മാലിക്ക് ചെറിയതുറക്കാരനല്ല അത് ബീമാപ്പള്ളിയുമല്ല- മഹേഷ് നാരായണന്‍

തിരുവനന്തപുരം-ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമായ മാലിക്  സിനിമക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. അതി ഗംഭീര മേക് ഓവറിലാണ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ മേക്കിങ് കയ്യടി നേടുമ്പോള്‍ ചിത്രം ബീമാപ്പള്ളി സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും സംഭവത്തെ അവതരിപ്പിച്ചിരിക്കുന്നതില്‍ പാളിച്ചകള്‍ വന്നിട്ടുണ്ടെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഇപ്പോഴിതാ മാലിക്കിനെപ്പറ്റിയും ഉയര്‍ന്നുവരുന്ന വിവാദങ്ങളെപ്പറ്റിയും പ്രതികരിക്കുകയാണ് മഹേഷ് നാരായണന്‍.
ഞാന്‍ മാലിക്കില്‍ ഒരിടത്തും ബീമാപ്പള്ളി വെടിവയ്പ്പിനെപ്പറ്റി സംസാരിക്കുന്നില്ല. അതുകൊണ്ടുതന്നെ അതിനെപ്പറ്റി സംസാരിക്കേണ്ട ആവശ്യവും ഇല്ല. അങ്ങനെ തോന്നുന്നവര്‍ക്ക് അത് തോന്നിക്കോട്ടെ. കേരളത്തില്‍ ഒരുപാട് കലാപങ്ങള്‍ നടന്നിട്ടുണ്ട്. എല്ലാ ചരിത്രവും എടുത്തുകഴിഞ്ഞാല്‍ ഏതാണ്ട് ഒരേ അര്‍ഥത്തിലാണ് അത് പോകുന്നത്. അതിനകത്ത് ഒരു സമുദായത്തിന്റെ പക്ഷം പിടിച്ചോ അല്ലെങ്കില്‍ ഒന്നുംതന്നെ സംസാരിച്ചിട്ടില്ല. എനിക്ക് അങ്ങനെ തോന്നിയിട്ടുമില്ല. ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് ഒരുജനതയുടെ ഭൂമി എങ്ങനെയാണ് പതുക്കെ പതുക്കെ ഇല്ലാതാകുന്നത് , രാഷ്ട്രീയക്കാരും കോര്‍പ്പറേറ്റുകളും ഇതിനെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്, ഒരു കലാപം എങ്ങനെയാണ് ജനങ്ങളുടെ ഭാഗത്തേക്ക് തിരിയുന്നത് എന്നൊക്കെയുള്ള അവസ്ഥയാണ്. മനസിലാക്കുന്നവര്‍ മനസിലാക്കുക അല്ലാത്തവര്‍ വിമര്‍ശിക്കുക.
ഫഹദുമായുള്ള കെമിസ്ട്രി എന്താണെന്ന് അറിയില്ല പലപ്പോഴും അറിയാതെ സംഭവിക്കുന്നതാണ്. എല്ലാത്തിലും ഫഹദ് തന്നെയാണല്ലോ എന്ന് ചിന്തിക്കാറുമില്ല. ഒരു കഥയെപ്പറ്റി ചിന്തിച്ചുതുടങ്ങുമ്പോഴേ കഥാപാത്രങ്ങളും മനസ്സില്‍ തെളിയുമല്ലോ ഫഹദിന്റെ കാര്യത്തിലും സംഭവിച്ചത് അതാണ്. വളരെ ക്ഷമയുള്ള ഒരു വ്യക്തിയാണ് ഫഹദ്. ഇന്നത്തെ കാലത്ത് ഒരു വ്യക്തിക്ക് ഏറ്റവും അധികം വേണ്ടതും അതുതന്നെയാണ്. പണ്ടത്തെ പോലെയല്ല ഇപ്പോള്‍ സിനിമ. അതുകൊണ്ടുത്തന്നെ ക്ഷമ വളരെ പ്രധാനമാണ്. അത് ഫഹദിന് ഉണ്ട്. അതുതന്നെയാണ് വിജയവും. നല്ലൊരു സുഹൃത്തുകൂടിയാണ് ഫഹദ്. ഫഹദിനോട് എന്നെ പറ്റി ചോദിച്ചാല്‍ തരക്കേടില്ലാത്ത ഒരു എഡിറ്ററാണ് ഞാന്‍ എന്നെ പറയുകയുള്ളൂ. ഫഹദുമായി ആദ്യം ചെയ്യാനിരുന്ന സിനിമയാണ് ഇത്. പക്ഷെ ഇപ്പോള്‍ സംഭവിച്ചു എന്നെ ഉള്ളു.
തിയറ്ററിക്കല്‍ എക്‌സ്പീരിയന്‍സ് നഷ്ടമായി എന്ന് പറയുന്നവരോട് പറയാനുള്ളത് മാലിക്ക് ഒരിക്കലും ഡിജിറ്റലിനുവേണ്ടി എഴുതിയ പടമല്ല. എഴുതിയതും നിര്‍മിച്ചതും തിയറ്ററിനു വേണ്ടിയാണ്. വിഷ്വല്‍സ് എടുത്തതും തിയെറ്ററിനു വേണ്ടിയാണ്. ആ ഒരു എഫക്ട് ഒരുപക്ഷെ ഡിജിറ്റലിലൂടെ കാണുന്നയാള്‍ക്ക് ലഭിക്കണമെന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ നമുക്ക് വേറെ വഴിയില്ല. അതുകൊണ്ടുതന്നെ ഒടിടിയില്‍ റിലീസ് ചെയ്തതില്‍ യാതൊരുവിധ വിഷമവും ഇല്ല.ചിത്രത്തെപ്പറ്റി ആലോചിച്ച് തുടങ്ങിയപ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്നവരൊക്കെ തന്നെയാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്. മാലിക്കിലെ റോസ്‌ലിന്‍ എന്ന കഥാപാത്രത്തിന്റെ പ്രായകൂടുതല്‍ നിമിഷയെക്കൊണ്ട് കൈകാര്യം ചെയ്യാന്‍ സാധിക്കുമോ എന്ന ചിന്ത മാത്രമേ അലട്ടിയിരുന്നുള്ളു. എന്നാല്‍ റോസ്‌ലിന്‍ എന്ന കഥാപാത്രമായി മാറാന്‍ നിമിഷയുടെ ഭാഗത്ത് നിന്നും വളരെയധികം പരിശ്രമം തന്നെയുണ്ടായി. മറ്റൊരു സംസ്ഥാനത്ത് താമസിച്ചുകൊണ്ട് മലയാളികളുമായി ഇടപഴകി ജീവിച്ചതുകൊണ്ടുതന്നെ ഒട്ടേറെ ഗുണങ്ങള്‍ നിമിഷയില്‍ ഉണ്ട്.

Latest News