ഒളിമങ്ങിയ സൂര്യപ്രഭ

തിരുവനന്തപുരത്തുനിന്ന് മലയാളം ടെലിവിഷൻ തുടങ്ങുന്ന കാലത്ത് വളരെയേറെ സാംസ്‌കാരിക സംഘടനകൾ കലാപരിപാടികൾ അവതരിപ്പിക്കാറുണ്ടായിരുന്നു. നാടകങ്ങൾ, സംഗീതം, സാഹിത്യസമ്മേളനങ്ങൾ, സിനിമാപ്രദർശനങ്ങൾ, ചിരിയരങ്ങുകൾ, ചർച്ചകൾ എന്നിങ്ങനെ പലതും. അവ അവതരിപ്പിക്കുന്ന സംഘടനകളും നിരവധി. ഒറ്റയാൾ പട്ടാളമായി ചർച്ചാവേദി ബാബു മാസം തോറും സംഘടിപ്പിക്കാറുണ്ടായിരുന്ന ചർച്ചാവേദി വേറിട്ടൊരു അനുഭവമായിരുന്നു. മൺമറഞ്ഞുപോയ മഹദ്‌വ്യക്തികളുടെ ജനനമരണതീയതികൾ കണ്ടുപിടിച്ച് അവരുടെ സംഭാവനകളെ വിലയിരുത്തുകയും ഓർമ്മിക്കുകയും ചെയ്യുന്ന, അതിൽ കഴിയാവുന്നത്ര ആളുകളെ പങ്കെടുപ്പിച്ച് സംസാരിപ്പിക്കുന്ന ചർച്ചാവേദി ബാബുവിന്റെ അകാല വിയോഗത്തിന് ശേഷം മൺമറഞ്ഞു. ഞാൻ തിരുവനന്തപുരത്ത് വരുമ്പോൾ യശശ്ശരീരനായ മലയാളത്തിലെ മഹാനോവലിസ്റ്റുകളിൽ ഒരാളായിരുന്ന വിലാസിനി (എം.കെ.മേനോൻ: മലയാളത്തിലെ ബൃഹദ് നോവലായ നാല് വാല്യങ്ങളുളള 'അവകാശികളുടെ’ കർത്താവ്) ചർച്ചാവേദിയെപ്പറ്റി പ്രത്യേകം പറഞ്ഞിരുന്നു. പിന്നീട് പ്രസിദ്ധ സാഹിത്യകാരനായ നല്ല സുഹൃത്ത് ഡോ. എം.എം.വാസുദേവൻപിളള, സ്വന്തം കാശ് മുടക്കിയാണ് ബാബു ചെലവുകളെല്ലാം നടത്തുന്നതെന്ന് പറഞ്ഞുകേട്ടപ്പോൾ അത്ഭുതമായിരുന്നു.


കൂട്ടത്തിൽ അസംഖ്യം അമ്പലങ്ങളിലും പളളികളിലും നടക്കുന്ന ഉത്സവങ്ങളും പെരുന്നാളുകളും നേർച്ചകളും! സജീവമായ സാംസ്‌കാരികരംഗം! ശുപാർശകളുടെ പൂരം! കാഴ്ചയുടെ പുതിയ മഹാത്ഭുതമായിരുന്ന ടെലിവിഷനിൽ എല്ലാവർക്കും സ്ഥാനം വേണം-മാത്രവുമല്ല എല്ലാവർക്കും റിപ്പോർട്ടുകൾ തന്നെ വേണം. മദ്രാസ് ദൂരദർശനിൽ ജോലി ചെയ്തിരുന്ന കാലത്തെ അനുഭവത്തിൽ നിന്ന് ഒരു പോംവഴി കണ്ടെത്തി. അവിടെ ചെയ്തിരുന്നത് വാർത്താബുളളറ്റിനുകളിൽ ഉൾക്കൊളളിക്കാൻ കഴിയാത്ത, പ്രാധാന്യമുളള കവറേജുകൾ ചേർത്ത് ഒരു ന്യൂസ് റീലും, സാംസ്‌കാരിക പരിപാടികൾക്ക് മാത്രമായി സാംസ്‌കാരികരംഗവും പരിപാടികളുടെ പട്ടികയിൽ ചേർത്തു: പ്രഗത്ഭനായ, ഏറ്റവും സീനിയറായ ഗ്രേഡ് വൺ ക്യാമറാമാൻ സി. നടരാജപിളളയെ (മദിരാശിയിൽ എന്റെ സഹപ്രവർത്തകനായിരുന്ന) ഏൽപിച്ചു.
സാംസ്‌കാരികസംഘടനകൾ തിരുവനന്തപുരത്തും സജീവമായി പ്രവർത്തിച്ചിരുന്നു. ചലച്ചിത്ര ഫിലിം സെസൈറ്റി, സ്വാതിതിരുനാൾ സംഗീതസഭ, സൂര്യ ഫിലിം സൊസൈറ്റി എന്നിവ പ്രമുഖ സംഘടനകളായിരുന്നു. തിരുവനന്തപുരത്തിന് ചലച്ചിത്രരംഗത്ത് എക്കാലത്തും പ്രമുഖസ്ഥാനമുണ്ടല്ലൊ. കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ തന്നെ കേന്ദ്രവും തിരുവനന്തപുരമായിരുന്നു. അതിനാൽ അവർ തിരുവനന്തപുരത്ത് ലോകോത്തര സിനിമകൾ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. ദൂരദർശൻ എക്കാലവും സിനിമയെ ആശ്രയിച്ചിരുന്നു: വാരാന്ത്യങ്ങളിൽ സിനിമ കാണിച്ചുതുടങ്ങിയത് ആ നാളുകളിൽ സംപ്രേഷണച്ചുമതലയുളളവർ ഡ്യൂട്ടിക്ക് വരുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു. അത് കൂടാതെ ചലച്ചിത്രഗാനങ്ങൾ മാത്രം ഉൾക്കൊളളിച്ചുകൊണ്ടുളള ചിത്രഹാർ എന്ന പരിപാടി ലോകത്തിലെ ഒട്ടനവധി രാജ്യങ്ങളിലെ ടെലിവിഷൻ ചാനലുകൾ പിന്നീട് അനുകരിക്കുകയും ചെയ്തിരുന്നു. അതിന് പുറമെ ഞായറാഴ്ചകളിൽ സംപ്രേഷണമാരംഭിച്ചപ്പോൾ തുടങ്ങിയ രംഗോളി എന്ന പഴയ ചലച്ചിത്രഗാനങ്ങളുടെ പരിപാടിയും വമ്പിച്ച പ്രചാരം നേടിയിരുന്നു. ബോംബെ ദൂരദർശൻ കേന്ദ്രത്തിന്റെ 'ഫൂൽ കിലേ ഹെ ഗുൽഷൻ ഗുൽഷൻ', മദിരാശി കേന്ദ്രത്തിൽ നിന്നുളള 'മലരും നിനൈവുകൾ' എന്നീ പരിപാടികൾ അത്യധികം പ്രേക്ഷകപ്രീതി നേടി. മൊത്തത്തിൽ ആ കാലങ്ങളിലെ സംപ്രേഷണസമയത്തിന്റെ വിനോദപരിപാടികൾ സിംഹഭാഗവും സിനിമയും സിനിമാധിഷ്ഠിത പരിപാടികളുമായിരുന്നു. തിരുവനന്തപുരത്തും തുടക്കത്തിൽ മലയാള ചലച്ചിത്രഗാനങ്ങളും ചിത്രഗീതവും തുടങ്ങി. ആദ്യകാലത്ത് സിനിമയുടെ അവകാശികൾക്ക് (അത് നിർമ്മാതാക്കളിൽ നിന്ന് മാറിമറിഞ്ഞ് ചിലപ്പോൾ പലരിലുമെത്തിയിരുന്നു) നൽകിയ പ്രതിഫലം വളരെ കുറവായിരുന്നതിനാൽ പഴയ സിനിമകളായിരുന്നു അധികവും കാണിച്ചിരുന്നത്. കൂടാതെ സി ക്ലാസ് തിയേറ്ററുകളിൽ പോലും ഓടിയാൽ കിട്ടിയേക്കാവുന്ന വരുമാനം നോക്കുന്ന നിർമ്മാതാക്കൾ, ദൂരദർശന് നൽകാനും മടിച്ചിരുന്നു! തിരുവനന്തപുരത്ത് ദൂരദർശൻ കേന്ദ്രം വന്നാൽ അത് തിയേറ്ററുകളിൽ പോയി സിനിമ കാണുന്ന പ്രേക്ഷകരുടെ എണ്ണത്തെ ബാധിക്കുമെന്നതിനാൽ, നിർമ്മാതാക്കൾ ദൂരദർശൻ കേന്ദ്രം വരാതിരിക്കാൻ ചരടുവലികൾ നടത്തുകയും ചെയ്തിരുന്നു! എന്തായാലും, ദൂരദർശൻ പ്രേക്ഷകർക്ക് വേണ്ടിയിരുന്നത് പുതിയ സിനിമകൾ തന്നെ! അത് ഞങ്ങളുടെ പരിധിക്കപ്പുറമായിരുന്നു താനും. പരിമിതമായ സൗകര്യങ്ങൾ മാത്രമുളള, നിത്യേന ഒന്നേകാൽ മണിക്കൂർ നേരത്തെ പരിപാടികൾ മാത്രമായിരുന്നതിനാൽ നിർമ്മിക്കാനെളുപ്പമായ അഭിമുഖപരിപാടികൾ ധാരാളം സംപ്രേഷണം ചെയ്തിരുന്നു. പങ്കെടുത്തവരെല്ലാം പ്രഗത്ഭരായിരുന്നു. ആദ്യകാലങ്ങളിൽ അധികവും തിരുവനന്തപുരത്തുകാരായിരുന്നുവെന്നത് സത്യം! മദിരാശിയിലെ കലാകൈരളി എന്ന മലയാളം പരിപാടിയിൽ മലയാള സിനിമാതാരങ്ങളുടെ അഭിമുഖങ്ങൾ സംപ്രേഷണം ചെയ്തിരുന്നപ്പോൾ അത് വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു.


മറ്റ് സാംസ്‌കാരികസംഘടനകളിൽ നിന്ന് വ്യത്യസ്തമായി സൂര്യ ഇന്ത്യയിെല വിവിധ ഭാഗങ്ങളിൽ നിന്നുളള കലാകാരൻമാരെയും അഭിനേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുളള ധാരാളം പരിപാടികൾ സംഘടിപ്പിച്ചിരുന്നു. അക്കാലങ്ങളിൽ മാസത്തിൽ രണ്ടോ മൂന്നോ തവണയാണ് പരിപാടികൾ. പിന്നെയാണവ തുടർച്ചയായി ഫെസ്റ്റിവൽ രൂപത്തിൽ വരുന്നത്. അങ്ങനെ അവർ ക്ഷണിച്ച് വരുന്നവരുടെ പരിപാടികൾ പ്രത്യേകിച്ചും സംഗീതക്കച്ചേരികൾ, നൃത്തം തുടങ്ങിയവയൊക്കെ കവർ ചെയ്യണമെന്ന അഭ്യർത്ഥനയുമായാണ് നടരാജൻ കൃഷ്ണമൂർത്തി (പിന്നീടദ്ദേഹം സൂര്യ കൃഷ്ണമൂർത്തി എന്നറിയപ്പെട്ടു) എന്നെ ഓഫീസിൽ വന്നു കാണുന്നത്. അത് ചെയ്യുന്നതിൽ സന്തോഷമേയുണ്ടായിരുന്നുളളു. അദ്ദേഹത്തിന്റെ കവറേജിനും കലാകാരൻമാരെ അഭിമുഖം നടത്തുന്നതിനുമുളള അഭ്യർത്ഥനയ്ക്കപ്പുറം ഞാനൊരു നിർദ്ദേശം വെച്ചു. 
നൃത്തത്തിനും സംഗീതക്കച്ചേരികൾക്കും വരുന്നവരെ ഞങ്ങളുടെ സ്റ്റുഡിയോവിൽ റെക്കോർഡ് ചെയ്യാം; സ്‌റ്റേജിൽ അവതരിപ്പിക്കുന്ന പരിപാടികൾക്ക് വേണ്ടത്ര വെളിച്ചം മാത്രം പോര ടെലിവിഷൻ പരിപാടികൾക്ക്. അതുമല്ല, ആദ്യത്തെ ഒരു കൊല്ലമെങ്കിലും ഒന്നിലധികം ക്യാമറകളുപയോഗിച്ച് റെക്കോർഡ് ചെയ്യാനുളള സ്വിച്ചർ ഉണ്ടായിരുന്നുമില്ല! പിന്നീട് നാല് ക്യാമറകൾ വരെ ഉപയോഗിക്കാവുന്ന ഒരു ഇ.എൻ.ജി വാൻ 1987ൽ കിട്ടിയപ്പോൾ മുതൽ പരിപാടികൾ പുറത്തുപോയി റെക്കോർഡ് ചെയ്യാനും പറ്റി. സൂര്യയുടെ പരിപാടികളും റെക്കോർഡ് ചെയ്യുകയോ തത്സമയസംപ്രേഷണം നടത്തുകയോ ചെയ്തു. ഞങ്ങളുടെ ആവശ്യാനുസരണം അവതരണരീതി മാറ്റാനും അവർ തയ്യാറായി. ടെലിവിഷനിൽ സൂര്യപരിപാടികൾ വരുന്നത് അവർക്ക് വലിയ ജനപ്രീതി നേടിക്കൊടുത്തു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. ഒന്നോ രണ്ടോ പരിപാടികൾക്ക്, മുഖ്യാതിഥിക്ക് ഉപഹാരം നൽകുന്നതിന് എന്നെ ക്ഷണിക്കുകയും ചെയ്തു. ചെറിയ നിലവിളക്കായിരുന്നു അക്കാലത്തെ ഉപഹാരം. അത് നൽകുന്ന എനിക്കും ഒന്ന് കിട്ടിയിരുന്നു, ആ വിളക്ക് ഇപ്പോഴും സൂക്ഷിക്കുന്നു. മാത്രവുമല്ല, കൃഷ്ണമൂർത്തിയും കുടുംബവും (ഭാര്യ രാജി) ആയി ഞങ്ങൾ അടുപ്പത്തിലാവുകയും അവർ ഞങ്ങളെ ഒരു വാരാന്ത്യം ചെലവഴിക്കാൻ കുറ്റാലത്തുളള അവരുടെ വീട്ടിൽ കൊണ്ടുപോവുകയും ചെയ്തിരുന്നു. അതിഥികളായ കലാകാരൻമാർക്കും ഏതാനും അതിഥികൾക്കും വേണ്ടി കൃഷ്ണമൂർത്തിയുടെ വീട്ടിലൊരുക്കുന്ന അത്താഴത്തിന് ഞങ്ങളെയും ക്ഷണിക്കാറുണ്ടായിരുന്നു. 
അന്നും ഇന്നും കൃഷ്ണമൂർത്തിയുടെ പ്രതിഭയിലും സംഘടനാപാടവത്തിലും കലയോടുളള സമർപ്പണത്തിലും തോന്നുന്ന മതിപ്പ് നിലനിർത്തുന്നു! തിരുവനന്തപുരത്ത് മറ്റ് കലാ, സാഹിത്യ, സാംസ്‌കാരികസംഘടനകൾക്ക് അർഹിക്കുന്ന പരിഗണന നൽകാതെ സൂര്യക്ക് മാത്രം നൽകുന്നതിനെക്കുറിച്ച് പരാതികൾ വളരെയേറെയുണ്ടായിരുന്നു.അന്നത്തെ ടൂറിസം ഡയറക്ടർ കെ. ജയകുമാറും കൃഷ്ണമൂർത്തിയും ഞാനും കൂടി ഒരു മൂവർ സംഘമുണ്ടെന്നും മറ്റുമായിരുന്നു പരാതി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കലാകാരൻമാരെ തിരുവനന്തപുരത്തെ പരിപാടികളിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് അവരെ സൂര്യ മാത്രം ക്ഷണിച്ചതുകൊണ്ടാണെന്ന് ഞാൻ മറുപടി പറഞ്ഞു. ആദ്യത്തെ കൊല്ലം ഡോ. ബാലമുരളീകൃഷ്ണ (എനിക്കദ്ദേഹത്തെ മദിരാശിയിൽ വച്ചേ നല്ല പരിചയമുണ്ടായിരുന്നു) സ്റ്റുഡിയോവിൽ റെക്കോർഡിംഗിന് വന്നപ്പോൾ പല തവണ വിദ്യുച്ഛക്തി ബന്ധം നിലച്ചതിനാൽ വൈകുന്നേരം വരെ സ്റ്റുഡിയോവിൽ കഴിയേണ്ടി വന്ന കാര്യം ഓർക്കുന്നു; അത് കഴിഞ്ഞാണ് വിദ്യച്ഛക്തിബോർഡ് ചെയർമാനെ കണ്ട് 24 മണിക്കൂറും ദൂരദർശൻ കേന്ദ്രത്തിന് മാത്രമായി പ്രവർത്തിക്കുന്ന സബ്‌സ്റ്റേഷൻ സ്ഥാപിച്ച് ആ പ്രശ്‌നം പരിഹരിച്ചത്. സ്റ്റുഡിയോക്കുളളിൽ എയർകണ്ടീഷണർ നിലച്ച്, വിയർത്തൊലിച്ച് ക്ഷമയോടെ ഇരുന്ന മഹാനായ സംഗീതജ്ഞന്റെ രൂപം മറക്കാനാവില്ല. 
ദേവാനന്ദ്, പ്രാൺ, ഓംപുരി, നസ്്്‌റുദ്ദീൻ ഷാ, ഗൗതം ഘോഷ്, ഷമ്മി കപൂർ, അപർണാ സെൻ,  ശ്യാം ബെനഗൽ, അംജദലിഖാൻ എന്നിങ്ങനെ അതിപ്രഗത്ഭരുടെ നിര തന്നെ അക്കാലത്ത് തിരുവനന്തപുരം ദൂരദർശനിൽ വന്നിരുന്നു; മാത്രവുമല്ല, ഫിലിം ക്യാമറയെ അനേകം തവണ  അഭിമുഖീകരിച്ചിട്ടുണ്ടെങ്കിലും ടെലിവിഷൻ സ്റ്റുഡിയോവിലോ വീഡിയോ ക്യാമറയോ നേരിടുന്നത് ആദ്യമാണെന്ന് കുറെയധികം പേർ എന്നോട് പറഞ്ഞിരുന്നു! തിരുവനന്തപുരത്തെ പരിചയം പലരും ഞാൻ ഡൽഹിയിൽ ജോലി ചെയ്തിരുന്നപ്പോൾ ഓർത്തുവച്ചിരുന്നു.
1977 ൽ സ്ഥാപിതമായ സൂര്യ 1978 മുതലാണ് പരിപാടികൾ തുടങ്ങിയത്. 1987 മുതൽ ഞങ്ങൾ ഒക്ടോബർ 1 മുതൽ നടക്കുന്ന വാർഷിക പരിപാടികൾ, അതിൽ പങ്കെടുക്കുന്ന കാലാകാരൻമാരുടെയും കലാകാരികളുടെയും മഹത്വം കണക്കിലെടുത്ത, തത്സമയസംപ്രേഷണം നടത്തിയിരുന്നു. വളരെയേറെ പ്രേക്ഷകപ്രീതി നേടുകയും ചെയ്തിരുന്നു. അന്യഥാ ഞങ്ങൾ തന്നെ ക്ഷണിച്ചുവരുത്തി, അവരുടെ പരിപാടികൾ സംപ്രേഷണം ചെയ്യുകയില്ലെന്നതിനാൽ ആ പരിപാടികൾ കാഴ്ചയുടെ വിരുന്നുതന്നെയായിരുന്നു.
1988 ലാണ് സൂര്യയുടെ പത്താംവാർഷികം. അത് പെരുമയോടെ അവതരിപ്പിക്കണമെന്ന് കൃഷ്ണമൂർത്തി കാലേക്കൂട്ടി തീരുമാനിച്ചിരുന്നു. ഉദ്ഘാടനക്കച്ചേരി പതിവ്‌പോലെ ഗന്ധർവഗായകനായ യേശുദാസിന്റേതായിരുന്നു. തുടർന്നുളള ദിവസങ്ങളിൽ പണ്ഡിറ്റ് ജസ്‌രാജ്, ചിത്ര വിശ്വേശ്വരൻ, പത്മാ സുബ്രഹ്മണ്യം, സംയുക്ത പാണിഗ്രാഹി, ജാവേരി സഹോദരിമാർ മഞ്ജുഭാർഗവി, ഡോ. ബാലമുരളീകൃഷ്ണ, ശാന്ത-ധനഞ്ജയൻ ദമ്പതികൾ (ധനഞ്ജയൻ എന്റെ നാട്ടുകാരൻ,മദിരാശിയിൽ അടുത്ത സുഹൃത്ത്, രണ്ടനുജൻമാർ പയ്യന്നൂരിൽ എന്റെ ശിഷ്യർ). ചിത്രാ വിശ്വേശ്വരൻ അന്നും ഇന്നും അടുത്ത കുടുംബസുഹൃത്ത്. പത്മാ സുബ്രഹ്മണ്യവും സഹോദരൻമാരും നല്ല പരിചയക്കാർ. ബാലമുരളീകൃഷ്ണയും എനിക്ക് ആരാധനയുളള പുതിയ മേളകർത്താരാഗങ്ങൾ കണ്ടെത്തിയ മഹാപ്രതിഭ. ഇവരുടെയെല്ലാം പരിപാടികൾ തത്സമയ സംപ്രേഷണം നടത്താനുളള അഭ്യർത്ഥന രണ്ടാമതൊന്നാലോചിക്കാതെ സമ്മതിച്ചു. ഓരോരുത്തരോടും ദൂരദർശൻ സംപ്രേഷണത്തിനനുമതി വാങ്ങണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. തത്സമയ സംപ്രേഷണത്തിനു വേണ്ടി ടാഗോർ തിയേറ്ററിലെ സ്‌റ്റേജ് ലൈറ്റിംഗിന് ഞങ്ങളുടെ എൻജിനീയർമാരും സഹകരിക്കുകയും ചെയ്തു. സംപ്രേഷണാനുമതി വാങ്ങുന്നതിനെക്കുറിച്ച് ഞാൻ കൃഷ്ണമൂർത്തിയെ ഓർമ്മിപ്പിക്കുകയും യേശുദാസൊഴിച്ച് എല്ലാവരും സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിക്കുകയും ചെയതു. യേശുദാസിന്റെ സമ്മതത്തിനെന്ത് ചെയ്യണമെന്ന് ചോദിച്ചപ്പോൾ 'നിങ്ങൾ തമ്മിൽ പരിചയമുണ്ടല്ലോ, അതിനാൽ വരുമ്പോൾ നേരിൽക്കണ്ട് സംസാരിച്ചാൽ മതി. ഒരു പ്രശ്‌നവുമുണ്ടാവില്ല'' എന്ന് കൃഷ്ണമൂർത്തി പറഞ്ഞു. ചിലർ ദൂരദർശൻ സംപ്രേഷണത്തിന് പ്രതിഫലം നൽകുമോ എന്നന്വേഷിച്ചിരുന്നുവെന്ന് കൃഷ്ണമൂർത്തി പറഞ്ഞപ്പോൾ, നിലവിലിരിക്കുന്ന നിയമമനുസരിച്ച് മറ്റൊരു സംഘടന നടത്തുന്ന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് നൽകുന്ന നിരക്ക് ആകാശവാണി നിശ്ചയിച്ചിരിക്കുന്നത് ഒരു മിനിട്ടിന് ഒരുറുപ്പികയും കാഴ്ചയിൽ വരുമ്പോൾ അത് രണ്ടുറുപ്പികയേ ആവുള്ളുവെന്നും ഞാൻ മറുപടി പറഞ്ഞു. ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നിൽ പരിപാടി അവതരിപ്പിക്കുമ്പോൾ സംഗീതജ്ഞർക്ക് ആകാശവാണിയിലെ ഗ്രേഡിംഗ് അനുസരിച്ചുളള റോയൽട്ടിയും നൽകും, സാമാന്യം നല്ല സംഖ്യ ചിരകാലസംപ്രേഷണാനുമതിയുളള കരാറാണെങ്കിൽ. സൂര്യയുടെ പരിപാടിക്ക് നൽകാൻ കഴിയുന്ന സംഖ്യ തുച്ഛമാണെന്നും അത് നൽകുന്നത് അവരെ അപമാനിക്കലാകുമെന്നും ഞാൻ അറിയിച്ചു. 1977 നവംബർ മുപ്പതാം തീയതിയാണ് ഞാൻ കൊൽക്കത്ത ദൂരദർശൻ കേന്ദ്രത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടറായി ജോലിക്ക് ചേരുന്നത്. അന്ന് രാത്രി കൊൽക്കത്തയിൽ യേശുദാസിന്റെ കച്ചേരിയുണ്ടായിരുന്നു; സംഘാടകരിൽ പ്രധാനി അന്നത്തെ കൊൽക്കത്തയിലെ മാതൃഭൂമി പ്രതിനിധി എം.എസ്. മണിയായിരുന്നു. അദ്ദേഹത്തിന്റെ കൂടെയായിരുന്നു കൊക്കത്തിയിൽ ഞങ്ങൾ ആദ്യത്തെ ഒരാഴ്ച താമസിച്ചിരുന്നത്. മണി സ്റ്റേജിൽ കൊണ്ടുപോയി യേശുദാസിന് എന്നെ പരിചയപ്പെടുത്തി. അന്ന് കൂടെ ചെറിയ കുട്ടി സുജാതയും ഉണ്ടായിരുന്നു. പിന്നീട് മദിരാശിയിൽ ഞങ്ങൾ കൂടുതൽ പരിചയമാവുകയും ചെയ്തിരുന്നു. അദ്ദേഹത്തെ സ്റ്റുഡിയോവിൽ റെക്കോർഡിംഗിന് വിളിക്കുമ്പോഴൊക്കെ ഞങ്ങളൊരുമിച്ച് കുറെ സമയം ചെലവഴിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലും ഒരു തവണ പോയിരുന്നു. തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റമായി വരുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം അന്ന് കൗമാരക്കാരിയായിരുന്ന അനുഗൃഹീത ഗായിക സുജാതയുമൊത്ത് ഒരു റെക്കോർഡിംഗിന് വന്നപ്പോൾ വളരെ നേരം സംസാരിക്കുകയും ചെയ്തിരുന്നു. മാത്രവുമല്ല, ഞങ്ങളുടെ സ്റ്റുഡിയോവിൽ ഇല്ലാതിരുന്ന ശബ്ദലേഖനത്തിനുളള സവിശേഷമായ സാങ്കേതികോപകരണങ്ങൾ തംരംഗിണി സ്റ്റുഡിയോവിൽ നിന്ന് എപ്പോൾ വേണമെങ്കിലും തരാമെന്നും പറഞ്ഞു. തിരുവനന്തപുരം സ്റ്റുഡിയോവിൽ ആദ്യം റെക്കോർഡിംഗിന് വന്നപ്പോൾ തരംഗിണിയിൽ റെക്കോർഡ് ചെയ്ത് വിപണനം ചെയ്തിരുന്ന കാസെറ്റുകളുടെ ഒരു സെറ്റ് സമ്മാനിക്കുകയും ചെയ്തിരുന്നു. 
1988 ഒക്ടോബർ 1ാം തീയതി ഉദ്ഘാടനക്കച്ചേരിക്കെത്തിയ യേശുദാസിനെ ഞാൻ കൃഷ്ണമൂർത്തിയോടൊപ്പം കണ്ടു. മറ്റുളളവരുടെയെല്ലാം സംപ്രേഷണാനുമതി കിട്ടിയ കാര്യം കൃഷ്ണമൂർത്തി പറഞ്ഞു. ഞങ്ങൾ തത്സമയസംപ്രേഷണത്തിന് തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും അനുമതിക്കായാണ് നേരിൽവന്ന് സംസാരിക്കുന്നതെന്നും അറിയിച്ചു. അത് പറ്റില്ലെന്ന് ഉടനെ അദ്ദേഹം പറഞ്ഞു. ടെലിവിഷൻ സംപ്രേഷണത്തിനല്ല സൂര്യയുടെ പരിപാടിയായാണ് താൻ കച്ചേരി നടത്തുന്നതെന്നും അറിയിച്ചപ്പോൾ അത് റെക്കോർഡ് ചെയത് പിന്നീട് സംപ്രേഷണം ചെയ്തു കൂടേ എന്നും അദ്ദേഹത്തോട് ചോദിച്ചു. ദൂരദർശൻ സംപ്രേഷണത്തിന് തന്നോട് ആരും അനുമതി ആവശ്യപ്പെട്ടിട്ടില്ലെന്ന് പറഞ്ഞപ്പോൾ ഞാൻ അനുമതി രേഖാമൂലം ആവശ്യപ്പെടാമെന്ന് പറഞ്ഞതിനോടും അദ്ദേഹം വഴങ്ങിയില്ല. സാധാരണഗതിയിൽ, ഏത് തത്സമയസംപ്രേഷണമായാലും എന്തെങ്കിലും തകരാർ സംഭവിച്ചാലോ എന്ന് മുൻകൂട്ടി ആലോചിച്ച് പകരം സജ്ജീകരണങ്ങൾ അക്കാലത്ത് ദൂരദർശൻ ചെയ്യാറുളളത് ഞങ്ങളും ചെയ്തിരുന്നു. അതിനാൽ ദൂരദർശൻ സംപ്രേഷണത്തിന് തടസ്സമൊന്നും ഉണ്ടായില്ല. ദൂരദർശൻ സംഘം 'വാലും ചുരുട്ടി മടങ്ങി'യെന്ന് അക്കാലത്തെ ഒരു കോളമെഴുത്തുകാരൻ എഴുതി.പിറ്റേ ദിവസത്തെ മനോരമ പത്രത്തിൽ തിരുവനന്തപുരം പതിപ്പിൽ ആറുകോളം തലക്കെട്ടിൽ യേശുദാസും ഞാനും സംസാരിക്കുന്ന ഫോട്ടോയോടു കൂടി ഒന്നാം പേജിൽ വാർത്ത വന്നു . തുടർന്ന് മനോരമയിൽ രണ്ടുമൂന്നു ദിവസം കലാകാരൻമാരുടെ സ്‌റ്റേജ് ഷോകളിലെ അവതരണത്തിന്റെ അവകാശങ്ങളെപ്പറ്റി പല പ്രമുഖരും പങ്കെടുത്ത ചർച്ചകൾ നടന്നിരുന്നു. ബൗദ്ധിക നിയമങ്ങളും പകർപ്പവകാശ നിയമങ്ങളും ദേശീയ-അന്തർദ്ദേശീയ കരാറുകളിൽ ഏർപ്പെടുമ്പോൾ ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി പിന്നീടെനിക്ക് പഠിക്കേണ്ടി വന്നു. പകർപ്പവകാശനിയമങ്ങൾ ആഗോളതലത്തിൽ പാലിക്കപ്പെടുന്നതിനുളള സംവിധാനങ്ങൾ ഇപ്പോൾ നിയമപ്രകാരമുണ്ട്, അത് പലപ്പോഴും പാലിക്കപ്പെടാറില്ലെന്ന് ചില ടെലിവിഷൻ പരിപാടികൾ കാണുമ്പോൾ തോന്നാറുണ്ടെങ്കിലും.

Latest News