അബുദബി- ജനസംഖ്യയിൽ 78 ശതമാനവും വൈറ്റമിൻ ഡിയുടെ കുറവ് അനുഭവിക്കുന്ന യു.എ.ഇയിൽ വൈറ്റമിൻ ഡി അടങ്ങിയ കുപ്പി വെള്ളവും വിപണിയിലെത്തി. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ സുരക്ഷിതമായ കുടിവെള്ളമാണിതെന്ന് നിർമ്മാതാക്കളായ അഗിത ഗ്രൂപ്പ് അറിയിച്ചു. അൽ ഐൻ വൈറ്റമിൻ ഡി വാട്ടർ 500 മില്ലി കുപ്പിക്ക് വില രണ്ടു ദിർഹമാണ്. യു.എ.ഇ വ്യവസായ, ഊർജ്ജകാര്യ മന്ത്രി സുഹൈൽ മുഹമ്മദ് ഫറജ് അൽ മസ്‌റൂഇ, ഭക്ഷ്യ സുരക്ഷാ മന്ത്രി മറിയം അൽ മുഹൈരി എന്നിവരുടെ സാന്നിധ്യത്തിൽ ആഗോള ജല ഉച്ചകോടിയിലാണ് ഇത് അവതരിപ്പിച്ചത്.
ഈ കുപ്പിവെള്ളത്തിന് വ്യത്യസ്ത രുചികൾ നൽകുകയോ നിറമോ രാസവസ്തുക്കളോ ചേർക്കുകയോ ചെയ്തിട്ടില്ല. 'അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് മൂന്ന് വയസ്സിനു മുകളിലുള്ള കുട്ടികൾക്കും മുതിർന്നവർക്കും ദിവസം പരമാവധി ലഭിക്കേണ്ടത് 600 യൂണിറ്റ് വൈറ്റമിൻ ഡി ആണ്. അര ലിറ്റർ വൈറ്റമിൻ ഡി വെള്ളക്കുപ്പിയിൽ 50 യൂണിറ്റാണ് അടങ്ങിയിരിക്കുന്നത്. സാധാരണ ഗതിയിൽ യുഎഇയിൽ ഒരാൾ കുടിക്കുന്നത് ശരാശരി രണ്ടു ലീറ്റർ വെള്ളമാണ്. ഒരാൾ രണ്ടു ലീറ്റർ വൈറ്റമിൻ ഡി വാട്ടർ കുടിച്ചാൽ പോലും അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് ലഭിക്കേണ്ട വൈറ്റമിൻ ഡിയിലും കുറവായിരിക്കും ലഭിക്കുക,' അഗിത ഗ്രൂപ്പ് ഗവേഷണ വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് ഡോ. റബിഹ് കംലെ പറയുന്നു.
വേണ്ടത്ര സൂര്യപ്രകാശം ശരീരത്തിൽ പതിക്കാത്തതാണ് വൈറ്റമിൻ ഡിയുടെ അഭാവത്തിനു മുഖ്യകാരണം. യു.എ.ഇ ജനതയുടെ ഭൂരിപക്ഷത്തിനും ഇതുണ്ട്. അസ്ഥിക്ഷയം, ശരീരകലകളിലുണ്ടാകുന്ന കല്ലിപ്പ്, ഹൃദ്രോഗം, ചിലയിനം അർബുദങ്ങൾ, ക്ഷയ രോഗം പോലുള്ള പകർച്ചാവ്യാധികൾ തുടങ്ങി നിരവധി രോഗങ്ങൾക്ക് വൈറ്റമിൻ ഡിയുടെ അഭാവം കാരണമാകും.
ഭൂരിപക്ഷം പേരും വീടുകളിലും ഓഫീസുകളിലും അടച്ചിട്ട അന്തരീക്ഷത്തിൽ കഴിയുന്നതാണ് സൂര്യപ്രകാശമേൽക്കുന്നത് കുറയാൻ കാരണം. പുറത്തിറങ്ങിയാൽ തന്നെ കാറിനകത്തും ഷോപ്പിങ് കേന്ദ്രങ്ങൾക്കുള്ളിലുമാണ് പൊതുവെ ആളുകൾ സമയം ചെലവിടാറുള്ളത്. ചൂടേറിയ കാലാവസ്ഥയിൽ ഇതു അഭികാമ്യമാണെങ്കിലും ആവശ്യത്തിന് സൂര്യപ്രകാശം കൊള്ളേണ്ടതുണ്ട്. അലസമായ ജീവിതരീതികളും മോശം ഭക്ഷണ ശീലങ്ങളും വൈറ്റമിൻ ഡിയുടെ അഭാവത്തെ കൂടുതൽ മോശമാക്കാനിടയാക്കും. ഇത്തരം സാഹചര്യങ്ങളിൽ വൈറ്റമിൻ ഡി കുടിവെള്ളം പോലുള്ള ഉൽപ്പന്നങ്ങൾ സഹായകമാകുമെന്ന് എമിറേറ്റ്‌സ് സ്റ്റാൻഡേർഡ്‌സ് ആന്റ് മെട്രോളജി അതോറിറ്റി മേധാവി അബ്ദുല്ല അബ്ദുൽ ഖാദിർ അൽ മഈനി പറഞ്ഞു.






