ദുബായില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് ആറ് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

ദുബായ്- വാഹനാപകടത്തില്‍ പരിക്കേറ്റ ആലപ്പുഴ സ്വദേശി റിജാസ് മുഹമ്മദ് കുഞ്ഞി (41) ന്  ആറ് ലക്ഷം ദിര്‍ഹം (ഏതാണ്ട് ഒരു കോടി 20 ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. ഒരു വര്‍ഷത്തോളം നടത്തിയ നിയമ യുദ്ധത്തിനൊടുവിലാണ് നഷ്ടപരിഹാരം വിധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ്.
2020 ജനുവരി 12 ന് അല്‍ഐന്‍-അബുദാബി റോഡില്‍ വെച്ചായിരുന്നു വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം.  റിജാസിന്റെ വാഹനവുമായി കൂട്ടിയിടിച്ച വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധ മൂലമാണ്  അപകടമുണ്ടായതെന്ന് കോടതിക്ക് ബോധ്യപ്പെടുകയും തുടര്‍ന്ന് ട്രാഫിക്ക് ക്രിമിനല്‍ കോടതി െ്രെഡവര്‍ക്ക് 5000 ദിര്‍ഹം് പിഴ വിധിച്ച് വിട്ടയക്കുകയും ചെയ്തു.
തുടര്‍ന്ന് വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ റിജാസിന് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സഹോദരി ഭര്‍ത്താവായ തിരുവനന്തപുരം കണിയാപുരം സ്വദേശി ഇബ്രാഹിം കിഫ, സഹോദരനും ആലപ്പുഴ ത്രിക്കുന്നപുഴ സ്വദേശിയുമായ റിജാം മുഹമ്മദ് കുഞ്ഞ് എന്നിവര്‍ യു.എ.ഇയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ സലാം പാപ്പിനിശേരിയെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് ദുബായ് കോടതിയില്‍ സിവില്‍ കേസ് നല്‍കി. യുഎഇയിലെ പ്രമുഖ  ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെയും വാഹനത്തിന്റെ െ്രെഡവര്‍ക്കെതിരെയുമാണ് നഷ്ടപരിഹാരം ലഭിക്കുന്നതിനായുള്ള കേസ് രജിസ്റ്റര്‍ ചെയ്തത്.
റിജാസിന് പറ്റിയ പരിക്കുകള്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം സ്ഥിരീകരിച്ചിട്ടില്ലെന്നും ഏറ്റവും പുതിയമെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും അതുകൊണ്ട് റിജാസ് നല്‍കിയ പരാതി തള്ളണമെന്നുമാണ് ഇന്‍ഷുറന്‍സ് കമ്പനിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്. തുടര്‍ന്നുളള വാദങ്ങളില്‍ തെറ്റ് എതിരെ വന്ന വാഹനത്തിന്റെ ഡ്രൈവറുടെ ഭാഗത്താണെന്നും അതുകൊണ്ട് തന്നെ റിജാസ് നഷ്ടപരിഹാരത്തിന് അര്‍ഹനാണെന്നും കോടതി കണ്ടെത്തി. തുടര്‍ന്നാണ് റിജാസിന് നഷ്ടപരിഹാരം നല്‍കാനുള്ള വിധി.

 

Latest News