക്കിയും ദിവസവും വ്യായാമങ്ങൾ ശീലമാക്കിയും പ്രമേഹത്തെ തടഞ്ഞു നിർത്താനായാൽ ദീർഘകാലം ആരോഗ്യത്തോടെ കഴിയാനാവും. പ്രമേഹത്തെ അകറ്റി നിർത്താൻ ചില നിർദേശങ്ങളിതാ...

1. ശീതള പാനീയങ്ങളെയും കോളകളെയും അകറ്റി പരമാവധി ശുദ്ധജലം മാത്രം കുടിക്കുക.
2. അമിതമായ ഭക്ഷണം ഒഴിവാക്കുക
3. അസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക
4. ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക, അല്ലെങ്കിൽ ശരീരത്തിന് ആയാസം ലഭിക്കുന്ന കളികളിലൊ മറ്റു വിനോദങ്ങളിലൊ പങ്കുചേരുക. 
5. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കുക
6. വറുത്തതും പൊരിച്ചതുമായ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക.
7. ഫാസ്റ്റ് ഫുഡുകളെ അകറ്റി നിർത്തുക.
8. മദ്യത്തിന്റെ ഉപയോഗവും പുകവലിയും ഒഴിവാക്കുക.  
9. ആറു മാസത്തിലൊരിക്കലെങ്കിലും ഷുഗർ നില പരിശോധിക്കുക.
10. ലിഫ്റ്റ്, എസ്‌കലേറ്റർ എന്നിവയുടെ ഉപയോഗം കുറച്ച് പടികൾ കയറി ജീവിതത്തെ ചലനാത്മകമാക്കുക. 
കടുത്ത മാനസിക സമ്മർദ്ദം
ഗൾഫ് മലയാളികളിലാണ് നാട്ടിലുള്ളവരേക്കാൾ  കൂടുതലായി ഈ പ്രശ്‌നം കണ്ടുവരുന്നത്. നാട്ടിലെ കുടുംബ പ്രശ്‌നങ്ങൾ, സാമ്പത്തിക നഷ്ടങ്ങൾ, പണത്തിന്റെ കുറവ്, ജോലിഭാരം, ജോലിയിൽ നിന്നുള്ള സമ്മർദ്ദങ്ങൾ തുടങ്ങി ഗൾഫുകാരുടെ ഉറക്കം കെടുത്തുന്ന പ്രശ്‌നങ്ങൾ നിരവധിയാണ്. നിരന്തരം മാനസിക സമ്മർദ്ദങ്ങൾ അനുഭവിക്കുന്നവരാണ് മിക്ക ബാച്ചിലർ ഗൾഫുകാരും. ഇത് പല വൈകാരിക പ്രശ്‌നങ്ങൾക്കും ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമായിത്തീരുന്നുണ്ട്. രാവും  പകലും പിരിമുറുക്കവുമായി ജീവിക്കുന്നത് ഒട്ടും നല്ലതല്ല.  അമിതമായ മാനസിക സമ്മർദ്ദം ഗൾഫുകാരിൽ വിഷാദരോഗികളുടെ എണ്ണം കൂട്ടിക്കൊണ്ടിരിക്കുകയാണ്. ഇവരിൽ ഹൃദയാഘാത സാധ്യത സാധാരണക്കാരെ അപേക്ഷിച്ച് രണ്ടിരട്ടി കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്. മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കാൻ സ്വയം തയ്യാറെടുപ്പുകൾ നടത്തുക എന്നത് പ്രധാനമാണ്.

1. മനസിനു സുഖവും സന്തോഷവും നല്കുന്ന കാര്യങ്ങൾ ദിവസവും ചെയ്യുക. വായന, പാട്ടുകേൾക്കൽ, കളികൾ എന്നിവ മനസ്സിന് കുളിർമ പകരും. ഇതിനായി പ്രത്യേകം സമയം കണ്ടെത്താൻ ശ്രമിക്കുക. 
2. സ്വന്തം കഴിവുകളും പരിമിതികളും തിരിച്ചറിയാൻ ശ്രമിക്കുക.
3. സ്വന്തം സാമ്പത്തിക സ്ഥിതിയെക്കുറിച്ച് നല്ല ബോധമുണ്ടാവുക.
4. ജീവിതത്തോട് പോസിറ്റീവ് ആയ സമീപനം സ്വീകരിക്കുക.
5. മുന്നിലേക്ക് വരുന്ന പ്രശ്‌നങ്ങളെ യാഥാർത്ഥ്യബോധത്തോടെ കാണാൻ ശ്രമിക്കുക.
6. നല്ല വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും ഉണ്ടാകാൻ പരിശ്രമിക്കുക.
7. നല്ല ഉറക്കം അനിവാര്യമാണ്. ദിവസവും ആറു മണിക്കൂറെങ്കിലും നന്നായി ഉറങ്ങുക. 

Latest News