Sorry, you need to enable JavaScript to visit this website.
Tuesday , September   21, 2021
Tuesday , September   21, 2021

ഞാനത് അര മണിക്കൂർ മുമ്പേ കണ്ടു... 

അമേരിക്കയിലെ മുൻ പ്രസിഡന്റുമാർ എന്ത് ചെയ്യുകയായിരിക്കും. ചിലരൊക്കെ ട്യൂട്ടോറിയൽ കോളജ് വാധ്യാർമാരായി ജോലി ചെയ്ത് ചായക്കും ബീഡിക്കുമുള്ള വക കണ്ടെത്തും. മറ്റു ചിലർ പ്രമുഖ സ്റ്റുഡിയോകളിൽ ടൂറിസ്റ്റുകൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് ചില്ലറയുണ്ടാക്കുമെന്നാണ് കേരളത്തിൽനിന്ന് അമേരിക്ക കാണാൻ പോയ മുതിർന്നവർ  പറയുന്നത്. എന്തായാലും ട്രംപണ്ണൻ ഈ ടൈപ്പൊന്നുമല്ല. മുറിവേറ്റ സിംഹത്തെ പോലെ വാഷിംഗ്ടൺ അങ്ങാടിയിൽ കറങ്ങി നടക്കുമ്പോഴും ട്രംപ് നല്ല കാര്യങ്ങളും പറയുന്നുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്ന് നാറ്റോ സേനയെ പിൻവലിക്കാനുള്ള തീരുമാനത്തെ ശക്തമായി എതിർത്തു. 
അമേരിക്കൻ സേന പിന്മാറിയാൽ താലിബാന് വെച്ച നിലയായിരിക്കുമെന്ന് തറവാട്ടുകാരണവരെ പോലെ ട്രംപ് മൊഴിഞ്ഞു. താലിബാനെന്ന അറബിക് പദത്തിനർഥം വിദ്യാർഥി. എന്നാൽ അയൽരാജ്യത്തെ വിദ്യാർഥിയുടെ കൈയിലിരിപ്പ് അത്ര ശരിയല്ലെന്നാണ് അനുഭവം. ബൈഡൻ സെപ്തംബർ പതിനൊന്നിനകം സൈന്യത്തെ പിൻവലിക്കുമെന്ന് പറഞ്ഞിട്ടേയുള്ളു. രാത്രിയുടെ മറവിൽ പെട്ടിയും കെട്ടി യു.എസ് സൈന്യം വിടവാങ്ങി. വാഹനങ്ങളും ആയുധങ്ങളും ഉപേക്ഷിച്ചാണ് തിരിച്ചോടിയത്. താലിബാന് കുറേ വാഹനങ്ങൾ ചുളുവിൽ കിട്ടി. ദുഷ്ടന്മാർ താക്കോൽ കൊണ്ടുപോയിരുന്നു. 
കിട്ടിയ പൈസയ്ക്ക് പൊളി മാർക്കറ്റിൽ കൊണ്ടുപോയി റിഡക്ഷൻ സെയിൽ നടത്തി. അമേരിക്കയുടെ മുന്തിയ ആയുധവുമായി വരുന്ന താലിബാനെ കണ്ട മാത്രയിൽ അഫ്ഗാൻ പ്രത്യേക സേന ആയുധം വെച്ച് കീഴടങ്ങി. ജീവനിൽ കൊതിയില്ലാത്ത ഏത് ഫോഴ്‌സാണ് ഭൂമുഖത്തുള്ളത്? ഫലത്തിൽ അമേരിക്ക താലിബാന് ഗിഫ്റ്റായി ഒരു രാജ്യം കൊടുക്കുകയാണ് ചെയ്തതെന്ന് നിരീക്ഷകർ പറയുന്നു. രാജ്യം ഒന്നു കൂടി വലുതാക്കി കളയാമെന്ന് വെച്ച് പാക് അതിർത്തിയിലും ഞെട്ടിക്കാൻ താലിബാൻ എത്തിയതായാണ് ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടയ്ക്കാണ് ഇന്ത്യക്കാരെയാകെ  വേദനിപ്പിച്ച്  ഫോട്ടോ ജേണലിസ്റ്റും പുലിറ്റ്‌സർ പ്രൈസ്   ജേതാവുമായ ഡാനിഷ് സിദ്ദീഖി അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച കൊല്ലപ്പെട്ടത്.  
താലിബാന്റെ നിയന്ത്രണത്തിലായ കാണ്ഡഹാറിന്റെ ഇപ്പോഴത്തെ അവസ്ഥ എന്തെന്നറിയാനാണ് സിദ്ദീഖി എത്തിയത്.  2018 ലാണ് ഫോട്ടോ ജേണലിസ്റ്റായ ഡാനിഷ് സിദ്ദീഖിയ്ക്ക്  പുലിറ്റ്‌സർ പ്രൈസ് ലഭിച്ചത്. റോഹിംഗ്യൻ അഭയാർഥികളുടെ  പ്രതിസന്ധിയെ കുറിച്ചുള്ള റിപ്പോർട്ടിംഗിനാണ് ഡാനിഷിന് ഈ അംഗീകാരം  ലഭിച്ചത്. ഇന്ത്യയിലെ റോയിട്ടേഴ്‌സിന്റെ മൾട്ടിമീഡിയ ടീമിന്റെ മേധാവിയായി പ്രവർത്തിച്ച് വരികയായിരുന്നു ഡാനിഷ്. ഒരു ചിത്രം ആയിരം വാക്കുകളേക്കാൾ ഫലപ്രദമെന്ന് പറഞ്ഞത് അക്ഷരം പ്രതി യാഥാർഥ്യമാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഡാനിഷിന്റെ ഫോട്ടോ ആയിരുന്നു ഇന്ത്യയിൽ  കോവിഡ് രണ്ടാം തരംഗം രൂക്ഷമായപ്പോൾ  മൃതദേഹങ്ങൾ കൂട്ടമായി സംസ്‌കരിക്കുന്നത്. ടൈം മാഗസിന്റെ കവർ പേജായി വരെ ഉപയോഗപ്പെടുത്തിയ ചിത്രം. കോവിഡ് ലോക് ഡൗൺവേളയിൽ ദൽഹിയിൽ നിന്ന് മറുനാടൻ തൊഴിലാളികൾ കൂട്ടത്തോടെ പലായനം ചെയ്തതിന്റെ ചിത്രവും ഡാനിഷ് പകർത്തി. 
താലിബാൻ അധിനിവേശ പ്രദേശങ്ങളിൽ വിന്യസിപ്പിച്ചിട്ടുള്ള അഫ്ഗാൻ സ്‌പെഷ്യൽ ഫോഴ്‌സിനൊപ്പം സഞ്ചരിച്ച് അവരുടെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു ഡാനിഷ്. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് തങ്ങൾ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ആക്രമണം ഉണ്ടായെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും ഡാനിഷ് ട്വീറ്റ് ചെയ്തിരുന്നു. 
ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖിയുടെ മരണത്തിൽ പങ്കില്ലെന്ന് താലിബാൻ വ്യക്തമാക്കിയിട്ടുണ്ട്. സിദ്ദീഖി കൊല്ലപ്പെട്ടത് എങ്ങനെയെന്ന്  അറിയല്ലെന്ന് താലിബാൻ വക്താവ് സബീഹുല്ലാ മുജാഹിദ് സിഎൻഎൻ ചാനലിനോട്  പറഞ്ഞു. ഏതെങ്കിലും മാധ്യമപ്രവർത്തകൻ അഫ്ഗാനിലെ യുദ്ധമേഖലയിൽ കടന്നാൽ ഞങ്ങളെ അറിയിക്കണം. ആ വ്യക്തിക്ക് പ്രത്യേക സുരക്ഷ ഒരുക്കാൻ സാധിക്കും. അടിയങ്ങൾ അനുസരിച്ചോളാം സാർ.

***    ***    ***

മീഡിയവൺ ചാനലിന്റെ ചർച്ചയിൽ പങ്കെടുക്കുന്ന വേളയിൽ മാസ്‌ക് കൊണ്ട് മുഖം തുടച്ചത് വിവാദമായതോടെ ഖേദപ്രകടനവുമായി ആലപ്പുഴ എംഎൽഎ പി.പി ചിത്തരഞ്ജൻ. ചാനൽ ചർച്ചയ്ക്കിടെ ആയിരുന്നു എംഎൽഎ കൈയിലിരുന്ന മാസ്‌ക് ഉപയോഗിച്ച് മുഖം തുടച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഈ ഘട്ടത്തിലാണ് എംഎൽഎ ഖേദപ്രകടനം നടത്തിയിരിക്കുന്നത്. തെറ്റ് പറ്റിപ്പോയെന്നും ഇത്തരം വീഴ്ച ഇനി ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്. വീഡിയോ വൈറലാവുകയും വിമർശനം ഉയരുകയും ചെയ്തതിനെ തുടർന്നാണ് എംഎൽഎയുടെ ഖേദ പ്രകടനം.
കഴിഞ്ഞദിവസം  മാസ്‌ക് കൊണ്ട് മുഖം തുടയ്ക്കുന്ന ചിത്രവും ദൃശ്യവും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അത് എനിക്ക് പറ്റിയ ഒരു തെറ്റാണ്. ഞാൻ അന്ന് വെച്ചിരുന്നത് ഡബിൾ സർജിക്കൽ മാസ്‌ക്കാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട ആവശ്യമുണ്ടായിരുന്നു. അന്നേ ദിവസം തിരുവനന്തപുരം മീഡിയാവൺ സ്റ്റുഡിയോയിലായിരുന്നു ചാനൽ ചർച്ചയ്ക്ക് എത്തേണ്ടിയിരുന്നത്. 
ട്രെയിൻ വൈകിയത് മൂലം ചർച്ച തുടങ്ങി 15മിനിറ്റ് കഴിഞ്ഞാണ് ഞാൻ ചർച്ചയ്ക്ക് കയറിയത്. പെട്ടെന്ന് സ്‌റ്റെപ്പ് കയറി ധൃതിയിൽ നടന്നപ്പോൾ വിയർത്തു. ചർച്ച തുടങ്ങി എന്നത് കൊണ്ട് തന്നെ ക്യാമറയ്ക്ക് മുൻപിൽ ഇരുന്നപ്പോൾ മുഖം കഴുകാനുള്ള സമയം പോലും ലഭിച്ചില്ല. എന്റെ ബാഗിൽ ടവ്വൽ ഇല്ലായിരുന്നു. അടുത്ത ദിവസം ഉപയോഗിക്കാൻ കരുതിവെച്ചിരുന്ന എൻ 95 വെള്ള മാസ്‌ക്ക് ഒരെണ്ണം പുതിയത് ഇരിപ്പുണ്ടായിരുന്നു. പെട്ടെന്ന് അതിന്റെ പുറംവശം കൊണ്ട് വിയർപ്പ് തുള്ളികൾ ഒപ്പിയെടുക്കുകയാണുണ്ടായത്. അടുത്ത ദിവസം വേറെ മാസ്‌ക്കാണ് ഉപയോഗിച്ചത്. തന്റെ ഭാഗത്ത് നിന്നും തെറ്റായ ഒരു സന്ദേശം നൽകാൻ ഇടയാക്കിയതിൽ  ഖേദമുണ്ട്. ആരും ഈ തെറ്റ് ആവർത്തിക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. 


***    ***    ***

ഇത്തവണ എസ്.എസ്.എൽ.സി തോറ്റവർ വെറും അര ശതമാനം മാത്രം. ക്ലാസിൽ പോകാതെ ഓൺലൈനായി പഠിച്ചാണ് ഈ നേട്ടമുണ്ടാക്കിയത്. ടെക്‌നോളജിയുടെ വളർച്ച എന്നല്ലാതെന്ത് പറയാൻ. പരീക്ഷ എഴുതിയവരിൽ 99.47 ശതമാനം പേരും വിജയിച്ചു. തോറ്റുപോയവർ ആകെ 0.53 ശതമാനം പേർ മാത്രം. അതായത് 2236 വിദ്യാർത്ഥികൾ. പരീക്ഷാ ഫലം വന്നതിന് പിന്നാലെ എങ്ങും വിജയികൾക്കുള്ള അനുമോദനങ്ങൾ നിറയുമ്പോൾ വടകര സ്വദേശി സുധി ചേർത്തുപിടിക്കുന്നത് തോറ്റു പോയ ആ 2236 പേരെയാണ്. 
അതുകൊണ്ട് തന്നെയാണ് തോറ്റു പോയ വിദ്യാർത്ഥികൾക്കായി കുടുംബത്തോടൊപ്പം കൊടൈക്കനാലിൽ തന്റെ സ്വന്തം റിസോർട്ടിൽ രണ്ട് ദിവസത്തെ സൗജന്യ താമസം ഓഫർ ചെയ്തിരിക്കുന്നത്. രക്ഷിതാക്കൾക്കൊപ്പം കുട്ടികൾക്ക് താമസിക്കാം. ഫേസ്ബുക്കിൽ മറ്റൊരാൾ കുറിച്ചത് ഈ കുട്ടികളുടെ ഭാഗ്യത്തെ പറ്റിയാണ്. കേരള വൈദ്യുതി ബോർഡ് മസ്ദൂർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുമ്പോൾ എസ്.എസ്.എൽ.സി തോറ്റവർക്ക് മാത്രമേ അപേക്ഷിക്കാനാവൂ. മന്ത്രിയുടെ അനാവശ്യ ഇടപെടലിലൂടെ തോറ്റ അര ശതമാനത്തിന് ഇനിയുള്ള വർഷങ്ങളിലും വംശനാശം സംഭവിക്കാതിരുന്നെങ്കിൽ. 

***    ***    ***

പുരുഷകേന്ദ്രീകൃതമായ സമൂഹത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് വീണ്ടും തുറന്നുപറയുകയാണ് നടിയും നർത്തകിയുമായ റിമ കല്ലിങ്കൽ. ഒരിക്കലും ഒരു സ്ത്രീയുടെ ശത്രു മറ്റൊരു സ്ത്രീയാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ റിമ പറയുന്നു. സ്ത്രീ സമത്വം ആരംഭിക്കേണ്ടത് വീടുകളിൽ നിന്ന് തന്നെയാണെന്നും നടി പറയുന്നു. കുട്ടിയായിരിക്കുമ്പോൾ തനിക്ക് തരാതെ തന്റെ സഹോദരന് പൊരിച്ച മീൻകഷ്ണം കൊടുത്തുവെന്ന് റിമ മുമ്പ് പറഞ്ഞത് സോഷ്യൽ മീഡിയയിൽ അടക്കം വലിയ ട്രോളുകൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ, വിഷയത്തിന്റെ മെറിറ്റിനെ പൊരിച്ച മീൻ കൊണ്ട് മാറ്റിക്കളയാം എന്ന് പലരും കരുതുന്നുണ്ടാവുമെന്നും എന്നാൽ തന്റെ വീട്ടിൽ തന്നെയും സഹോദരനെയും വേർതിരിച്ച് തന്നെയായിരുന്നു കണ്ടിരുന്നതെന്ന് വ്യക്തമാക്കാനാണ് പൊരിച്ച മീൻ രാഷ്ട്രീയം ഉദാഹരിച്ചതെന്നുമാണ് നടിയുടെ വിശദീകരണം. തനിക്ക് മാത്രമല്ല, അമ്മയ്ക്കും കുട്ടിയായിരിക്കുമ്പോൾ പൊരിച്ച മീൻ കിട്ടിയിട്ടില്ലെന്നും നടി വ്യക്തമാക്കി. റിമ ഇവിടെ പൊരിച്ച മീനിന്റെ കാര്യവും പറഞ്ഞിരിക്കുമ്പോൾ രാജസ്ഥാനിലാണ് യഥാർഥ സ്ത്രീശാക്തീകരണം നടക്കുന്നത്. 
ജോധ്പൂർ മുൻസിപ്പാലിറ്റിയിൽ തൂപ്പുകാരി ആയിരുന്ന ആശ കന്ദ്ര ജോലി ചെയ്തുകൊണ്ട് തന്നെ പഠിച്ച് സിവിൽ സർവീസ് പരീക്ഷ പാസായി ഇന്ന് രാജസ്ഥാനിൽ അഡ്മിനിസ്‌േട്രഷൻ ഓഫിസറാണ്. ഉടൻതന്നെ ഡെപ്യൂട്ടി കലക്ടറായി പോസ്റ്റിംഗ് നൽകും. ഏതൊരു സ്ത്രീക്കും പ്രചോദനം നൽകുന്നതാണ് ആശ കന്ദ്രയുടെ ജീവിത കഥ. എട്ട് വർഷം മുമ്പ് ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ അവർ തന്റെ രണ്ടു മക്കളെ വളർത്തുന്നതോടൊപ്പം തന്നെ ബിരുദ പഠനവും പൂർത്തിയാക്കി. രണ്ട് വർഷം മുമ്പ് രാജസ്ഥാൻ സിവിൽ സർവീസ് പരീക്ഷ എഴുതിയിരുന്നെങ്കിലും ഫലപ്രഖ്യാപനം വൈകി. പരീക്ഷ കഴിഞ്ഞ് പന്ത്രണ്ട് ദിവസത്തിന് ശേഷം ജോധ്പൂർ മുനിസിപ്പൽ കോർപ്പറേഷനിൽ സ്വീപ്പർ ആയി ജോലി ലഭിച്ചു. ഐ.എ.എസ് ഫലത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് തനിക്കും മക്കൾക്കുമുള്ള ജീവിതച്ചെലവ് നിർവഹിക്കാനായി ആശ യാതൊരുമടിയും വിചാരിക്കാതെ തൂപ്പുകാരിയായി ജോലി ചെയ്തത്. അടുത്തിടെയാണ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത്. വളരെയധികം കാത്തിരുന്ന മത്സരപരീക്ഷ വിജയിച്ചതായി അറിഞ്ഞപ്പോൾ അവളുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. ഒരു സ്ത്രീക്ക് താൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടാൻ ദൃഢനിശ്ചയം മാത്രം മതിയെന്ന് ആശ ഇതിലൂടെ തെളിയിച്ചു. ഒഡീഷ ടിവി, ടിവി5 ന്യൂസ്, എബിപി ന്യൂസ് എന്നീ ചാനലുകൾ ഈ നേട്ടം ആഘോഷിച്ചു. 

***    ***    ***

ഫഹദ് ഫാസിൽ ചിത്രം മാലിക് സംബന്ധിച്ച ചർച്ചകളാണ് സമൂഹ മാധ്യത്തിലെങ്ങും. ഒടിടി റിലീസായെത്തിയ സിനിമ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ പോലെ ഇതിനകം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2009ലെ ബീമാപള്ളി വെടിവെപ്പാണ് റമദ പള്ളി എന്ന പേരിൽ ചർച്ചയാവുന്നത്. വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണിത്. ക്രിസ്ത്യാനികളും മുസ്‌ലിംകളും സൗഹാർദത്തിൽ കഴിയുന്ന പ്രദേശത്തെ മുറിവുകൾ വീണ്ടും ഓർമപ്പെടുത്തുന്നതിന്റെ രാഷ്ട്രീയമെന്താണാവോ? ഈ സിനിമയുടെ ഒടിടി റിലീസിന് ഒരു മണിക്കൂർ മുമ്പ് വ്യാജ പ്രിന്റുകൾ ടെലിഗ്രാമിലൂടെയും മറ്റും പ്രചരിപ്പിക്കപ്പെട്ടു. മാതൃഭൂമി ന്യൂസിൽ ഈ വിഷയമാണ് ചർച്ച ചെയ്തത്. ഇങ്ങനെ ലഭിക്കുന്ന വ്യാജ കോപ്പികൾ ക്രെഡിറ്റായി കരുതി ഞാനത് അര മണിക്കൂർ മുമ്പേ കണ്ടുവെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന യുവതലമുറയ്ക്ക് കുറ്റകൃത്യത്തിന്റെ ഗൗരവത്തെ കുറിച്ച് അറിയില്ലെന്ന് അവതാരക പറഞ്ഞു. 


***    ***    ***

രാഷ്ട്രീയത്തിന്റെ ധാർമികത ചർച്ച ചെയ്ത വേളയിൽ റിപ്പോർട്ടർ ടിവിയിൽ കേരളത്തിലെ ബി.ജെ.പിയുടെ സൈദ്ധാന്തികൻ പറഞ്ഞത് പണ്ടൊരു ട്രെയിൻ അപകടമുണ്ടായപ്പോൾ റെയിൽവേ മന്ത്രി ജവഹർലാൽ നെഹ്‌റു രാജിവെച്ച് മാതൃക സൃഷടിച്ചിട്ടുണ്ടെന്നാണ്. അതേത് നെഹ്‌റു? 

Latest News