ആദ്യ ഇ.എം.എസ് സർക്കാർ വടക്കൻ കേരളത്തിന്റെ വ്യവസായ വികസനത്തിനാണ് മാവൂരിലെ ഗ്വാളിയർ റയോൺസ് ഫാക്ടറിയ്ക്ക് സൗകര്യങ്ങൾ ചെയ്തു കൊടുത്തത്. കോഴിക്കോട്ടു നിന്ന് മറ്റേത് നാട്ടിൻപുറത്തേക്കും പോകുന്ന പാത പോലെ പ്രാധാന്യമില്ലാതെ കിടക്കേണ്ടി വരുമായിരുന്ന മാവൂർ റോഡിന് ഇപ്പോഴത്തെ പ്രൗഢിയ്ക്ക് വഴിയൊരുക്കിയത് ബിർള ഗ്രൂപ്പിന്റെ ഈ വ്യവസായ സ്ഥാപനത്തിന്റെ സാന്നിധ്യമാണ്. 80കളിൽ നഗരത്തിലെ കോളേജ് വിദ്യാർഥികൾ പൊക്കുന്നിലേക്കും ദേവഗിരിയിലേക്കും പുരാതന ശിലായുഗത്തിലെ ബസുകൾ കാത്തുനിൽക്കുമ്പോൾ ഗ്വാളിയർ റയോൺസിന്റെ സ്റ്റുഡന്റ്‌സ് ഓൺലി ബ്രാൻഡ് ന്യൂ അശോക് ലൈലന്റ് ബസുകൾ വിരലിലെണ്ണാവുന്ന കുട്ടികളുമായി നഗരവീഥകളിൽ കറങ്ങുന്നത് അസൂയയോടെ നോക്കിനിന്നവരാണ് അന്നത്തെ തലമുറ. കുത്തക മൂരാച്ചി ബിർളയുടെ ശമ്പളപ്പൊതിയും മോശമല്ലായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളേക്കാൾ എത്രയോ മെച്ചം. വ്യവസായം വളർന്നപ്പോൾ മലിനീകരണ സംവിധാനമൊരുക്കുന്നതിന് പകരം ട്രേഡ് യൂനിയൻ നേതാക്കളെ വിലയ്‌ക്കെടുക്കാനായിരുന്നു മാനേജ്‌മെന്റിന് താൽപര്യം. ചാലിയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവർക്ക് മാരക രോഗങ്ങൾ പിടിപെട്ടു. അച്ചടി മാധ്യമങ്ങളുടെ സുവർണ കാലത്ത് മെനഞ്ചെറ്റിസ് രോഗവ്യാപനത്തെ കുറിച്ച് പഠിച്ച് പരമ്പര തയാറാക്കിയ പത്രപ്രവർത്തകർക്ക് അവാർഡുകൾ ലഭിച്ചു. ഇപ്പോൾ ഗ്വാളിയർ റയോൺസ് ഫാക്ടറി ഓർമ മാത്രമാണ്. അല്ലെങ്കിലും പൊതുജനങ്ങളുടെ ആരോഗ്യത്തെ വെല്ലുവിളിച്ച് മുതലാളിയ്ക്ക് പണം വരിക്കൂട്ടാൻ എന്തിന് ഇത്തരമൊരു വ്യവസായം നടത്തണം. പഴയ കാര്യങ്ങളോർത്തത് എറണാകുളത്തെ കിറ്റക്‌സ് കേരള സർക്കാരിനെ വെല്ലുവിളിച്ച് തെലങ്കാനയിൽ നിക്ഷേപിക്കാൻ പോകുന്നുവെന്നറിഞ്ഞപ്പോഴാണ്. സ്വർണതളികയിൽ ഹൈദരാബാദിൽനിന്ന് മുതലാളിയെ കൊണ്ടു പോകാൻ പ്രത്യേക വിമാനം കൊച്ചിയിൽ ലാൻഡ് ചെയ്തത് കണ്ട്് ചാനലുകാർക്ക് രോമാഞ്ചം. കിറ്റക്‌സ്് പോകുന്നെങ്കിൽ പോട്ടെ. ജയറാം മോഡലായി അഭിനയിച്ച ലുങ്കി വേറെയും അങ്ങാടിയിൽ കിട്ടാനുണ്ടല്ലോ. ഗ്വാളിയർ റയോൺസിനെ പോലെ ഇവനും ജലാശയം മലിനീകരിക്കുന്നവനാണ്. ഇക്കാര്യം നിയമസഭയിൽ പരാമർശിച്ചത് കോൺഗ്രസ് എം.എൽ.എ പി.ടി. തോമസാണ്. ഫാക്ടറിയിൽ നിന്ന്് ദൂരെ സ്ഥിതി ചെയ്യുന്ന ആലുവയിൽ മാലിന്യം പ്രശ്‌നമുണ്ടാക്കുമെന്നാണ് റിപ്പോർട്ട്. പെരിയാറാണ് കൊച്ചി മേഖലയുടെ ഐശ്വര്യം. അതും ഇല്ലാതാക്കി എന്ത് തേങ്ങയാണ് ഈ കമ്പനിയുണ്ടാക്കുന്നത്? വ്യവസായ ഗ്രൂപ്പിന്റെ മറവിൽ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് നാട് ഭരിക്കണമെന്ന് ആഗ്രഹിക്കുന്ന അരാഷ്ട്രീയ ബോധം ട്വന്റി ട്വന്റിയിൽ കണ്ടതാണ്.
നിർഭാഗ്യവശാൽ മലയാള മാധ്യമങ്ങൾ കിറ്റക്‌സ് എം.ഡിയുടെ പിന്നാലെയാണ് പോകുന്നത്. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് ഈ മണ്ണിൽനിന്നും പറയുന്ന ഏക മുതലാളി സാബു തന്നെയായിരിക്കും. അദ്ദേഹത്തിന്റെ ഈ നിലപാടുകൾ ഒരുതരം പി.ആർ ഉപദേശത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയാം. ഇതാകട്ടെ കിറ്റക്‌സ് എന്ന സ്ഥാപനത്തിന് നൽകിയിരിക്കുന്നത് വലിയ പബ്ലിസിറ്റിയാണ്. കർണാടകയും, തെലങ്കാനയും, ആന്ധ്രയും, തമിഴ്‌നാടും, യു.പിയും ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ ക്ഷണിക്കുക കൂടി ചെയ്തതോടെ ദേശീയതലത്തിലും വലിയ വാർത്താ പ്രാധാന്യമാണ് കിറ്റക്‌സ് ഗ്രൂപ്പിന് ലഭിച്ചിരിക്കുന്നത്. ഓഹരി സൂചിക കുതിച്ചു കയറാൻ വേറെ കാരണം അന്വേഷിക്കേണ്ടതില്ല.
*** *** ***
മോഡി സർക്കാരിന്റെ ജനദ്രോഹ നടപടികളെ കുറിച്ച് മാത്രമേ എല്ലാവരും പറയുന്നുള്ളു. ഇടയ്ക്ക് ചെയ്ത ഒരു നല്ല കാര്യമാണ് ചൈനീസ് ആപ്പുകളുടെ നിരോധനം. ചെറിയ കുട്ടികളുള്ള രക്ഷിതാക്കളെ ഏറെ ആഹ്ലാദിപ്പിച്ച ഒന്നായിരുന്നു ഇത്. പബ്്്ജി പോലുള്ള ഗെയിമുകൾ കുട്ടികളിൽ പെട്ടെന്ന് അഡിക്്ഷനുണ്ടാക്കുന്നു. എല്ലാ തരത്തിലും ബാധിക്കുന്ന ഇന്റർനെറ്റ് ഗെയിമുകൾ മയക്കുമരുന്ന് പോലെ തലമുറയെ നശിപ്പിക്കുന്നു. മാസങ്ങൾ പിന്നിട്ടപ്പോഴിതാ പബ്്ജി പേര് മാറ്റി അതിർത്തി കടന്നെത്തിയിരിക്കുന്നു. ഫ്രീ ഫയറെന്ന ഗെയിം കാരണം തിരുവനന്തപുരത്തെ കുട്ടി ആത്മഹത്യ ചെയ്തു. മനോരമ ന്യൂസ് ഇക്കാര്യം ചർച്ച ചെയ്തത് ഉചിതമായി. ഇതിന്റെ അപകടത്തെ കുറിച്ച് കേരള പോലീസിന്റെ മുന്നറിയിപ്പുമുണ്ട്. അക്രമ വാസനകൾ മാത്രം പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ഗെയിമുകൾ നമുക്ക് വേണമോ എന്ന് സമൂഹം ചിന്തിക്കണം. കൊല്ലത്ത്് ദുരൂഹ സാഹചര്യത്തിൽ മരിച്ച നവവധു വിസ്്മയയുടെ ഭർത്താവ് ഇന്റർനെറ്റ് ഗെയിമുകൾക്ക് അഡിക്റ്റായിരുന്നുവെന്നും റിപ്പോർട്ടുണ്ടായിരുന്നു. കെ.എം മാണി അഴിമതിക്കാരനാണെന്ന്് കേരള സർക്കാർ സുപ്രീം കോടതിയിൽ ബോധിപ്പിച്ച വാരമാണ് പിന്നിട്ടത്. മകൻ ജോസ് കെ. മാണിയുടെ പാർട്ടിയാണെങ്കിൽ ഇടതുപക്ഷത്താണിപ്പോൾ. ഈ സന്ദർഭത്തിൽ സംപ്രേഷണം ചെയ്ത മാതൃഭൂമി ന്യൂസിലെ വക്രദൃഷ്ടി എപ്പിസോഡ് രസകരമായി. മാരക രോഗങ്ങൾ ചികിത്സിക്കാൻ വൻതുക ആവശ്യമായി വരുമ്പോൾ നന്മ മരങ്ങളുടെ ധനസമാഹരണം പലപ്പോഴും ആളുകൾക്ക് ഉപകാരപ്പെടാറുണ്ട്. ഇത്തരം ക്രൗഡ് ഫണ്ടിംഗുകൾ നിയന്ത്രിക്കപ്പെടണമെന്നാണ് കേരള ഹൈക്കോടതി വ്യാഴാഴ്ച ആവശ്യപ്പെട്ടത്. റിപ്പോർട്ടർ, മാതൃഭൂമി ന്യൂസ് എന്നീ ചാനലുകൾ ഈ വിഷയമാണ് വ്യാഴാഴ്ച സന്ധ്യയ്ക്ക് ചർച്ച ചെയ്തത്.
*** *** ***
ഹർഷവർധന് പകരക്കാരനായാണ് ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാ എംപിയായ മൻസൂഖ് മാണ്ഡവ്യ ആരോഗ്യമന്ത്രി സ്ഥാനത്ത് എത്തിയത്. അദ്ദേഹത്തെ മുൻപത്തെ ട്വീറ്റുകളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ചർച്ചയാകുന്നത്. മൻസുഖ് മാണ്ഡവ്യ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതിന് പിന്നാലെ പഴയ ട്വീറ്റുകൾ പലരും കുത്തിപ്പൊക്കിയതോടെ ട്രോളുകളും നിരവധിയായി. ഇംഗ്ലീഷിലുള്ള തെറ്റായ പ്രയോഗങ്ങളോടെയുള്ള ചില ട്വീറ്റുകൾ ഉപയോഗിച്ചാണ് അദ്ദേഹത്തെ ട്രോളുന്നത്. രാഹുൽ ഗാന്ധി മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനാണെന്നതടക്കമുള്ള അബദ്ധ ട്വീറ്റും ട്വിറ്ററിൽ മായാതെ കിടക്കുന്നുണ്ട്. ഗാന്ധിജി നമ്മുടെ രാഷ്ട്രപിതാവാണെന്ന് എഴുതുന്നതിന് പകരം അദ്ദേഹം ട്വീറ്റ് ചെയ്തത് മഹാത്മഗാന്ധിയായിരുന്നു ഞങ്ങളുടെ പിതാവിന്റെ രാഷ്ട്രമെന്നാണ്. ഇതേറ്റെടുത്ത ട്രോളൻമാർ ആരോഗ്യ മന്ത്രി എന്നതിന് പകരം മന്ത്രിയുടെ ആരോഗ്യം എന്ന് കുറിച്ചു.
‘ഗാന്ധിയുടെ കൊച്ചുമകനായ മിസ്റ്റർ രാഹുൽ ജി, ഗാന്ധിജിയുടെ മരണത്തിന് ആർഎസ്എസ് ഒരു തരത്തിലും ഉത്തരവാദിയല്ലെന്ന് താങ്കൾ ഇതിനകം എഴുതിയിട്ടുണ്ടെന്നായിരുന്നു 2014ൽ അദ്ദേഹത്തിന്റെ ഒരു ട്വീറ്റ്. എന്നാൽ ഒരുകൂട്ടർ അദ്ദേഹത്തെ പിന്തുണച്ചും രംഗത്തെത്തി. ഇംഗ്ലീഷിൽ പ്രാവീണ്യമില്ലാത്തതിനാൽ അദ്ദേഹത്തെ ട്രോളുന്നത് നിർഭാഗ്യകരമെന്നാണ് അവരുടെ വാദം. പുതിയ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ പൂജയും മന്ത്രങ്ങളും നടത്തിയിരുന്നു. ജപിച്ച ചരട് മന്ത്രിയുടെ കസേരയിൽ കെട്ടി. പുതിയ ദൗത്യം തുടങ്ങുന്നതിന് മുന്നോടിയായി മൻസൂഖ് മാണ്ഡവ്യയുടെ ഓഫീസിൽ നടന്ന ചടങ്ങിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസികളാണ് പുറത്തു വിട്ടത്. നിമിഷ നേരംകൊണ്ട് വീഡിയോ വൈറലായി.
*** *** ***
രാജീവ് ചന്ദ്രശേഖറിലൂടെ കേരളത്തിന് മറ്റൊരു കേന്ദ്ര മന്ത്രി സ്ഥാനം കൂടി ലഭിച്ചിരിക്കുകയാണ്. പാലക്കാട്-തലശ്ശേരി ബന്ധങ്ങളുള്ള മലയാളിയാണെങ്കിലും കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമാണ് രാജീവ്. പ്രമുഖ വ്യവസായിയായ അദ്ദേഹം സ്വകാര്യ ചാനലായ ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമ കൂടിയാണ്.
1964 മേയ് 31 ന് ഗുജറാത്തിലെ അഹമ്മദാബാദിലാണ് രാജീവ് ചന്ദ്രശേഖർ ജനിച്ചത്. സൈനിക കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ വിവിധ ഇടങ്ങളിലായാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കർണാടകയിലെ മണിപ്പാൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലും ഷിക്കാഗോയിലെ ഇല്ലിനോയിസ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലുമായി എഞ്ചിനീയറിംഗ് പൂർത്തിയാക്കി.
ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള അഡ്വാൻസ്ഡ് മാനേജ്‌മെന്റ് പ്രോഗ്രാമും പൂർത്തിയാക്കിയിട്ടുണ്ട്. പ്രമുഖ വ്യവസായിയായ രാജീവ് 1994 ലാണ് ബിപിഎൽ എന്ന മൊബൈൽ ഫോൺ സേവന കമ്പനി ആരംഭിക്കുന്നത്. 2005 ൽ ബി പി എലിന്റെ ഓഹരി കൈമാറ്റത്തിനു ശേഷം രാജീവ് ജൂപിറ്റർ ക്യാപിറ്റൽ എന്ന സ്ഥാപനം ആരംഭിച്ചു. ഏഷ്യാനെറ്റ് ന്യൂസ്, സുവർണ, കന്നഡ പ്രഭ തുടങ്ങിയമാധ്യമ സ്ഥാപനങ്ങളും മറ്റിതര സ്ഥാപനങ്ങളുടേയും ഓഹരികൾ കൈയാളുന്ന സ്ഥാപനമാണ് ജൂപിറ്റർ ക്യാപിറ്റൽ. ഏഷ്യാനെറ്റ് ന്യൂസിന്റെ ചെയർമാൻ ആയിരുന്ന അദ്ദേഹം മൂന്നാം തവണ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ പദവി രാജിവെച്ചിരുന്നു. മറ്റൊരു വാർത്താ ചാനലായ റിപ്പബ്ലിക്ക് ടിവിയുടെ മാനേജിംഗ് ഡയറക്ടർ സ്ഥാനവും രാജിവെച്ചൊഴിഞ്ഞിരുന്നു. എന്നാൽ ഈ രണ്ട് സ്ഥാപനങ്ങളിലേയും ഓഹരികൾ നിലനിർത്തിയായിരുന്നു രാജീവ് സ്ഥാനം ഒഴിഞ്ഞത്. പുതിയ ഐ.ടി മന്ത്രി കേരളത്തിന്റേയും രാജ്യത്തിന്റേയും പ്രതീക്ഷയാണ്.
*** *** ***
ദക്ഷിണേന്ത്യക്ക് വേണ്ടി പ്രത്യേകമായി ഇറക്കിയ പുതിയ പാട്ടിൽ ബീഫ് എന്ന വാക്ക് സബ്‌ടൈറ്റിലിൽ ഒഴിവാക്കിയതിൽ നെറ്റ്ഫഌക്‌സിനെതിരെ വിമർശനമുയരുന്നു. വിഷയത്തിൽ നെറ്റ്ഫഌക്‌സിനെതിരെ രൂക്ഷവിമർശനവും പരിഹാസവുമായി എഴുത്തുകാരൻ എൻ.എസ്. മാധവൻ രംഗത്തെത്തി.
'പോടേയ് നെറ്റ്ഫഌക്‌സേ, ഇങ്ങനെ തരികിട കാണിച്ച് മലയാളത്തെ വളച്ചൊടിച്ച് പരുവപ്പെടുത്താൻ ശ്രമിക്കുന്നതിന് മുൻപ് ബീഫിന്റെ സ്‌പെല്ലിംഗ് പഠിക്ക്. സംഘിഫോബിയയും കൊണ്ട് ഇങ്ങോട്ടു വന്നേക്കരുത്,' എൻ.എസ്. മാധവൻ ട്വീറ്റ് ചെയ്തു. നെറ്റ്ഫഌക്‌സ് ഇന്ത്യയുടെ ട്വിറ്റർ അക്കൗണ്ടിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു എൻ.എസ്. മാധവന്റെ ട്വീറ്റ്. പാട്ടിലെ ബീഫ് എന്നൊഴിവാക്കിയ ഭാഗത്തിന്റെ സ്‌ക്രീൻ ഷോട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ആന്തം എന്ന പേരിൽ ഇറക്കിയ പുതിയ റാപ്പിൽ നീരജ് മാധവിന്റെ മലയാളം റാപ്പ് വരുന്ന ഭാഗത്തിലെ സബ്‌ടൈറ്റിലിനെതിരെയാണ് വിമർശനമുയരുന്നത്. 'പൊറോട്ടേം ബീഫും ഞാൻ തിന്നും അതികാലത്ത്' എന്നാണ് നീരജ് മാധവിന്റെ ഒരു വരി. എന്നാൽ ഇത് സബ്‌ടൈറ്റിലെത്തുമ്പോൾ ‘പൊറോട്ടേം ബി.ഡി.എഫും ഞാൻ തിന്നും അതികാലത്ത്' എന്നാവുകയാണ്. മംഗ്ലീഷിലും ഇംഗ്ലീഷിലുമുള്ള സബ്‌ടൈറ്റിലുകളിൽ ബി.ഡി.എഫ്. എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. ബീഫ് എന്ന് സബ്‌ടൈറ്റിലിൽ എഴുതാൻ നെറ്റ്ഫഌക്‌സിന് പേടിയാണോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ബീഫിന് ബീഫ് എന്ന് തന്നെ പറയണം നെറ്റ്ഫഌക്‌സ് ഏമാന്മാരേ, സബ്‌ടൈറ്റിൽ മാറ്റി സംഘികളെ പറ്റിക്കുന്നോയെന്നാണ് മറ്റൊരു കമന്റ്. ബീഫ് ഡ്രൈ ഫ്രൈ എന്നാണ് ഉദ്ദേശിച്ചതെന്ന് നെറ്റ്ഫഌക്‌സ് പറഞ്ഞാലും വിശ്വസിക്കാൻ ഒരൽപം പാടാണെന്നും കമന്റുകളിലുണ്ട്.
‘തങ്ങൾ ദക്ഷിണേന്ത്യക്കാരെ പ്രത്യേകം പരിഗണിക്കുന്നു എന്ന് കാണിക്കാനാണ് നെറ്റ്ഫഌക്‌സ് പാട്ടിട്ടത്. പക്ഷേ ഈ ഭാഗമെത്തിയപ്പോൾ തൃപ്തിയായി. ബീഫ് എന്ന് വീഡിയോയിൽ വ്യക്തമായി കേൾക്കാം. പക്ഷേ രണ്ട് സബ്‌ടൈറ്റിലിലും അത് ബി.ഡി.എഫ് ആണ്. വല്ലാത്ത ഗതികേട് തന്നെ നെറ്റ്ഫഌക്‌സേ നിന്റേത്,' എന്നും സോഷ്യൽ മീഡിയയിൽ വന്ന പോസ്റ്റുകളിൽ പറയുന്നു.
*** *** ***
സൈബർ ഇടത്തിൽ തുടരെ നേരിടുന്ന ആക്രമണങ്ങളോട് പ്രതികരിച്ച് നടി സാനിയ ഇയ്യപ്പൻ. സൈബർ ഇടത്തിൽ എന്റെ വസ്ത്രധാരണത്തെയാണ് ഏറെ അധിക്ഷേപിക്കുന്നത്. എനിക്ക് അത് വൾഗറായി തോന്നുന്നില്ല. ഇഷ്ടമായതിനാൽ ധരിക്കുന്നു. എന്നെ നോക്കുന്നത് എന്റെ വീട്ടുകാരാണ്. സിനിമയിൽ അഭിനയിക്കുമ്പോൾ ലഭിക്കുന്ന പണം കൊണ്ടാണ് വാങ്ങുന്നത്. എനിക്ക് അതിൽ അഭിമാനമാണെന്ന് ഒരു അഭിമുഖത്തിൽ താരം പറഞ്ഞു. തന്നെ വിലയിരുത്താൻ ആർക്കും അവകാശമില്ല, സിനിമയിൽ വന്ന അന്നു മുതൽ സോഷ്യൽ മീഡിയയിൽ നിന്ന് വിലയിരുത്തൽ അഭിമുഖീകരിക്കുന്നു. വിമർശനം നടത്തുന്നവരോട്, എന്നെ വിലയിരുത്താൻ ആർക്കും അവകാശമില്ല. ഞാൻ ആരെയും വിലയിരുത്തുന്നില്ല. വ്യക്തിപരമായി ഒരാളെ അറിയാതെ വിമർശിക്കാൻ വരരുതെന്നും താരം പറഞ്ഞു. ഒരാളെ സോഷ്യൽ മീഡിയയിൽ ആക്രമിക്കുന്നത് മലയാളികൾക്ക് രസമാണ്. നെഗറ്റീവിറ്റികളെ മലയാളികൾ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്നു. നല്ലത് കണ്ടാൽ അത് തുറന്നുപറയാൻ മടിക്കുന്നവരാണ് മലയാളികളെന്നും സാനിയ വ്യക്തമാക്കി.






