Sorry, you need to enable JavaScript to visit this website.

ഇതിന്റെയൊക്കെ  വല്ല ആവശ്യവുമുണ്ടായിരുന്നോ?


കേരളത്തിൽ കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി തിയേറ്ററുകളും ബീച്ചുകളുമെല്ലാം അടച്ചിട്ടതിനാൽ ഒരു തരത്തിലുള്ള വിനോദ ഉപാധിയും ലഭ്യമല്ല. ആളുകളെല്ലാം ബോറടിച്ചിരിക്കുന്നു. അപ്പോഴാണ് ചെറിയ പാർട്ടിയെങ്കിലും വലിയ മനസ്സുള്ള നേതാക്കളുള്ള ഇന്റർ നാഷണൽ ലീഗിന്റെ വക കലാപരിപാടി. കർക്കിടകത്തിലെ ബോറടി മാറ്റാനുള്ള ഒന്നാന്തരം പെർഫോമൻസ്. ഇത് സംഘടിപ്പിച്ചവരുടെ നീതി ബോധവും ശ്രദ്ധേയമാണ്. കേരളത്തിന്റെ വടക്കേ അറ്റത്തോ, തെക്കേ അറ്റത്തോ വെച്ച് നടത്തിയാൽ എല്ലാവർക്കും നേരിട്ടു വന്നു കാണാൻ പ്രയാസമാണ്. അറബിക്കടലിന്റെ റാണിയായി കൊച്ചിയതാ നീണ്ടു നിവർന്നു കിടക്കുന്നു. ഓണത്തിനും ഒരു മാസം മുമ്പെ ഓണത്തല്ല് സംഘടിപ്പിച്ച സംഘാടകരുടെ ദീർഘ വീക്ഷണത്തേയും കാണാതിരുന്നു കൂടാ. മലബാറിൽ നിന്ന് വാഹനങ്ങളിലെത്തിയാണ് ആഡംബര ഹോട്ടലിൽ പോരാടിയത്. കെ.പി.സി.സി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ് എന്നീ വിഷയങ്ങളിൽ തീരുമാനമായ സ്ഥിതിയ്ക്ക് നാഷണൽ ഫൈറ്റ് ദൃശ്യമാധ്യമങ്ങൾക്കെല്ലാം ചാകരയായി. കായിക മന്ത്രി ഒളിമ്പിക്‌സ് കാണാൻ ജപ്പാനിലേക്ക് പറന്നതിനാൽ തുറമുഖ മന്ത്രി താരങ്ങളെ ആശീർവദിക്കാൻ വേദിയിൽ ഉപവിഷ്ടനായിരുന്നു. കേരളത്തിൽ വാരാന്ത്യ ലോക്ഡൗൺ പോലീസ് നിരത്തിലിറങ്ങി കർശനമായി നടപ്പാക്കുന്നതിനിടയ്ക്കാണ് സംഘങ്ങൾ ബസുകളിലും വാഹനങ്ങളിലും ജില്ലകൾ കടന്ന് എറണാകുളം കുളമാക്കാനെത്തിയത്. ചെക്ക് പോയന്റുകളിൽ പോലീസിന് കാണിക്കാൻ ഇവർ കരുതി വെച്ച സത്യവാങ്മൂലത്തിൽ ഉദ്ദേശ്യം വ്യക്തമായിട്ടുണ്ടാവുമല്ലോ. വഴിയോരത്തെ ഏമാൻമാർക്കൊക്കെ ബോധ്യപ്പെട്ടു കാണും. അന്ന് വൈകുന്നേരം മലയാള ദൃശ്യ മാധ്യമങ്ങൾ ചർച്ച ചെയ്തത് സേട്ട് രൂപം കൊടുത്ത പാർട്ടിയുടെ സ്‌പോർട്‌സ് എൻട്രിയാണ്. തെരുവുയുദ്ധത്തിനിടെ ഒരു വിദ്വാൻ ഓടുന്നതിന് കമന്ററിയും ചേർത്ത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. അത്യുത്തര കേരളത്തിന് ഒന്നും കിട്ടിയില്ലെന്നും പറഞ്ഞ് കാസർകോട് എപ്പോഴും ഇങ്ങനെ മോങ്ങിയിരുന്നാൽ മതിയോ? വാരാന്ത്യമായപ്പോൾ ഏഷ്യാനെറ്റിൽ കാസർകോട് മൊഗ്രാലിൽ നിന്നൊരു അടിപൊളി ദൃശ്യവിരുന്ന്. യുദ്ധം കഴിഞ്ഞ് ആദ്യ സ്ഥാനങ്ങൾ നേടുന്നവർക്കാണ് ഇവിടെ ക്രമപ്രകാരം വാക്‌സിൻ അനുവദിക്കുക. 
കേരളത്തിൽ വെള്ളിയാഴ്ച  20,772 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ത്യയിൽ  ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗബാധിതരിൽ 37 ശതമാനം പേരും കേരളത്തിൽ നിന്നുള്ളവരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ പോലും 6,600 കേസുകളാണ് ഇതേ ദിവസം റിപ്പോർട്ട് ചെയ്തത്. നമ്മുടെ വാരാന്ത്യ ലോക്ഡൗൺ കണ്ടു പിടിച്ച മഹാനുഭാവന്റെ തല എയർകണ്ടീഷൻ ചെയ്യണം. കേരളത്തിലെ അടച്ചിടൽ അധികകാലമുണ്ടാവില്ലെന്ന സൂചന വരുന്നുണ്ട്. ട്യൂബ് ലൈറ്റുകൾ കത്തട്ടെ, പ്രകാശം പരക്കട്ടെ. 
 
            ****          ****          ****        

നടനും എംഎൽഎയുമായ മുകേഷും നർത്തകി മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നതായി റിപ്പോർട്ട്. എട്ടു വർഷത്തെ കുടുംബ ജീവിതമാണ് ഇരുവരും ഇപ്പോൾ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. വിവാഹമോചനത്തിനായി കുടുംബകോടതിയെ സമീപിച്ചിട്ടുണ്ടെന്ന വാർത്ത ശരിയാണെന്ന് സമ്മതിച്ച്  മേതിൽ ദേവിക  മാധ്യമങ്ങളോട് പ്രതികരിച്ചു.  2013 ഓക്ടോബർ 24 ന് ആരെയും അറിയിക്കാതെയായിരുന്നു മുകേഷും ദേവികയും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.  അന്ന് സോഷ്യൽ മീഡിയയിലും സിനിമാ മാസികകളിലും കോളിളക്കം ഉണ്ടാക്കിയ വിവാഹ വാർത്തയായിരുന്നു ഇത്.  മുകേഷിന്റെ ആലോചനയുമായി അദ്ദേഹത്തിന്റെ  സഹോദരി സന്ധ്യയാണ് സമീപിച്ചതെന്ന് ദേവിക മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.   ഇരുവരെയും പരിചയപ്പെടുത്തിയത് രമേഷ് പിഷാരടിയാണ്.   വിവാഹമോചന വാർത്തകൾക്കിടയിൽ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് മേതിൽ ദേവികയുടെ ഒരു നൃത്ത വീഡിയോ.  ദേവികയുടെ യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.  നൃത്തത്തിന്റെ ഇതിവൃത്തം സീതാ രാഘവ ആദ്യ സമാഗമമാണ്.  കൊട്ടാരത്തിന്റെ മട്ടുപ്പാവിലിരിക്കുന്ന സീതാദേവിയെ ശ്രീരാമൻ കാണുന്നതും ലക്ഷ്മിയുടെ രൂപം അവളിൽ ദർശിക്കുന്നതുമാണ് ദേവിക ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. യുട്യൂബിലൂടെ പ്രചരിക്കുന്ന ഈ വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായി. പിരിയാൻ പോകുന്ന കാര്യം കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സ്ഥിരീകരിച്ച ദേവിക താൻ തെരഞ്ഞെടുപ്പ് കഴിയാൻ കാത്തിരിക്കുകയായിരുന്നുവെന്ന് പറഞ്ഞു. അതാണ് അന്തസ്.

        ****          ****         ****    
കണ്ണൂരിലെ യുവതി കൊച്ചി ഡെന്റൽ കോളജിൽ ബി.ഡി.എസ് പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യുമ്പോഴാണ് കാലൻ പ്രണയ നൈരാശ്യത്തിന്റെ വേഷത്തിലെത്തിയത്. കോതമംഗലം നെല്ലിക്കുഴിയിൽ വെച്ച് കൊല്ലപ്പെട്ട മാനസയുടെ മരണ വിവരം അമ്മ അറിഞ്ഞത് ടിവി ചാനലുകളിലെ വാർത്തകളിലൂടെ. പുതിയതെരു രാമഗുരു സ്‌കൂളിലെ അധ്യാപികയായ എൻ. സബിത വിവരമറിഞ്ഞ് ആദ്യം വിളിച്ചത് സഹോദരനെയായിരുന്നു. വാർത്ത കണ്ടോ എന്ന് ചോദിച്ച് അവർ അലറിക്കരഞ്ഞു. മകളുടെ മരണ വിവരം അറിയാതെ തളാപ്പിൽ ട്രാഫിക് ജോലിയിലായിരുന്നു അച്ഛൻ മാധവൻ. അഞ്ചരയോടെ പോലീസ് ഉദ്യോഗസ്ഥരാണ് മാധവനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. കൊല്ലപ്പെടുന്നതിന്റെ തലേദിവസം മാനസ അച്ഛനോടും അമ്മയോടും അനുജനോടും ഏറെ നേരം വീഡിയോ കോളിൽ സംസാരിച്ചിരുന്നു. നാളെ വിളിക്കാമെന്ന് പറഞ്ഞാണ് ഫോൺ വെച്ചത്. വാർത്ത കേട്ടവരിലും കണ്ടവരിലും നടുക്കമുണ്ടാക്കി. അപ്പോൾ പിന്നെ മാതാപിതാക്കളുടെ കാര്യം പറയാനുണ്ടോ? 24ഃ7 ടെലിവിഷൻ ചാനലുകളില്ലാത്ത പഴയ കാലത്ത് അമ്മയേയും അഛനേയും ഇത്തരം കാര്യങ്ങൾ അറിയിച്ചിരുന്നത് ഇങ്ങനെയായിരുന്നില്ല. 

             ****          ****          ****    

മലയാളത്തിൽ കാര്യമായ ഇംപാക്റ്റുണ്ടാക്കാൻ ന്യൂസ് 18 ചാനലിന് സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. ഒരു ദേശീയ ശൃംഖലയുടെ ഭാഗമാണ് ഈ ചാനൽ. വിവിധ ഇന്ത്യൻ ഭാഷകളിൽ ഏറ്റവും കൂടുതൽ മൊബൈൽ വായനക്കാരുള്ള ഡിജിറ്റൽ വാർത്താ മാധ്യമമായി ന്യൂസ് 18 മാറിയെന്നാണ് റിപ്പോർട്ട്.  ടൈംസ് ഗ്രൂപ്പിനെ പിന്തള്ളിയാണ് ന്യൂസ് 18 ഒന്നാമതെത്തിയത്. ഡിജിറ്റൽ മാധ്യമങ്ങളുടെ വായനക്കാരുടെ എണ്ണം അളക്കുന്ന പ്രമുഖ അനലറ്റിക്‌സ് കമ്പനിയായ കോംസ്‌കോറിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം ജൂൺ മാസത്തിൽ ന്യൂസ് 18 ഭാഷാ സൈറ്റുകൾ 941 മില്യൺ പേജ് വ്യൂവ്‌സാണ് നേടിയത്. ഇതേ കാലയളവിൽ ടൈംസ് ഗ്രൂപ്പിന്റെ പ്രാദേശിക ഭാഷാ സൈറ്റുകളുടെ ആകെ പേജ് വ്യൂസ് 924 മില്യണാണ്.
 486 പേജ് വ്യൂവ്‌സുമായി മൂന്നാം സ്ഥാനത്തുള്ള ലൈവ് ഹിന്ദുസ്ഥാന്റെ രണ്ടിരട്ടി പേജ് വ്യൂവ്‌സാണ് ന്യൂസ് 18നുള്ളത്. ആജ് തക് ആണ് നാലാം സ്ഥാനത്ത്. 478 മില്യൺ പേജ് വ്യൂവ്‌സാണ് ആജ് തക്കിനുള്ളത്. മലയാളത്തിന് പുറമേ  ഹിന്ദി, തെലുങ്ക്, മറാത്തി, തമിഴ്, ബംഗ്ല, ഇംഗ്ലീഷ്, കന്നഡ, ഗുജറാത്തി, അസാമീസ്, പഞ്ചാബി, ഒഡിയ, ഉർദു എന്നീ ഭാഷകളിലും ന്യൂസ് 18 ചാനലുകളുണ്ട്. 

            ****          ****         ****    
വെളുത്തനിറം നല്ലതാണെന്നും കറുപ്പെന്നാൽ മോശമാണെന്നുമുള്ള കാഴ്ച്ചപ്പാട് നമ്മുടെ സമൂഹത്തിൽ കാലാകാലങ്ങളായി നിലനിൽക്കുന്ന ഒന്നാണ്. നിറം കുറവാണെന്നും വെളുക്കുന്നതാണ് ഭംഗിയെന്നും ഭൂരിഭാഗം ഇപ്പോഴും കരുതുമ്പോൾ സോഷ്യൽ മീഡിയയിലെ ബ്ലാക്ക്‌ഫേസ് ഫിൽറ്ററാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. വാലിയ ബേബിക്യാറ്റ്‌സ് എന്ന അക്കൗണ്ട് ഉടമ തന്റെ ട്വിറ്ററിൽ ഇക്കാര്യങ്ങൾ എടുത്തുകാട്ടി വീഡിയോ പുറത്തിറക്കിയതോടെയാണ് ഇൻസ്റ്റഗ്രാമിലെ ബ്ലാക്ക്‌ഫേസ് ഫിൽറ്റർ വിവാദമായത്. ഇൻസ്റ്റഗ്രാമിലെ ബ്ലാക്ക്ഫിൽറ്റർ ഉപയോഗിച്ചുള്ള വീഡിയോകളിൽ തുടക്കത്തിൽ ആളുകളുടെ നിറം കറുപ്പും മുഖഭാവം സങ്കടവുമാണ്. എന്നാൽ കറുപ്പ് നിറം മാറി വെള്ളയിലേക്ക് വരുമ്പോൾ ആളുകൾ സന്തോഷിക്കുന്നത് കാണാം. എന്താണ് ഈ ആളുകളുടെ പ്രശ്‌നം. എന്തിനാണ് ഫെയർ ആൻഡ് ലൗലി എന്നതിനെ ഇത്രയും ഗ്ലോറിഫൈ ചെയ്യുന്നത്- വാലിയ ബേബിക്യാറ്റ്‌സ് ചോദിക്കുന്നു.

        ****            ****           ****    

ബോളിവുഡിൽ പ്രേക്ഷകരുടെ പ്രിയതാരങ്ങളിലൊരാളാണ് കരീന കപൂർ. ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെയും ഗ്ലാമറസ് വേഷങ്ങളിലൂടെയും ആരാധകരെ കയ്യിലെടുത്ത താരം വിവാഹശേഷവും അഭിനയരംഗത്ത് സജീവമാണ്.  ടെലിവിഷൻ ഷോകളിൽ വിധികർത്താവായും താരം എത്താറുണ്ട്. ഏറ്റവുമൊടുവിൽ അഭിനയിച്ച ആമിർഖാൻ ചിത്രമായ ലാൽ സിംഗ് ചദ്ദ പുറത്തിറങ്ങാനിരിക്കെ തന്റെ കരിയറിനെ പറ്റിയും സ്വകാര്യജീവിതത്തെ പറ്റിയും മനസ്സ് തുറന്നിരിക്കുകയാണ് താരം. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2012ലായിരുന്നു സെയ്ഫ്-കരീന താരദമ്പതിമാരുടെ വിവാഹം. സെയ്ഫ് അലി ഖാന്റെ  അമ്മയും പഴയ ബോളിവുഡ് താരവുമായ ഷർമിള ടാഗോറുമായുള്ള ബന്ധത്തെപറ്റിയാണ് നടി മനസ്സ് തുറന്നത്. സൽമാൻ ഖാൻ ചിത്രം ദബാംഗ് 2 വിലെ തന്റെ ഐറ്റം ഡാൻസ് കണ്ട് അമ്മായിഅമ്മ വളരെയധികം ആസ്വദിച്ചിരുന്നതായി കരീന പറയുന്നു. ഞാൻ ഗ്ലാമറസ് റോളുകളിൽ അഭിനയിക്കുന്നത് അമ്മായിക്ക് വളരെ ഇഷ്ടമാണ്. ഞാൻ എപ്പോഴും സെക്‌സിയും ഗ്ലാമറുമാണെന്നാണ് അമ്മായി പറയാറുള്ളത്- കരീന അത്യാഹ്ലാദത്തോടെ മൊഴിഞ്ഞു.  മല സിദ്ധാന്തക്കാരനെ ഒന്ന് നേരിട്ട് കിട്ടിയിരുന്നെങ്കിൽ...  

        ****           ****          ****    

പോൺ ചിത്ര നിർമാണക്കേസിൽ അറസ്റ്റിലായ രാജ് കുന്ദ്രയോട് പൊട്ടിത്തെറിച്ച് നടിയും പങ്കാളിയുമായ ശിൽപ ഷെട്ടി. രാജ് കുന്ദ്രയെ വെള്ളിയാഴ്ച വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയായിരുന്നു ശിൽപ, രാജ് കുന്ദ്രയോട് ദേഷ്യപ്പെട്ടതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 'നമുക്കെല്ലാം ഉണ്ട്. ഇതെല്ലാം ചെയ്യേണ്ട എന്ത് ആവശ്യമാണുണ്ടായിരുന്നത്,' ശിൽപ രാജ് കുന്ദ്രയോട് ചോദിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.  ഈ കേസ് കൊണ്ട് കുടുംബത്തിന്റെ മാനം നഷ്ടപ്പെട്ടെന്നും വലിയ സാമ്പത്തിക നഷ്ടമുണ്ടായിക്കൊണ്ടിരിക്കുകയാണെന്നും ശിൽപ പറഞ്ഞതായാണ് റിപ്പോർട്ട്. കരാറായ നിരവധി പ്രൊജക്ടുകളിൽനിന്ന് ഒഴിവായെന്നും ശിൽപ പറഞ്ഞു. പ്രാരബ്ധക്കാരനായ കുന്ദ്രയ്ക്ക് പെങ്ങന്മാരെ കെട്ടിക്കാനുണ്ടോ എന്നാർക്കറിയാം? ശിൽപയ്ക്ക് ഇതു പറയാം, അന്തേരി മുക്കിലെ മസാല പീടികക്കാരനെ എന്നും കാണേണ്ടത് രാജ് കുന്ദ്രയാണ്. ലോക്ഡൗൺ വന്നതോടെ അവിടെ പറ്റ് കണ്ടമാനം കൂടിയിട്ടുമുണ്ട്. 

         ****            ****            ****    

മനോരമ ന്യൂസിൽ വെള്ളിയാഴ്ച രാവിലെ മനുഷ്യരെ ഞെട്ടിക്കുന്ന ബിഗ് ബ്രേക്കിംഗ്. കോഴിക്കോട് കല്ലായിയിലെ റെയിൽപാതയിൽ സ്‌ഫോടക വസ്തു. ഉടൻ സ്‌പോട്ടിൽ ലേഖിക എത്തി. റെയിൽ പാളത്തിൽ ഐസ്‌ക്രീം പാത്രത്തിൽ പൊതിഞ്ഞ ബോംബെന്നൊക്കെ പറഞ്ഞ് ആങ്കർ നല്ല ഹൈപ്പുണ്ടാക്കുന്നു. അടുത്ത മിനുറ്റിൽ എല്ലാം ചില്ലുകൊട്ടാരം പോലെ തകർന്നു. കല്ലായിയിൽ വല്ലപ്പോഴും ഗുഡ്‌സ് ട്രെയിനുകൾ സിമന്റിറക്കാനെത്തുന്ന ലൈനിലാണ് ഇതു കണ്ടെത്തിയത്. അടുത്ത ഏതോ കല്യാണ വീട്ടിൽനിന്ന് അലക്ഷ്യമായി വലിച്ചെറിഞ്ഞതാണ് ഇത്. 

         ****            ****            ****    
    
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഘോട പട്ടേലിനെ ഒന്നര കോടിയിലേറെ  മലയാളികൾ തെറി വിളിച്ചുവെന്ന് റിപ്പോർട്ടർ ചാനലിൽ വാർത്ത.

Latest News