Sorry, you need to enable JavaScript to visit this website.

ഗവർണർ ക്ഷുഭിതയായി:  ഇങ്ങനെയാണോ വാർത്ത കൊടുക്കുന്നത്?

പെരുമൺ ദുരന്തം (ഫയൽ)
റാംദുലാരി സിൻഹ

ദൂരദർശൻ കാലം

1988 ജൂലൈ മാസം 8-ാം തീയതി ഞങ്ങൾ പട്ടം വൃന്ദാവൻ ഹൗസിംഗ് കോളനിയിൽ കോട്ടയത്തുകാരനായ, അലർജി ചികിത്സയിൽ ആഗോളപ്രശസ്തനായ ഡോ. പി.ഇ.അബ്രഹാമിന്റെ ഫഌറ്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. മൂന്നാമത്തെ നിലയിലായിരുന്നു ഫഌറ്റ്. താഴെ മുകളിലേക്ക് കയറിപ്പോകുന്ന കോണിപ്പടികൾക്കടുത്ത് ചിലപ്പോൾ തെരുവുനായ്ക്കൾ കിടക്കാറുണ്ട്. ഒരു ദിവസം പെട്ടെന്ന്, പടികൾകയറി തുറന്നുകിടന്നിരുന്ന വാതിൽകടന്ന് ഒരു നായ ഉളളിൽ കയറി. പെട്ടെന്നതിനെ ഓടിച്ചുവിട്ടെങ്കിലും ഭാര്യ രാഗിണിക്ക് പരിഭ്രാന്തിയായി. മുകളിലേക്ക് ഒരു തെരുവുനായ കടന്നുവരുന്നത് ഒട്ടും ശുഭലക്ഷണമല്ല. അതെന്തോ ആപത്തിന്റെ സൂചനയാണ്. ഞാനത് ചിരിച്ചുതളളി! സംഭവം നടന്നത് രാവിലെ ഞാൻ ഓഫീസിലേക്കിറങ്ങാൻ തയ്യാറെടുക്കുമ്പോഴായിരുന്നു. ഉച്ചയ്ക്ക് വിമാനത്താവളത്തിൽ അന്നത്തെ കസ്റ്റംസ് അസിസ്റ്റന്റ് കലക്ടറും അടുത്ത സുഹൃത്തുമായ മധുവിനെ കാണാൻ പോകേണ്ടതുണ്ടായിരുന്നു. അതുകഴിഞ്ഞ് മടങ്ങുമ്പോൾ വീട്ടിൽ കയറി ഭക്ഷണം കഴിച്ച് തിരിച്ച് ഓഫീസിലേക്ക് മടങ്ങാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. 


മധുവിന്റെ ഓഫീസിൽ അദ്ദേഹവുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു കേരളത്തെ മാത്രമല്ല, രാജ്യത്തെ തന്നെ നടുക്കിയ പെരുമൺ തീവണ്ടിയപകടത്തിന്റെ വിവരമറിയുന്നത്. ബാംഗ്ലൂർ-കന്യാകുമാരി ഐലൻഡ് എക്‌സ്പ്രസ് പെരുമൺ പാലത്തിൽനിന്ന് അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞിരിക്കുന്നു. കൊല്ലത്തിനടുത്തുള്ള പെരിനാട് സ്റ്റേഷനടുത്തുള്ള പാലത്തിൽനിന്ന് തീവണ്ടിയുടെ ബോഗികൾ വെളളത്തിലേക്ക് മറിഞ്ഞുവീണിരിക്കുന്നു. 107 പേർ മരിക്കുകയും ഇരുനൂറോളം പേർക്ക് സാരമായ പരിക്കേൽക്കുകയും ചെയ്ത കേരളം കണ്ട ഏറ്റവും വലിയ തീവണ്ടിയപകടം.

 

അപകടങ്ങൾ എക്കാലത്തും എവിടെയും വാർത്താപ്രാധാന്യമുളളതാണ്. മൊബൈൽ ഫോണുകൾ വിദൂര സ്വപ്‌നങ്ങളിൽ പോലും കാണാൻ പറ്റാത്ത കാലം. ഞാൻ ഉടനെ മധുവിന്റെ ഫോണിൽ നിന്ന് ഓഫീസിലേക്ക് വിളിച്ച് പെട്ടെന്ന് തന്നെ ഒരു ക്യാമറസംഘത്തെ അപകടസ്ഥലത്തേക്ക് അയയ്ക്കാൻ ഏർപ്പാടു ചെയ്തു. ന്യൂസ് എഡിറ്ററെ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തശേഷം ഞാൻ ഓഫീസിലേക്ക് അതിവേഗത്തിൽ തന്നെ എത്തി, അപ്പോഴേക്ക് ക്യാമറാമാൻ ഹെൻറിയും സംഘവും പെരുമണ്ണിലേക്ക് പോയിക്കഴിഞ്ഞിരുന്നു; അതുകഴിഞ്ഞ് പിന്നെയൊരു കാറിലാണ് എഡിറ്റോറിയൽ വിഭാഗത്തിൽനിന്ന് മറ്റൊരു സംഘം പോയത്. കഴിയുന്നത്ര വേഗത്തിൽ അപകടസ്ഥലത്തുനിന്ന് ദൃശ്യങ്ങളെത്തിക്കണമെന്ന് പ്രത്യേകം നിർദ്ദേശിച്ചിരുന്നു. തിരുവനന്തപുരത്തെ സ്ട്രിംഗർ യാത്രയിലാണെന്ന് അറിഞ്ഞതിനാൽ എറണാകുളത്തുനിന്ന് സ്ട്രിംഗർ ബോബി ഹൊർമിസിനെയും വിളിച്ച്  ക്യാമറയുമായി അപകടസ്ഥലത്ത് എത്താൻ പറഞ്ഞു. ഏഴ് മണിക്കുളള മലയാളം വാർത്തയിൽ ദൃശ്യങ്ങൾ കൊടുക്കേണ്ടത് അത്യാവശ്യമായിരുന്നു. മലയാളം വാർത്തകൾക്ക് പുറമെ അത് ഡൽഹിയിൽ നിന്നുളള ഹിന്ദി, ഇംഗ്ലീഷ് ദേശീയവാർത്തകളിലും കൊടുക്കണം. അതത്ര എളുപ്പത്തിൽ നടക്കാവുന്ന കാര്യമല്ല. ഡൽഹിയിൽ നിന്ന് വാർത്താവിഭാഗത്തിന്റെ തലവൻ  ഹരീഷ് അവസ്തി രണ്ട് പ്രാവശ്യം എന്നെ വിളിച്ച് ദൃശ്യങ്ങൾ എങ്ങനെയും വേണമെന്ന് ശഠിച്ചു.


അക്കാലത്ത് ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ മൈക്രോവെയ്‌വ് സംവിധാനത്തിലൂടെയായിരുന്നു ദൃശ്യങ്ങൾ ഡൽഹിയിലേക്ക് ഫീഡ് ചെയ്തിരുന്നത്. തിരുവനന്തപുരത്ത് പോങ്ങുമ്മൂട് ആയിരുന്നു അവരുടെ ഓഫീസ്. അവിടേക്ക് വാർത്താദൃശ്യങ്ങളുടെ വീഡിയോ ടെയ്പ് ഞങ്ങളുടെ തന്നെ റെക്കോർഡർ കൊണ്ടുപോയി പ്ലേ ചെയ്യണം. അത് പ്രയാസമില്ലായിരുന്നു. പക്ഷെ അതിലും വലിയ കടമ്പ മംഗലാപുരം മുതൽ ഉഡുപ്പി വരെയുളള മൈക്രോവെയ്‌വ് ശൃംഖലയിൽകൂടി ദൃശ്യങ്ങൾ പോകണമെങ്കിൽ അത് പ്രത്യേകം ബുക്ക് ചെയ്യണം! അവിടങ്ങളിലെ ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥന്മാർ ഓഫീസ് സമയം കഴിഞ്ഞാൽ വീട്ടിലേക്ക് പോകും. ഏതായാലും എൻജിനീയറിംഗ് വിഭാഗത്തിലെ സഹപ്രവർത്തകർ പ്രത്യേകിച്ചും അക്കാലത്തെ സൂപ്രണ്ടിംഗ് എൻജിനീയർ, പരേതനായ ശ്രീ.ആർ.ആർ. ഉണ്ണിത്താൻ ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റുകാരെക്കൊണ്ട് ദൃശ്യങ്ങളുടെ പ്രസരണത്തിന് സഹായകരമായ കാര്യങ്ങൾ ചെയ്യിച്ചു. പക്ഷെ, മറ്റൊരു വലിയ കടമ്പയുണ്ട്: ദൃശ്യങ്ങൾ ഏതാനും മിനിട്ട് നേരത്തേക്കെ അയക്കാനുളളുവെങ്കിലും അതിന് ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ചാർജ് ഏതാനും ലക്ഷങ്ങളാണ്. അത് ദൂരദർശൻ കേന്ദ്രത്തിന്റെ സാമ്പത്തികാധികാരപരിധിയിലും കവിയുന്നതാണ്. അക്കാര്യം ഞാൻ കൈകാര്യം ചെയ്തുകൊളളാമെന്നും, ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ടുമെന്റിന് അതിനായി ഉറപ്പ് എഴുതിക്കൊടുക്കാമെന്നും നിശ്ചയിച്ചു. അവർ നിസ്സീമമായ സഹകരണമാണ് നൽകിയത്.

 

ഓരോ റിപ്പീറ്റർ സ്റ്റേഷനിലെയും ഉദ്യോഗസ്ഥരെ വിളിച്ച് ജോലി സമയം കഴിഞ്ഞ്, ദുരന്തദൃശ്യങ്ങളുടെ ഫീഡ് തടസ്സമില്ലാതെ ഡൽഹിയിലെ ന്യൂസ് റൂമിലെത്തിക്കുന്നതിന്റെ ക്രമീകരണങ്ങളൊക്കെ അവർ ചെയ്തു; മറിയാദാസ് എന്ന, അന്ന് കവടിയാർ എസ്.ഡി.ഒ ആയിരുന്ന ടെലികോം എൻജിനീയറായിരുന്നു അതിന് മുൻകൈയെടുത്തത്. ഞങ്ങളുടെ എൻജിനീയർമാർ പരേതനായ പി.കെ.ഗോപാലകൃഷ്ണൻ നായരും ഇപ്പോൾ അമൃത ടിവി ചാനലിൽ ജോലിചെയ്യുന്ന ജി. പ്രഭാകരൻ നായരും ഡൽഹി ഫീഡ് സുഗമമായി ചെയ്യിച്ചു.


ദുരന്തമുഖത്തുനിന്നുളള ആദ്യദൃശ്യങ്ങൾ എത്തിയത് അപ്രതീക്ഷിതമായി, ആ വഴി കടന്നുവന്നിരുന്ന ദൂരദർശന്റെ സ്ട്രിംഗറുടേതായിരുന്നു (പൊതുജനം മോഹൻ). മറ്റെവിടെയോ പോയി തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴാണ് അപകടം കണ്ടതും എടുത്ത ദൃശ്യങ്ങളെത്തിച്ചതും. പിന്നീടാണ് ദൂരദർശൻ സംഘം അവിടെയെത്തി എടുത്ത ദൃശ്യങ്ങളെത്തുന്നത്; ഏഴുമണിക്കുളള മലയാളം വാർത്തകളിൽ ദൃശ്യങ്ങൾ കാണിച്ചു. ഡൽഹിയിലേക്ക് ദൃശ്യങ്ങളെത്തിച്ച് റെക്കോർഡ് ചെയ്ത് കഴിഞ്ഞപ്പോൾ അവ എഡിറ്റ് ചെയ്യാനുളള സമയമില്ലായിരുന്നു. അതിനാൽ ദേശീയ ഹിന്ദി വാർത്തയിൽ ദൃശ്യങ്ങൾ എഡിറ്റ് ചെയ്യാതെ കാണിക്കുകയാണെന്നും ഞെട്ടിപ്പിക്കാവുന്ന ഷോട്ടുകളുണ്ടാവാമെന്നും എഴുതിക്കാണിക്കുകയും പറയുകയും ചെയ്തു. പെരുമൺ ദുരന്തമായിരുന്നു ബുളളറ്റിനിലെ ആദ്യത്തെ വാർത്ത. ഡൽഹിയിലേക്ക് തിരുവനന്തപുരം ദൂരദർശൻ എത്തിച്ച ദൃശ്യങ്ങളാണ് അന്നു തന്നെ ബിബിസി , സിഎൻഎൻ തുടങ്ങിയ അന്തർദ്ദേശീയ ചാനലുകൾ പ്രക്ഷേപണം ചെയ്തത്. 


പെരുമൺ ദുരന്തം വളരെ ദുഃഖകരമായിരുന്നതിനാൽ അന്നത്തെ വാർത്താബുളളറ്റിനിൽ അത് നിറഞ്ഞുനിന്നു. പലരുടെയും അനുശോചനസന്ദേശങ്ങളും ബുള്ളറ്റിനിൽ ന്യൂസ് എഡിറ്റർ ഇ.കെ. കൃഷ്ണൻനായർ ഉൾക്കൊളളിച്ചു. ബുളളറ്റിൻ അവസാനിച്ചുകഴിഞ്ഞയുടനെ കേരളാ ഗവർണറുടെ സെക്രട്ടറി എന്നെ ഫോണിൽ വിളിച്ച് ഗവർണർക്ക് സംസാരിക്കാൻ കണക്ട് ചെയ്യുകയാണെന്ന് പറഞ്ഞു. മുൻപ് വാർത്താവിതരണ, പ്രക്ഷേപണ സഹമന്ത്രിയായിരുന്ന പരേതയായ റാംദുലാരി സിൻഹയായിരുന്നു ഗവർണർ. അവർ അത്യന്തം ക്ഷുഭിതയായിരുന്നു. ശബ്ദമുയർത്തി, അവരെന്നോട് ഇംഗ്ലീഷിൽ ചോദിച്ചു, ''നിങ്ങൾക്ക് പ്രോട്ടോക്കോൾ അറിയാമോ? നിങ്ങളെന്താണ് ചെയ്തത്? ഇങ്ങനെയാണോ വാർത്തകൾ കൊടുക്കുന്നത്?'' അവരുടെ ക്ഷോഭം ഏതാനും നിമിഷങ്ങൾ നീണ്ടു. ഒടുവിൽ അവസാനിപ്പിച്ചു,''നാളെ രാവിലെ 11 മണിക്ക് രാജ്ഭവനിൽ എന്റെ ഓഫീസിലെത്തി നേരിട്ട് വിശദീകരണം നൽകണം.'' വാർത്താബുള്ളറ്റിനിൽ വാർത്തയാണ് പ്രധാനം. വ്യക്തിയല്ലെന്നും, അന്നത്തെ വാർത്ത ഒരു വലിയ തീവണ്ടിയപകടമാണെന്നും അവരോട് പറഞ്ഞെങ്കിലും അവർക്ക് അങ്ങോട്ടൊന്നും കേൾക്കണ്ട. അനുശോചനസന്ദേശവാർത്തയിൽ കേരള മുഖ്യമന്ത്രിയുടെ പേര് ആദ്യം പറഞ്ഞുവെന്നും പ്രോട്ടോക്കോൾ അനുസരിച്ച് ഗവർണറുടെതായിരുന്നു ആദ്യം പറയേണ്ടപേരെന്നുമായിരുന്നു അവരുടെ ക്ഷോഭത്തിന്റെ കാരണം. അക്കാര്യം അവർ അലറിവിളിച്ച് എന്നോട് പറഞ്ഞു. 


 

Latest News