Sorry, you need to enable JavaScript to visit this website.

ഷൂട്ടിംഗ് ദുരന്തം: നടപടി തുടങ്ങുന്നു

ടോക്കിയൊ - ഒളിംപിക്‌സില്‍ ഇത്തവണ ചരിത്രം തിരിത്തുമെന്ന ഇന്ത്യയുടെ അവകാശവാദത്തിന് നാലാം ദിനം പിന്നിടുമ്പോഴേക്കും കനത്ത തിരിച്ചടി. മെഡല്‍ക്കൊയ്ത്തിന് കാരണം പറഞ്ഞത് ഷൂട്ടിംഗിലെ മികവായിരുന്നു. അതില്‍തന്നെ ഏറ്റവും വലിയ പ്രതീക്ഷ ആദ്യമായി അരങ്ങേറുന്ന  എയര്‍പിസ്റ്റള്‍ മിക്‌സഡ് ടീമിനത്തില്‍ മനു ഭാക്കര്‍-സൗരഭ് ചൗധരി ജോഡിയിലായിരുന്നു. ചൊവ്വാഴ്ച മനുവും സൗരഭും മെഡല്‍ റൗണ്ടിലെത്താതെ പുറത്തായപ്പോള്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ ദുരന്തം പൂര്‍ത്തിയായി. 
മനുവിന്റെയും സൗരഭിന്റെയും ഇളംചുമലുകളില്‍ വലിയ പ്രതീക്ഷയാണ് അര്‍പ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഒളിംപിക്‌സ് എന്ന വലിയ വേദിയില്‍ കഴിവുകള്‍ മുഴുവന്‍ പുറത്തെടുക്കാന്‍ ഈ കൗമാരപ്രതിഭകള്‍ക്കു സാധിച്ചില്ല. വ്യക്തിഗത ഇനങ്ങളില്‍ പരാജയപ്പെട്ടതിനു പിന്നാലെ ആമായി അരങ്ങേറുന്ന 10 മീ. എയര്‍പിസ്റ്റള്‍ ടീം ഇനത്തിലും ഇരുവര്‍ക്കും മെഡല്‍ റൗണ്ടിലേക്ക് മുന്നേറാനായില്ല. ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണം കുത്തകയാക്കിയ ഇവര്‍ ഒളിംപിക്‌സില്‍ യോഗ്യതാ റൗണ്ടിന്റെ ആദ്യ ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ ഏഴാം സ്ഥാനത്തായി. ഈയിനത്തില്‍ ഇന്ത്യയുടെ രണ്ടാമത്തെ ജോഡിയായ അഭിഷേക് വര്‍മയും യശസ്വി ദേസ്വാളും ആദ്യ ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ തന്നെ പുറത്തായി. പിന്നാലെ എയര്‍റൈഫിള്‍ ടീമിനത്തിലും ഇന്ത്യന്‍ ജോഡികള്‍ ആദ്യ കടമ്പയില്‍ വീണു. 
അഞ്ച് സ്വര്‍ണം വരെ നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ട ഷൂട്ടിംഗില്‍ ഒരു മെഡല്‍ പോലുമില്ലാതെ ടീം മടങ്ങേണ്ടി വരുമെന്ന ആശങ്കക്കിടെ കടുത്ത നടപടിക്കൊരുങ്ങുകയാണ് നാഷനല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ. 
കോച്ചിംഗ് സ്റ്റാഫിനെ ഉടച്ചുവാര്‍ക്കുമെന്നും അവരുടെ വാക്കുകള്‍ മാത്രം വിശ്വസിച്ച് ഇനി മുന്നോട്ടുപോവില്ലെന്നും നാഷനല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് രണ്‍ധീര്‍ സിംഗ് ട്വീറ്റ് ചെയ്തു. സാധ്യമായ എല്ലാ സൗകര്യങ്ങളും ടീമിന് ചെയ്തു കൊടുത്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 
ഒളിംപിക്‌സിന് ഏതാനും മാസം മുമ്പ് കോച്ച് ജസ്പാല്‍ റാണയുമായി തെറ്റിപ്പിരിഞ്ഞത് മനു ഭാക്കറിന് വിനയായെന്ന വിലയിരുത്തലിലാണ് അസോസിയേഷന്‍. റാണയുടെ കീഴില്‍ മനു നിരവധി രാജ്യാന്തര മെഡലുകള്‍ നേടിയിരുന്നു. എന്നാല്‍ ജസ്പാല്‍ ടീമിലെ നെഗറ്റിഗ് ഘടകമായിരുന്നുവെന്ന് രണ്‍ധീര്‍ തുറന്നടിച്ചു. പത്തൊമ്പതുകാരിയോട് പലപ്പോഴും മാന്യമല്ലാത്ത രീതിയിലാണ് ജസ്പാല്‍ പെരുമാറിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മൂന്നിനങ്ങളില്‍ മനുവിനെ മത്സരിപ്പിക്കരുതായിരുന്നുവെന്ന് ജസ്പാല്‍ പറയുന്നു.
അതിനിടെ, ഒളിംപിക്‌സിനിടെ ദേശീയ കോച്ച് സൗമ്യദീപ് റോയിയെ അപമാനിച്ചുവെന്നതിന് ടേബിള്‍ ടെന്നിസ് താരം മണിക ബത്രക്കെതിരെ നടപടിയെടുത്തേക്കും. തന്റെ കോച്ചിനെ മത്സര വേദിക്കടുത്ത് അനുവദിക്കാതിരുന്നതിനെയാണ് മണിക പരസ്യമായി വിമര്‍ശിച്ചത്. ഇന്ത്യന്‍ താരം സുതീര്‍ഥ മുഖര്‍ജിയുടെ പേഴ്‌സണല്‍ കോച്ച് കൂടിയാണ് സൗമ്യദീപ്. സന്‍മയ് പരഞ്ജ്‌പെയാണ് മണികയുടെ കോച്ച്. ഒളിംപിക്‌സിന്റെ ടേബിള്‍ ടെന്നിസില്‍ മൂന്നാം റൗണ്ടിലെത്തിയ ആദ്യ ഇന്ത്യന്‍ വനിതയാണ് മണിക. 

Latest News