Sorry, you need to enable JavaScript to visit this website.

VIDEO ഒളിംപിക് ഹോക്കിയില്‍ വീണ്ടും ഇന്ത്യന്‍ ചരിത്രം; വനിതാ ടീമും സെമിയില്‍

ടോക്കിയോ- ഒളിംപിക് ഹോക്കിയില്‍ ഇന്ത്യയുടെ വനിതാ ടീം പുതിയ ചരിത്രം കുറിച്ചു. മൂന്ന് തവണ ഒളിംപിക് സ്വര്‍ണ ജേതാക്കളായ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് ഇന്ത്യന്‍ വനിതാ ഹോക്കി ടിം ചരിത്രത്തിലാദ്യമായി സെമി ഫൈനലില്‍ പ്രവേശിച്ചു. ആവേശകരമായ ക്വാര്‍ട്ടര്‍ മത്സരത്തിന്റെ 22-ാം മിനിറ്റില്‍ ഗുര്‍ജിത് കൗര്‍ നേടിയ ഏക ഗോളിനാണ് ലോക റാങ്കിങില്‍ രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയെ ഇന്ത്യ കീഴടക്കിയത്. ഗോള്‍ കീപ്പര്‍ സവിത പൂനയയും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. മൂന്നാം തവണ ഒളിംപ്കസില്‍ കളിക്കുന്ന ഇന്ത്യന്‍ വനിതാ ഹോക്കി ടീം ലോക റാങ്കിങില്‍ ഒമ്പതാം സ്ഥാനത്താണ്. ബുധനാഴ്ച നടക്കാനിരിക്കുന്ന സെമിയില്‍ മൂന്നാം റാങ്കുകാരായ അര്‍ജന്റീനയാണ് ഇന്ത്യയുടെ എതിരാളികള്‍. 

12 വനിതാ ഹോക്കി ടീമുകള്‍ മത്സരിച്ച 2016 റിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ ടീം പന്ത്രണ്ടാം സ്ഥാനത്തായിരുന്നു. ആകെ ആറ് ടീമുകള്‍ മാത്രമുണ്ടായിരുന്ന 1980ലെ മോസ്‌കോ ഒളിംപിക്‌സില്‍ നാലാം സ്ഥാനമായിരുന്നു ഇന്ത്യയുടേത്. ടോക്കിയോയിലെ സെമി പ്രവേശനം ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ എക്കാലത്തേയും മികച്ച നേട്ടമാണ്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ പുരുഷ ടീമും സെമിയില്‍ പ്രവേശിച്ച് ചരിത്രം കുറിച്ചിരുന്നു. 

Latest News