മലപ്പുറം ഈണവും കാലവും

അപ്രതീക്ഷിതമായി ആ രേഖകൾ മലപ്പുറത്ത് തന്നെ തിരിച്ചെത്തി. 1938-ൽ ഡച്ചുകാരനായ സംഗീത ഗവേഷകൻ മലപ്പുറത്തെ വിവിധ ഭാഗങ്ങളിൽ വെച്ച് റെക്കോർഡ് ചെയ്ത മാപ്പിളപ്പാട്ടുകൾ, ചിത്രീകരിച്ച ദൃശ്യങ്ങൾ എന്നിവയെക്കുറിച്ച് മലബാറിന്റെ ചരിത്ര രേഖകളിൽ പരാമർശിക്കുന്നുണ്ട്. ഇവയെക്കുറിച്ച് പലരും അന്വേഷണം നടത്തിയിരുന്നുവെങ്കിലും അതിന് ഫലപ്രാപ്തിയുണ്ടായില്ല. ഇനി അതൊന്നും വീണ്ടെടുക്കാനാവില്ലെന്നും ഉറപ്പിച്ചിരുന്നു. അതിപ്പോൾ മലപ്പുറത്ത് തന്നെ തിരിച്ചെത്തിയത് തികച്ചും യാദൃച്ഛികം. എട്ട് പതിറ്റാണ്ട് മുമ്പ് റെക്കോർഡ് ചെയ്ത മാപ്പിളപ്പാട്ടുകളും പുള്ളുവൻ പാട്ടുകളും ഉൾപ്പെടുന്ന അപൂർവ സംഗീതശേഖരം ലണ്ടൻ സർവകലാശാലയിലും, പിന്നീട് കാലിഫോർണിയ സർവകലാശാലയിലുമാണ് സൂക്ഷിച്ചിരുന്നത്. ഇനിയത് കലിക്കറ്റ് സർവ്വകലാശാലയ്ക്ക് സ്വന്തമാവുകയാണ്. കാലിഫോർണിയാ സർവ്വകലാശാലാ മ്യൂസിക്കാളജി വിഭാഗത്തിലെ വംശീയ സംഗീത വിഭാഗം പ്രൊഫസറായ ഡോ.ആമി കാതലിൻ ജൈറാസ്‌ബോയാണ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. കെ മുഹമ്മദ് ബഷീറിന് ഈ അപൂർവ നിധി കൈമാറിയത്. 
ലണ്ടൻ സർവകലാശാലയിലെ ഗവേഷകനായിരുന്ന ആർണോൾഡ് ബെക്കി ഭാരതത്തിന്റെ വൈവിധ്യങ്ങൾ സംഗീതത്തിലൂടെയാണെന്ന ടാഗോറിന്റെ ദർശനത്തിലൂന്നി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി 15 വർഷത്തോളം സംഗീത ഗവേഷണം നടത്തി പലയിടങ്ങളിൽ നിന്നായി റെക്കോർഡ് ചെയ്തവയാണിത്. കാലിഫോർണിയ സർവകലാശാലയുടെ സഹകരണത്തോടെ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ ചരിത്ര വിഭാഗം പുതുവർഷം ആദ്യ വാരത്തിൽ സംഘടിപ്പിച്ച 'ട്യൂൺസ് ആന്റ് ടൈംസ്' (ഈണവും കാലവും) എന്ന സെമിനാറിലാണ് ഈ അപൂർവ ശേഖരം അവതരിപ്പിച്ചതും മലപ്പുറത്തിന് കൈമാറിയതും. 1938-ൽ തന്നെ റെക്കോർഡ് ചെയ്ത ഏതാനും വീഡിയോകളും ഇതിലുൾപ്പെടും. ഈ ചരിത്രശേഷിപ്പുകൾ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയ്ക്ക് ലഭ്യമായതോടെ മാപ്പിളപ്പാട്ടിന്റേയും മറ്റും പരിചിതമല്ലാത്ത പഴയ ആലാപന രീതികളെക്കുറിച്ചും, രചനകളെക്കുറിച്ചും പുതിയ ചർച്ചകൾക്ക് വഴി തുറന്നു.
ലണ്ടൻ സർവകലാശാലയിലെ സംഗീത ഗവേഷക വിഭാഗം അധ്യാപകനായിരുന്ന ഡോ. ആർണോൾഡ് അഡ്രിയാൻ ബെക്കി 1932-ലാണ് ആദ്യമായി കേരളത്തിലെത്തിയത്. സംസ്ഥാനത്തെ വിവിധയിടങ്ങളിലും, മലപ്പുറം ജില്ലയിലെ കാളികാവിനടുത്ത പുല്ലങ്കോട് എസ്റ്റേറ്റിലും, കോഴിക്കോട്ടുമായി 768 ഇനം ശബ്ദശേഖരമാണ് ഇദ്ദേഹം റെക്കോർഡ് ചെയ്തിട്ടുള്ളത്. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്ന അക്കാലത്തെ പ്രാദേശിക ഗായകരാണ് ഈ ശേഖരത്തിലുള്ള ഗാനങ്ങളെല്ലാം ആലപിച്ചത്. ഗായകരിൽ ചിലരുടെയെല്ലാം നാമം പരാമർശിക്കുന്നുണ്ടെങ്കിലും അവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ ലഭ്യമായിട്ടില്ല. മാപ്പിളപ്പാട്ടുകൾക്ക് പുറമെ, പുള്ളുവൻ പാട്ട്, ഒപ്പന, കോൽക്കളി, സൂഫി ഗാനങ്ങൾ, വഞ്ചിപ്പാട്ടുകൾ, ഖവാലി, ലക്ഷദ്വീപിൽ പ്രചാരത്തിലുണ്ടായിരുന്ന നാടോടി ഗാനങ്ങൾ, പ്രവാചക സ്തുതി ഗീതങ്ങൾ, സ്ത്രീകളുടെ ഖുർആൻ പാരായണം, നിക്കാഹ് ചടങ്ങുകളുടെ ദൃശ്യം തുടങ്ങിയവയാണ് ശബ്ദശേഖരത്തിലുള്ളത്. 'സിലിൻഡർ റെക്കോർഡർ' ഉപയോഗിച്ചാണ് ഇവയുടെ റെക്കോർഡിംഗ്. 1938-ൽ ജർമ്മൻ ഉപകരണമായ ടെഫി ഉപയോഗിച്ചതിലൂടെ ശബ്ദലേഖന നിലവാരം കുറേക്കൂടെ മെച്ചപ്പെട്ടു. മൊത്തം 15 മണിക്കൂർ ദൈർഘ്യമുള്ളവയാണ് ശബ്ദശേഖരം. കാലിഫോർണിയ സർവകലാശാലയിലെ വംശീയ സംഗീത ആർക്കൈവ്‌സിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. ലോക മഹായുദ്ധ കാലത്ത് ഈ ശേഖരത്തിൽനിന്ന് ചിലത് നഷ്ടപ്പെട്ടതായും പറയുന്നു.
മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് റെക്കോർഡ് ചെയ്ത പാട്ടുകളെല്ലാം തന്നെ പുതിയ കാലത്തിന് പരിചിതമല്ലാത്ത ആലാപന രീതികളാണ്. ആലപിച്ചത് ആരാണ് എന്നറിയില്ല. കേട്ട് പരിചയമുള്ളതും ഒട്ടും പരിചിതമല്ലാത്തതും ഈ ശേഖരത്തിലുണ്ട്. അറബി-സംസ്‌കൃത പദങ്ങൾ ഉൾപ്പെടുത്തിയുള്ള കാവ്യാത്മക പ്രയോഗങ്ങളും ഹിന്ദുസ്ഥാനി സംഗീതം, തമിഴ് പുലവർ പാട്ടുകൾ എന്നിവയുമായി മാപ്പിളപ്പാട്ടിനുള്ള അഭേദ്യബന്ധവും ഈ ശേഖരത്തിലൂടെ വ്യക്തമാകുന്നുണ്ട്. അക്കാലത്തെ മികച്ച സംഗീത കൂട്ടായ്മകളെക്കുറിച്ചും ഇതിൽ സൂചന നൽകുന്നുണ്ട്.
മഹാകവി മോയിൻകുട്ടി വൈദ്യരുടെ വിഖ്യാത രചനയായ 'ഉണ്ടെന്നും മിശികാത്ത് ബാരിതിൽ വന്തിടൈ...' എന്ന ഗാനം ഉൾപ്പെടെ  ഈ ശേഖരത്തിലുള്ള മാപ്പിള ഗാനങ്ങളിൽ പ്രത്യേകം പരാമർശിക്കപ്പെടുന്ന 18 എണ്ണം സെമിനാറിൽ പങ്കെടുത്ത ശ്രോതാക്കളെ കേൾപ്പിച്ചു. അക്കാലത്തെ ഒപ്പനപ്പാട്ട്, വട്ടപ്പാട്ട്, കല്യാണപ്പാട്ടുകളും ശ്രോതാക്കൾ ആസ്വദിച്ചു. ഇതിൽ 1938-ൽ പുല്ലങ്കോട് എസ്റ്റേറ്റിൽ വെച്ച് റെക്കോർഡ് ചെയ്ത പാട്ടുകൾ അതേ സ്ഥലത്ത് വെച്ച് ആമി കാതലിൻ 1994-ൽ പ്രാദേശിക ഗായകരെ കൊണ്ട് വീണ്ടും റെക്കോർഡ് ചെയ്തിരുന്നു. കാലങ്ങൾ കൊണ്ട് ആ പാട്ടുകൾക്ക് സംഭവിച്ച പരിണാമം പഠിക്കുകയായിരുന്നു ഈ റീ റെക്കോർഡിന്റെ ഉദ്ദേശ്യം. ഈ പാട്ടുകൾ അച്ചടി രൂപത്തിൽ ലഭ്യമായിട്ടില്ല.
തന്റെ വിദ്യാർത്ഥിയായിരുന്ന നസീറലി ജൈറാസ്‌ബോ എന്ന മുംബൈ സ്വദേശിക്കാണ് ഈ റെക്കോർഡുകളത്രയും ആർണോൾഡ് ബെക്ക് കൈമാറിയിരുന്നത്. നസീറലി ജൈറാസ്‌ബോ  പിന്നീട് അമേരിക്കയിൽ സംഗീത ഗവേഷകനും അധ്യാപകനുമായി. അവിടെ സഹപ്രവർത്തകയായിരുന്ന ആമികാതലിനെ അദ്ദേഹം വിവാഹം ചെയ്തതോടെ ഈ അമൂല്യ ശേഖരം ആമിയ്ക്ക് ലഭിക്കുന്നതും. കർണാടക സംഗീതത്തിൽ പി.എച്ച്.ഡി നേടുന്നതിന്റെ ഭാഗമായി 1976 മുതൽ 1978 വരെ ആമി കാതലിൻ മദ്രാസിലായിരുന്നു. ഇന്ത്യൻ വംശീയ സംഗീതത്തെക്കുറിച്ച് പരിജ്ഞാനമുള്ള ആമി നല്ലൊരു ഗായിക കൂടിയാണ്. 
അപൂർവമായ ഈ ശബ്ദ ശേഖരത്തിലെ പാട്ടുകളുടെ ആലാപനം, രചന, പശ്ചാത്തലം എന്നിവയെക്കുറിച്ച് ഗഹനമായ ചർച്ചയും ആർണോൾഡ് ബേക്ക് റെക്കോർഡ് ചെയ്ത  മാപ്പിള സ്ത്രീകളും പുരുഷന്മാരും പാട്ട് പാടുന്നതും, സ്ത്രീകളുടെ ഖുർആൻ പാരായണവും
നിക്കാഹ് ചടങ്ങുകൾ ഉൾപ്പെടുന്ന അപൂർവ്വ വീഡിയോയിൽ നിന്നുള്ള ഭാഗങ്ങളും സെമിനാറിൽ പ്രദർശിപ്പിച്ചു. പാട്ടുകളുടെയും വീഡിയോകളുടെയും പകർപ്പ് തുടർപഠനത്തിനായി പി.എസ്.എം.ഒ കോളേജ് ചരിത്ര വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. കാലിക്കറ്റ് സർവ്വകലാശാലയുമായി സഹകരിച്ചാണ് ഇവയിൽ തുടർ പഠനമുണ്ടാവുക. ആമി കാതലിനും ഭർത്താവ് നസീറലി ജൈറാസ്‌ബോയും ചേർന്ന് സംവിധാനം ചെയ്ത 'ഫ്രം ആഫ്രിക്ക ടു ഇന്ത്യ', 'സീ ദി മ്യൂസിക് ഇൻ ഇന്തോനോഷ്യൻ ഡയസ്‌പോറ' എന്നീ ഡോക്യുമെന്ററികളുടെ പ്രദർശനവും സെമിനാറിൽ നടന്നു. 
കോളേജ് പ്രിൻസിപ്പൽ ഡോ. കെ അസീസ് ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. ചരിത്ര വിഭാഗം തലവൻ ഡോ. പി അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. പെൻസിൽവാനിയാ സർവ കലാശാലയിലെ റിസർച്ച് ഫെലോ ഡോ. നീലിമാ ജയചന്ദ്രൻ ചർച്ചയ്ക്ക് നേതൃത്വം നൽകി. പരീക്ഷാ കൺട്രോളർ ഡോ. വി.വി ജോർജ് കുട്ടി, ഫോക് ലോർ പഠന വകുപ്പ് മേധാവി ഡോ. സി.കെ ജിഷ, ഡോ. മുസ്തഫാ കമാൽ പാഷ, പ്രൊഫ. ഹബീബ്പാഷ, ഡോ. ഹിക്മത്തുള്ള, പ്രാഫ. എ സലീൻ, വിവിധ സർവ്വകലാശാലയിൽ നിന്നുള്ള ഗവേഷകർ, അധ്യാപകർ, മാപ്പിളപ്പാട്ട്-നാടോടിപ്പാട്ട് ഗവേഷകർ തുടങ്ങി പ്രൗഢഗംഭീരമായ സദസ്സിലാണ് ചടങ്ങുകൾ നടന്നത്. നാടിന്റെ പഴയകാല കാഴ്ചകളുടെ കൗതുകം നുകരാനും പഴയ ഇശലിന്റെ ഈണം ശ്രവിക്കാനുമായി ഒട്ടേറെ ചരിത്ര കുതുകികൾ എത്തിയ, തിങ്ങി നിറഞ്ഞ സദസ്സിലായിരുന്നു ഈ ചരിത്ര രേഖകളുടെ കൈമാറ്റം നടന്നത്. 
 

Latest News