കോവിഡ് കാലത്തെ ഗെയിംസ്, മാറ്റങ്ങള്‍ എന്തൊക്കെ?

ടോക്കിയൊ - മറ്റൊരു ഒളിംപിക്‌സും ഇതുപോലെ അരങ്ങേറിയിട്ടുണ്ടാവില്ല. ടോക്കിയൊ2020 എല്ലാം കൊണ്ടും വ്യത്യസ്തമാണ്. 2020 ലെ ഒളിംപിക്‌സ്് ഏതു വര്‍ഷം നടന്നുവെന്നത് വരുംകാല സ്‌പോര്‍ട്‌സ് ക്വിസ്സുകളിലെ കൗതുകകരമായ ചോദ്യമായിരിക്കും. 
ഉദ്ഘാടനച്ചടങ്ങ്
റിയോയിലെയും ലണ്ടനിലെയും ബെയ്ജിംഗിലെയും കഴിഞ്ഞ ഒളിംപിക്‌സുകളിലെ ഉദ്ഘാടനച്ചടങ്ങുകള്‍ ഒന്നിനൊന്ന് ഗംഭീരമായിരുന്നു. ആയിരക്കണക്കിന് കലാപ്രവര്‍ത്തകര്‍ അണിനിരന്ന അതിമനോഹരമായ ദൃശ്യാവിഷ്‌കാരങ്ങള്‍ നിറഞ്ഞ സ്‌റ്റേഡിയങ്ങളെ മണിക്കൂറുകളോളം ശ്വാസമടക്കി നിര്‍ത്തി. ലളിതവും മിതത്വവുമായിരിക്കും ടോക്കിയൊ2020 ഉദ്ഘാടനച്ചടങ്ങിനെ വ്യത്യസ്തമാക്കുക. ഉദ്ഘാടന, സമാപനച്ചടങ്ങുകളില്‍ അപൂര്‍വം അത്‌ലറ്റുകളേ പങ്കെടുക്കൂ. ഒളിംപിക്‌സില്‍ പങ്കെടുക്കേണ്ട 11,000 അത്‌ലറ്റുകളില്‍ പകുതിയോളമേ ഉദ്ഘാടനച്ചടങ്ങിനുണ്ടാവൂ എന്നായിരുന്നു ജനുവരിയിലെ റിപ്പോര്‍ട്ട്. പിന്നീട് സ്ഥിതിഗതികള്‍ വഷളാവുകയാണ് ചെയ്തത്. കൊറോണയില്‍ ജീവന്‍ നഷ്ടപ്പെട്ട ലോകമെങ്ങുമുള്ള മനുഷ്യര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കുന്ന ശോകമൂകമായ നിമിഷങ്ങളും ഉദ്ഘാടനച്ചടങ്ങിലുണ്ടാവും. 2011 ല്‍ ജപ്പാനിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും ആണവദുരന്തത്തിലും മരണപ്പെട്ടവരെയും സ്മരിക്കും. 
മെഡലുകള്‍ സ്വയമണിയുക
വിജയികള്‍ മെഡലുകള്‍ സ്വയമെടുത്ത് കഴുത്തിലണിയേണ്ടി വരും. അത്‌ലറ്റുകള്‍ പരസ്പരം രണ്ടു മീറ്റര്‍ വിട്ടു നില്‍ക്കണം. മെഡല്‍ദാനച്ചടങ്ങുകളിലെ രസകരമായ നിരവധി നിമിഷങ്ങളാണ് ഇതോടെ ഇല്ലാതാവുക. റിയോയില്‍ തെക്കന്‍ കൊറിയയുടെയും വടക്കന്‍ കൊറിയയുടെയും ജിംനാസ്റ്റുകള്‍ ഒരുമിച്ചെടുത്ത സെല്‍ഫി വൈറലായിരുന്നു. ഇത്തവണ വടക്കന്‍ കൊറിയ കൊറോണ കാരണം പിന്മാറി. 
വിദേശികള്‍ ഇല്ല
ഓരോ ഗെയിംസ് ആതിഥേയരും പ്രധാനമായി പ്രതീക്ഷിക്കുന്നത് സന്ദര്‍ശകരുടെ ഒഴുക്കാണ്. ടോക്കിയോയില്‍ പരമാവധി ആളുകളെ കുറക്കാനാണ് സംഘാടകര്‍ ശ്രമിക്കുന്നത്. അത്‌ലറ്റുകള്‍ക്ക് കുടുംബത്തെ പോലും കൂടെ കൊണ്ടുവരാനാവില്ല. വിദശത്തു നിന്ന് കാണികളില്ല. അത്‌ലറ്റുകളും കോച്ചിംഗ് സ്റ്റാഫുമായി രണ്ടു ലക്ഷത്തോളം പേര്‍ ജപ്പാനിലെത്തേണ്ടതായിരുന്നു. അത് 68,500 ആക്കി ചുരുക്കി. 
കളി ജയിക്കാം, പാടരുത്
റിയോയില്‍ റഗ്ബി സെവന്‍സ് സ്വര്‍ണം ഫിജിയുടെ ആദ്യ ഒളിംപിക് മെഡലായിരുന്നു. പാട്ടു പാടിയാണ് അവരത് ആഘോഷിച്ചത്. ഇത്തവണ പാട്ടു പാടലും ഒച്ച വെക്കലുമൊക്കെ നിരോധിച്ചിരിക്കുകയാണ്. ഉമിനീരിലൂടെ കോവിഡ് പടര്‍ന്നേക്കാമെന്ന ഭീതിയാണ് കാരണം. കരിമരുന്നും ഭാഗ്യചിഹ്നങ്ങളുടെ പ്രദര്‍ശനവും അധികമുണ്ടാവില്ല. ചെലവ് പരമാവധി ചുരുക്കുകയാണ്. 
ആഘോഷമില്ലാതെ ഗ്രാമം
ഒളിംപിക് ഗ്രാമമാണ് ഒളിംപിക്‌സിന്റെ ഏറ്റവും വലിയ ഹരം. വിവിധ രാജ്യങ്ങളിലെ അത്‌ലറ്റുകള്‍ ചേര്‍ന്നൊരുക്കുന്ന ആഹ്ലാദ നഗരമാണ് അത്. ടോക്കിയോയില്‍ ഒളിംപിക് ഗ്രാമം നിശ്ശബ്ദമായിരിക്കും. കൂടിക്കലരല്‍ പാടില്ല. കായികശേഷിയുള്ള സ്ത്രീപുരുഷന്മാരുടെ ഒത്തുകൂടല്‍ ലൈംഗികാഘോഷം കൂടിയാവാറുണ്ട്. ഇത്തവണയും സംഘാടകര്‍ 1.6 ലക്ഷം ഗര്‍ഭനിരോധ ഉറകള്‍ സമ്മാനിക്കും. അതു പക്ഷെ അവര്‍ ഒളിംപിക് ഗ്രാമത്തില്‍ നിന്ന് യാത്ര പറയുമ്പോഴായിരിക്കും. നാട്ടില്‍ പോയി ഉപയോഗിച്ചോളൂ എന്ന നിര്‍ദേശത്തോടെ. ആലിംഗനവും ഹൈഫൈവുകളും ഹസ്തദാനവുമൊക്കെ നിരോധിത പട്ടികയിലാണ്. റിയോയില്‍ ഇസ്രായിലി താരത്തെ ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ച ഈജിപ്തിന്റെ ജൂഡൊ താരം ഇസ്്‌ലാം അല്‍ശിഹാബിയെ ഒളിംപിക്‌സില്‍നിന്ന് പുറത്താക്കിയിരുന്നു. വൈറസ് ചട്ടം ലംഘിക്കുന്നവരെ ടോക്കിയോയില്‍ മത്സരങ്ങളില്‍ നിന്ന് പോലും വിലക്കിയേക്കും. 

Latest News