ഖത്തര്‍ വഴി യാത്ര: ക്വാറന്റൈന്‍ വേണമെന്ന  പ്രചാരണത്തില്‍  കഴമ്പില്ലെന്ന്  

ദോഹ- ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ പ്രവാസികളുടെ മടക്കയാത്രയ്ക്ക് തുറന്നു കിട്ടിയ വാതിലാണ് ഖത്തര്‍ വഴിയുള്ള യാത്ര. അവധിയ്‌ക്കെത്തിയ ഇന്ത്യക്കാരായ യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ പ്രവാസികള്‍ക്കാണ് ഇത് ഗുണം ചെയ്യുക. എന്നാല്‍ ഖത്തര്‍ വഴി യാത്രയ്ക്ക് അയ്യായിരം റിയാല്‍ കൈവശം വേണമെന്ന നിബന്ധനയാണ് ചിലര്‍ക്കൊക്കെ പ്രതിബന്ധമായത്. അതു കഴിഞ്ഞ് പത്ത് ദിവസത്തെ ക്വാറന്റൈന്‍ വേണമെന്ന നിര്‍ദേശം വന്നുവെന്ന് ഇന്നു രാവിലെ മുതല്‍ പ്രചരിച്ചത് പ്രവാസികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. എന്നാല്‍ ഇങ്ങിനെ ഒരു നിബന്ധന ഇല്ലെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് അവാസ്തവമാണെന്നും ഖത്തറിലെ ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ വ്യക്തമാക്കി.

വിശദാംശങ്ങളടങ്ങിയ ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ലിങ്കും ഉള്‍പ്പെടുത്തിയാണ് ട്വീറ്റ്. റെഡ് ലിസ്റ്റില്‍ പെട്ട ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ വേണമെന്ന് പുതിയ നിര്‍ദേശം വന്നുവെന്നാണ് പ്രചരിച്ചത്.  ഖത്തറില്‍ അംഗീകാരമുള്ള വാക്‌സിന്റെ രണ്ട് ഡോസും എടുത്ത് വരുന്നവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്നാണ്  മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍.  
പൂര്‍ണമായും വാക്‌സിനെടുത്ത് ഇഹ്തിറാസ് വെബ്‌സൈറ്റില്‍ മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്ത് ഓതറൈസേഷന്‍ നേടിയവര്‍ക്ക് മാത്രമാണ് ഓണ്‍ അറൈവല്‍ വിസയില്‍ ഖത്തറില്‍ എത്താനാവുക. 

Latest News