അപ്രതീക്ഷിതമായി പ്രസവവേദന, വീട്ടിലെത്തി പ്രസവമെടുത്ത് ഈ നഴ്‌സുമാര്‍

ഷാര്‍ജ- അപ്രതീക്ഷിതമായി പ്രസവ വേദന അനുഭവപ്പെട്ട യുവതിക്ക് സഹായ ഹസ്തവുമായി ആംബുലന്‍സിലെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍. വീട്ടില്‍തന്നെ സുരക്ഷിതമായി പ്രസവമെടുത്ത് കുടുംബത്തിന്റെ ആശങ്കക്ക് വിരാമമിട്ട നഴ്‌സുമാര്‍ എല്ലാവരുടേയും പ്രശംസക്ക് പാത്രമായി.
മൂന്നാം പെരുന്നാള്‍ ദിനം രാത്രി എട്ടിന് ഖോര്‍ഫക്കാനില്‍നിന്നാണ് നാഷനല്‍ ആംബുലന്‍സ് ടീമിന് അടിയന്തര സന്ദേശം കിട്ടുന്നത്. ഉടന്‍ വൈദ്യസഹായവുമായി രണ്ട് ആംബുലന്‍സുകള്‍ സംഭവസ്ഥലത്തേക്ക് പാഞ്ഞു. ആയിഷ അല്‍ സാദി, ലത്വീഫ അല്‍ ഹന്‍തൂബി, മൈക്കില്‍ സാന്‍ ജുവാന്‍, ജോണ്‍ഫ്രെ പാസിസ് എന്നീ പാരാമെഡിക്കല്‍ ജീവനക്കാര്‍ സംഭവസ്ഥലത്തെത്തി. ആയിഷയും ലത്വീഫയും ചേര്‍ന്നാണ് പ്രസവമെടുത്തത്. പൊക്കിള്‍കൊടി വിച്ഛേദിക്കുകയും അമ്മക്കും കുഞ്ഞിനും അടിയന്തര വൈദ്യസഹായം നല്‍കുകയും ചെയ്തു.
പ്രാഥമിക ശുശ്രൂഷക്ക് ശേഷം അമ്മയേയും കുഞ്ഞിനേയും ഖോര്‍ഫക്കാന്‍ ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് ആംബുലന്‍സ് സംഘം മടങ്ങിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഈദ് വേളയില്‍ അമ്മക്ക് ദൈവം നല്‍കിയ അനുഗൃഹീത സമ്മാനം ഏറ്റുവാങ്ങാന്‍ തുണച്ചതില്‍ ആഹ്ലാദമുണ്ടെന്നും നാഷനല്‍ ആംബുലന്‍സ് ട്വിറ്ററില്‍ അറിയിച്ചു.
ഗര്‍ഭിണികള്‍ കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ പരിശോധന നടത്തണമെന്നും പ്രസവ സമയം സംബന്ധിച്ച ധാരണ ഉണ്ടായിരിക്കണമെന്നും അവര്‍ പറഞ്ഞു.

 

Tags

Latest News