സെഞ്ചൂറിയൻ - ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും പരാജയത്തിലേക്ക് നീങ്ങുന്ന ഇന്ത്യ പരമ്പര അടിയറ വെക്കുന്നതിന്റെ വക്കിൽ. അപ്രതീക്ഷിത ബൗൺസുള്ള പിച്ചിൽ 287 റൺസ് ലക്ഷ്യം പിന്തുടർന്ന സന്ദർശകർ മൂന്നിന് 35 ലാണ് നാലാം ദിനം കളിയവസാനിപ്പിച്ചത്. ചേതേശ്വർ പൂജാരയും (11) പാർഥിവ് പട്ടേലുമാണ് (5) ക്രീസിൽ.
കെ.എൽ രാഹുലിനെയും (4) ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെയും (5) പുറത്താക്കിയ പുതുമുഖ പെയ്‌സ്ബൗളർ ലുൻഗി എൻഗിഡിയാണ് ഇന്ത്യക്ക് ഇരട്ട പ്രഹരമേൽപിച്ചത്. മുരളി വിജയ്‌യെ (9) കഗീസൊ റബാദ ബൗൾഡാക്കി. അപ്രതീക്ഷിത ബൗൺസാണ് മുരളിയെയും കോഹ്‌ലിയെയും ചതിച്ചതെങ്കിൽ അലക്ഷ്യമായി അടിച്ച് രാഹുൽ വിക്കറ്റ് തുലച്ചു. 23 ഓവർ വേണ്ടി വന്നു ഇന്ത്യക്ക് 35 ലെത്താൻ.
രണ്ടിന് 90 ൽ ഇന്നിംഗ്‌സ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 258 ന് ഓളൗട്ടാവുകയായിരുന്നു. നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷാമിയും മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുമാണ് അവരെ ഒതുക്കിയത്. ഇശാന്ത് ശർമക്ക് രണ്ടു വിക്കറ്റ് കിട്ടി.
മൂന്നാം വിക്കറ്റിലെ 141 റൺസ് കൂട്ടുകെട്ടിലൂടെ എബി ഡിവിലിയേഴ്‌സും (80) ഡീൻ എൽഗറും (61) ആതിഥേയരെ വൻ സ്‌കോറിലേക്ക് നയിച്ചതായിരുന്നു. എന്നാൽ ലഞ്ചിനു ശേഷം ഏഴോവറിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയ ഷാമി കുതിപ്പ് തടഞ്ഞു. ഡിവിലിയേഴ്‌സിന് മോശം പന്തുകളെറിഞ്ഞ് ബൗളർമാർ വീഴ്ച വരുത്തി. എന്നാൽ എൽഗറിനെ ആർ. അശ്വിൻ നിരന്തരം വെള്ളം കുടിപ്പിച്ചു. എക്‌സ്ട്രാ ബൗൺസിലാണ് ഡിവിലിയേഴ്‌സിനെ ഷാമി വീഴ്ത്തിയത്. ഷാമിയുടെ ബൗൺസറിൽ എൽഗർ സ്‌ക്വയർലെഗ് ബൗണ്ടറിയിൽ പിടികൊടുത്തു.
ഫാഫ് ഡുപ്ലെസിയെ അശ്വിന്റെ പന്തിൽ പിടിക്കാനുള്ള അവസരം ഡൈവ് ചെയ്ത രാഹുൽ പാഴാക്കി. ക്വിന്റൻ ഡികോക്കിന്റെ (12) ഇന്നിംഗ്‌സായിരുന്നു ഏറ്റവും വിചിത്രം. മൂന്ന് തവണ ഷാമിയെ എഡ്ജ് ചെയ്തത് ക്ലോസ് ഫീൽഡർമാരിൽ നിന്ന് കഷ്ടിച്ച് അകലുകയും ബൗണ്ടറിയാവുകയും ചെയ്തു. നാലാമത്തേതിൽ പാർഥിവ് പട്ടേൽ ക്യാച്ചെടുത്തു.
ചായക്കു ശേഷം കളി മന്ദഗതിയിലായി. ഹാർദിക് പാണ്ഡ്യയും ഇശാന്തുമെറിഞ്ഞ 11 ഓവറിൽ 14 റൺസാണ് പിറന്നത്. ഒടുവിൽ അത്ര അപായകരമല്ലാത്ത പന്തിൽ വെർനൻ ഫിലാന്റർ (26) പിടികൊടുത്തതോടെ ക്യാപ്റ്റനുമൊത്തുള്ള 46 റൺസ് കൂട്ടുകെട്ട് അവസാനിച്ചു. അതേ സ്‌കോറിൽ കേശവ് മഹാരാജിനെയും (6) ഇശാന്ത് മടക്കി. ഡുപ്ലെസിയെ 46 ലുള്ളപ്പോൾ ബുംറ സ്വന്തം ബൗളിംഗിൽ പിടിവിട്ടു. എന്നാൽ അതേ രീതിയിൽ ബുംറയുടെ അടുത്ത ഓവറിൽ പുറത്തായി. 141 പന്ത് നേരിട്ട ഡുപ്ലെസി ഒമ്പതാമനായാണ് പുറത്തായത്.