Sorry, you need to enable JavaScript to visit this website.

പൂച്ചയ്‌ക്കെന്തിന് മണി കെട്ടണം? 

ഒന്നാം പിണറായി വിജയൻ സർക്കാരിനെ ആകെ നാണം കെടുത്തിയ സംഭവങ്ങളിൽ ഒന്നായിരുന്നു എകെ ശശീന്ദ്രന്റെ ഹണി ട്രാപ്പ് വിവാദം. മംഗളം ടെലിവിഷൻ ആസൂത്രണം ചെയ്ത ഹണി ട്രാപ്പിൽ എകെ ശശീന്ദ്രൻ കുടുങ്ങുകയായിരുന്നു. അതൊരു ചതിപ്പണിയായിരുന്നു എന്ന് പിന്നീട് വ്യക്തമായെങ്കിലും, ആ ഘട്ടത്തിൽ സർക്കാരിനുണ്ടായ കളങ്കം ചെറുതായിരുന്നില്ല. ഉടൻ തന്നെ എകെ ശശീന്ദ്രൻ രാജിവയ്ക്കുകയും ചെയ്തു. മന്ത്രിയുടെ പഞ്ചാര വാക്കുകൾ പുതിയ ചാനലിന്റെ റേറ്റിംഗ് കുത്തനെ ഉയർത്താൻ സഹായകമായി. എകെ ശശീന്ദ്രന്റെ രാജിയ്ക്ക് ശേഷം എൻസിപിയിൽ നിന്ന് മന്ത്രിയായത് കുട്ടനാട് എംഎൽഎ ആയിരുന്ന തോമസ് ചാണ്ടി ആയിരുന്നു. പിന്നീട് കേരളം ഓരോ ദിവസവും ഉണർന്നത് തോമസ് ചാണ്ടിയ്‌ക്കെതിരെയുള്ള ഭൂമി കയ്യേറ്റം സംബന്ധിച്ച ആരോപണങ്ങൾ കൊണ്ടായിരുന്നു. ഒടുവിൽ ആ വിവാദത്തിൽ തോമസ് ചാണ്ടിയ്ക്കും രാജിവയ്‌ക്കേണ്ടിവന്നു. അഗ്‌നിശുദ്ധി വരുത്തിയെന്ന മട്ടിൽ എകെ ശശീന്ദ്രൻ മന്ത്രിസഭയിൽ തിരിച്ചെത്തുകയും ചെയ്തു.
ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്തായിരുന്നു വിവാദ മരംമുറി ഉത്തരവ് പുറത്തിറങ്ങിയത്. അന്ന് സിപിഐയ്ക്കായിരുന്നു വകുപ്പ്.  രണ്ടാം സർക്കാരിൽ എൻസിപിയ്ക്കായിരുന്നു. വനം മന്ത്രി എകെ ശശീന്ദ്രൻ നടത്തിയ പല പരാമർശങ്ങളും കഴിഞ്ഞ മന്ത്രിസഭയിലെ വനം, റവന്യൂ മന്ത്രിമാരെ പ്രതിരോധത്തിലാക്കുന്നതായിരുന്നു. ഇപ്പോഴിതാ വീണ്ടും എകെ ശശീന്ദ്രനിലൂടെ മറ്റൊരു ഫോൺവിളി വിവാദം. പീഡന പരാതി ഒത്തുതീർപ്പാക്കാൻ ഇടപെട്ടതിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. മന്ത്രിയെന്ന നിലയിൽ മാത്രമല്ല, ഉത്തരവാദിത്തമുള്ള ഒരു പൗരൻ എന്ന നിലയിലും എകെ ശശീന്ദ്രൻ ചെയ്തത് ഗുരുതരമായ കുറ്റമാണ്. കാര്യങ്ങൾ വിശദീകരിക്കാൻ മന്ത്രി മുഖ്യമന്ത്രിയെ കാണാൻ ചെന്ന വേളയിൽ മാതൃഭൂമി ന്യൂസിലുൾപ്പെടെ കാണികളെ മുൾമുനയിൽ നിർത്തിയുള്ള ബ്രേക്കിംഗ് ന്യൂസുകളായിരുന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല. ജൂനിയേഴ്‌സിന്റെ ആധിപത്യമുള്ള മന്ത്രിസഭയിൽ ശശീന്ദ്രന്റെ സാന്നിധ്യം അനിവാര്യവുമാണല്ലോ. ഹണിട്രാപ്പ് വിവാദം ആയാലും ഇപ്പോഴത്തെ പീഡന പരാതി ഒത്തുതീർപ്പാക്കാൻ നടത്തിയ ശ്രമം ആയാലും അത് സർക്കാരിന്റെ പ്രതിച്ഛായയെ വലിയ തോതിൽ ബാധിക്കുന്ന ഒന്നാണ്. 
*** *** ***
ഏതെങ്കിലും രാഷ്ട്രീയ പാർട്ടി ടെലിവിഷൻ ചാനലുകൾ നടത്തുന്ന സംവാദങ്ങൾ ബഹിഷ്‌കരിക്കുകയെന്നത് മലയാളികൾക്ക്് സുപരിചിതമാണ്. പിണങ്ങിയ  കുട്ടി കഴിഞ്ഞതെല്ലാം മറന്ന് വീണ്ടും മിണ്ടാനെത്തുന്നത് പോലെ ഇതേ പാർട്ടിക്കാരന്റെ തല വീണ്ടും മിനിസ്‌ക്രീനിൽ പ്രത്യക്ഷപ്പെടും. സൂക്കേട് അയലത്തേക്കും വ്യാപിച്ചിരിക്കുന്നു. വാർത്താ ചാനലുകൾ സംഘടിപ്പിക്കുന്ന ടെലിവിഷൻ സംവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള നീക്കവുമായി അണ്ണാ ഡിഎംകെ. പാർട്ടിയെ പ്രതിനിധീകരിച്ച് തങ്ങളുടെ പാർട്ടി പ്രതിനിധികളും വക്താക്കളും ഇനി ചാനലുകൾ സംഘടിപ്പിക്കുന്ന ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് എഐഎഡിഎംകെ അറിയിച്ചു. അതേ സമയം എഐഎഡിഎംകെ പ്രതിനിധികളെന്ന് അവകാശപ്പെടുന്നവരെ ചർച്ചയ്ക്ക് ക്ഷണിക്കുന്നത് അവസാനിപ്പിക്കണമെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 
ജനങ്ങൾ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങൾ ഉയർത്തിക്കാണിക്കുന്നതിന് പകരം അണ്ണാ ഡിഎംകെയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുന്ന ചർച്ചകളാണ് സംസ്ഥാനത്തെ മാധ്യമങ്ങൾ നടത്തുന്നതെന്നും ഇതിൽ പാർട്ടിയെ മോശമായാണ് അവതരിപ്പിക്കുന്നതെന്നും അണ്ണാ ഡിഎംകെ നേതാക്കളായ എടപ്പാടി കെ പളനിസ്വാമി, പനീർസെൽവം എന്നിവർ പറഞ്ഞു. മുൻ എഐഎഡിഎംകെ നേതാവ് വി കെ ശശികലയുടെ തിരിച്ചുവരവിനെക്കുറിച്ചും പാർട്ടിയിലെ രാഷ്ട്രീയത്തെക്കുറിച്ചും തമിഴ് വാർത്താ ചാനലുകൾ സംവാദങ്ങൾ നടത്തിയ ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്.  അതിനിടയ്ക്ക് തമിഴ്‌നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ  കെ അണ്ണാമലൈയുടെ  പരാമർശം ഏറെ വിവാദം സൃഷ്ടിച്ചു. അടുത്ത ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്തെ മാധ്യമങ്ങൾ എല്ലാം ബിജെപിയുടെ നിയന്ത്രണത്തിൽ വരും എന്നാണ് അദ്ദേഹം പറഞ്ഞത്. 'മാധ്യമങ്ങളെ കുറിച്ച് മറന്നേക്കൂ. അവർ നമ്മളെ കുറിച്ച് നുണകൾ പറയുന്നതിനെ കുറിച്ച് ചിന്തിക്കുന്നതും മറന്നേക്കൂ. ആറ് മാസത്തിനുള്ളിൽ നിങ്ങൾ കാണും, മാധ്യമങ്ങളെ നമുക്ക് നിയന്ത്രിക്കാൻ ആകും. അവർ നമ്മുടെ കൈപ്പിടിയിൽ ആകും. നിങ്ങൾ ഭയക്കേണ്ട കാര്യമില്ല. ഒരു മാധ്യമ സ്ഥാപനത്തിനും നമുക്കെതിരെ സ്ഥിരമായി നുണപറയാൻ കഴിയില്ല’ ഇങ്ങനെ ആയിരുന്നു അദ്ദേഹം  പറഞ്ഞത്. ഈ ഉറപ്പിന് ആധാരമായൊരു കാര്യവുമുണ്ട്. ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ എൽ മുരുഗൻ ആണ് ഇപ്പോൾ കേന്ദ്ര വാർത്താവിതരണ സഹമന്ത്രി. എല്ലാ മാധ്യമങ്ങളും ഇനി മുരുഗൻ അയ്യയുടെ കീഴിൽ ആയിരിക്കും. 
*** *** ***
അഭിനേതാവ് എന്നതിലുമുപരി  വിവാദ പ്രസ്താവനകളുടെ പേരിൽ ശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണ. ഇപ്പോൾ ഓസ്‌കർ ജേതാവ് എ.ആർ റഹ്്മാനെതിരെയും ഭാരതത്തിന്റെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരത രത്‌നക്കെതിരെയും നടത്തിയ പരാമർശങ്ങൾ വിവാദമായിരിക്കുകയാണ്. ഒരു പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബാലകൃഷ്ണ റഹ്്മാനെയും ഭാരതരത്‌നത്തെയും അപമാനിച്ചത്. സീ ന്യൂസ് ഇത് വിശദമായി റിപ്പോർട്ട് ചെയ്തു. - ഈ അവാർഡുകളെല്ലാം എന്റെ കാലിന് തുല്യമാണ്. തെലുങ്ക് സിനിമയ്ക്ക് എന്റെ കുടുംബം നൽകിയ സംഭാവനയ്ക്ക് തുല്യമല്ല ഒരു അവാർഡും. എ.ആർ റഹ്്മാൻ എന്ന് വിളിക്കുന്ന ഒരാൾ ഓസ്‌കാർ അവാർഡ് നേടിയതായും ഞാൻ കേട്ടു. റഹ്്മാൻ ആരാണെന്ന് എനിക്കറിയില്ല. ഭാരതരത്‌ന ഒക്കെ എന്റെ അച്ഛൻ എൻ.ടി.ആറിന്റെ കാൽവിരലിലെ നഖത്തിന് തുല്യമാണ്. എന്റെ അച്ഛനോ കുടുംബമോ അല്ല അവാർഡുകളാണ് മോശം. ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂണിനോടാണ് ബാലകൃഷ്ണ സ്വയം താരതമ്യപ്പെടുത്തിയിരിക്കുന്നത്. വർഷങ്ങളായി ഷൂട്ടിംഗ് നീട്ടുന്ന ജെയിംസ് കാമറൂണിൽ നിന്ന് വ്യത്യസ്തമായി എന്റെ ഷൂട്ടിംഗ് വേഗത്തിൽ പൂർത്തിയാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ സിനിമകൾ നിർമ്മിക്കാനും കൂടുതൽ ഹിറ്റുകൾ നേടാനാകുമെന്നും ഞാൻ വിശ്വസിക്കുന്നു.അതാണ് തന്റെ പ്രവർത്തനരീതിയെന്നും ബാലകൃഷ്ണ പറയുന്നു. 
*** *** ***
മഴവിൽ മനോരമ ചാനലിന്റെ മത്സര പരിപാടിയ്ക്കിടെയാണ് താരം പ്രിയാമണി തന്റെ പ്രണയം പ്രഖ്യാപിച്ചത്.  തെന്നിന്ത്യൻ താരം  പ്രിയാമണിയും മുസ്തഫയും 2017ലാണ് വിവാഹിതരായത്. ലൗ ജിഹാദ് ദേശീയ വിഷയമായി കത്തിക്കാളി നിൽക്കുമ്പോഴുള്ള സെലിബ്രിറ്റി കല്യാണം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നിട്ട വാരത്തിലാണ്   മുസ്തഫയും പ്രിയാമണിയും തമ്മിലുള്ള വിവാഹത്തിന് നിയമപരമായി സാധുതയില്ലെന്നാരോപിച്ച്  മുസ്തഫയുടെ ആദ്യഭാര്യ  ആയിഷ രംഗത്തെത്തിയത്.   പ്രിയാമണിയുമായുള്ള മുസ്തഫയുടെ വിവാഹം അദ്ദേഹത്തിന്റെ   രണ്ടാം വിവാഹമാണെന്നും  അത്  നിയമവിരുദ്ധമാണെന്നുമാണ്  ആദ്യഭാര്യയുടെ  ആരോപണം. താനുമായുള്ള വിവാഹബന്ധം മുസ്തഫ വേർപെടുത്തിയിട്ടില്ലെന്നും അതിനാൽത്തന്നെ പ്രിയാമണിയുമായുള്ള വിവാഹത്തിന് സാധുതയില്ലെന്നും ആദ്യഭാര്യ  ആയിഷ  ആരോപിച്ചു. നിയമപരമായ നോട്ടീസ് നൽകി ആയിഷ ഈ വിവാഹത്തെ ചോദ്യംചെയ്തുവെന്നാണ് എന്റർടെയ്ൻമെന്റ് ചാനലുകൾ റിപ്പോർട്ട് ചെയ്തത്. ഇങ്ങനെയൊരു മുഖവുര ഈ പ്രണയ വിവാഹത്തിനുണ്ടെന്നത് പലർക്കും പുതിയ അറിവാണ്. 
പ്രിയാമണി കഴിഞ്ഞ ദിവസം ബോളിവുഡിലെ ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിൽ കുടുംബ ജീവിതം സംബന്ധിച്ച് വ്യക്തമാക്കി. മുസ്തഫ  ഇപ്പോൾ യുഎസിലാണ്.  അവിടെയാണ് അദ്ദേഹം ജോലി ചെയ്യുന്നത്. ദൂരെയായിരിക്കുമ്പോഴും ദിവസവും പരസ്പരം സംസാരിക്കണമെന്നത് ഞങ്ങൾക്കിടയിലുള്ള ഒരു ധാരണയാണ്. അത് എല്ലാ ദിവസവും നടന്നില്ലെങ്കിലും ഒരു ടെക്സ്റ്റ് മെസേജ് എങ്കിലും ഞങ്ങൾ പരസ്പരം അയക്കാറുണ്ട്. ജോലിത്തിരക്കുള്ള ദിവസമാണെങ്കിൽ ഒഴിവു കിട്ടുമ്പോൾ അദ്ദേഹം എന്നെ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യാറുണ്ട്. തിരിച്ചും അങ്ങനെതന്നെ. ഏത് ബന്ധത്തിന്റേയും  അടിസ്ഥാനം ഈ ആശയവിനിമയം തന്നെയാണ്- പ്രിയാമണി കൂട്ടിച്ചേർത്തു.  
*** *** ***
ബോളിവുഡ് താരം ശിൽപ ഷെട്ടി നല്ലൊരു വ്യവസായിയേയും കെട്ടി സുഖമായി വാഴുന്നുവെന്നായിരുന്നു ഏവരുടേയും ധാരണ. സിനിമയിൽ നിന്ന് വാരിക്കൂട്ടിയതിന് പുറമേ ക്രിക്കറ്റ് താരങ്ങളെ കന്നുകാലികളെ പോലെ ലേലത്തിൽ വെച്ച് കൊയ്ത് കോടികൾ വേറെയും. ഇതൊന്നുമില്ലെങ്കിലും സുഖമായി കഴിയാൻ പ്രമുഖ വ്യവസായി രാജ് കുന്ദ്ര പണമുണ്ടാക്കുന്നുണ്ടല്ലോ. എന്നാൽ അത്ര നല്ല വ്യവസായമൊന്നുമല്ല ഇവരുടേത്. 
നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട കേസിൽ വ്യവസായിയും ശിൽപ്പ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയുടെ അറസ്റ്റിലേക്ക് നയിച്ചത് ഈ വർഷം ആദ്യം മുംബൈക്ക് സമീപം ഒരു ബംഗ്ലാവിനുള്ളിൽ നടന്ന അശ്ലീല ചിത്രീകരണമാണ്. പോലീസ് റെയ്ഡ് ചെയ്തതും അതിനേത്തുടർന്ന് നടന്ന അന്വേഷണവും. ഫെബ്രുവരിയിൽ ആരംഭിച്ച അന്വേഷണം തുടക്കത്തിൽ മന്ദഗതിയിലായിരുന്നെങ്കിലും സമീപ കാലത്ത് ശക്തമായതായും ഇത് രാജ് കുന്ദ്രയിൽ എത്തിയതായും പോലീസ് പറഞ്ഞു. വടക്കൻ മുംബൈയിലെ മാദ് ദ്വീപിലെ ഒരു ബംഗ്ലാവിൽ ഈ വർഷം ഫെബ്രുവരി 4 നാണ് പോലീസ് റെയ്ഡ് നടത്തിയത്. അശ്ലീല ചിത്രത്തിന്റെ ഷൂട്ടിംഗ് നടത്തിയ കേസിൽ അഞ്ച് പേരെ ഇവിടെ നിന്ന് പിടികൂടിയിരുന്നു. രണ്ട് പേരുടെ നഗ്‌നദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടയിലാണ് റെയ്ഡ് നടത്തിയതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ബംഗ്ലാവിൽനിന്ന് രക്ഷപെടുത്തിയ ഒരു സ്ത്രീയെ പരാതിക്കാരിയാക്കി പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
റെയ്ഡിന് രണ്ട് ദിവസങ്ങൾക്ക് ശേഷം ഇതുമായി ബന്ധപ്പെട്ട് അശ്ലീല ചിത്രങ്ങളുടെ നിർമാതാവായ റോവ ഖാൻ, നടനായ ഗെഹ്ന വസിഷ്ഠ്  എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണം ബ്രിട്ടൻ  ആസ്ഥാനമായുള്ള കെന്റിൻ പ്രൈവറ്റ് ലിമിറ്റഡിൽ ജോലി ചെയ്തിരുന്ന ഉമേഷ് കാമത്തിലേക്ക് എത്തുകയായിരുന്നു. രാജ് കുന്ദ്രയുടെ മുൻ പേഴ്‌സണൽ അസിസ്റ്റന്റായിരുന്നു ഉമേഷ് കാമത്ത്. ചോദ്യം ചെയ്യലിനിടയിൽ ഉമേഷ് കാമത്താണ് രാജ് കുന്ദ്രയുടെ പേര് വെളിപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. കാമത്തിന്റെ അറസ്റ്റും തുടർന്നുള്ള അന്വേഷണവുമാണ് പോലീസിനെ രാജ് കുന്ദ്രയിലേക്ക് എത്തിച്ചത്. ഇയാളുടെ പേര് നേരത്തെ തന്നെ ഉയർന്നിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് വ്യക്തമായ തെളിവുകളില്ലായിരുന്നുവെന്നാണാണ് പോലീസ് വ്യക്തമാക്കുന്നത്.
ആപ്പിന്റെ ഉടമസ്ഥത കെന്റിനായിരുന്നെങ്കിലും രാജ് കുന്ദ്രയുടെ മുംബൈ ആസ്ഥാനമായുള്ള വിയാൻ ഇൻഡസ്ട്രീസാണ് ഹോട്ട്‌ഷോട്ട്‌സ് ആപ്ലിക്കേഷന്റെ നടത്തിപ്പുകാരെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ കടുത്ത നിയമങ്ങൾ മറികടക്കുന്നതിനായി ക്ലിപ്പുകൾ അപ്‌ലോഡ് ചെയ്യാൻ മറ്റു വഴികൾ തേടി.  ക്ലിപ്പുകൾ ഇന്ത്യയിൽ ചിത്രീകരിച്ചതായും വി ട്രാൻസ്ഫർ ഉപയോഗിച്ച് യുകെയിലേക്ക് മാറ്റിയ ശേഷം മൊബൈൽ ആപ്ലിക്കേഷനുകളിൽ റിലീസ് ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്. ആത്മ നിർഭർ ഭാരത് പദ്ധതിയുടെ സാധ്യത കണ്ടെത്തിയ വ്യവസായിയാണ് ഇദ്ദേഹം. ഇന്ത്യയിൽ  കോവിഡ് ഒന്നാം ലോക്ഡൗൺ തുടക്ക കാലത്ത് അശ്ലീല സൈറ്റുകൾ സന്ദർശിക്കുന്നവരുടെ എണ്ണം ഇരുപത് ശതമാനം വർധിച്ചുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. 

Latest News