അന്താരാഷ്ട്ര ഫുട്‌ബോൾ സംഘടനയായ ഫിഫയുടെ സ്‌പോർട്‌സ് മാനേജ്‌മെന്റ് പഠനത്തിന് പ്രവേശനം നേടിയ സന്തോഷത്തിലാണ് കോഴിക്കോട്ടുകാരി ഐഷ നസിയ. കാൽപന്തു കളിയുടെ ആരവങ്ങൾക്ക് എന്നും കാതോർത്തു കഴിയുന്ന കോഴിക്കോടിന്റെ മണ്ണിൽ ജനിച്ചു വളർന്നതുകൊണ്ടാകണം ഫുട്‌ബോളിനെ ഹൃദയത്തിലേറ്റിയായിരുന്നു ഈ പെൺകുട്ടി വളർന്നത്. ഫുട്‌ബോൾ ആവേശത്തിന്റെ ചൂടും ചൂരും അവൾ ഹൃദയത്തോട് ചേർത്തുപിടിച്ചു.
രാജ്യാന്തര മത്സരങ്ങൾ സംഘടിപ്പിക്കുന്നത് എങ്ങനെയെന്ന കൗതുകം അവളിൽ എപ്പോഴും നിറഞ്ഞുനിന്നിരുന്നു. കളിയാരവങ്ങൾക്കൊപ്പം കളിക്കളത്തിനു പുറത്തുള്ള ഒരുക്കങ്ങളെക്കുറിച്ചും കൂടുതലറിയാൻ അവൾ ആഗ്രഹിച്ചു. വേദിക്കു പിറകിലെ മാനേജ്‌മെന്റ് പ്രവർത്തനങ്ങളിൽ ആകൃഷ്ടയായ ഐഷ തന്റെ സ്വപ്ന സാക്ഷാത്കാരത്തിന്റെ പടിവാതിലിൽ എത്തിയിരിക്കുകയാണ്. ഫിഫയുടെ സ്‌പോർട്‌സ് മാനേജ്‌മെന്റ് പഠനത്തിന് പകുതി തുക സ്‌കോളർഷിപ്പായി നേടിക്കൊണ്ടാണ് ഐഷ തന്റെ സ്വപ്നം സാർത്ഥകമാക്കാനൊരുങ്ങുന്നത്.
മുപ്പത് രാജ്യങ്ങളിൽനിന്നുള്ള 700 അപേക്ഷകരിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട മുപ്പതു പേരിൽ ഒരാളാണ് ഐഷ. ഇന്ത്യയിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട രണ്ടുപേരിൽ ഒരാൾ. അടുത്തയാൾ ഗോവക്കാരനാണ്.
ഫിഫ ഇന്റർനാഷനൽ മാസ്റ്റർ ഇൻ മാനേജ്‌മെന്റ് ലോ ആന്റ് ഹ്യുമാനിറ്റീസ് ഓഫ് സ്‌പോർട്ട്‌സ് എന്ന ഒരു വർഷം ദൈർഘ്യമുള്ള ബിരുദാനന്തര പഠന പദ്ധതിയാണിത്. പഠനത്തിന് മൂന്നു വ്യത്യസ്ത തലങ്ങളുണ്ട്. യൂറോപ്പിലെ മൂന്നു യൂനിവേഴ്‌സിറ്റികളിൽനിന്നാണ് പഠനം സാധ്യമാക്കുന്നത്. ഹ്യുമാനിറ്റീസ് ഓഫ് സ്‌പോർട്ട് എന്ന പാഠ്യഭാഗം ഇംഗ്ലണ്ടിലെ മോണ്ട്‌ഫോർട്ട് യൂനിവേഴ്‌സിറ്റിയിൽ നിന്നാണ് പഠിക്കുന്നത്. സ്‌പോർട്ട് മാനേജ്‌മെന്റ് പഠനം ഇറ്റലിയിലെ എസ്.ഡി.എ ബൊക്കോണി സ്‌കൂൾ ഓഫ് മാനേജ്‌മെന്റിൽനിന്നും. സ്‌പോർട്ട്‌സ് ലോ അഭ്യസിക്കുന്നതാകട്ടെ, സ്വിറ്റ്‌സർലണ്ടിലെ യൂനിവേഴ്‌സിറ്റി ഡീ ന്യൂകാർട്ടലിൽ നിന്നുമാണ്.
2002 ലെ ലോകകപ്പ് നടക്കുമ്പോൾ കോഴിക്കോട് നഗരത്തിൽനിന്നു ഏറെയകലെയല്ലാത്ത പൊറ്റമ്മലിലുള്ള വീടിനടുത്ത് കളിക്കളത്തിലെ രാജകുമാരന്മാരുടെ വലിയ ഫ്‌ളക്‌സ് ബോർഡുകളിലും ക്ലബ്ബുകളിലും മൈതാനങ്ങളിലുമെല്ലാം കൂറ്റൻ സ്‌ക്രീനുകളുമായി ലോകകപ്പിനെ വരവേറ്റത് ഇന്നും അവളുടെ ഓർമയിലുണ്ട്. അന്ന് നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഐഷ. വലുതായപ്പോൾ കളിയേക്കാളുപരി കളിയുടെ പിന്നാമ്പുറങ്ങളിലേയ്ക്കായി അന്വേഷണം. കുട്ടിക്കാലം തൊട്ടേ എന്തു കണ്ടാലും അതിന്റെ നിർമാണ രീതി മനസ്സിലാക്കാൻ താൽപര്യപ്പെടുന്ന മനസ്സിനുടമയായിരുന്നു. ഓരോ കളിയും വളരെ കാര്യപ്രാപ്തിയോടെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുകയായിരുന്നു അവളുടെ ലക്ഷ്യം.
ചെന്നൈയിൽനിന്നും ബിരുദ പഠനം പൂർത്തിയാക്കിയ ഐഷ കൊല്ലം ടി.കെ.എം കോളേജ് ഓഫ് എൻജിനീയറിംഗിൽനിന്നാണ് മെക്കാനിക്കൽ എൻജിനീയറിംഗ് പൂർത്തിയാക്കിയത്. ഇന്ത്യൻ ഓയിൽ കമ്പനിയിൽ ജോലി നേടുകയും ചെയ്തു. ഒപ്പം ചില സ്റ്റാർട്ടപ്പ് കമ്പനികളിലും ജോലി നോക്കി. കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയായിരിക്കേയാണ് 2015 ലെ ദേശീയ ഗെയിംസിന്റെ വോളണ്ടിയറാകാനുള്ള അവസരം ലഭിച്ചത്. തുടക്കം പിഴച്ചില്ല. 2017 ൽ അണ്ടർ 17 ലോകകപ്പ് ഫുട്‌ബോളിൽ കൊച്ചിയിലെ വേദിയായ കലൂർ നെഹ്‌റു സ്‌റ്റേഡിയത്തിലെ വോളണ്ടിയർ സംഘത്തെ നയിച്ചതും ഐഷയായിരുന്നു. കാൽപന്തു കളിയുടെ വളർച്ചയ്ക്കായി രൂപംകൊടുത്ത മിഷൻ ഇലവൻ മില്യൺ പദ്ധതിയുടെ കോ ഓർഡിനേറ്ററുമായിരുന്നു. ജോലിയും കളിയും ഒന്നിച്ചു കൊണ്ടുപോയെങ്കിലും ഫിഫയുടെ കളിക്കളത്തിൽ പരിശീലനം നേടിത്തുടങ്ങിയതോടെ ജോലി ഉപേക്ഷിക്കുകയായിരുന്നു.
സ്‌പോർട്ട്‌സ് മാനേജ്‌മെന്റ് എന്നത് ശരിക്കും കളിയൊരുക്കമാണ്. കളിയുടെ ആദ്യാവസാനക്കാരാണിവർ. കളിക്കളം മുതൽ കളിക്കാരുടെ താമസം, സുരക്ഷ തുടങ്ങിയ എല്ലാം കാര്യങ്ങളും അതിലുൾപ്പെടും. മൈതാനത്തെ വെളിച്ച വിതാനവും ബ്രോഡ്കാസ്റ്റിംഗും മീഡിയയും ഫോട്ടോഗ്രഫിയും റഫറിയുടെ നിലപാടുകളുമെല്ലാം ഇവരുടെ പരിധിയിലാണ്.
ഇന്ത്യൻ പ്രീമിയർ ലീഗിലും ഇന്ത്യൻ സൂപ്പർ ലീഗിലും രണ്ടു സീസണുകളിൽ കളിയുടെ മുഴുവൻ മാനേജ്‌മെന്റും ഐഷയുടെ ചുമതലയിലായിരുന്നു. പത്തു വർഷം ഈ രംഗത്ത് തുടർന്നാൽ പിന്നെ തിരിഞ്ഞുനോക്കേണ്ടിവരില്ലെന്നാണ് ഐഷ പറയുന്നത്. എങ്കിലും സ്ത്രീകൾ ഈ രംഗത്തേയ്ക്കു കടന്നുവരുന്നില്ലെന്ന അഭിപ്രായമാണ് അവർക്കുള്ളത്.
''കാരണമുണ്ട്. കളിക്കളത്തിലെ മുഴുവൻ നിയമങ്ങളും ഇവർ അറിഞ്ഞിരിക്കണം. മാത്രമല്ല, ഏറെ അധ്വാനം വേണ്ടിവരുന്ന ജോലിയാണിത്. രാവിലെ ഗ്രൗണ്ടിലെത്തിയാൽ മടക്കം പലപ്പോഴും പാതിരാത്രിയിലായിരിക്കും. അടുത്ത ദിവസം രാവിലെ വീണ്ടുമെത്തണം. ഓഫീസ് ജോലി പോലെ സമയനിഷ്ഠ എന്നൊന്നില്ല. കൂടാതെ ഏറെ യാത്രകൾ ചെയ്യേണ്ടതായും വരും. അവധിയെടുക്കാൻ കഴിയില്ല. എന്നാൽ സീസണിൽ മാത്രമേ ഈ തിരക്കുള്ളൂ. അതു കഴിഞ്ഞാൽ ജോലിയൊന്നുമില്ല. അതുകൊണ്ടാകണം സ്ത്രീകൾ ഈ രംഗത്തേയ്ക്ക് കടന്നുവരാൻ മടിക്കുന്നത്'' þþþþഐഷ പറയുന്നു.
''ഇന്ത്യയിൽ ഈ പദവിയിലിരിക്കുന്നവർക്ക് വരുമാനം കുറവാണ്. ഐ.പി.എല്ലിലും ഐ.എസ്.എല്ലിലും ജോലി ചെയ്യുമ്പോൾ അൽപം ഭേദമാണ്. 2017 ൽ അമേരിക്കൻ ബാസ്‌കറ്റ് ബോൾ ടീം ഇന്ത്യയിൽ മത്സരം സംഘടിപ്പിച്ചപ്പോൾ ടീം വോളണ്ടിയറായിരുന്നു. നല്ല പ്രതിഫലവും ലഭിച്ചു. ഇന്ത്യയിൽ ഈ പ്രതിഫലത്തെക്കുറിച്ച് സങ്കൽപിക്കാൻ പോലുമാവില്ല'' þþഐഷ കൂട്ടിച്ചേർത്തു.
2015 ലെ ദേശീയ ഗെയിംസിനിടയിൽ പരിചയപ്പെട്ട തമിഴ്‌നാട്ടുകാരനായ ഒരു മാച്ച് കമ്മീഷണറാണ് ഫിഫയുടെ ഇത്തരം പരിശീലനത്തെക്കുറിച്ച് പറഞ്ഞത്. പിന്നീട് ഗൂഗിളിൽ സെർച്ച് ചെയ്ത് അപേക്ഷ അയയ്ക്കുകയായിരുന്നു. കൂടിക്കാഴ്ചക്കു ശേഷമാണ് സെലക്ഷൻ ലഭിച്ചത്.
ഭർത്താവ് ഗാലിബുമൊത്ത് എറണാകുളം കതൃക്കടവിൽ താമസിക്കുന്ന ഐഷ യാത്രയ്ക്കുള്ള ഒരുക്കത്തിലാണ്. സ്‌കോളർഷിപ്പ് ലഭിച്ചതുകൊണ്ട് പഠനച്ചെലവ് പകുതിയായി കുറഞ്ഞിട്ടുണ്ടെങ്കിലും ഇരുപത്തെട്ട് ലക്ഷത്തോളം രൂപ ഇനിയും ആവശ്യമുണ്ട്. ഈ തുക ക്രൗഡ് ഫണ്ടിംഗിലൂടെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്. സോഷ്യൽ മീഡിയ വഴിയുള്ള ധനസമാഹാരണമാണ് ക്രൗഡ് ഫണ്ടിംഗ്. എന്നാൽ ചാരിറ്റിയല്ല. വിദേശത്തുള്ള സുഹൃത്തുക്കളാണ് ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് ഉപദേശിച്ചത്. ഇന്ത്യയിൽ ഈ സംവിധാനം വിപുലമായിട്ടില്ല. എങ്കിലും ഇതിനകം നാലു ലക്ഷത്തിലേറെ രൂപ അക്കൗണ്ടിൽ എത്തിക്കഴിഞ്ഞു. സെപ്റ്റംബർ പതിനാറിന് പഠനത്തിനായി യാത്ര തിരിക്കും മുൻപ് മുഴുവൻ തുകയും സമാഹരിക്കുകയാണ് ഐഷയുടെ ലക്ഷ്യം.