Sorry, you need to enable JavaScript to visit this website.

താഹയുടെ ജിസാൻ പ്രവാസം: സേവനത്തിന്റെ ജീവിതമുദ്രകൾ

കാൽനൂറ്റാണ്ടിലേറെയുള്ള പ്രവാസാനുഭവങ്ങൾ. ജിസാനിലെ മലയാളം ന്യൂസ് ലേഖകൻ കൂടിയായ താഹ കൊല്ലേത്ത്, വിപ്ലവകാരികളുടെ കർമഭൂമിയായ വള്ളികുന്നത്തിന്റെ പുത്രനാണ്. ഓർമകളെ ദീപ്തമാക്കുന്ന ഒട്ടേറെ അനുഭവങ്ങളാണ് ഇവിടെ അയവിറക്കുന്നത്.

ആലപ്പുഴ ജില്ലയിൽ വള്ളികുന്നത്ത് ഇലങ്കത്തിൽ മുഹമ്മദ് കുഞ്ഞിന്റെയും ഖദീജയുടെയും ഏക മകനായി ജനനം. എട്ട് സഹോദരിമാർ. ചൂനാട് ഇലിപ്പക്കുളം യു.പി.സ്‌കൂൾ, വള്ളികുന്നം സംസ്‌കൃത ഹൈസ്‌ക്കൂൾ എന്നിവിടങ്ങളിൽ സ്‌കൂൾ പഠനം. ഹൈസ്‌കൂളിൽ പത്താം ക്ലാസ് വരെ സംസ്‌കൃതമാണ് പഠിച്ചത്. കായംകുളം എം.എസ്.എം കോളജ്, ഹരിപ്പാട് ടി.കെ.എം.എം. കോളജ് എന്നിവിടങ്ങളിൽ കോളജ് വിദ്യാഭ്യാസം. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. എസ്.എഫ്.ഐ കോളജ് യൂണിറ്റ് സെക്രട്ടറി, ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.  ബി.കോം ബിരുദം പൂർത്തിയാക്കിയ ശേഷം നാട്ടിൽ കുറച്ചു കാലം സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തി. പുരോഗമന കലാ സാഹിത്യ സംഘം, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നീ സംഘടനകളിൽ സജീവമായിരുന്നു. വള്ളികുന്നത്ത് സാംസ്‌കാരിക സംഘടനയുടെ ഭാരവാഹിയായിരുന്നപ്പോൾ ശ്രദ്ധേയമായ ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചു. 


തോപ്പിൽ ഭാസി, കാമ്പിശ്ശേരി കരുണാകരൻ, പുതുശ്ശേരി രാമചന്ദ്രൻ, സംവിധായകൻ അജയൻ, തോപ്പിൽ ഗോപാലകൃഷ്ണൻ തുടങ്ങിയ പ്രശസ്തരുടെ സ്വദേശമായ വള്ളികുന്നം ഒട്ടേറെ എഴുത്തുകാരുടെയും നാടക- സാംസ്‌കാരിക പ്രതിഭകളുടെയും നാടാണ്. നന്നെ ചെറുപ്പം മുതൽ നാട്ടിലെ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 
അന്ന് ഒപ്പം പ്രവർത്തിച്ചിരുന്ന നാട്ടിലെ മുതിർന്ന സുഹൃത്തുക്കളിൽ പലരും പിൽക്കാലത്ത് സാഹിത്യ രംഗത്ത് പ്രശസ്തരായി തീർന്നു. പിതാവ് പക്ഷാഘാതം ബാധിച്ച് കിടപ്പിലായതോടെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകൾ നിമിത്തം ജോലിതേടി 1991 മദ്രാസിലേക്ക് പോയി.   


മദ്രാസിൽ ഇന്ത്യാ സിമിന്റ്‌സിൽ (ശങ്കർ സിമന്റ്‌സ്) അക്കൗണ്ട്‌സ് അസിസ്റ്റന്റായി നാലു വർഷം ജോലി ചെയ്തു. തിരുനെൽവേലിയിൽ  ജോലി ചെയ്യുമ്പോൾ മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സൗദിയിലേക്ക് വരുന്നതിന് മുമ്പ് ആനുകാലികങ്ങളിൽ ലേഖനങ്ങളും കഥകളും എഴുതിയിരുന്നു. ദേശാഭിമാനി വാരികയിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയുടെ യുവവാണിയിലും കഥ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ദേശാഭിമാനി വാരികയിൽ 1993 ൽ പ്രസിദ്ധീകരിച്ച ‘ദൂരക്കാഴ്ചകൾ' എന്ന കഥ സാഹിത്യ നിരൂപകൻ എം.കൃഷ്ണൻ നായരുടെ സാഹിത്യവാരഫലത്തിൽ രൂക്ഷമായ വിമർശനത്തിന് വിധേയമായി. 
ജിസാനിലുണ്ടായിരുന്ന സഹോദരീഭർത്താവ് നൽകിയ വിസയിൽ 1995 മാർച്ച് 5 ന് സൗദിയിലെത്തി. ജിസാനിലെ അദ്‌നാൻ ഹോട്ടലിൽ അക്കൗണ്ടന്റായി ജോലിയ്ക്ക് ചേർന്നു. പിന്നീട് അദ്‌നാൻ മാരിടൈം കമ്പനിയിൽ ഷിപ്പിംഗ് ഓപ്പറേഷൻസ് മാനേജരായി അവിടെ തുടർന്നു. 


2014 ൽ കമ്പനിയുടെ ജിസാൻ ശാഖ അടച്ചതിനെ തുടർന്ന് ഹസൻ അൽഹാർബി കോർപ്പറേഷന്റെ (ഹാസ്‌കോ) ജിസാൻ ശാഖയിൽ ഷിപ്പിംഗ് ഓപ്പറേഷൻസ് മാനേജരായി. ഹസ്‌കോയിൽ നിന്നാണ് ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചത്്്.  
ജിസാനിൽ എത്തിയത് മുതൽ പ്രവാസി മലയാളികളുടെ വിവിധ പ്രശ്‌നങ്ങളിൽ ഇടപെട്ടു കൊണ്ട് സാമൂഹിക- സാംസ്‌കാരിക പ്രവർത്തനങ്ങൾ നടത്തി. കലാസാഹിത്യ തൽപരരായ സുഹൃത്തുക്കളെ സംഘടിപ്പിച്ചു കൊണ്ട് 1998 ൽ രൂപീകരിച്ച മലയാളം ആർട്ട്‌സ് സൊസൈറ്റിയുടെ കൺവീനറായി പ്രവർത്തിച്ചു. സംഘടനയുടെ നേതൃത്വത്തിൽ ജിസാനിൽ നിരവധി കലാസാംസ്‌കാരിക പരിപാടികൾ  സംഘടിപ്പിക്കുകയും ഗൾഫ് മലയാളികൾക്കായി നാട്ടിലെ പ്രമുഖ എഴുത്തുകാരെ ബന്ധപ്പെടുത്തി സാഹിത്യ മത്സരങ്ങൾ  സംഘടിപ്പിക്കുകയും ചെയ്തു.  മലയാളം ന്യൂസിന് വേണ്ടി 2001 മുതൽ ജിസാനിൽനിന്ന് വാർത്തകൾ റിപ്പോർട്ട് ചെയ്തു.കേരള പ്രവാസി സംഘം രൂപീകരിച്ചപ്പോൾ 2003 ൽ ജിസാൻ മേഖലാ കമ്മിറ്റി രൂപീകരിച്ച് ആദ്യ സെക്രട്ടറിയായി പ്രവർത്തിച്ചു. പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ പത്ത് വർഷം ജിസാനിൽ നിരവധി സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി. പ്രവാസി സംഘം പ്രവർത്തകരെ കൂടി ഉൾപ്പെടുത്തി ജിസാനിലെ പ്രവാസി മലയാളികളുടെ കലാ-സാംസ്‌കാരിക കൂട്ടായ്മയായ ജിസാൻ ആർട്ട് ലവേഴ്‌സ് അസോസിയേഷൻ(ജല) രക്ഷാധികാരിയായി പ്രവർത്തിക്കുന്നു.   2006 ൽ പ്രസിദ്ധീകരിച്ച ഗൾഫ് മലയാളം ലിറ്റിൽ മാഗസിന്റെ എഡിറ്ററായി പ്രവർത്തിച്ചു. 1997 മുതൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ പ്രതിനിധിയായി ജിസാനിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചു. പിന്നീട് കോൺസുലേറ്റിനു കീഴിൽ സാമൂഹിക ക്ഷേമസമിതി രൂപീകരിച്ചതു മുതൽ കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗമായി പ്രവർത്തിക്കുന്നു. മികച്ച സാമൂഹിക പ്രവർത്തനങ്ങൾക്ക് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് 2015 ൽ പ്രശസ്തി പത്രം നൽകി ആദരിച്ചു. പ്രവാസി വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച കേരള എഡ്യുക്കേഷണൽ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റി (കീഗ്‌സ്) യുടെ വൈസ് ചെയർമാൻ, റിയാദ് സബിയ ഇന്റർനാഷണൽ സ്‌കൂളിന്റെ അഡൈ്വസറി ബോർഡ് അംഗം എന്നീ എന്നീ നിലകളിലും പ്രവർത്തിച്ചു.    


ലേഖനങ്ങൾ, സാഹിത്യ നിരൂപണങ്ങൾ, പുസ്തകാവലോകനം എന്നിവ എഴുതാറുണ്ട്. 'അക്ഷരങ്ങളില്ലാത്ത പുസ്തകം' എന്ന കഥ കേരള സാഹിത്യ അക്കാദമി 2009 ൽ പ്രവാസി കഥാസമാഹാരത്തിൽ പ്രസിദ്ധീകരിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി 2017 ൽ കണ്ണൂരിൽ സംഘടിപ്പിച്ച ആഗോള പ്രവാസി സംഗമത്തിൽ ' പ്രവാസവും മലയാള സാഹിത്യവും' എന്ന വിഷയം അവതരിപ്പിച്ചു. രണ്ടര പതിറ്റാണ്ടിന്റെ പ്രവാസ ജീവിതത്തിനിടയിൽ ജിസാനിൽ മരണമടഞ്ഞ നിരവധി പ്രവാസികളുടെ മൃതദേഹങ്ങൾ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലയച്ചു. സ്‌പോൺസറുടെ പീഡനവും തൊഴിൽ പ്രശ്‌നങ്ങളും മൂലം പ്രതിസന്ധിയിലായ പ്രവാസികൾക്ക് സഹായം നൽകാനും നിയമപോരാട്ടം നടത്താനും കൂടുതൽ സമയം വിനിയോഗിച്ചു. പക്ഷെ 2015 ൽ സാംതയിൽ യെമനിലെ ഹൂത്തി വിമതർ നടത്തിയ ഷെൽ ആക്രമണങ്ങളിൽ മൂന്നു മലയാളികൾ മരണമടയുകയും നിരവധി മലയാളികൾക്ക് പരിക്കേൽക്കുകയും ചെയ്തപ്പോൾ എല്ലാ സഹായവുമായി രംഗത്തുണ്ടായിരുന്നു. ജിസാനിലെ എല്ലാ പ്രവാസി സംഘടനകളെയും ഒരുമിച്ച് ചേർത്തു കൊണ്ട് 42 ലക്ഷത്തോളം രൂപ സമാഹരിച്ച് ഷെൽ ആക്രമണങ്ങളിൽ മരണമടഞ്ഞ പ്രവാസികളുടെ അനാഥമായ മൂന്നു കുടുംബങ്ങളെ സഹായിക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ചു. 


കേരള സർക്കാരിന്റെ മലയാളം മിഷന്റെ പ്രവർത്തനങ്ങൾക്ക്  സൗദിയിൽ തുടക്കം കുറിച്ചു. സൗദിയിൽ ആദ്യമായി ജിസാൻ മേഖലയിൽ മലയാളം മിഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജിസാൻ ‘'ജല' യുടെ നേതൃത്വത്തിൽ 2018 ൽ മലയാളം മിഷന്റെ ആദ്യ മൂന്നു പഠനകേന്ദ്രങ്ങൾ തുറന്നു. മലയാളം മിഷന്റെ സൗദി കോ-ഓർഡിനേറ്ററായി രണ്ടു വർഷം പ്രവർത്തിച്ചു. ഇപ്പോൾ മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.


സൗദി ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള ജിസാൻ സർവകലാശാലയിൽ ഗണിതശാസ്ത്ര വിഭാഗം അധ്യാപികയായ ലീമയാണ് ജീവിത പങ്കാളി. എറണാകുളം എസ്.എൻ ലോ കോളജിൽ മൂന്നാം വർഷ നിയമ വിദ്യാർത്ഥിയായ ഹാഷ്മി, ജിസാൻ അൽമാരിഫാ ഇന്റർനാഷണൽ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഖദീജ എന്നിവർ മക്കളാണ്. വേമവമ1999@ഴാമശഹ.രീാ             -എം


 

Latest News