ലോക ചാമ്പ്യന്മാരെ ഞെട്ടിച്ച് സ്വീഡന്‍, അരങ്ങേറ്റത്തില്‍ പത്തടിച്ച് ഡച്ച്

ടോക്കിയോ- റിയൊ ഒളിംപിക്‌സില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തങ്ങളെ ഞെട്ടിച്ച അമേരിക്കക്ക് സ്വീഡനോട് പകരം ചോദിക്കാനായില്ല. എതിരില്ലാത്ത മൂന്നു ഗോളുള്‍ക്ക് സ്വീഡന്‍ ജയിച്ചു. തുടര്‍ച്ചയായി നാലാമത്തെ ഒളിംപിക് സ്വര്‍ണം പ്രതീക്ഷിച്ചെത്തിയ അമേരിക്ക അപ്രതീക്ഷിതമായാണ് റിയോയില്‍ സ്വീഡനോട് അടിയറവ് പറഞ്ഞത്. അതിനു ശേഷം 44 മത്സരങ്ങള്‍ക്ക് ശേഷമാണ് അമേരിക്കന്‍ വനിതാ ടീം ഒരു മത്സരം പരാജയപ്പെടുന്നത്. ഒളിംപിക്‌സില്‍ അരങ്ങേറുന്ന നെതര്‍ലാന്റ്‌സ് 10-3 ന് സാംബിയയെ കശക്കി. വിവിയന്‍ മീഡേമ നാലു ഗോളടിച്ചു. 
ഗ്രൂപ്പ് എഫ് മത്സരത്തില്‍ ചൈനയെ ബ്രസീല്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് തോല്‍പിച്ചത്. ഇതിഹാസ താരം മാര്‍ത്ത ഇരട്ടഗോളുകള്‍ നേടി. മാര്‍ത്ത ഗോള്‍ നേടുന്ന അഞ്ചാമത്തെ ഒളിംപിക്‌സ് ആണിത്. ആദ്യമായാണ് ഒരു താരം അഞ്ചു വ്യത്യസ്ത ഒളിംപിക്‌സില്‍ ഗോളുകള്‍ നേടുന്നത്. 43 കാരിയായ മീറ്റ് ഫോര്‍മിഗയും ബ്രസീലിനായി കളത്തില്‍ ഇറങ്ങി. ഫോര്‍മിഗയുടെ ഏഴാമത്തെ ഒളിമ്പിക്‌സ് ആണിത്. 

Latest News