കലയുടെ കരവിരുതുമായി ദിയാനയുടെ ദിനസരി

ദിയാനാ ഹിജാസ്

ചിത്രകാരൻ, ശിൽപി, ക്യൂറേറ്റർ എന്നീ നിലകളിൽ പ്രശസ്തനായ റിയാസ് കോമുവിന്റെ സഹോദരപുത്രിയും ഖത്തറിലെ പ്രവാസിയുമായ ദിയാനാ ഹിജാസിന്റെ കരകൗശല വിസ്മയങ്ങളിലൂടെ...

 

പാഴ്‌വസ്തുക്കളിൽ നിന്നും കലയുടെ പുതുവിസ്മയം തീർക്കുന്ന ദിയാന ഹിജാസിനെ പരിചയപ്പെടുക. തൊഴിൽകൊണ്ട് പരിസ്ഥിതി കലാകാരിയും ഇന്റീരിയർ ഡിസൈനറുമായ ദിയാന ഹിജാസ് പാഴ്‌വസ്തുക്കളിൽ നിന്നും മനോഹര ശിൽപങ്ങൾ തീർക്കുന്നതിൽ ശ്രദ്ധേയയായ കലാകാരിയാണ്. പിതൃസഹോദരനായ പ്രശസ്ത മലയാളി കലാകാരൻ റിയാസ് കോമുവിൽ നിന്നും പ്രചോദനമുൾകൊണ്ട ദിയാന പാഴ്‌വസ്തുക്കളുപയോഗിച്ച് കലാനിർവഹണത്തിന്റെ പുതുമകൾ പരീക്ഷിച്ചാണ് സഹൃദയ ശ്രദ്ധയാകർഷിക്കുന്നത്.
ജീവിതത്തിൽ നാം ഉപയോഗിക്കുന്ന ഒന്നും പാഴാക്കാനില്ലെന്നും മനസുവെച്ചാൽ നാം പാഴാക്കുന്ന വസ്തുക്കളിൽ നിന്നുപോലും മനോഹരമായ ശിൽപങ്ങൾ സൃഷ്ടിക്കാമെന്നുമാണ് ദിയാന കരുതുന്നത്. ഹരിത പരിസ്ഥിതിയും സുസ്ഥിര സംരംഭങ്ങളുമെന്ന മഹത്തായ ആശയം സാക്ഷാൽക്കരിക്കുവാൻ വിഭവങ്ങളുടെ ഉപഭോഗം കുറക്കുകയും ഉപയോഗ ശേഷം വീണ്ടും ഉപയോഗിക്കുകയും ചെയ്യണമെന്നാണ് ഈ കലാകാരി കരുതുന്നത്. കരവിരുതും കാഴ്ചപ്പാടും ഭാവനയുടെ പരിസരത്ത് സമ്മേളിക്കുമ്പോൾ ദിയാനയുടെ ഓരോ സൃഷ്ടിയും ആസ്വാദനത്തിന്റെ വ്യതിരിക്തമായ അനുഭവമാണ് സമ്മാനിക്കുക.


ലോകം മനോഹരമാണ്. പലപ്പോഴും മനുഷ്യരുടെ തെറ്റായ നിലപാടുകളും നടപടികളും ആവാസ വ്യവസ്ഥയിൽ വരുത്തുന്ന മാറ്റമാണ് പ്രകൃതിയുടേയും പ്രപഞ്ചത്തിന്റേയും താളലയങ്ങൾ നശിപ്പിക്കുന്നത്. തൃശൂർ ജില്ലയിലെ കാളത്തോട് സ്വദേശിയായ ദിയാന ഹിജാസ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ അനശ്വര പാഠങ്ങളാണ് അടയാളപ്പെടുത്തുന്നത്. 'ട്രാഷ് ടു ക്രാഫ്റ്റ്'  എന്ന ആശയത്തോടെ കരവിരുതിൽ വിസ്മയം തീർക്കുന്ന ദിയാനയുടെ ലോകം ഏതൊരു കലാസ്വാദകന്റേയും ശ്രദ്ധയാകർഷിക്കും. സ്‌കൂൾതലം തൊട്ടേ ഈ ആശയവും കാഴ്ചപ്പാടുമാണ് ദിയാനയുടെ സൃഷ്ടികളെ സവിശേഷമാക്കിയത്. സ്‌കൂൾ ജില്ല തലങ്ങളിലൊക്കെ പല സമ്മാനങ്ങളും വാരിക്കൂട്ടിയെങ്കിലും പ്രൊഫഷണായി ആ മേഖലയിലേക്ക് തിരിഞ്ഞില്ല. ചിത്രം വരയും ശിൽപങ്ങളുമൊക്കെ വഴങ്ങുന്ന ദിയാന ജോലിയായി തെരഞ്ഞെടുത്തത് ഇന്റീരിയർ ഡിസൈനിംഗാണ്. വിവാഹ ശേഷം ദോഹയിലെത്തിയതാണ് ഈ കലാകാരിയുടെ കാഴ്ചപ്പാടിലും ചിന്തയിലും മാറ്റം വരുത്തിയത്.


ഭർത്താവിന്റെ കുടുംബം ദീർഘകാലമായി ഖത്തറിലാണുണ്ടായിരുന്നത്. ഭർത്താവ് ജനിച്ചതും വളർന്നതുമൊക്കെ ദോഹയിലായതിനാൽ നാട്ടിലേതിനേക്കാളും ഖത്തറിലെ വീടുമായാണ് ബന്ധമുണ്ടായിരുന്നത്. ഒഴിവ് സമയങ്ങളിൽ പാഴ് വസ്തുക്കൾ ഉപയോഗിച്ച് മനോഹരമായ ശിൽപങ്ങൾ നിർമിച്ച് വീടിനെ അലങ്കരിക്കാൻ ശ്രമിച്ചാണ് ദിയാന ഈ രംഗത്ത് സജീവമായത്. വീട്ടിൽ വരുന്ന പല അതിഥികളും ദിയാനയുടെ വർക്കുകളെ പ്രശംസിക്കാൻ തുടങ്ങിയതോടെ ആവേശം വർദ്ധിക്കുകയും കൂടുതൽ സമയം ഇതിനായി ചിലവഴിക്കുകയും ചെയ്തു. കുറേ കലാശിൽപങ്ങളായപ്പോൾ ഇവ പ്രദർശിപ്പിക്കുന്നതിനെകുറിച്ചാലോചിച്ചു. മാപ്സ് ഖത്തർ എന്ന കലാകാരന്മാരുടെ കൂട്ടായ്മയിൽ ചേർന്നതോടെ ഖത്തർ ഫൗണ്ടേഷനിലും കതാറയിലും ഫയർ സ്റ്റേഷനിലുമൊക്കെ നടന്ന വിവിധ പ്രദർശനങ്ങളിൽ പങ്കെടുക്കാനവസരം ലഭിച്ചു.


2019 ൽ കതാറയിൽ നടന്ന പ്രദർശനത്തിൽ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരോടൊപ്പം പങ്കെടുത്തത് ജീവിതത്തിലെ അവിസ്മരണീയമായ മുഹൂർത്തമായിരുന്നു. പരിപാടിയിൽ അതിഥിയായെത്തിയ അന്നത്തെ ഇന്ത്യൻ അംബാസഡർ ദിയാനയുടെ ചിത്രങ്ങളെ ഏറെ പ്രശംസിക്കുകയും സ്വന്തമായി മൊബൈൽ കാമറയിൽ പകർത്തുകയും ചെയ്തത് ഈ യുവ കലാകാരിയെ ഏറെ പ്രചോദിപ്പിച്ചു.
പാഴ്‌വസ്തുക്കളിൽ നിന്നും മനോഹരമായ ശിൽപങ്ങളൊരുക്കുന്ന ഈ കലാകാരി മനസുവെച്ചാൽ എന്തും മനോഹരമാക്കാമെന്നാണ് വിശ്വസിക്കുന്നത്. ജീവിതത്തിലെ ഓരോ നിമിഷങ്ങളും ഫലപ്രദമായി ഉപയോഗിച്ചാണ് ദിയാന മാതൃകയാകുന്നത്. വീട്ടിലെ കാര്യങ്ങളൊക്കെ ഭംഗിയായി നോക്കുന്നതോടൊപ്പം തന്നെയാണ് പാഴ്വസ്തുക്കളിൽ നിന്നും കമനീയമായ വസ്തുക്കൾ നിർമിക്കാനും സമയം കണ്ടെത്തുന്നത് എന്നത് ജോലി കഴിഞ്ഞ് ഒന്നിനും സമയമില്ലെന്ന് പരിതപിക്കുന്ന നിരവധി പേർക്ക് ഒരോർമപ്പെടുത്തലാണ്. മനസുവെച്ച് പരിശ്രമിക്കുകയും ജീവിതത്തിലെ അഭിനിവേശം പിന്തുടരുകയും ചെയ്യുമ്പോൾ എല്ലാം സാധ്യമാണെന്നാണ് ദിയാന പ്രായോഗികമായി കാണിച്ചുതരികയാണ്.

അറ നിറഞ്ഞ കലാകാരിയായ ദിയാനക്ക് എല്ലാറ്റിലും സൗന്ദര്യമാണ് കാണാനാവുന്നത്. അതുകൊണ്ട് തന്നെ പിസ്ത തോടുകളും വെള്ളുള്ളി തൊലിയും ആപ്പിൾ കുരുവും കടലാസ് കഷ്ണങ്ങളുമൊക്കെ ദിയാനയുടെ കരവിരുതിൽ ജീവൻ തുടിക്കുന്ന രൂപങ്ങളായി മാറാൻ അധികം നേരം വേണ്ടിവരില്ല. പാഴ് വസ്തുക്കളിൽ നിന്നും നിർമിക്കുന്ന കരകൗശല വസ്തുക്കളുടെ കൗതുകം മാത്രമല്ല ഏതൊരു കാര്യവും നാം നോക്കിക്കാണുന്നതുപോലെയും പ്രയോജനപ്പെടുത്തുന്നതുപോലെയുമാകുമെന്ന സുപ്രധാന കാര്യമാണ് ഇത് നമ്മെ ഓർമിപ്പിക്കുന്നത്. വ്യത്യസ്ത പാഴ് വസ്തുക്കൾ ഉപയോഗിച്ച് ദിയാന നിർമ്മിച്ച വൈവിധ്യവും മനോഹരവുമായ നിർമ്മിതികൾ ഏറെ ആകർഷകമാണ്.

 


പിസ്തത്തോട് കൊണ്ടുണ്ടാക്കിയ സമാധാനത്തിന്റെ വെള്ളരി പ്രാവ്, മയിൽ, വെള്ളുള്ളി തൊലിയും ഓയിൽ പെയിന്റും ചേർത്ത് നിർമിച്ച അരയന്നങ്ങൾ, പ്ളാസ്റ്റിക് വേസ്റ്റിൽ തീർത്ത പരിസ്ഥിതി മലിനീകരണം സംബന്ധിച്ച ചിത്രം, കപ്പലണ്ടി തോടുപയോഗിച്ചുണ്ടാക്കിയ തേനീച്ചകൂട്ടം, പേപ്പർകഷ്ണങ്ങളും ഓയിൽ പെയിന്റും ചേർത്ത് രൂപകൽപന ചെയ്ത ഹിജാബ്, മുത്തുച്ചിപ്പി ഷെല്ലുകൾകൊണ്ട് അലങ്കരിച്ച മനോഹരമായ പൂമ്പാറ്റകൾ, ചോക്ളേറ്റ് കവറുകൾകൊണ്ട് തീർത്ത ഓട്ടോറിക്ഷ, ഈത്തപ്പഴ കുരുവും ഓയിൽ പെയിന്റും ചേർത്തുണ്ടാക്കിയ ഈത്തപ്പഴക്കൊട്ട, ആപ്പിൾ കുരു, മഞ്ചാടിക്കുരു മുതലായവ കൊണ്ടുണ്ടാക്കിയ സീഡ് ആർടുകൾ തുടങ്ങിയവ ദിയാനയുടെ മികച്ച സൃഷ്ടികളാണ്. കോവിഡ് ഭീഷണി മാറിയ ശേഷം തെരഞ്ഞെടുത്ത ശിൽപങ്ങളുടെ സ്വന്തമായൊരു പ്രദർശനം സംഘടിപ്പിക്കാനാഗ്രഹമുണ്ടെന്ന് ദിയാന പറഞ്ഞു.


ദിവസവും വലിച്ചെറിയുന്ന പാഴ്‌വസ്തുകൊണ്ട് മനോഹരമായ അലങ്കാര വസ്തുക്കളുണ്ടാക്കി വീടിനെ അഴകുറ്റതാക്കാൻ പരിശ്രമിക്കുന്ന ദിയാനയുടെ ഓരോ സൃഷ്ടിയും പ്രൊഫഷണലിസത്തിലും ക്രാഫ്റ്റിന്റെ മികവിലും വേറിട്ട് നിൽക്കുന്നു.
ആരിഫ് - ഹൈറുന്നിസ ദമ്പതികളുടെ മകളായ ദിയാനക്ക് കല പാരമ്പര്യമായി ലഭിച്ച വരദാനമാണ്. പിതൃ സഹോദരൻ ആസിഫലി ആലുവയിൽ ആർട് ഗാലറി നടത്തുകയാണ്. മറ്റൊരു പിതൃസഹോദരനായ റിയാസ് കോമു മുംബൈയിലെ അറിയപ്പെടുന്ന മലയാളി കലാകാരനാണ്.
ഭർത്താവ് ഹിജാസിന്റെ പിന്തുണയും പ്രോൽസാഹനവുമാണ് പാഴ് വസ്തുക്കളെ സുന്ദര ശിൽപങ്ങളാക്കി മാറ്റാനുള്ള പ്രചോദനമെന്നാണ് ദിയാന പറയുന്നത്. അർശ്, അസ്സ എന്നിവരാണ് മക്കൾ.

Latest News