ജാതിയും മതവുമല്ല, മനുഷ്യത്വമാണ് സത്യം എന്ന് പഠിപ്പിച്ച അമ്മാവൻ പി.എസ് വാര്യരാണ് പി.കെ വാര്യരുടെ ശതവർഷങ്ങളുടെ സഞ്ചാരപഥത്തിൽ വെളിച്ചം പരത്തിയത്. ആ വെളിച്ചം അണഞ്ഞുവെങ്കിലും, ആയിരങ്ങളെ ജീവിതത്തിലേക്ക് പിടിച്ചുയർത്തിയ കോട്ടയ്ക്കൽക്കാരുടെ 'കുട്ടിമ്മാൻ',മലയാളികളുടെ പി.കെ വാര്യർ ഏറെക്കാലം തലമുറകളുടെ സ്മൃതിപഥങ്ങളിലൊരു മൃത്യുഞ്ജയമന്ത്രമായി അലയടിക്കുമെന്നുറപ്പ്.
കോട്ടയ്ക്കൽ വഴിയുള്ള കുട്ടിക്കാലത്തെ എന്റെ ബസ് യാത്രകളിലെ ഏറ്റവും വലിയ ആകർഷണമായിരുന്നു ആര്യവൈദ്യശാലയുടെ മുറ്റത്തെ കണ്ണാടിക്കൂട്ടിലെ വൈദ്യുതി വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന ആര്യവൈദ്യൻ പി.എസ് വാര്യരുടെ തിളങ്ങുന്ന പൂർണകായപ്രതിമ. ആര്യവൈദ്യശാലയുടെ പഴയ കെട്ടിടത്തിലെ (ധർമാശുപത്രി) ഔട്ട്പേഷ്യന്റ് വിഭാഗത്തിൽ നീണ്ടുനീണ്ടു പോകുന്ന രോഗികളുടെ ക്യൂ മറ്റൊരു കൗതുകക്കാഴ്ചയായിരുന്നു. മുതിർന്നതിനു ശേഷം പലപ്പോഴും ആര്യവൈദ്യശാലയിൽ പോയിട്ടുണ്ട്. ആര്യവൈദ്യശാലാ സ്ഥാപകൻ പി.എസ് വാര്യരുടെ അകാലമരണത്തെത്തുടർന്ന് സ്വാതന്ത്ര്യപ്രസ്ഥാനത്തിലും കവിതയെഴുത്തിലും സാമൂഹിക സേവനത്തിലും കമ്യൂണിസ്റ്റ് ആശയഗതിയിലും വ്യാപൃതനായിരുന്ന, കോട്ടയ്ക്കലേയും പരിസരങ്ങളിലേയും സ്വന്തക്കാരുടേയും ദേശക്കാരുടേയും മുഴുവൻ കുട്ടിമ്മാൻ എന്നറിയപ്പെടുന്ന ഡോ. പി.കെ വാര്യരുടെ ചരിത്രം, മലബാറിന്റെ പാരമ്പര്യ ആതുരസേവനത്തിന് പൊൻതൂവൽ ചാർത്തുന്ന നിരവധി അധ്യായങ്ങൾ ചേർന്നതാണ്. സേവനപൈതൃകത്തിന്റെ ഒരു പ്രോജ്വലമായ ഏടിന്റെ ഉടമയായ കുലഗുരു, ഇന്നലെ സ്വഛന്ദം നിത്യതയിൽ വിലയം കൊണ്ടു. നൂറുക്കണക്കിനാളുകൾക്ക് നിത്യവും അഭയം നൽകിപ്പോന്ന ധർമാശുപത്രിക്കും നഴ്സിംഗ് കെട്ടിടത്തിനും ഔട്ട്പേഷ്യന്റ് വിഭാഗത്തിനും സമീപത്തെ കൈലാസമന്ദിരത്തിൽ ഇനി സ്നേഹത്തിന്റെ ധന്വന്തരച്ചൂരടിക്കുന്ന അന്തരീക്ഷത്തിൽ ആളുകളെ ഉള്ളം നിറഞ്ഞ് വരവേൽക്കാനും സാന്ത്വനത്തിന്റെ ഹരിതചാമരം വീശാനും ആതിഥേയനില്ല. കൈവല്യം പകർന്ന് പ്രകൃതീശ്വരൻ കൈലാസമന്ദിരത്തിന്റെ നാഥനെ തിരികെ വിളിച്ചിരിക്കുന്നു. നൂറിന്റെ നിറവ് കണ്ട് ആ മിഴികളടഞ്ഞു.

പി.കെ. വാര്യർ
ഡോ. പി.കെ വാര്യരെ രണ്ടു തവണയാണ് കണ്ടിട്ടുള്ളത്. മലയാറ്റൂർ രാമകൃഷ്ണൻ, എം.ടി വാസുദേവൻ നായർ എന്നിവർ ചികിൽസാർഥം ആര്യവൈദ്യശാലയിൽ പ്രവേശിപ്പിക്കപ്പെട്ട സമയത്ത്, അവിടത്തെ മാനേജർ ബാബു വാര്യരുടെ ( പ്രസിദ്ധ ഭിഷഗ്വരൻ ഡോ. പി.കെ. ആർ വാര്യരുടെ സഹോദരൻ) ശുപാർശയിലാണ് പി.കെ വാര്യരുമായി കൂടിക്കാഴ്ച നടത്താനായത്.
ചികിൽസാ സമയത്ത് മലയാറ്റൂർ, കുറെശ്ശെയായി എഴുതിക്കൊണ്ടിരുന്ന 'നെട്ടൂർ മഠം' എന്ന നോവലിന്റെ കൈയെഴുത്ത് പ്രതി എന്നെയും സുഹൃത്ത് മണമ്പൂർ രാജൻബാബുവിനേയും നാടൻ മരുന്നുകളുടെ ഗന്ധം നിറഞ്ഞ മുറിയിലിരുന്ന് വായിച്ചുകേൾപ്പിക്കുമായിരുന്നു. പിറ്റേ ദിവസവും മലയാറ്റൂരിനെ കാണാൻ പോയി. നോവലിന്റെ ബാക്കിഭാഗം കേട്ടെഴുതാൻ രാജൻ ബാബുവിനോട് പറഞ്ഞു. അന്ന് ഉച്ചയ്ക്കും പിന്നീടൊരിക്കൽ ആര്യവൈദ്യശാലയിൽ കിടന്നിരുന്ന എം.ടിയെ കാണാൻ ഒറ്റപ്പാലത്ത് നിന്നെത്തിയ കവി പി.ടി നരേന്ദ്രമേനോനും പത്നി സുകുമാരി മേനോനോടുമൊപ്പം ഞാൻ സകുടുംബം പോയപ്പോഴും ഡോ. പി.കെ വാര്യരെ കാണാൻ സാധിച്ചു. നരേന്ദ്രമേനോന്റെ അടുത്ത ബന്ധുവായ, ആര്യവൈദ്യശാലാ മാനേജർ ബാബു വാര്യരുമുണ്ടായിരുന്നു രണ്ടാം തവണ. ആ കൂടിക്കാഴ്ചയിൽ നിലാവ് പോലെയുള്ള സൗഹൃദവും കൈലാസമന്ദിരത്തിലെ ഉച്ചയൂണിന്റെ രുചിയും അനുഭവിച്ചു. രസകരമായ കുറെ അനുഭവങ്ങൾ പങ്കിട്ട ശേഷമാണ് ഡോ. പി.കെ വാര്യരോട് വിട വാങ്ങിയത്.

എൻ.വി കൃഷ്ണൻ കുട്ടി വാര്യർ, പി.കെ. വാര്യർ, ഇ.എം.എസ് (ഫയൽ)
നൂറ്റാണ്ടിന്റെ കൈപിടിച്ച് നടന്ന പി.കെ വാര്യർക്ക് കാലത്തിന്റെ മിടിപ്പുകളേറ്റുവാങ്ങിയ മനസ്സും ശരീരവുമായിരുന്നു. വല്യമ്മാവൻ പി.എസ് വാര്യരുടെ വിയോഗത്തെത്തുർന്ന് തീർത്തും അപ്രതീക്ഷിതമായാണ് അദ്ദേഹത്തിന്റെ ചുമലുകളിൽ ആര്യവൈദ്യശാലയുടെ ചുമതല വന്ന് വീണത്. നിശ്ചയദാർഢ്യത്തോടെ അദ്ദേഹം ആ ഉത്തരവാദിത്തമേറ്റെടുത്ത് ആര്യവൈദ്യശാലയെന്ന സ്ഥാപനത്തേയും കോട്ടക്കൽ ഗ്രാമത്തേയും ആകാശത്തോളമുയർത്തി. ഡോ. പി.കെ വാര്യർ എല്ലാ അർഥത്തിലും ഒരു വിശ്വപൗരനായിരുന്നു. ആയുസ്സിന്റെ വേദമായ ആയുർവേദത്തിന്റെ മഹാദൂതുമായി ഐക്യരാഷ്ട്രസഭയോളം സഞ്ചരിച്ച ഈ മനുഷ്യസ്നേഹി ആയുർപാരമ്പര്യത്തിന്റെ വേരോട്ടമുള്ള ഈ വൈദ്യശാഖയ്ക്ക് ആഗോളാംഗീകാരമാണ് നേടിക്കൊടുത്തത്.
അന്യജാതിക്കാരെ അഷ്ടാംഗഹൃദയം മുഴുവൻ പഠിപ്പിക്കാത്ത ചില അഷ്ടവൈദ്യന്മാരുടെ കാലത്ത് സ്ഥാപിക്കപ്പെട്ട കോട്ടയ്ക്കൽ ആര്യവൈദ്യപാഠശാല (ഇന്നത്തെ ആയുർവേദ കോളേജ്) ആയുർവേദം പഠിപ്പിക്കുന്നതിനുള്ള സ്ഥാപനം മാത്രമായിരുന്നില്ല. അതൊരു വലിയ സ്വപ്നത്തിന്റെ സാക്ഷാൽക്കാരം കൂടിയായിരുന്നു.
ഡോ. പി.കെ വാര്യരുടെ ജീവിതം പറയുമ്പോൾ കോട്ടയ്ക്കൽ ഗ്രാമത്തിന്റെ ചരിത്രം തൊട്ടുതുടങ്ങേണ്ടതുണ്ട്. ഏറനാടിനെ ഏറെ പ്രക്ഷുബ്ധമാക്കിയ മലബാർ കലാപം മലപ്പുറത്തിനും തിരൂരങ്ങാടിക്കുമിടയിലുള്ള നേർരേഖയിൽ ഒത്ത നടുവിൽ എന്ന് പറയാവുന്ന കോട്ടയ്ക്കലിനെ ബാധിച്ചില്ല എന്നതിന് രണ്ടു കാരണങ്ങളുണ്ടെന്ന് പി.കെ വാര്യർ തന്നെ എഴുതിയിട്ടുണ്ട്. മുഖ്യമായത് ആ ഭാഗത്തെ മുസ്ലിം ജനവിഭാഗത്തിൽ വലിയമ്മാവനായ പി.എസ് വാര്യർക്കുണ്ടായിരുന്ന സ്വാധീനം. രണ്ടാമത് പ്രശസ്തമായ കോട്ടക്കൽ കോവിലകത്തിന് കുടിയാൻമാരോടുണ്ടായിരുന്ന സ്നേഹപൂർണമായ സമീപനം. നിലമ്പൂർ കോവിലകത്തും മറ്റുമുണ്ടായത് പോലെ 1921 ലെ കലാപത്തിന്റെ തീയും പുകയും കോട്ടയ്ക്കലിനെ ഒട്ടും ബാധിച്ചില്ല എന്നത് പരമ്പരാഗതമായി ഈ ഗ്രാമപരിസരങ്ങളിൽ നിലനിന്ന മതമൈത്രിയുടെ തെളിവ് കൂടിയായിരുന്നു. മരുന്നിന്റെ മണത്തോടൊപ്പം പി.കെ വാര്യരുടെ കുട്ടിക്കാലത്ത് കോട്ടയ്ക്കലിന്റെ അന്തരീക്ഷത്തിൽ അലിഞ്ഞിരുന്നത് നാടകത്തിന്റെ അരങ്ങനുഭവങ്ങൾ കൂടിയായിരുന്നു.

ജസ്റ്റിസ് (റിട്ട) കെ.സ്. പരിപൂർണൻ പി.കെ. വാരിയറെ ആദരിക്കുന്നു
1908 ൽ കോട്ടയ്ക്കലിൽ ചെറിയൊരു നാടകസംഘം തുടങ്ങി. പി.എസ് വാര്യരും രാവുണ്ണി നെടുങ്ങാടിയുമൊക്കെയായിരുന്നു സംഘാടകരും അഭിനേതാക്കളും. അങ്ങനെയാണ് പി.എസ്.വി നാട്യസംഘത്തിന്റെ അരങ്ങേറ്റം. ഇത് പിന്നീട് പ്രശസ്തമായി. പി.എസ്.വി നാട്യസംഘത്തിന്റെ കഥകളി വേദികൾ കോട്ടയ്ക്കൽ, തിരൂർ എന്നീ പ്രദേശങ്ങളും കടന്ന്് കേരളത്തിലാകെയും മറുനാടുകളിലും പ്രസിദ്ധി നേടി. പ്രഹ്ലാദചരിതം, സമ്പൂർണരാമായണം നാടകങ്ങൾ കോട്ടയ്ക്കൽ പി.എസ് വാര്യർ നാടകസംഘത്തിന്റെ പേരും പെരുമയും വർധിപ്പിച്ചു. കലാപ്രവർത്തനങ്ങൾക്ക് സമാന്തരമായി ദേശീയ പ്രസ്ഥാനത്തിന്റെ അഗ്നിസ്ഫുലിംഗങ്ങളും കോട്ടയ്ക്കൽ ഗ്രാമത്തെ സമരോൽസുകമാക്കി. കെ.പി.സി.സിയുടെ സുപ്രധാന സമ്മേളനത്തിന് ആതിഥേയത്വം വഹിച്ച കോട്ടയ്ക്കൽ ഗ്രാമം രാഷ്ട്രീയ ഭൂപടത്തിൽ ഇടം പിടിച്ചു. ജ്യേഷ്ഠനേയും പി.കെ വാര്യരേയും കോൺഗ്രസിൽ ചേർത്തത് ഇ.എം.എസ്, എ.കെ.ജി, കെ. ദാമോദരൻ എന്നിവരായിരുന്നു. ആര്യവൈദ്യശാലയിൽ തന്നെ കോൺഗ്രസിന്റെ പല യോഗങ്ങളും അരങ്ങേറി. വല്യമ്മാവൻ (പി.എസ് വാര്യർ) സജീവമായി പങ്കെടുത്തില്ലെങ്കിലും യുവാക്കളായ പി.കെ വാര്യരും ജ്യേഷ്ഠനും മിക്ക പരിപാടികളിലും ആവേശപൂർവം പങ്കെടുത്തു. കോൺഗ്രസിനകത്തെ പുരോഗമനവാദികൾ പിന്നീട് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയും കമ്യൂണിസ്റ്റ് പാർട്ടിയുമായി രൂപാന്തരം പ്രാപിച്ചപ്പോൾ പി.കെ വാര്യർ, കമ്യൂണിസ്റ്റ് പാർട്ടി മെംബർഷിപ്പെടുത്തു.

ശ്രീലങ്കൻ പ്രധാനമന്ത്രി സിരിമാവോ ഭണ്ഡാരനായകയോടൊപ്പം (ഫയൽ)
കോഴിക്കോട് മാവൂരിനടുത്ത കോടിത്തലപ്പണ എന്ന ഇല്ലത്തെ ശ്രീധരൻ നമ്പൂതിരിയാണ് ഡോ. പി.കെ വാര്യരുടെ (കൃഷ്ണവാര്യർ) പിതാവ്. മലബാർ കലാപകാലത്ത് രണ്ടു സഹോദരന്മാരും നാലു സഹോദരിമാരുമടങ്ങുന്ന വാര്യരുടെ കുടുംബം കോഴിക്കോട്ടേക്ക് താമസം മാറ്റി. എട്ടു മാസം കഴിഞ്ഞ് കലാപം കെട്ടടങ്ങിയതിനു ശേഷമാണ് കുടുംബം മാവൂരിലേക്ക് മടങ്ങിയത്. പിന്നീട് കോട്ടയ്ക്കലിലെത്തി രാജാസ് ഹൈസ്കൂളിൽ പഠനമാരംഭിച്ചു. അന്നും നാടകത്തോടുള്ള ഭ്രമമായിരുന്നു വാര്യരുടെ മനസ്സിൽ. ഇംഗ്ലീഷ് പഠിക്കണമെന്ന് വല്യമ്മാവൻ നിർബന്ധിക്കുമായിരുന്നു. കോവിലകവുമായി ബന്ധമുള്ള നെടുങ്ങാടി, വെള്ളോടി, ഏറാടി തുടങ്ങിയ ഫ്യൂഡൽ കുടുംബക്കാർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസവും സർക്കാർ ജോലികളും ലഭിച്ചിരുന്നു. അവരുടെ പാത പിൻപറ്റാനായിരുന്നു വല്യമ്മാവന്റെ ഉപദേശം. വൈദ്യശാലയിരിക്കുന്ന സ്ഥലം അദ്ദേഹം വില കൊടുത്ത് വാങ്ങിയതാണ്. വൈദ്യശാലയോട് ചേർന്ന് കൈലാസമന്ദിരം പണി കഴിപ്പിച്ചപ്പോൾ കുടുംബം മുഴുവൻ താമസം അങ്ങോട്ട് മാറ്റി. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ എൻജിനീയറിംഗിനു ചേരാനായിരുന്നു പി.കെ വാര്യർക്കാഗ്രഹം. പക്ഷേ ആയുർവേദം പഠിച്ച് വൈദ്യശാല മുന്നോട്ടു കൊണ്ടുപോകണമെന്നായിരുന്നു വീട്ടുകാരുടെ നിർബന്ധം. ആയുർവേദം പഴഞ്ചനാണെന്ന വിശ്വാസത്തെ കടപുഴക്കിയത് നെഹ്റു ഡിസ്കവറി ഓഫ് ഇന്ത്യ എഴുതിയപ്പോഴാണെന്ന് പി.കെ വാര്യർ പറഞ്ഞിട്ടുണ്ട്. ആയുർവേദം ദേശീയ സമരത്തിന്റെ ഭാഗം കൂടിയാണെന്നാണ് അന്നത്തെ പല നേതാക്കളും പറഞ്ഞിരുന്നത്. സാംസ്കാരിക പ്രവർത്തനങ്ങൾക്ക് വലിയ സഹായം നൽകിപ്പോന്ന പി.കെ വാര്യർ ഏറെക്കാലം മലപ്പുറത്തെ ഇൻഡോ - സോവ്യറ്റ് സാംസ്കാരിക സമിതിയുടെ ( ഇസ്കസ് ) രക്ഷാധികാരിയുമായിരുന്നു. നേപ്പാൾ ഗവൺമെന്റിന്റെ അംഗീകാരം നേടിയ വാര്യരെ കേന്ദ്രസർക്കാർ പദ്മഭൂഷൺ നൽകി ആദരിച്ചു.

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളോടൊപ്പം (ഫയൽ)
അന്യജാതിക്കാരെ അഷ്ടാംഗഹൃദയം മുഴുവൻ പഠിപ്പിക്കാത്ത ചില അഷ്ടവൈദ്യന്മാരുടെ കാലത്ത് സ്ഥാപിക്കപ്പെട്ട കോട്ടയ്ക്കൽ ആര്യവൈദ്യപാഠശാല (ഇന്നത്തെ ആയുർവേദ കോളേജ്) ആയുർവേദം പഠിപ്പിക്കുന്നതിനുള്ള സ്ഥാപനം മാത്രമായിരുന്നില്ല. അതൊരു വലിയ സ്വപ്നത്തിന്റെ സാക്ഷാൽക്കാരം കൂടിയായിരുന്നു. ഗുരുകുലങ്ങളിൽ നിന്ന് ആയുർവേദപഠനത്തെ ജനങ്ങൾക്കിടയിലേക്ക് കൊണ്ടുവന്നതിന്റെ പ്രതീകമായിരുന്നു കോട്ടയ്ക്കൽ ആര്യവൈദ്യശാലയോടനുബന്ധിച്ചുള്ള ആര്യവൈദ്യപാഠശാല.

മുൻ തമിഴ്നാട് ഗവർണർ ഫാത്തിമാബീവി, എം.പി വീരേന്ദ്രകുമാർ എന്നിവരോടൊപ്പം (ഫയൽ)
നിരവധി രാജ്യങ്ങളുടെ ഭരണാധികാരികൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അതിപ്രശസ്ത വ്യക്തികൾ, നയതന്ത്രജ്ഞർ, എഴുത്തുകാർ, അഭിനേതാക്കൾ.. എല്ലാവരും ആതുരശമനത്തിനായി കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെത്തുന്നു. അറബ് രാഷ്ട്രങ്ങളുടെ സാരഥികൾ പലരും അലോപ്പതി ചികിൽസയിൽ തൃപ്തരാകാതെ ആയുർവേദപുണ്യം തേടി പി.കെ വാര്യരുടേയും സഹവൈദ്യൻമാരുടേയും ചികിൽസയിൽ സമ്പൂർണസംതൃപ്തരായി മടങ്ങുകയും ഓരോ വർഷവും സുഖചികിൽസയ്ക്കായി പല തവണ കോട്ടയ്ക്കലിലെത്തി ആ പ്രദേശത്തെ പ്രസിദ്ധമായൊരു മെഡിക്കൽ ടൂറിസ്റ്റ് നഗരം കണക്കെ ഉയർത്തുകയും ചെയ്തു. രാഷ്ട്രപതിയായിരുന്ന വി.വി ഗിരി ഒരു മാസം ആര്യവൈദ്യശാലയിൽ ചികിൽസയിലായ കാലത്ത് ഇന്ത്യയുടെ താൽക്കാലിക രാഷ്ട്രപതി മന്ദിരമായി ആര്യവൈദ്യശാല മാറി. ചികിൽസ കഴിഞ്ഞ് കോട്ടയ്ക്കൽ ചങ്കുവെട്ടിയിലുണ്ടാക്കിയ ഹെലിപാഡിലേക്ക് നീങ്ങുമ്പോൾ വി.വി ഗിരി ചുറ്റും കൂടിയ മാധ്യമപ്രതിനിധികളോട് പറഞ്ഞു: പ്രായം പത്ത് വർഷം കുറഞ്ഞാണ് ഞാൻ ഡൽഹിക്ക് മടങ്ങുന്നത്. പ്രധാനമന്ത്രി മൊറാർജി ദേശായ്, ശ്രീലങ്കൻ പ്രധാനന്ത്രി സിരിമാവോ ഭണ്ഡാരനായകെ എന്നിവരുൾപ്പെടെ നിരവധി നേതാക്കളും സംസ്ഥാന മന്ത്രിമാരുമൊക്കെ കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ നല്ല ഓർമകൾ പങ്ക് വെച്ചവരാണ്.

മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ പി.കെ. വാര്യരെ അനുമോദിക്കുന്നു (ഫയൽ)
പ്രസിദ്ധ ഹിന്ദി കവി കൈഫി ആസ്മി (നടി ശബ്നാ ആസ്മിയുടെ പിതാവ്) ഗസൽ മാന്ത്രികൻ മെഹ്ദി ഹസൻ തുടങ്ങിയ നിരവധി സാംസ്കാരിക- സാഹിത്യ- ചലച്ചിത്ര പ്രതിഭകൾ ചികിൽസാർഥം കോട്ടയ്ക്കലിലെത്തിയവരിൽപ്പെടുന്നു. ഡോ. പി.കെ വാര്യരുടെ ആതിഥേയത്വം അനുഭവിച്ചറിഞ്ഞവരുടെ എണ്ണം തിട്ടപ്പെടുത്താനാവില്ല. ഡോ. പി.കെ വാര്യരിൽ നിറദീപമായി ജ്വലിച്ച സാർവലൗകികമായ സമഭാവനയും സഹിഷ്ണുതയും വിശുദ്ധമായ ഏറനാടൻ പാരമ്പര്യത്തിന്റെ മഹിതമായ സംഭാവനയാണ്. ജാതിയും മതവുമല്ല, മനുഷ്യത്വമാണ് സത്യം എന്ന് പഠിപ്പിച്ച അമ്മാവൻ പി.എസ് വാര്യരാണ് പി.കെ വാര്യരുടെ ശതവർഷങ്ങളുടെ സഞ്ചാരപഥത്തിൽ വെളിച്ചം പരത്തിയത്. ആ വെളിച്ചം അണഞ്ഞുവെങ്കിലും, ആയിരങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ കോട്ടയ്ക്കൽക്കാരുടെ 'കുട്ടിമ്മാൻ, മലയാളികളുടെ പി.കെ വാര്യർ ഏറെക്കാലം തലമുറകളുടെ സ്മൃതിപഥങ്ങളിലൊരു മൃത്യുഞ്ജയമന്ത്രമായി അലയടിക്കുമെന്നുറപ്പ്.

രംഗനാഥാനന്ദസ്വാമിയോടൊപ്പം






