Sorry, you need to enable JavaScript to visit this website.
Tuesday , September   21, 2021
Tuesday , September   21, 2021

നേതാക്കളുടെ പബ്ലിസിറ്റി മോഹവും ചെമ്മനം ചാക്കോയുടെ ഹാസ്യകവിതയും

രണ്ട് മൂന്ന് ദിവസം തുടർച്ചയായി എസ്. കൃഷ്ണകുമാർ അപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും വീടുകൾ സന്ദർശിക്കുന്നുണ്ടെന്നും അവരെല്ലാം അദ്ദേഹത്തിന്റെ മണ്ഡലത്തിൽപ്പെട്ട വരാണെന്നും അപ്പോൾ വേണ്ടത്ര കവറേജ് ഉറപ്പുവരുത്തണമെന്നും പ്രത്യേകമായി ആവശ്യപ്പെട്ടു.

പെരുമൺ ദുരന്തവുമായി ബന്ധപ്പെട്ട വാർത്തയ്ക്കിടെ പ്രോട്ടോക്കോളിനു വിരുദ്ധമായി ഗവർണറുടെ അനുശോചനസന്ദേശം ആദ്യം നൽകാതെ മുഖ്യമന്ത്രിയുടെ സന്ദേശം നൽകിയതിന്റെ പേരിൽ ഗവർണർ രാംദുലാരി സിൻഹ ഫോണിൽ ക്ഷുഭിതയായി എന്നോട്്് സംസാരിക്കുകയും പിറ്റേന്ന്്് അവരെ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്്്ത അനുഭവമാണല്ലോ കഴിഞ്ഞയാഴ്ച പങ്ക്്് വെച്ചത്. 
ഗവർണർ ഫോൺ താഴെ വെച്ചു കഴിയുമ്പോഴത്തേക്കും ദൂരദർശൻ ചിത്രഗീതം പരിപാടികൾ സംപ്രേഷണം ചെയ്യുന്നതാണ് കാണുന്നത്. ചിത്രഗീതത്തിൽ മിക്ക പാട്ടുകളും ആടിപ്പാടി മരംചുറ്റിയുല്ലസിക്കുന്ന നായികാനായകൻമാരുടേതാണ്. ഏറ്റവും കൂടുതൽ പരസ്യങ്ങൾ കിട്ടുന്ന പരിപാടിയുമാണത്. പരസ്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്തവയുമാണ്! എന്തായാലും അന്നത്തെ ദിവസം അത്തരമൊരു പരിപാടിയല്ല വേണ്ടതെന്ന് ഞാൻ നിശ്ചയിച്ചു. 
അന്നത്തെ പ്രക്ഷേപണത്തിന്റെ ചുമതലയുണ്ടായിരുന്ന മുരളി മേനോനെ (മുരളി പിന്നീട് ജോലി വിട്ടു. മിടുക്കിയും പ്രശസ്തയുമായ കുക്കു പരമേശ്വരനെ കല്യാണം കഴിച്ചു.) ഫോണിൽ വിൡച്ച്, ചിത്രഗീതം നിർത്തി ഏതെങ്കിലും ഗൗരവസ്വഭാവമുളള പരിപാടി പകരം സംപ്രേഷണം ചെയ്യാനാവശ്യപ്പെട്ടു. മുരളി പെട്ടെന്നുതന്നെ പരിപാടി മാറ്റി. പരസ്യങ്ങളുടെ കാര്യം മുരളി ചോദിച്ചപ്പോൾ അത് പിന്നീട് തീരുമാനിക്കാമെന്ന് ഞാൻ മറുപടി പറഞ്ഞു. 
2018 ലെ മഹാപ്രളയത്തിന്റെ സംപ്രേഷണത്തിനിടയിൽ ആഭരണപരസ്യങ്ങൾ കാണിക്കുന്നതിൽ അമർഷംപൂണ്ട്, ഒരു ചാനലിന്റെ എഡിറ്ററോട് അതിന്റെ അധാർമ്മികതയെപ്പറ്റി സൂചിപ്പിച്ചപ്പോൾ പരസ്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്തവയായതിനാൽ  നിർത്താനാവില്ലെന്ന് സി.ഇ.ഒ പറഞ്ഞതായി അറിയിച്ചപ്പോൾ ഈ സംഭവം എന്റെ മനസ്സിലുണ്ടായിരുന്നു. ദേശീയ ടെലിവിഷൻ ചാനലിൽ അഞ്ചു വർഷത്തിലേറെക്കാലം ഞാൻ പരസ്യ, വിപണന വിഭാഗത്തിന്റെ മേധാവിയായിരുന്നതിനാൽ പരസ്യത്തിന്റെ കാര്യങ്ങൾ എനിക്ക് നന്നായി അറിയാമായിരുന്നു എന്ന് അദ്ദേഹം ഓർത്തില്ല.
അന്ന് അർധരാത്രിക്ക് ശേഷമാണ് അന്നത്തെ റെയിൽവെ മന്ത്രി മാധവറാവു സിന്ധ്യ പ്രത്യേകവിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്നത്. ഞാനും ഡയറക്ടർ ജനറലിന്റെ നിർദ്ദേശപ്രകാരം അദ്ദേഹത്തെ കാണാൻ വിമാനത്താവളത്തിലെത്തിയിരുന്നു. ഒരു ക്യാമറാസംഘം കവറേജിന് തയ്യാറായി ഉണ്ടായിരുന്നെങ്കിലും പിറ്റേ ദിവസം അപകടസ്ഥലം സന്ദർശിച്ച ശേഷമേ എന്തെങ്കിലും പറയാനാകൂ എന്ന് മന്ത്രി പറഞ്ഞതിനാൽ ഞങ്ങൾ മടങ്ങി. റെയിൽവെമന്ത്രിയുടെ കവറേജിന് സംഘം കൂടെയുണ്ടാവണമെന്നും ന്യൂസ് എഡിറ്റർ തന്നെ നേതൃത്വം ഏറ്റെടുക്കണമെന്നും ഏർപ്പാട് ചെയ്തിരുന്നു. രാത്രി വളരെ വൈകി, ഡൽഹി വാർത്തകളുടെ ചുമതലയുണ്ടായിരുന്ന ഹരീഷ് അവസ്തി ഇത്രയും കടമ്പകൾ കടന്ന് അപകടവാർത്തയുടെ ദൃശ്യങ്ങൾ ഡൽഹിയിലെത്തിച്ചതിന് നന്ദി പറയുകയും തുടർന്നുളള രക്ഷാപ്രവർത്തനങ്ങളുടെ കവറേജും ദുരന്തത്തിന്റെ വ്യാപ്തിയുടെ ചിത്രീകരണദൃശ്യങ്ങളും ഡൽഹിയിലേക്ക് അതേ ശുഷ്‌കാന്തിയോടെ എത്തിക്കണമെന്ന് പ്രത്യേകം അപേക്ഷിക്കുകയും ചെയ്തിരുന്നു. 
വിമാനത്താവളത്തിൽ നിന്ന് മടങ്ങിയ ഉടനെ രാത്രി രണ്ട് മണിയോടെ അദ്ദേഹത്തെ വിളിച്ചുണർത്തി ഞാൻ ഏർപ്പാട് ചെയ്ത കാര്യങ്ങൾ, റെയിൽവെ മന്ത്രി പറഞ്ഞതടക്കം ധരിപ്പിച്ചിരുന്നു. പിറ്റേന്ന് ഓഫീസിലെത്തി കാര്യങ്ങൾ ഉറപ്പുവരുത്താമെന്ന് പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത്. പിറ്റേദിവസം മൈക്രോവെയ്‌വ് ഫീഡിനുളള ബുക്കിംഗ് നടത്താൻ തലേന്ന് തന്നെ ഏർപ്പാട് ചെയ്തിരുന്നു.
രാവിലെ ഒൻപത് മണിയോടെ ഓഫീസിലേക്കിറങ്ങുന്നിന് മുൻപ് ഡൽഹിയിൽ നിന്ന് ഡയറക്ടർ ജനറൽ ഭാസ്‌കർ ഘോഷ് (എഴുത്തുകാരനും നാടകരംഗത്ത് പ്രസിദ്ധനുമായ അദ്ദേഹം എന്റെ ദൂരദർശൻ കാലങ്ങളിലെ ഏറ്റവും പ്രഗത്ഭനായ ഡയറക്ടർ ജനറലായിരുന്നു) എന്നെ ഫോണിൽ വിളിച്ചു: തലേന്നത്തെ വാർത്തയുടെ ഫീഡിനെക്കുറിച്ച് പ്രത്യേകം അഭിനന്ദിക്കാനായിരുന്നു അദ്ദേഹം വിളിച്ചത്: ദൂരദർശൻ വാർത്തകളിൽ ദൃശ്യങ്ങൾ എപ്പോഴും യഥാവസരം കാണിക്കാറില്ല എന്ന പഴി, അപകടവാർത്തയറിഞ്ഞപ്പോൾ, കേൾക്കേണ്ടിവരുമെന്ന് ഭയന്നിരുന്നെന്നും, പക്ഷെ അവസരത്തിനൊത്ത് ഉയർന്നതിന് പ്രത്യേകമായി അഭിനന്ദിക്കുന്നുവെന്നും, അതിനായി പ്രവർത്തിച്ച മറ്റുളളവരെയും അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
ഞങ്ങൾ തമ്മിൽ ആദ്യത്തെ പരിചയപ്പെടലോടെ  തന്നെ ഹൃദ്യമായ വ്യക്തിബന്ധം ഉടലെടുത്തിരുന്നു. പതിനൊന്ന് മണിക്ക് 
ഗവർണറെ നേരിൽകണ്ട് വിശദീകരണം നൽകാനാവശ്യപ്പെട്ടതും അവർ ക്ഷുഭിതയായി സംസാരിച്ചതും ഞാൻ അദ്ദേഹത്തെ ധരിപ്പിച്ചു. അദ്ദേഹം മറുപടി പറഞ്ഞു:'' കുഞ്ഞികൃഷ്ണൻ, നിങ്ങളെ ഭരണത്തിലിരിക്കുന്ന ഉത്തരവാദപ്പെട്ടവർ ആരെങ്കിലും വിളിപ്പിച്ചാൽ എന്റെ സമ്മതത്തോടെ മാത്രമേ പോകാൻ പാടുളളു. ഡയറക്ടറെന്ന നിലയിൽ നിങ്ങളവിടെ എന്റെ പ്രതിനിധിയാണ്. നിങ്ങൾക്ക് ഔദ്യോഗിക നിർദ്ദേശം നൽകാനുളള അധികാരം എനിക്കാണ്. ഓഫീസിലെത്തിയ ഉടനെ ഗവർണറുടെ സെക്രട്ടറിക്ക് ഒരു കത്ത് കൊടുത്തയക്കുക: നേരിൽ വന്ന് കാണുന്നതിന് ഡയറക്ടർ ജനറലിന്റെ അനുമതിയില്ല. കത്തിന്റെ ഒരു കോപ്പി എനിക്കും അയക്കുക.
ഓഫീസിൽ ചെന്ന് കത്ത് തയ്യാറാക്കിയ ശേഷം, ഞാൻ ഗവർണറുടെ സെക്രട്ടറി ലിസി ജോർജിനെ ഫോണിൽ വിളിച്ചു. (ലിസി ജോർജ് കലാകാരിയും പിന്നീട് കേരളത്തിന്റെ ചീഫ് സെക്രട്ടറിയുമായി): 'മാഡം' വളരെ കോപിഷ്ഠയാണെന്നും എന്നെ കാണാൻ കാത്തിരിക്കുകയാണെന്നും അവർ അറിയിച്ചു. പക്ഷെ, ഗവർണറെ കാണാൻ എനിക്ക് ഡയറക്ടർ ജനറലിന്റെ അനുമതി കിട്ടിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ സമ്മതം കാത്തിരിക്കുകയാണെന്നും വിവരം ഞാൻ എഴുതി അറിയിക്കുന്നുണ്ടെന്നും ലിസി ജോർജിനെ അറിയിച്ചു. കത്ത് കൊടുത്തയച്ച ശേഷം, രാജ് ഭവനിൽനിന്ന് പ്രതികരണമൊന്നുമുണ്ടായില്ല.
പക്ഷെ, പെരുമൺ ദുരന്തത്തിന്റെ വാർത്തകളുടെ അലയൊലിയിൽ നിന്ന് എനിക്ക് പിന്നെയും മോചനം കിട്ടിയില്ല. പിറ്റേന്ന് ശനിയാഴ്ച, ജൂലായ് 9-ാം തീയതി റെയിൽവെ മന്ത്രി വിജയരാജെ സിന്ധ്യയുടെ അപകടസ്ഥല സന്ദർശനവും പത്രസമ്മേളനദൃശ്യങ്ങളും ദുരന്തസ്ഥലത്തെ കാഴ്ചകളും രക്ഷാപ്രവർത്തനങ്ങളുമായിരുന്നു വാർത്തകളിൽ നിറഞ്ഞുനിന്നത്. മറ്റ് ദൃശ്യങ്ങളോ പ്രസ്താവനകളോ അന്ന് വാർത്താപ്രാധാന്യമുളളവയല്ലല്ലോ. അത് അന്നത്തെ കൊല്ലം എംപിയും, വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രിയുമായിരുന്ന എസ്. കൃഷ്ണകുമാറിന് ഇഷ്ടമായില്ല. വാർത്താപ്രാധാന്യം റെയിൽവെ മന്ത്രി സിന്ധ്യയിൽ മാത്രം ഒതുങ്ങിനിന്നതിൽ  അദ്ദേഹം അനിഷ്ടം പ്രകടമാക്കി. ആ ഫോൺ സംഭാഷണം വളരെയേറെ നീണ്ടുനിന്നു. വാർത്തകളിൽ വ്യക്തികളല്ല, വാർത്തയാണ് കാര്യമെന്ന് പറഞ്ഞ്, ഞാൻ മാർഗനിർദ്ദേശങ്ങളുളള കാര്യം അദ്ദേഹത്തെ അറിയിച്ചു. പിറ്റേദിവസം മുതൽ രണ്ട് മൂന്ന് ദിവസം തുടർച്ചയായി എസ്. കൃഷ്ണകുമാർ അപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും വീടുകൾ സന്ദർശിക്കുന്നുണ്ടെന്നും അവരെല്ലാം അദ്ദേഹത്തിന്റെ മണ്ഡലത്തിൽപ്പെട്ടവരാണെന്നും അപ്പോൾ വേണ്ടത്ര കവറേജ് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പ്രത്യേകമായി ആവശ്യപ്പെട്ടു. അതനുസരിച്ചു. അതുകഴിഞ്ഞ് കുറച്ചുനാളുകൾക്കുളളിൽ പ്രസിദ്ധകവി ചെമ്മനം ചാക്കോ 'വിഡ്ഢിപ്പെട്ടി' എന്ന ആക്ഷേപഹാസ്യ കവിത പ്രസിദ്ധീകരിച്ചു!
 

Latest News