കേരള അസംബ്ലിയുടെ സഭാ ടിവിയെക്കുറിച്ചുളള വാർത്തകൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പത്രങ്ങളിലുണ്ട്. സഭാ ടിവി കേരള അസംബ്ലിയുടെ ടെലിവിഷൻ ചാനലാണെന്ന് തെറ്റിദ്ധരിക്കരുത്. കഴിഞ്ഞ അസംബ്ലിയിലെ സ്പീക്കർക്ക് കേരള അസംബ്ലി നടപടികളും മറ്റു പരിപാടികളും ടെലിവിഷൻ പ്രേക്ഷകർക്ക് ലഭ്യമാക്കണമെന്ന ആശയത്തിൽ നിന്നുടലെടുത്തതാണ് സഭാ ടിവി എന്ന ആശയം. ഒരു തട്ടിക്കൂട്ടായാണ് എനിക്കതിനെക്കുറിച്ച് തോന്നിയത്.
ടെലിവിഷൻ ചാനലിന്റെ നടത്തിപ്പിനെക്കുറിച്ചോ അതിന്റെ സാങ്കേതികതകളെക്കുറിച്ചോ ശരിയായ ധാരണയില്ലാതെ, കേരളത്തിലെ പല ടെലിവിഷൻ ചാനലുകളിലുമെന്ന പോലെ പത്രമാധ്യമരംഗത്തെ ഒരു വിദഗ്ധന്റെ ഉപദേശപ്രകാരമാണ് സഭാ ടിവിയുടെ പ്രവർത്തനമെന്നാണറിവ്. അതിന്റെ വിശദാംശങ്ങൾ ഇവിടെ പ്രസക്തമല്ല. നല്ല പത്രപ്രവർത്തകർ വേണ്ടത്ര അറിവില്ലാതെ അതിൽ വ്യാപരിക്കുന്നത് അഭിലഷണീയമല്ല തന്നെ.
പക്ഷെ, 1985 ൽ തിരുവനന്തപുരത്ത് ടെലിവിഷൻ തുടങ്ങിയ കാലത്ത് അന്ന് അസംബ്ലി സ്പീക്കറായിരുന്ന മാന്യനായ കോൺഗ്രസ് നേതാവ് വി.എം.സുധീരൻ ടെലിവിഷനിൽ കൂടി അസംബ്ലി നടപടികൾ പ്രക്ഷേപണം ചെയ്യുന്നതിൽ വളരെയേറെ താൽപര്യമെടുത്തിരുന്നു. നിയമനിർമ്മാണസഭകൾക്കുളളിൽ ടെലിവിഷൻ ക്യാമറകളുടെ സാന്നിധ്യം സ്വപ്‌നം കാണാൻ പോലും പറ്റാതിരുന്ന ഒരു കാലത്താണ് അസംബ്ലിയുടെ തത്സമയ സംപ്രേഷണത്തെക്കുറിച്ച് ചിന്തിച്ചിരുന്നത്. അതാണ് പിന്നീട് ആഗോളവൽക്കരണവും ഉദാരവൽക്കരണവും വന്നപ്പോൾ വലിയ നയംമാറ്റത്തിന് പ്രേരകമായത്. ഇപ്പോൾ അഭിമാനിക്കാൻ വകയുളളതാണ്: വി.എം.സുധീരനും എനിക്കും.

നിയമനിർമാണസഭകളിൽ ടെലിവിഷൻ ക്യാമറകൾ വിലക്കപ്പെട്ട കാലമുണ്ടായിരുന്നു എന്ന് ഇപ്പോഴാരും വിശ്വസിക്കുകയില്ല. കാരണം പാർലമെന്റിന്റെ ഇരുസഭകൾക്കും പ്രത്യേകമായി ടെലിവിഷൻ ചാനലുകളുണ്ട്: ലോക്‌സഭാ ചാനലും രാജ്യസഭാ ചാനലും. 2008 ജൂലായ് 24 മുതലാണ് ലോക്‌സഭാ ചാനൽ പ്രക്ഷേപണം തുടങ്ങിയത്. അതിന് മുമ്പ് 1989 ഡിസംബർ 20-ാം തീയതിയാണ് ദൂരദർശൻ സംയുക്തപാർലമെന്റ് സമ്മേളനത്തെ പ്രസിഡന്റ് അഭിസംബോധന ചെയ്യുന്നത് തത്സമയം സംപ്രേഷണം ചെയ്തത്. അതിനുശേഷം 1994 ഡിസംബർ ഏഴാം തീയതിമുതൽ ഒരു മണിക്കൂർ നേരത്തേക്ക് പാർലമെന്റിലെ ചോദ്യോത്തരവേള തത്സമയം (ഒരാഴ്ച ലോക്‌സഭ, അടുത്തയാഴ്ച രാജ്യസഭ എന്നിങ്ങനെ മാറിക്കൊണ്ട്) പ്രക്ഷേപണം ചെയ്തിരുന്നു-11 മണി മുതൽ 12 മണിവരെ. 2004 ഡിസംബർ 2 മുതൽ ഡൽഹിക്കു ചുറ്റും മാത്രമായി ഭൂതലസംപ്രേഷണം നടത്തുന്ന 24 മണിക്കൂറും പ്രക്ഷേപണം നടത്തുന്ന പാർലിമെന്റ് ചാനൽ പ്രവർത്തിച്ചിരുന്നു. 1992 ജനുവരി 13 മുതൽ ബിബിസി ബ്രിട്ടീഷ് പാർലിമെന്റ് സംപ്രേഷണം ചെയ്യുന്നു. അമേരിക്കയിലെ സി-സ്പാൻ എന്ന ടെലിവിഷൻ ചാനൽ 1979ൽ തുടങ്ങി; അത് അമേരിക്കൻ ജനപ്രതിനിധിസഭകളായ കോൺഗ്രസിന്റെയും സെനറ്റിന്റെയും യോഗങ്ങളും അതുമായി ബന്ധപ്പെട്ട നിയമനിർമ്മാണവുമായി ബന്ധപ്പെട്ട ചർച്ചകളും പൊതുതാല്പര്യവിഷയങ്ങളും രണ്ട് ടെലിവിഷൻ ചാനലുകളിലൂടെയും സ്ട്രീമിങ്ങിലൂടെയും റേഡിയോവിലൂടെയും പ്രക്ഷേപണം ചെയ്യുന്ന സംവിധാനമാണ.് കേബിൾ വ്യവസായത്തിനോ കോൺഗ്രസ്സിനോ അതിന്റെ ഉളളടക്കത്തിൽ ഇടപെടാൻ കഴിയില്ല.
1985 ഏപ്രിൽ മാസത്തിലാണ് അക്കാലത്തെ വാർത്താവിതരണ പ്രക്ഷേപണമന്ത്രി വി.എൻ.ഗാഡ്ഗിൽ തിരുവനന്തപുരം ദൂരദർശന്റെ 10 കിലോവാട്ട് ശേഷിയുളള ട്രാൻസ്മിറ്റർ ഉദ്ഘാടനം ചെയ്തത്. താൽക്കാലിക സ്റ്റുഡിയോയിൽ ഒരു നിലവിളക്ക് കൊളുത്തി ക്ഷണിക്കപ്പെട്ട അതിഥികളുടെ മുമ്പിൽ അദ്ദേഹം ഉദ്ഘാടനം നടത്തിയതോടെ സംപ്രേഷിണിക്ക് ചുറ്റുമുളള 80 കിലോമീറ്റർ പ്രദേശങ്ങളിൽ ദൂരദർശൻ പരിപാടികൾ കാണാനായി. അതിഥികളുടെ കൂട്ടത്തിൽ അന്നത്തെ കേരള അസംബ്ലി സ്പീക്കർ വി.എം.സുധീരനുമുണ്ടായിരുന്നു. അദ്ദേഹം ജിജ്ഞാസാപൂർവ്വം പരിപാടികളുടെ നിർമ്മാണത്തെക്കുറിച്ചും പ്രക്ഷേപണത്തെക്കുറിച്ചും വിവരങ്ങൾ ചോദിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ താൽപര്യം കണ്ട് എനിക്കു തോന്നിയിരുന്ന സ്‌നേഹാദരങ്ങൾ കൂടിയതേയുളളു. ടെലിവിഷൻ സംപ്രേഷണത്തിന്റെ പ്രാധാന്യവും ആവശ്യകതയും അന്നേ മനസ്സിൽ കണ്ട സുധീരൻ അക്കാലത്ത് ഇപ്പോഴത്തെ അസംബ്ലിഹാളിൽ ടെലിവിഷൻ ക്യാമറകളുടെ സ്ഥാനം പ്ലാനിൽ അടയാളപ്പെടുത്തുന്നത് എന്നോടു ചർച്ച ചെയ്തു.

അത് കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കകം എറണാകുളത്തേക്കുളള ഒരു ട്രെയിൻ യാത്രയിൽ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. പല കാര്യങ്ങളും സംസാരിച്ച കൂട്ടത്തിൽ മാധ്യമങ്ങളോട് വളരെ താൽപര്യമുണ്ടായിരുന്ന അദ്ദേഹം ടെലിവിഷൻ സിഗ്നലുകളുടെ പ്രവർത്തനരീതികളും പുറത്തുനിന്നുളള പരിപാടികളുടെ തത്സമയസംപ്രേഷണം എങ്ങനെ നടക്കുന്നുവെന്നും വിശദമായി സംസാരിച്ചു. അക്കാലത്ത ടെലിവിഷൻ സിഗ്നലുകൾ പുറത്തുനിന്ന് സ്വീകരിച്ചിരുന്നത് മൈക്രോവെയ്‌വ് ലിങ്കുകളിലൂടെയായിരുന്നു. സിഗ്നൽ രൂപപ്പെടുന്ന അഥവാ പരിപാടികൾ നടക്കുന്ന സ്ഥലത്തുനിന്ന് ദൂരദർശനിലെ മൈക്രോവെയ്‌വ് ടവറിൽ അവ ദൃശ്യമാവണം. കണക്ടിവിറ്റി എന്നത് സർവസാധാരണമായ ഇക്കാലത്ത് അങ്ങനെയും ഒരു കാലമുണ്ടായിരുന്നുവെന്ന് ചിന്തിക്കാൻ പോലും പ്രയാസമാണ്. സ്പീക്കർ സുധീരന് അറിയേണ്ടിയിരുന്നത് കേരള അസംബ്ലിയിലെ ചോദ്യോത്തരവേള തത്സമയം സംപ്രേഷണം ചെയ്യാൻ കഴിയുമോ എന്നായിരുന്നു; അത് സാധ്യമാണെന്ന് ഞാൻ മറുപടിയും നൽകി. അദ്ദേഹത്തിന് സന്തോഷമായി. മാത്രവുമല്ല, വലിയ പ്രാധാന്യത്തോടെ അത് ദേശീയ പത്രങ്ങളിൽ പോലും, സ്വാഭാവികമായി, വലിയ വാർത്തയായി. 1982 ൽ പുറത്തിറക്കിയ ജി.പാർത്ഥസാരഥി കമ്മിറ്റിയുടെ മാർഗരേഖകൾക്കനുസൃതമായാണ് ആകാശവാണിയിലും ദൂരദർശനിലും വാർത്താപ്രക്ഷേപണം. അതനുസരിച്ച് പാർലിമെന്റിലെയും അസംബ്ലികളിലെയും നയപരിപാടികളെക്കുറിച്ചും മറ്റ് പ്രധാനനടപടികളെക്കുറിച്ചും തെരഞ്ഞെടുക്കപ്പെട്ട പത്രപ്രവർത്തകരുടെ പാനൽ തയ്യാറാക്കി, അവരെക്കൊണ്ട് വസ്തുനിഷ്ഠവും സത്യസന്ധവുമായ ഒരവലോകനം പ്രക്ഷേപണം ചെയ്യുകയാണ് വേണ്ടത്.
ക്യാമറകൾ വിശുദ്ധമായ നിയമനിർമ്മാണസഭകളുടെ വാതായനങ്ങൾക്കുളളിൽ കടന്നുകൂടാ. മദിരാശിയിൽ ജോലി ചെയ്യുമ്പോൾ അവിടെ ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തിന്റെ ദൃശ്യങ്ങൾ തമിഴ് വാർത്തകളിൽ പ്രക്ഷേപണം ചെയ്തതിന്റെ അനുഭവവും, പ്രായത്തിന്റെ ആവേശവും കൊണ്ടാണ് അന്നെനിക്ക് ആ ബുദ്ധി തോന്നിയത്. സ്പീക്കർ സുധീരൻ അത് കാര്യമായി എടുക്കുമെന്നും ഉടൻതന്നെ അത് പ്രഖ്യാപിക്കുമെന്നും കരുതിയതേയില്ല. അത് ദേശീയപ്രാധാന്യമുളള വാർത്തയായതോടെ ഡൽഹിയിലെ മേലധികാരികൾ പരിഭ്രാന്തരായി. എന്റെ അവിവേകം, സദുദ്ദേശ്യത്തോടെയാണെങ്കിലും ദേശീയ തലത്തിൽ ഒരു നയപരിപാടിയില്ലാത്തതിനാൽ, ചെയ്യാൻ കഴിയില്ലെന്നും കേരള അസംബ്ലി സ്പീക്കറെ കണ്ട് കാര്യകാരണസഹിതം വിശദീകരിച്ച് തടിയൂരണമെന്നും അവർ ആവശ്യപ്പെട്ടു. എടുത്തുചാട്ടത്തിന് ശിക്ഷയനുഭവിക്കേണ്ടിവരുമെന്നും താക്കീത് ചെയ്തു. ഞാൻ സുധീരനെ രണ്ട് മൂന്ന് തവണ കണ്ടു. സംഗതി സാധ്യമാണെങ്കിലും പ്രായോഗികമാണെങ്കിലും അസംബ്ലി നടപടികൾ പ്രക്ഷേപണം ചെയ്ത് ഒരു പുതിയ മാതൃക തന്നെ രാജ്യത്ത് നടപ്പിൽ വരുത്താമെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ പരിഭ്രാന്തനായെന്ന് പറയേണ്ടതില്ലല്ലൊ. ''നിങ്ങളുടെ ഏറ്റവും ഉയർന്ന മേലുദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഓർഡർ കൊടുക്കാ''മെന്നും അദ്ദേഹം അറിയിച്ചു. പക്ഷെ തീരുമാനം ഉദ്യോഗസ്ഥതലത്തിലല്ല എടുക്കുന്നതെന്നും അത് മന്ത്രിതലത്തിലാവുമെന്നും ഞാൻ അദ്ദേഹത്തെ അറിയിച്ചു. കൂടാതെ വാഴ മുള്ളിൽ വീണാലും മുള്ള് വാഴയിൽ വീണാലും കേട് വാഴയ്ക്കാണ് എന്ന് ദൈന്യതയോടെ അദ്ദേഹത്തെ അറിയിച്ചു. എനിക്കെന്തെങ്കിലും ശിക്ഷയുണ്ടാവുന്ന കാര്യത്തിന് ഒരുങ്ങുകയില്ലെന്നും വ്യക്തിബന്ധങ്ങളാണ് പ്രധാനമെന്നും ഒരു വലിയ വാർത്തയായിപ്പോയതിലുളള വിഷമമേയുള്ളുവെന്നും അദ്ദേഹം ആശ്വസിപ്പിച്ചു.അടുത്ത അസംബ്ലി കൂടുന്നതിന്റെ തലേ ദിവസം വൈകുന്നേരം ആറു മണിയോടെ അക്കാലത്തെ ദൂരദർശൻ ഡയറക്ടർ ജനറൽ ഹരീഷ് ഖന്ന എന്നെ ഫോണിൽ വിളിച്ചു, 'കുഞ്ഞികൃഷ്ണൻ, വീട്ടിൽപോയി സമാധാനമായി കിടന്നുറങ്ങൂ! ഞാൻ മന്ത്രി ഗാഡ്ഗിലിന്റെയടുത്തുനിന്ന് മടങ്ങിവന്ന ഉടനെ വിളിക്കുകയാണ്. അദ്ദേഹം കേരള മുഖ്യമന്ത്രി കരുണാകരനെ വിളിച്ച് അസംബ്ലി നടപടികൾ തിരുവനന്തപുരം ദൂരദർശനിൽ പ്രക്ഷേപണം ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകൾ ധരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം സ്പീക്കറോട് സംസാരിച്ച് ബുദ്ധിമുട്ടുകൾ തീർക്കും. പാർലിമെന്റും അസംബ്ലികളും സംപ്രേഷണം ചെയ്യുന്ന കാലം വരുമെന്ന് പ്രത്യാശിക്കുക.' അദ്ദേഹത്തിന്റെ വിളിയും സംസാരരീതിയും വളരെ ആശ്വാസകരമായിരുന്നുവെന്ന് പറയേണ്ടതില്ലല്ലൊ. മറ്റൊരു കാര്യം, ശൈലേന്ദ്രശങ്കർ റിട്ടയർ ചെയ്തതിനു ശേഷം പുതുതായി ചാർജെടുത്ത, വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം എന്നെ കണ്ടിട്ടുപോലുമില്ലായിരുന്നു!
പിന്നീട് പാർലിമെന്റിന്റെ കവറേജ് നടത്താൻ ചുമതലയുളള ഡൽഹി ദൂരദർശൻ കേന്ദ്രത്തിന്റെ ഡയറക്ടറായും അതിനുശേഷം പാർലിമെന്റിന്റെ ചാനലിനെക്കുറിച്ചുളള നയരൂപീകരണ ചർച്ചകളിലും ഭാഗഭാക്കാവാൻ കഴിഞ്ഞത് കാവ്യനീതി.






