മൂന്ന് ദശകങ്ങൾക്കപ്പുറം സഖാവ് ഇ.കെ നായനാർ കേരളം ഭരിച്ചിരുന്ന കാലം. കണ്ണൂരിൽ നിന്നിറങ്ങുന്ന ഒരു സായാഹ്ന പത്രത്തിൽ നായാനാരെ കുറിച്ച് എന്തോ അസംബന്ധം അച്ചടിക്കുന്നുവെന്ന വാർത്ത കൊടുങ്കാറ്റ് പോലെ ആഞ്ഞു വീശി. കയ്യൂരും കരിവെള്ളൂരും ഒഞ്ചിയവുമുൾപ്പെടുന്ന വടക്കേ മലബാറിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തൊടാൻ അന്നാർക്കും ധൈര്യമുണ്ടായിരുന്നില്ല. കനൽക്കട്ടയിൽ ഉറുമ്പരിക്കാത്ത ദിനങ്ങൾ. സായാഹ്ന പത്രക്കാരൻ രാത്രിയാവുന്നതിനിടെ വിവരമറിഞ്ഞു. അതിശക്തമായ നടപടി പോലീസിന്റെ ഭാഗത്തു നിന്നുണ്ടായി. പതിവു പോലെ പത്രക്കാർ പ്രസ് ക്ലബിൽ യോഗം ചേർന്ന് പ്രതിഷേധം രേഖപ്പെടുത്തി പിരിഞ്ഞു. ഇന്റർനെറ്റും ടെലിവിഷനും നവ മാധ്യമങ്ങളുമെല്ലാമായപ്പോൾ കാര്യങ്ങൾ മറി മറിഞ്ഞ സ്ഥിതിയുണ്ട്. പാവങ്ങളുടെ പടത്തലവനേയും ഡബിൾ ചങ്കനേയും വിമർശിക്കുന്ന കാര്യത്തിൽ ഒരു പരിധിയുമില്ലാത്ത സ്വാതന്ത്ര്യം ചിലർ അനുഭവിച്ചു തുടങ്ങിയിട്ടുണ്ട്.
ഫേസ്ബുക്കിൽ മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്ന തൃത്താല എം.എൽ.എയെ ഫ്രീയായല്ലേ സ്റ്റേറ്റ് ഫിഗറാക്കി മാറ്റിയത്? കയ്യേറ്റത്തിലും നാവ് പിഴിയുതെറിയലിലും ബിരുദാനന്തര ബിരുദമുള്ളവരും ക്രമേണ ഉൾവലിയുന്നതാണ് പിന്നീട് കണ്ടത്. ഇത്തരം ബാലിശമായ നടപടികൾ പാർട്ടിയ്ക്ക് ദോഷം ചെയ്യുമെന്ന് വിദേശ/ സ്വദേശ ഉപദേഷ്ടാക്കൾ പറഞ്ഞു കൊടുത്തതിന്റെ ഫലമാണോ എന്നാർക്കറിയാം. അതല്ല, പരിപ്പുവട സഖാവ് കവിടി നിരത്തിയതാണോ എന്നുമറിയില്ല.
*** *** ***
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വാർത്താ ചാനലുകൾക്ക് ചാകരയായിരുന്നു. ദൽഹിയിൽ പരമോന്നത നീതി പീഠത്തിൽ എന്തോ സംഭവിക്കുന്നുവെന്ന സൂചന ലഭിച്ചതോടെ ന്യൂസ് ചാനലുകൾ സട കുടഞ്ഞെഴുന്നേറ്റു. റിപ്പോർട്ടർ, മാതൃഭൂമി ന്യൂസ് എന്നിവയുടെ കവറേജ് ശ്രദ്ധേയമായി. നാഷൺ വാൺസ് ടു നോ പറഞ്ഞ് അർണാബ് ഗോസ്വാമിയുടെ അട്ടഹാസമുണ്ടായില്ല.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ജഡ്ജിമാർ വാർത്താസമ്മേളനം നടത്തിയത് ഇന്ത്യൻ ഭരണഘടനയിലെ അസാധാരണ സംഭവമായി മാറി. സുപ്രീം കോടതിയുടെ പ്രവർത്തനങ്ങൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി ശരിയായ രീതിയിലല്ല നടക്കുന്നതെന്നായിരുന്നു മുതിർന്ന ജഡ്ജിമാരായ കുര്യൻ ജോസഫ്, രഞ്ജൻ ഗോഗോയ്, ചെലമേശ്വർ, മദൻ ബി ലോകൂർ എന്നിവരുടെ ആരോപണം.
തങ്ങൾ രണ്ട് മാസങ്ങൾക്ക് മുമ്പ് ചീഫ് ജസ്റ്റിസിന് ഒരു കത്ത് നൽകിയിരുന്നു എന്നും ആ കത്തിൽ ആവശ്യപ്പെട്ട കാര്യത്തെക്കുറിച്ച് ഒരു തീരുമാനവുമുണ്ടായിട്ടില്ലെന്നും ജഡ്ജിമാർ പറഞ്ഞു. കഴിഞ്ഞ കുറച്ചു മാസങ്ങളായി സുപ്രീം കോടതി ശരിയായ രീതിയിലല്ല നടക്കുന്നതെന്നും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിക്കുന്നതെന്നും ജഡ്ജിമാർ ആരോപിച്ചു.
സൊറാബുദ്ദീൻ ഷെയ്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ട സിബിഐ ജഡ്ജി ബ്രിജിൻ ഗോപാൽ ഹരികൃഷ്ണൻ ലോയ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത് നൽകിയത്. 2014 ലാണ് ലോയ മരണപ്പെടുന്നത്. ലോയയുടെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ട സുപ്രീം കോടതിയിലെത്തിയ ഹരജി തികച്ചും അപ്രധാനമായ ബെഞ്ചിനു നൽകിയതിനെതിരെയും ചീഫ് ജസ്റ്റിസിനു നൽകിയ കത്തിൽ പരോക്ഷ സൂചനയുണ്ട്.
കോടതിയിലെ മുതിർന്ന അംഗങ്ങൾ എന്ന നിലയിൽ കോടതിയോടും രാജ്യത്തോടും ചില കാര്യങ്ങൾ വെളിപ്പെടുത്തേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ജഡ്ജിമാർ പറഞ്ഞു. പക്ഷപാതിത്വമില്ലാത്ത കോടതിയാണ് ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറ. പക്ഷേ കുറച്ച് മാസമായി അസാധാരണമായ സംഭവവികാസങ്ങളാണ് നടക്കുന്നതെന്നും ഇവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉത്തരവുകൾ മാത്രം പുറപ്പെടുവിച്ച് ശീലമുള്ള വിഭാഗത്തിന്റെ വാർത്താ സമ്മേളനത്തിൽ ചോദ്യങ്ങളുയർന്നപ്പോഴും കണ്ടിരിക്കുന്നവർക്ക് അപൂർവ അനുഭവമായിരുന്നു.
*** *** ***
തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ആളെ അറിയണമെങ്കിൽ പോലും ഗൂഗിളിന്റെ സഹായം ആവശ്യമാവുന്ന കാലമാണിത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിൽ അഭിനയിക്കുന്നതിന് മുന്നോടിയായി നിവിൻ പോളിയെക്കുറിച്ചറിയാൻ ഗൂഗിളിൽ തിരഞ്ഞു എന്ന് നടി ശാന്തി കൃഷ്ണ ടി.വി അ്ഭിമുഖത്തിൽ പറഞ്ഞത് വലിയ വിവാദമായിരുന്നു. ഒരുപാട് കാലം സിനിമാ ലോകത്ത് നിന്ന് വിട്ടു നിന്നതിനാലും പുതിയ മലയാള സിനിമകൾ കാണാത്തതിനാലും ആണ് താൻ നിവിനെക്കുറിച്ചറിയാൻ വിശദമായി ഗൂഗിളിൽ തിരഞ്ഞതെന്ന് പിന്നീട് വ്യക്തമാക്കിയിരുന്നു. നിവിൻ എന്ന പേര് കേട്ടിട്ടുണ്ടെങ്കിലും മുഖം തിരിച്ചറിയാനാണ് ഗൂഗിളിൽ തിരഞ്ഞത്. നിവിൻ ഈ സംഭവം ഒരു തമാശയായിട്ടാണ് എടുത്തത് എന്നും ശാന്തി പറഞ്ഞിരുന്നു.
ഈ അടുത്തു ഒരു അഭിമുഖത്തിലും സമാന ചോദ്യം ചോദിച്ചപ്പോൾ രസകരമായ മറ്റൊരു സംഭവമാണ് ശാന്തി പറഞ്ഞത്. സുവീരൻ സംവിധാനം ചെയ്യുന്ന 'മഴയത്ത്' എന്ന ഒരു സിനിമയിൽ ഈയിടെ അഭിനയിച്ചു. അതിൽ അപർണ ഗോപിനാഥ് ആണ് ഒരു പ്രധാന വേഷം ചെയ്യുന്നത്. താനും അപർണയും അതിനു മുൻപ് പരസ്പരം കണ്ടിട്ടില്ല. ആദ്യ ദിവസം കണ്ടുമുട്ടിയപ്പോൾ അപർണ പറഞ്ഞു, 'താങ്കളെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. എന്റെ കൂടെ മാം ആണ് അഭിനയിക്കുന്നത് എന്ന് പറഞ്ഞപ്പോൾ എനിക്ക് സന്തോഷം തോന്നി. പക്ഷേ ഗൂഗിൾ ചെയ്തു നോക്കേണ്ടി വന്നു' എന്ന്. അതൊരു മോശം കാര്യമാണോ? തനിക്ക് വേണമെങ്കിൽ ഇങ്ങനെ കരുതാം, 'ആഹാ ശാന്തി കൃഷ്ണയെ അറിയില്ല എന്ന് പറഞ്ഞുവല്ലേ'. അങ്ങനെ കരുതേണ്ട കാര്യമില്ല. ഇതേ കാര്യമാണ് നിവിന്റെ വിഷയത്തിലും സംഭവിച്ചത്. എന്നാൽ ഇത്തരം നിസ്സാര കാര്യങ്ങൾ വിവാദമാക്കാനാണ് ചിലർക്ക് താൽപര്യമെന്നാണ് ശാന്തിയുടെ പരിഭവം.
*** *** ***
ഏത് സംഭവവും വിവാദമാക്കാൻ മാധ്യമ പ്രവർത്തകർക്കുള്ള മിടുക്ക് പ്രസിദ്ധമാണ്. പ്രമുഖനെ രണ്ട് ദിവസം കണ്ടില്ലെങ്കിൽ തിരോധാന കഥകളുമായി രംഗത്തെത്തും. എന്നാൽ കൂടപ്പിറപ്പുകളുടെ കാര്യത്തിൽ പലപ്പോഴും ഇതേ ആവേശം കാണാറില്ല. സോണി ഭട്ടതിരിപ്പാട് എന്ന കേരളം മുഴുവൻ അറിയപ്പെട്ടിരുന്ന മാധ്യമ പ്രവർത്തകനെ കാണാതായിട്ട് അഞ്ചു വർഷം കഴിഞ്ഞു.
മാധ്യമ ലോകത്തിന് ഈ സംഭവത്തിൽ താൽപര്യമില്ല. മലയാള മനോരമ കാസർകോട് ബ്യൂറോ ചീഫ് ആയിരുന്ന സമയത്ത് എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾ സമൂഹത്തിന്റെ കൺമുൻപിലേക്ക് എത്തിച്ചതിൽ സോണി വഹിച്ച പങ്ക് നിർണായകമായിരുന്നു. മനോരമ ചാനൽ തുടങ്ങിയപ്പോൾ ന്യൂസ് അവതാരകനായി 'നിങ്ങൾ ആവശ്യപ്പെട്ട വാർത്തകൾ ' എന്ന വളരെ ജനശ്രദ്ധ നേടിയ പരിപാടി ജനങ്ങളിലേക്ക് എത്തിച്ച സോണിയുടെ ഫോട്ടോ മനോരമ കേരളത്തിലുടനീളം സ്ഥാപിച്ചിരുന്നു. വ്യത്യസ്ത അവതരണ ശൈലിയിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം സോണി നേടിയിരുന്നു. മനോരമ വിട്ടു ഇന്ത്യാവിഷനിൽ എത്തിയപ്പോഴും ആ ഇഷ്ടം അതേപടി നിലനിർത്താൻ സോണിക്കായി. എന്തുകൊണ്ട് സോണിയെപ്പോലുള്ള അറിയപ്പെടുന്ന ഒരു പത്രപ്രവർത്തകനെ കണ്ടുപിടിക്കാൻ ഇതുവരെ ആയില്ല? ഈ തിരോധാനം അവരുടെ വെറും കുടുംബ പ്രശ്നമായി മാത്രം ഒതുങ്ങുന്നതെന്തുകൊണ്ടെന്ന കാര്യം ചിന്തിക്കേണ്ട വിഷയമാണ്.
*** *** ***
ഫാസിസം ഇനി അൽപം കരുതലോടെ ഇരുന്നാൽ അവർക്ക് കൊള്ളാം. എം.പി വീരേന്ദ്ര കുമാർ നേതൃത്വം നൽകുന്ന ജനതാദളിന്റെ കഷ്ണം ഫാസിസത്തെ നിലയ്ക്ക് നിർത്താൻ നല്ലത് ഇടതുപക്ഷമാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. അല്ലെങ്കിലും ഈ നിതീഷ് കുമാറിനെയൊന്നും നമ്പാൻ കൊള്ളില്ല. ഇതെന്താ തിരിച്ചറിയാൻ ഇത്രയും കാലമെടുത്തതന്നൊന്നും ചോദിച്ചേക്കരുത്.
ജെഡിയു യു ഡി എഫ് മുന്നണി വിട്ടു. ഇനി എൽ ഡി എഫുമായി സഹകരിക്കുമെന്ന് ജെഡിയു അധ്യക്ഷൻ വീരേന്ദ്ര കുമാർ പറയുന്നു. രണ്ട് ദിവസമായി ചേർന്ന പാർട്ടി നേതൃയോഗം ഇത് സംബന്ധിച്ച പ്രമേയം പാസാക്കി. യു ഡി എഫിൽ നിന്നപ്പോൾ വലിയ നഷ്ടമുണ്ടായെന്നും വീരേന്ദ്ര കുമാർ കൂട്ടിച്ചേർത്തു. വർഗീയതയെ ചെറുക്കാൻ നല്ലത് ഇടതുപക്ഷമാണ്. നിലവിൽ ഇടതുമുന്നണിക്കൊപ്പമുള്ള ജെഡിഎസിൽ ലയിക്കാതെ ഒറ്റയ്ക്കു നിൽക്കാനാണ് ആലോചന.
നേരത്തേ, യുഡിഎഫിന്റെ വോട്ടിൽ രാജ്യസഭാംഗമായിരുന്ന എം.പി. വീരേന്ദ്ര കുമാർ എംപി സ്ഥാനം രാജിവെച്ചിരുന്നു. രാജിവെച്ച ഒഴിവിലുള്ള രാജ്യസഭാ സീറ്റും ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റും നിയമസഭാ തെരഞ്ഞെടുപ്പിൽ എട്ടു സീറ്റും വേണമെന്ന് ജെഡിയു എൽഡിഎഫിൽ ആവശ്യപ്പെട്ടേക്കും.
ഇടതുപക്ഷത്തിനാണെങ്കിൽ വടകര, കോഴിക്കോട് ലോക്സഭാ സീറ്റുകളിൽ ഇനി ഈസി വാക്കോവർ. മാതൃഭൂമി ന്യൂസിൽ ഉണ്ണി ബാലകൃഷ്ണന്റെ ചോദ്യം ഉത്തരം അഭിമുഖ പരമ്പരകളുടെ തുടക്കം മാത്രമായിരിക്കുമെന്ന് പ്രതീക്ഷിക്കാം.