ഖത്തര്‍ ഓഹരി വിപണി തകരുന്നു; ഒരു വര്‍ഷത്തിനിടെ 15 ശതമാനം ഇടിഞ്ഞു

റിയാദ് - ഖത്തര്‍ ഓഹരി വിപണി ഒരു വര്‍ഷത്തിനിടെ 14.7 ശതമാനം തകര്‍ച്ച നേരിട്ടതായി കണക്ക്. കഴിഞ്ഞ ദിവസം 9178 പോയന്റിലാണ് ഖത്തര്‍ സൂചിക ക്ലോസ് ചെയ്തത്. ഒരു വര്‍ഷം മുമ്പത്തെ അപേക്ഷിച്ച് 1581 പോയന്റിന്റെ ഇടിച്ചിലാണ് സൂചികയിലുണ്ടായത്. ഖത്തര്‍ ഓഹരി വിപണി മൂല്യത്തില്‍ ഒരു വര്‍ഷത്തിനിടെ 12.8 ശതമാനം കുറവുണ്ടായി. ജൂണ്‍ 16 ലെ കണക്കുകള്‍ പ്രകാരം ഖത്തര്‍ ഓഹരി വിപണി മൂല്യം 50,420 കോടി റിയാലാണ്. 2016 ജൂണ്‍ 16 ന് ഇത് 57,790 കോടി റിയാലായിരുന്നു. ഒരു വര്‍ഷത്തിനിടെ ഓഹരി വിപണി മൂല്യത്തില്‍ ഏതാണ്ട് 7370 കോടി റിയാലിന്റെ കുറവാണുണ്ടായത്. സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും ഖത്തറിനെ ബഹിഷ്‌കരിച്ചതിനു പിന്നാലെ ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപകര്‍ പിന്‍വാങ്ങിയതാണ് വിപണിയില്‍ തിരിച്ചടിയുണ്ടാക്കിയത്.
ഖത്തര്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ എണ്ണം 43 ആയി ഉയര്‍ന്നിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ പുതുതായി മൂന്നു കമ്പനികളാണ് ഖത്തര്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഖത്തര്‍ സൂചിക രണ്ടര ശതമാനം ഇടിഞ്ഞിരുന്നു. ആറു മാസം മുമ്പ് ഗള്‍ഫ് പ്രതിസന്ധി ആരംഭിച്ച ശേഷം ഖത്തര്‍ സൂചിക ഒരു ദിവസം ഇത്രയും വലിയ തിരിച്ചടി നേരിടുന്നത് ആദ്യമാണ്.
നവംബര്‍ അവസാനത്തെ കണക്കുകള്‍ പ്രകാരം ഖത്തര്‍ ഗവണ്‍മെന്റിന്റെ പൊതുകടം 51,970 കോടി റിയാലായി ഉയര്‍ന്നിട്ടുണ്ട്. ഖത്തറിന്റെ മൊത്തം ആഭ്യന്തരോല്‍പാദനത്തിന് ഏറെക്കുറെ സമമാണിത്. 2016 ല്‍ ഖത്തറിന്റെ മൊത്തം ആഭ്യന്തരോല്‍പാദനം 55,490 കോടി റിയാലായിരുന്നു. മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 94 ശതമാനമായി പൊതുകടം ഉയര്‍ന്നിട്ടുണ്ട്. ഖത്തറിലെ ബാങ്കുകളും പ്രതിസന്ധി നേരിടുന്നുണ്ട്. ഗള്‍ഫ് പ്രതിസന്ധി പ്രത്യക്ഷപ്പെട്ട ശേഷം ഖത്തറിലെ ബാങ്കുകളില്‍ നിന്ന് 7700 കോടി റിയാലിന്റെ നിക്ഷേപങ്ങള്‍ വിദേശികളും സ്വകാര്യ മേഖലയും പിന്‍വലിച്ചിട്ടുണ്ട്.

 

 

Latest News