Sorry, you need to enable JavaScript to visit this website.

44 തവണ ഹജ് ചെയ്ത മലയാളിയുടെ പ്രവാസജീവിതം

ഖാലിദിന്റെ നാൽപത്തിനാലാമത്തെ ഹജ് - 2019
ഖാലിദിന്റെ ആദ്യഹജ്- മിനായിലെ മസ്ജിദ് അൽ ഖൈഫിനു മുമ്പിൽ നിന്ന് 1977 നവംബർ 21 നെടുത്ത ഫോട്ടോ.
കുടുംബത്തോടൊപ്പം ഖാലിദ്.

കഴിഞ്ഞ നാൽപത്തിനാലു വർഷം തുടർച്ചയായി ഹജ് കർമം അനുഷ്ഠിച്ച മലപ്പുറത്തുകാരൻ വി. ഖാലിദിന്റെ ജീവിതാനുഭവങ്ങളിലൂടെ...

 

1977 ൽ ജിദ്ദ ഷറഫിയയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിൽ വന്നിറങ്ങിയതാണ് മലപ്പുറം ഇരുമ്പുഴി സ്വദേശി വി. ഖാലിദ്. ചെങ്കടൽ തീരത്തെ മഹാനഗരത്തിലെ ആദ്യകാല മലയാളി പ്രവാസികളിലൊരാൾ. 44 വർഷം നീണ്ട സുദീർഘ പ്രവാസത്തിനിടയ്ക്ക് 44 തവണ അദ്ദേഹത്തിന് പരിശുദ്ധ ഹജ് കർമം നിർവഹിക്കാനായി. കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ഹജ് തീർഥാടനം മുടങ്ങിയത് കൊറോണ കാരണമാണ്. വീണ്ടുമൊരു ഹജ് സമാഗതമായപ്പോൾ ജീവിതത്തിലെ സർവ ഐശ്വര്യങ്ങൾക്കും നിദാനമായ പുണ്യഭൂമിയിലെ പ്രവാസ കാലം കോഴിക്കോട് പാലാഴി ഹൈലൈറ്റ് മാൾ അപ്പാർട്ടുമെന്റിലിരുന്ന് ഓർത്തെടുക്കുകയാണ് ഖാലിദ്. പലവുരു തീർഥാടനത്തിന് ഖാലിദ് ചെന്നെങ്കിലും അതൊന്നും ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമായല്ല. ആദ്യത്തെ ഉംറ മുതൽ 44 പ്രാവശ്യം മക്കയിലെത്തി ഹജ് കർമങ്ങൾ നിർവഹിച്ചത് തനിച്ചാണ്. 


ഒറ്റയ്ക്ക് ഹജ് ചെയ്യുകയെന്നത് പ്രത്യേക അനുഭൂതിയാണ്. സൗഹൃദത്തിലുള്ള ജിദ്ദയിലെ ഗ്രൂപ്പുകാർ സൗജന്യമായി കൊണ്ടുപോകാമെന്ന് പലപ്പോഴും വാഗ്ദാനം ചെയ്‌തെങ്കിലും സ്‌നേഹപൂർവം നിരസിക്കുകയാണ് ചെയ്തത്. ഓരോ വർഷവും അറഫാ പ്രഖ്യാപനം വരുമ്പോഴും അകം നിറയുന്ന  ദുആ ഉയരും: ഇക്കൊല്ലവും ഈയുള്ളവന്റെ ഹജ് മുടങ്ങാതിരുന്നെങ്കിൽ.. 
പിന്നെ ഒരവധൂതനെപ്പോലെ, യാത്ര പുറപ്പെടും. തടസ്സം നേരിട്ടാൽ മടങ്ങാമെന്ന നിയ്യത്തോടെ. പക്ഷേ കഴിഞ്ഞ 44 വർഷവും മടങ്ങേണ്ടി വന്നിട്ടില്ല. എല്ലാം അല്ലാഹുവിലർപ്പിച്ചുള്ള പുറപ്പാട്. തനിച്ചു ഹജ് ചെയ്യുമ്പോൾ വേറൊരു ലോകത്തെത്തിയ പ്രതീതിയാണ് അനുഭവപ്പെടുക. രക്തസമ്മർദമെല്ലാം കുറഞ്ഞ് പടച്ചവന്റെ സംരക്ഷണ വലയത്തിലൊതുങ്ങിയ സ്ഥിതി. ഒരു പ്രാവശ്യം മക്കയിൽ നിന്ന്  ഹജിന്റെ കേന്ദ്രങ്ങളായ മിനയും മുസ്ദലിഫയും അറഫയുമെല്ലാം താണ്ടി മക്കയിൽ കാൽനടയായി തിരിച്ചെത്തിയതിന്റെ ആഹ്ലാദം ഒന്ന് വേറെ തന്നെയാണ്. പ്രാർഥനാ മന്ത്രങ്ങൾ ഉരുവിട്ടങ്ങിനെ നടക്കാം. 


തുരങ്കദുരന്തം, ടെന്റുകളിലെ തീപ്പിടിത്തം തുടങ്ങിയ നിർഭാഗ്യസംഭവങ്ങൾ നടന്ന ഹജ് വേളകളിൽ അവയൊക്കെ അകലെ നിന്ന് കണ്ടും കേട്ടും പിന്നിട്ട തീർഥാടനകാലം. അനുമതിയോടെയായിരുന്നു പല യാത്രകളെങ്കിലും അതില്ലാതെയും തനിയെ ഹജിന് പോകാനുള്ള അദമ്യമായ പ്രേരണ, തീർച്ചയായും അല്ലാഹുവിന്റെ വിളിയും അനുഗ്രഹവും തന്നെ-  44 വർഷങ്ങളിലെ ഹജ് അനുഭവങ്ങൾ ഓർത്തെടുത്ത് ഖാലിദ് വാചാലനായി. 
മക്കയിലെത്തുന്ന പ്രമുഖരിൽ ചിലരെ നേരിൽ കാണാനായി. ബോക്‌സിംഗ് ചാമ്പ്യൻ മുഹമ്മദലി കാഷ്യസ് ക്ലേയെ കാണാൻ കഴിഞ്ഞത് അപൂർവ സൗഭാഗ്യങ്ങളിലൊന്നാണ്. അതു പോലെ ഒരിക്കൽ വെസ്റ്റിൻഡീസുകാരനായ ഒരു ഹാജി കൂട്ടം തെറ്റി നിൽക്കുന്നു. നൂറ് പേരുടെ സംഘത്തിൽ വന്നതാണ്. 2019 - ലാണത്. അയാളുടെ മുറി എവിടെയെന്നറിയില്ല. ഹജ് ചുമതലക്കാരായ അറബി ഉദ്യോഗസ്ഥർക്ക് ഇയാളുടെ രാജ്യം ഏതെന്ന് തിരിച്ചറിയാനായില്ല. ഗൂഗിളിന്റെ സഹായത്തോടെ അറബിക് പേര് മനസ്സിലാക്കി പറഞ്ഞു കൊടുത്തപ്പോൾ കാര്യങ്ങൾ എളുപ്പമായി. അയാളുടെ മൊബൈലിൽ നാട്ടിലേക്ക് വിളിക്കാൻ സിം വാങ്ങി കൊടുത്തപ്പോൾ വളരെ ഹാപ്പിയായി. ഇപ്പോഴും അയാളുമായി സൗഹൃദം തുടരുന്നു. 
ആദ്യമായി ഹജ് ചെയ്യാൻ ചെന്നപ്പോഴൊക്കെ അറഫാ ദിനം കഴിഞ്ഞ് മിനായിലെത്തിയാൽ അറുത്തിട്ട ബലിമൃഗങ്ങളെ തട്ടിയല്ലാതെ നടക്കാനാവില്ല. ബലിയർപ്പിച്ച ആൾ പേരിന് ചെറിയ കഷ്ണം മുറിച്ചെടുത്ത് ബാക്കി മിനയിലെ വഴിയോരത്ത് ആടിന്റേയും പോത്തിന്റേയും മാംസം ഉപേക്ഷിക്കുകയായിരുന്നു പതിവ്. ഇത് ശേഖരിക്കാൻ ജിദ്ദയിൽനിന്നും മറ്റും മലയാളി സംഘങ്ങളെത്തുമായിരുന്നു. പിന്നീടാണ് ഇതു സംബന്ധിച്ച് കർശനമായ നിബന്ധന വന്നത്. ബലിമൃഗങ്ങളുടെ അവശിഷ്ടം പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കരുതെന്ന നിർദേശം കർശനമായി നടപ്പാക്കി. മാത്രമല്ല, സമാഹരിക്കുന്ന ബലിമാംസം പാവപ്പെട്ട രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനും തുടങ്ങി. 


2016 - ലെ തീർഥാടന വേളയിൽ വടകരക്കാരനായ ഒരു ഹാജി അറഫയിൽനിന്ന് മുസ്ദലിഫയിലേക്കുള്ള യാത്രയിൽ തീരെ അവശനായി വഴിയോരത്ത് ഇരിക്കുന്നു. ഒരു ചായ സംഘടിപ്പിച്ചു കൊടുത്തപ്പോൾ ആള് ഉഷാറായി. ടെന്റിൽ കൊണ്ടു ചെന്നാക്കി തിരികെ പോന്നു. ഹജ് കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടെങ്കിലും അന്നത്തെ അനുഭവം കാരണം ഇപ്പോഴും ബന്ധപ്പെടാറുണ്ട്. 
തൊട്ടടുത്ത വർഷം കൂട്ടം തെറ്റിയ കുറേ തീർഥാടകർ സൗദി പോലീസുകാരോട് ഹിന്ദിയിൽ എന്തൊക്കെയോ പറയുന്നു. പോലീസുകാർക്ക് ഒന്നും മനസ്സിലാവുന്നില്ല. സന്ദർഭത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് വിവരങ്ങൾ ഇൻസ്റ്റന്റായി ട്രാൻസ്‌ലേറ്റ്  ചെയ്തു കൊടുത്തപ്പോൾ പോലീസിന് നല്ല മതിപ്പായി. എന്നാൽ ഒരു കാര്യം ചെയ്യ്, നിങ്ങൾ തർജമക്കാരനായി ഇവിടെ നിന്നോളൂ. പോലീസുകാരൻ ഇത് നിർദേശിക്കുമ്പോൾ തസ്‌രീഹില്ലാതെ എത്തിയ മനസ്സിലൊരു കാളൽ. 
ഹജ് വേളയിലെ ദുരന്തങ്ങൾ കരളലിയിപ്പിക്കുന്നതാണ്. തുരങ്കത്തിലെ തിക്കിലും തിരക്കിലും ഹാജിമാർ അപകടത്തിൽപെട്ട സംഭവത്തിന്  സാക്ഷിയാവാനും സാധിച്ചു. നാട്ടുകാരനും സുഹൃത്തുമായ പി.കെ അബ്ബാസ് മരണ മുഖത്ത് നിന്ന് രക്ഷപ്പെട്ടെത്തിയത് ഇക്കൂട്ടത്തിൽ ആശ്വാസം പകർന്ന സംഭവമാണ്. 
സ്വതന്ത്രനായി ഇങ്ങനെ പോയി വരുന്നതിനിടയ്ക്ക് ഒരു വർഷം കാര്യങ്ങളത്ര പന്തിയായിരുന്നില്ല. ബാബ്മക്കയിൽ നിന്ന് മക്കയിലേക്ക് പുറപ്പെട്ട വാഹനം ശുമൈസി ചെക്ക് പോയന്റിനടുത്ത് എല്ലാവരേയും ഇറക്കി വിട്ടു. ഒരു വിദ്വാന് അമ്പത് റിയാൽ കൊടുത്തിട്ടാണ് മരുഭൂമിയിലൂടെ ലക്ഷ്യ സ്ഥാനത്തെത്താനായത്. 
ഇത്തവണയും ഖാലിദ് ഹജ് ചെയ്യാൻ ആഗ്രഹിച്ചിരുന്നു. അതിനായി അർമേനിയ വഴി പ്രവാസികളെ തിരിച്ച് ജിദ്ദയിലെത്തിക്കുന്ന ഒരു ഗ്രൂപ്പുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. അപ്പോഴാണ് കൈയ്ക്ക് നേരിയ പരിക്കേറ്റ് കിടപ്പിലായത്. ഒന്നര മാസം പ്ലാസ്റ്ററിട്ട് കിടന്നു. മലപ്പുറം മേൽമുറിയിലെ വീട്ടിനടുത്ത് സമൂഹ നൻമയ്ക്കായി പണിയുന്ന കെട്ടിടത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ ചെന്നപ്പോൾ വീഴ്ച സംഭവിച്ചതിനെ തുടർന്നാണിത്. ഇതിന് ശേഷം ഡ്രൈവിംഗ് പോലും ഒറ്റക്കൈ കൊണ്ടായി. പള്ളിയും പാവങ്ങൾക്ക് സൗജന്യ ചികിത്സാ സൗകര്യമൊരുക്കലുമൊക്കെയാണ് മേൽമുറിയിലെ പദ്ധതി. ഇതോടെ  2021 - ലെ ഹജ് പരിപാടി ഉപേക്ഷിക്കുകയായിരുന്നു. ഈ കൊല്ലം അല്ലാഹു വിധിച്ചിട്ടില്ലായിരിക്കാം... 


മലപ്പുറം-മഞ്ചേരി റോഡിൽ ഇരുമ്പുഴിയാണ് ഖാലിദിന്റെ സ്വദേശം. പിറന്നു വീണത് വയനാട്ടിലെ ചുള്ളിയോട് എന്ന ഗ്രാമത്തിൽ. ഉപ്പ അബ്ദുറഹിമാൻ ഹാജി പട്ടാളത്തിലായിരുന്നു. സൈനിക സേവനത്തിന് ശേഷം സർക്കാർ പട്ടയം നൽകി അനുവദിച്ച  ഭൂമി വയനാട്ടിലായിരുന്നു.  അവിടെ ജനിച്ച ഖാലിദ് നാലാം ക്ലാസ് വരെ ചുള്ളിയോട്ടിൽ പഠിച്ചു. പിന്നീടാണ് കുടുംബം ഇരുമ്പുഴിയിലേക്ക് പറിച്ചു നടുന്നത്. വിമുക്ത ഭടനായ പിതാവിന്റെ അകാല വിയോഗം കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിച്ചു. എസ്.എസ്.എൽ.സി തോറ്റത് ജീവിതത്തിൽ വഴിത്തിരിവായി. ഇരുമ്പുഴിയിൽ താമസിക്കുമ്പോൾ മലപ്പുറം കോട്ടപ്പടിയിലെ ഗവ. ഹൈസ്‌കൂളിലാണ് പഠിച്ചിരുന്നത്. നാടകത്തിൽ അന്നേ നല്ല കമ്പമുണ്ടായിരുന്നു. ആത്മമിത്രം മലയാളം ന്യൂസ് എഡിറ്റർ മുസാഫിറും മറ്റു കൂട്ടുകാരും ചേർന്ന് ഷാലിമാർ തിയറ്റേഴ്‌സ് എന്ന ബാനറിൽ നാടക ട്രൂപ്പ് വരെയുണ്ടാക്കി. നാടക സ്വപ്‌നം അധികകാലം നീണ്ടില്ല. എല്ലാവരും അവഗണിച്ചു. ഉമ്മയ്ക്കായിരുന്നു കൂടുതൽ ആശങ്ക. പ്രീഡിഗ്രിയ്ക്ക് ചേർന്ന ജ്യേഷ്ഠൻ മുഹമ്മദലി ഫീസടയ്ക്കാൻ കഴിയാതെ വിഷമിക്കുന്നത് കണ്ട് എനിക്ക് സങ്കടമായി. പിൽക്കാലത്ത് റിയാദിലെ പ്രവാസിയായ മുഹമ്മദലി ഇപ്പോൾ നാട്ടിലുണ്ട്. നാടകാഭിരുചി വഴിമുട്ടിയപ്പോൾ പരിസര പ്രദേശങ്ങളിൽ ജോലിയ്ക്കായി നടത്തിയ അന്വേഷണങ്ങൾ  ഫലം ചെയ്തില്ല. പിന്നെ ഒന്നും ആലോചിച്ചില്ല. ഏതെങ്കിലും മഹാനഗരത്തിലേക്ക് നാട് വിടുക തന്നെ. അതിനാണെങ്കിൽ കാശുമില്ല. കാഴ്ചശക്തിയില്ലാത്ത ഉമ്മറും പ്രമുഖ സാമൂഹിക പ്രവർത്തകനും എഴുത്തുകാരനും കാർട്ടൂണിസ്റ്റുമായ ഉസ്മാൻ ഇരുമ്പുഴിയും ഇളയ സഹോദരങ്ങൾ. മൂവരുടേയും സുന്നത്ത് കല്യാണം ഒരുമിച്ചാണ് നടത്തിയത്. തൊട്ടിലും കയറും കെട്ടി കഴിഞ്ഞ ദിനങ്ങളിൽ നല്ല വേദനയനുഭവിച്ചിട്ടുണ്ട്. ആകെ സമാധാനം ബന്ധുക്കൾ സന്ദർശനത്തിനെത്തുമ്പോൾ ലഭിക്കുന്ന ടിപ്‌സാണ്. അഞ്ചും പത്തും രൂപ ഇങ്ങിനെ കിട്ടിയിട്ടുണ്ട്. ഈ തുക സ്വരൂപിച്ചു വെച്ചതാണ് പലായനത്തിനുള്ള ആദ്യ നിക്ഷേപം. ജീവിതത്തിൽ ഇനിയൊരിക്കലും നാടകത്തിൽ അഭിനയിക്കില്ലെന്ന് ഉമ്മ മലപ്പുറം കുന്നുമ്മലിലെ തറയിൽ പാത്തുമ്മയ്ക്ക് വാക്ക് കൊടുത്തു. സമ്മാനമായി ലഭിച്ച ചെറുമോതിരവും ഉമ്മയുടെ ആഭരണവുമായി നേരെ ഫെഡറൽ ബാങ്കിലേക്ക് വെച്ചു പിടിച്ചു. അതവിടെ പണയം വെച്ചപ്പോൾ കിട്ടിയ തുക കൂടിയായപ്പോൾ തൊഴിൽ തേടി വിദൂര ദിക്കുകളിലേക്ക് പറക്കാൻ ധൈര്യമായി. പിൽക്കാലത്ത് കൽക്കത്ത പ്രവാസത്തിലൂടെ അൽപം സ്വയംപര്യാപ്തത നേടിയപ്പോൾ ഉമ്മയുടെ ആഭരണം തിരിച്ചെടുത്തു. മലപ്പുറത്ത് നിന്ന് പെരിന്തൽമണ്ണയിലേക്ക് ബസിൽ. അവിടെ നിന്ന് പാലക്കാട് ഒലവക്കോട്ടേക്ക്. ബൾക്കീസ് ടാക്കീസിൽ ചെന്ന് ഒരു സിനിമയും കണ്ട് ഒലവക്കോട് ജംഗ്ഷൻ സ്‌റ്റേഷനിലേക്ക്. രാത്രിയിലെ ട്രെയിനിൽ മദ്രാസിലേക്ക് യാത്രയായി. മദ്രാസിൽ നിന്ന് ഹൗറ മെയിലിൽ കൽക്കത്തയിലേക്ക്,  പലപ്പോഴായി വായിച്ചറിഞ്ഞ കൽക്കത്തയിലെ എസ്പ്ലനേഡിൽ (ജിദ്ദ ബലദ് പോലൊരു നഗരകേന്ദ്രം) ടാക്‌സിയിൽ ചെന്നിറങ്ങി. കുറേ കറങ്ങി നടന്നു. ജീവിക്കാൻ ജോലി വേണമല്ലോ. ചുറ്റും ചെരിപ്പുകടകൾ മാത്രമുള്ള ഒരു ദിക്കിലെത്തി. ലെതർ ചെരിപ്പുകളാണ് എല്ലായിടത്തും വിൽക്കുന്നത്. കൂട്ടത്തിൽ ഒരു കട തുറക്കാനെത്തിയ ആൾക്ക് നല്ല മലയാളി ലുക്ക്. ഉമ്മർ കുട്ടിക്ക, തലശേരിക്കാരനാണ്. ജോലി വേണമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം സമ്മതിച്ചു. തൊട്ടടുത്ത ദിവസം എസ്പ്ലനേഡ് ബെൻഡിംഗ് സ്ട്രീറ്റിലുള്ള വേറൊരു തലശ്ശേരിക്കാരൻ എ.സി മുഹമ്മദിന്റെ കടയിലേക്ക് കൊണ്ടു ചെന്നു. സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വി. ഖാലിദിന്റെ ബന്ധുവായ എ.സി മുഹമ്മദിന്റേതാണ് സ്ഥാപനം. ജോലിയല്ല, പഠിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ഉപദേശിച്ചു. ഉമ്മർ കുട്ടിക്ക പറഞ്ഞത് കൊണ്ട് അവിടെ സെയിൽസ്മാന്റെ പണി കിട്ടി. ഷോപ്പിന്റെ അക്കൗണ്ടുമെഴുതും. അവിടെ ആറേഴ് വർഷം കഴിഞ്ഞു കൂടി. കലയും സാംസ്‌കാരിക പ്രവർത്തനവും രക്തത്തിൽ അലിഞ്ഞു ചേർന്നതിനാൽ മഹാനഗരത്തിലെ മലയാളി സമാജത്തെ കുറിച്ചാണ് ആദ്യം തിരക്കിയത്. കൽക്കത്ത മുസ്‌ലിം അസോസിയേഷനിലും കേരള സമാജത്തിലും പ്രവർത്തിക്കാനായി. കൽക്കത്ത സന്ദർശനത്തിനെത്തിയ എസ്.കെ പൊറ്റക്കാട്, കെ.ടി മുഹമ്മദ്, കവി പി. കുഞ്ഞിരാമൻ നായർ എന്നിവരെ സ്വീകരിക്കാനായത് കൽക്കത്ത ജീവിതത്തിലെ അപൂർവ നേട്ടങ്ങളാണ്. 


സൗദിയിലേക്ക് പോകണമെന്നും ഹജ് നിർവഹിക്കണമെന്നും കലശലായ ആഗ്രഹം. അപ്പോഴേക്കും ഒരു പ്രശ്‌നം. അക്കാലത്ത് ഇന്ത്യൻ പാസ്‌പോർട്ടിൽ ഏതൊക്കെ രാജ്യങ്ങളിലേക്ക് പോകരുതെന്ന് രേഖപ്പെടുത്തിയിട്ടുണ്ടാവും. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായ വേള. അന്തമാനിൽ നിന്ന് പാസ്‌പോർട്ടിൽ സൗദി അറേബ്യ രേഖപ്പെടുത്തി കൊടുക്കുന്നുവെന്ന് കേട്ടു. ഇതു പ്രകാരം ഒരു ഏജന്റാണ് പാസ്‌പോർട്ടിൽ സൗദി സന്ദർശിക്കാമെന്ന് രേഖപ്പെടുത്തി വാങ്ങി തന്നത്. കൽക്കത്തയിലെ മലയാളികൾക്ക് അന്നതൊരു അത്ഭുതമായിരുന്നു. ബോംബെ ഹജ് ഹൗസിൽ താമസിച്ച് എയർ ഇന്ത്യ വിമാനത്തിൽ 1977 ൽ ജിദ്ദയിൽ വന്നിറങ്ങി. ഹജ് കമ്മിറ്റി നൽകിയ 1300 രൂപയുടെ ഡ്രാഫ്റ്റ് കൈവശമുണ്ടായിരുന്നു. വിമാനത്താവളത്തിലെ സെക്യൂരിറ്റിക്കാരന്റെ ചോദ്യങ്ങൾക്ക് ആംഗ്യ ഭാഷയിൽ മറുപടി നൽകി പുറത്തു കടന്നു. അതീവ രഹസ്യമായി സൂക്ഷിച്ച ഇന്ത്യൻ പാസ്‌പോർട്ട് ഉൾക്കൊള്ളുന്ന പെട്ടിയും ചുമന്ന് ബാബ്മക്ക വരെ നടന്നു. അവിടെ എത്തിയപ്പോൾ മക്കയിലേക്ക് ആളുകളെ വിളിച്ചു കയറ്റുന്ന ടാക്‌സി. പത്ത് റിയാലാണ് ചാർജ്. മക്ക മസ്ജിദുൽ ഹറമിന്റെ മുമ്പിലെ കെട്ടിടത്തിനടുത്ത് സ്യൂട്ട് കേസും വെച്ച് ഉംറ ചെയ്യാൻ പോയി. അവിടെ വെച്ച് പാനം ചെയ്ത സംസം ജലമാണ് സൗദി അറേബ്യയിൽ കാല് കുത്തിയ ശേഷം ദാഹവും വിശപ്പുമടക്കിയ ആദ്യ വിഭവം. മാർഗനിർദേശങ്ങൾ നൽകാനൊന്നും ആരുമില്ല. ഏഴ് തവണയ്ക്ക് പകരം പതിനാല് സഈഅ് പൂർത്തിയാക്കി ജിദ്ദയിലേക്ക്. കൽക്കത്തയിലെ പ്രഭാഷകനായ മറ്റൊരു തലശ്ശേരിക്കാരൻ മരക്കാർ സാഹിബ് തന്ന കത്തുമായി ഗുജറാത്ത് സ്വദേശി മിർസയെ കാണണം. ഹോളിഡേ ഇൻ ഹോട്ടലിന്റെ നിർമാണം തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. ആ പരിസരത്ത് ചില ദിവസങ്ങൾ കഴിച്ചുകൂട്ടി. മിർസ ബലദ് കിംഗ്  അബ്ദുൽ അസീസ് സ്ട്രീറ്റിലെ ഡെന്റൽ മെറ്റീരിയൽ സ്റ്റോറിൽ ഖാലിദിനെ പരിചയപ്പെടുത്തി. ജിദ്ദയിലെ തുടക്കം അവിടെയായിരുന്നു. റിയാദ് ബാങ്ക്, ബ്രിട്ടീഷ് മിഡിൽ ഈസ്റ്റ് ബാങ്ക് (ഇപ്പോഴത്തെ സാബ് ) എന്നിവയ്ക്കടുത്തായിരുന്നു ഈ സ്ഥാപനം.  


പിന്നീട് അറേബ്യൻ എസ്റ്റാബഌഷ്‌മെന്റ് ഫോർ ട്രേഡ് ആന്റ് ഷിപ്പിംഗ് കമ്പനിയിൽ ദീർഘകാലം. നാൽപത് കൊല്ലത്തിനു ശേഷം ബ്രാഞ്ച് മാനേജറായി പിരിഞ്ഞു. എയർ കാർഗോ-സീ കാർഗോ രംഗത്തെ പരിചയ സമ്പത്തുമായി ജിദ്ദ മദീന റോഡിൽ കുബ്രി മുറബ്ബക്ക് സമീപം സ്‌കൈ വേ എന്ന സ്ഥാപനത്തിൽ. ആദ്യത്തെ കൊൽക്കത്ത -ജിദ്ദ ഹജ് യാത്ര പോലെ പിന്നീടിങ്ങോട്ട് ജീവിതത്തിലെ ചവിട്ടുപടികൾ കയറിയതെല്ലാം അല്ലാഹുവിന്റെ അനുഗ്രഹത്താൽ. ജിദ്ദയിൽ അരങ്ങ് എന്ന കലാസംഘടനയ്ക്ക് രൂപം നൽകി. ലൈലാ റസാഖ്, എ.കെ. സുകുമാരൻ തുടങ്ങിയ ഗായകർക്ക് ജിദ്ദയിൽ വേദിയൊരുക്കിയതിൽ ഖാലിദിന്റെ പങ്ക് എടുത്ത് പറയേണ്ടതാണ്. ഹജ് നിർവഹിക്കാനെത്തിയ ഹിന്ദി സംഗീതസംവിധായകൻ നൗഷാദ്, ഗായകൻ തലത്ത് മെഹ്മൂദ് എന്നിവരെ കാണാനും സംസാരിക്കാനും ഭാഗ്യം കിട്ടി. ആദ്യ അരങ്ങ് അവാർഡ് ഷൗക്കത്തലി അരിപ്രയ്ക്കായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിനെ ബേപ്പൂരിൽ ചെന്ന് അരങ്ങിന്റെ പേരിൽ അനുമോദിക്കാനും ഖാലിദ് സമയം കണ്ടെത്തി. മലപ്പുറം കാട്ടുങ്ങൽ പി.എൻ ഷക്കീലയാണ് ഭാര്യ. മക്കൾ: അബ്ദുറഹ്മാൻ, അബ്ദുല്ല, അഹമ്മദ്, ഖദീജ, അലി. മരുമക്കൾ: ഹിബാ അമീറലി, ദീന. പേരക്കുട്ടികൾ: ഖാലിദ്, ലൈല, വലീദ്,മറിയം.  
അനുഭവങ്ങളുടെ അക്ഷയഖനിയാണ് നാലര പതിറ്റാണ്ടിന്റെ പ്രവാസം ഖാലിദിന് സമ്മാനിച്ചത്. അതിലേറ്റവും വലിയ അനുഗ്രഹം നാൽപത്തിനാലു തവണ ഹജ് കർമം അനുഷ്ഠിക്കാൻ സാധിച്ചതിന്റെ സുകൃതം. എല്ലാം ഒരു നിമിത്തം പോലെ ഖാലിദ് പിന്നിട്ട വഴികളെ വിലയിരുത്തി. കോവിഡ് ഭീഷണിയിൽ ജിദ്ദ -കാലിക്കറ്റ് വിമാന സർവീസ് അവസാനിച്ച ഒടുവിലത്തെ ദിവസമാണ് - 2020 മാർച്ച് ഒന്നിന് - ഖാലിദ് കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയത്.

 

Latest News